Search This Blog

Tuesday, October 27, 2026

കെ ടി രാമവര്‍മ്മ

 


കേരളീയ ഉപരിവര്‍ഗജനതയുടെ ലൈംഗിക ജീവിതത്തെ ആധാരമാക്കിയ കാമപൂജ എന്ന പഠനകൃതിയിലൂടെ ശ്രദ്ധേയനായ കെ ടി രവിവര്‍മ്മ, രസതന്ത്ര അധ്യാപകനും കൊച്ചി രാജകുടുംബാംഗവുമാണ്. 14-11-1931-ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു.

തൃപ്പൂണിത്തുറ ഹൈസ്‌കൂളില്‍ പഠിക്കുന്നകാലത്തുതന്നെ സാഹിത്യത്തില്‍ അഭിരുചിയുണ്ടായിരുന്നുവെങ്കിലും എങ്ങുനിന്നും പ്രോത്സാഹനം ലഭിച്ചില്ല. അക്കാലത്ത് തൃപ്പൂണിത്തുറയില്‍ കറങ്ങി നടന്നിരുന്ന അരക്കിറുക്കനായ ഒരു നിമിഷ കവി, ബാലസംഘത്തിലെ പ്രവര്‍ത്തകരായിരുന്ന ഏതാനും സതീര്‍ത്ഥ്യര്‍, ലളിതാംബികാ അന്തര്‍ജനത്തിന്റെ ഒരു ബന്ധു തുടങ്ങിയവര്‍ ബുദ്ധിയുടെ വികാസത്തില്‍ രാമവര്‍മ്മയെ സ്വാധീനിച്ചിട്ടുണ്ട്. പണ്ഡിതന്മാര്‍ മുഴത്തിന് മൂന്നെണ്ണമുണ്ടായിരുന്ന തൃപ്പൂണിത്തുറയില്‍ വളര്‍ന്നിട്ടും കാര്യമായി സംസ്‌കൃതം പഠിക്കാതിരുന്നതും പ്രോത്സാഹനത്തിന്റെ അഭാവംകൊണ്ടുതന്നെയത്രെ. 'പഠിക്കണം, ജോലിയെടുത്തുജീവിക്കണം' എന്ന ചിന്താഗതിക്കാരനും ഉല്‍പതിഷ്ണുവുമായിരുന്ന അച്ഛന്‍ തിരുവല്ലക്കാട്ടുമനക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് മാത്രമായിരുന്നു പ്രോത്സാഹനകാര്യത്തില്‍ രാമവര്‍മ്മക്ക് ഏക ആശ്വാസം. അതിനിടെ ക്രിക്കറ്റുകളിയില്‍ കമ്പംകേറിയതിനാല്‍ പഠനത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെട്ടു.

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും രസതന്ത്രത്തില്‍ എം എസ് സി സമ്പാദിച്ചു. ലഖ്‌നോ സര്‍വകലാശാലയില്‍നിന്നും രസതന്ത്രത്തില്‍ ഡോക്ടറേറ്റും ഇംഗ്ലണ്ടിലെ റെഡിംഗ് യൂണിവേഴ്‌സിറ്റിയില്‍നിന്നും പോസ്റ്റല്‍ ഡോക്ടറല്‍ ബിരുദവും നേടിയിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍നിന്നും 1991-ല്‍ വിരമിച്ചു.

സാങ്കേതിക-സാഹിത്യകൃതിപോലെതന്നെ മികവുറ്റ രചനയാണ് 'കാമപൂജ' എന്ന സാമൂഹ്യശാസ്ത്ര ഗവേഷണ പ്രബന്ധവും. കേരളത്തിലെ ഉപരിവര്‍ഗസമുദാങ്ങളുടെ ലൈംഗികജീവിതരീതിയാണ് പഠനവിഷയം. 'ഏറ്റവുമസാധാരണവും, ഇതരദേശക്കാര്‍ക്ക് ഉദ്വേഗജനകവുമായി അനുഭവപ്പെട്ടേക്കാവുന്നതുമായ ഒരുതരം സ്ത്രീപുരുഷബന്ധമാണ് മണിപ്രവാളഘട്ടത്തില്‍, അതായത് ക്രി. പി 19-ാം നൂറ്റാണ്ടിന്റെ ആരംഭംവരെയുള്ള കാലത്ത് നിലവിലിരുന്നത്. അന്യദേശങ്ങളില്‍ നിലവിലിരുന്ന മാനദണ്ഡംവെച്ചുനോക്കിയാല്‍ ഇന്നാട്ടിലെ സവര്‍ണഹിന്ദുസ്ത്രീകളില്‍ ഭൂരിഭാഗവും വേശ്യകള്‍ തന്നെയായിരുന്നു. അന്ന്; പുരുഷന്മാരില്‍ ഭൂരിഭാഗവും വിടന്മാരും -ഗ്രന്ഥകാരന്‍. വൈശികതന്ത്രം, ചന്ദ്രോത്സവം, അച്ചീചരിതങ്ങള്‍ തുടങ്ങിയവ കാമപൂജയില്‍ പഠനവിധേയമാക്കിയിട്ടുണ്ട്.

ദേവദാസി എന്ന പദത്തിന്റെ മൂലരൂപം -തേവരടിയച്ചി- എന്ന് രാമവര്‍മ കണ്ടെത്തുന്നു. കൊട്ടാരവളപ്പുമായി ബന്ധപ്പെട്ടുകഴിഞ്ഞിരുന്ന ദേവദാസിയായ അമ്മിണിത്തേവിടിച്ചിയുടെ ചരിതം അല്പം പരാമാര്‍ശിച്ചുപോകുന്നുണ്ട്. അവരുടെ രണ്ടുകാമുകന്മാര്‍ ഇവരുടെ പേരില്‍ അവകാശത്തര്‍ക്കമായി. ഒരാള്‍ അപരനെ കൊല്ലുന്നവരെ വൈരം ചെന്നെത്തി. ഗത്യന്തരമില്ലാതെ അമ്മിണിത്തേവിടിച്ചിയും കുടുംബവും ഉള്ളതെല്ലാമെടുത്തുകൊണ്ട് തൃശൂര്‍ക്ക് പോയി അവിടെ കാലം കഴിച്ചുകൂട്ടി. പിന്നീടാരും അവരെക്കുറിച്ച് തിരക്കുകയുണ്ടായില്ല.

'കാളപ്പോരിന്റെ നാട്ടില്‍' രചിക്കാന്‍ കാരണമായതിന് പിന്നില്‍ നോവലിസ്റ്റ് എം ടി വാസുദേവന്‍ നായരുടെ പ്രേരണയുണ്ട് എം വി ശങ്കരന്റെ നിര്‍ബന്ധമനുസരിച്ച് മലയാളത്തില്‍ ഒരു രസതന്ത്രപുസ്തകമെഴുതി. പി ജി വോഡ് ഹൗസിന്റെ ഒരു നോവല്‍ വായിച്ചപ്പോള്‍, മലയാളത്തില്‍ അത്തരമൊന്ന് വേണമെന്ന ആഗ്രഹപ്രകാരം 'വരൂ വരൂ ചെറുശ്ശേരി' രചിച്ചു. ഇത്രയുമായപ്പോള്‍ എഴുതാതിരിക്കാന്‍ വയ്യെന്നായി. കോഴിക്കോട് സര്‍വകലാശാലയില്‍ രസതന്ത്രവിഭാഗത്തില്‍ പ്രൊഫസറായിരിക്കുമ്പോഴാണ് എഴുത്തിലെ ഈ തുടക്കം.

ചിത്രകല നൂറ്റാണ്ടുകളിലൂടെയാണ് ശ്രദ്ധേയമായ മറ്റൊരു പഠനഗ്രന്ഥം. ചിത്രകല പ്രസ്ഥാനങ്ങളിലൂടെ, ചിത്രങ്ങളുടെ കഥ, കൈരളീവിധേയന്‍ അപ്പന്‍തമ്പുരാന്‍, തങ്കം തമ്പുരാട്ടി, ആനകളും ഒരു കിഴവിയും, സീതയുടെ കഥ, കാമപൂജ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍, വരൂ വരൂ ചെറുശ്ശേരി, കാളപ്പോരിന്റെ നാട്ടില്‍, ബ്രിട്ടനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി തുടങ്ങിയവയാണ് മറ്റ് കൃതികള്‍.

കൈരളീവിധേയന്‍, അപ്പന്‍ തമ്പുരാന്‍ എന്ന ജീവചരിത്രകൃതിക്ക് 1986-ലെ പൂത്തേഴന്‍ അവാര്‍ഡും ടി എം ചുമാമര്‍ സ്മാരക സുവര്‍ണകൈരളി അവാര്‍ഡും ലഭിച്ചു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എന്ന കൃതി കേരള സംസ്ഥാന സാംസ്‌കാരികവകുപ്പാണ് പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment