അരങ്ങിന്റെ ഉണര്‍വ്.
അഭിനയത്തികവുകൊണ്ട് അരങ്ങുവാണ പറവൂര്‍ രാമചന്ദ്രന് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് ഏതാനും വര്‍ഷങ്ങളേ പിന്നിട്ടിട്ടുള്ളൂ. നടന്മാരുടെയും സമരനായകരുടേയും പാരമ്പര്യവും ബാഹുല്യവുമുള്ള വടക്കന്‍ പറവൂരുകാരനായിരിക്കാം രാമചന്ദ്രന് എന്നു കരുതുന്നവരുണ്ട്. പക്ഷെ എറണാകുളം ജില്ലയിലെതന്നെ, കണയന്നൂര്‍ താലൂക്കില്‍പെട്ട ഉദയംപേരൂര്‍ പഞ്ചായത്തിലെ തെക്കന്‍ പറവൂര്‍ കാരനാണ് രാമചന്ദ്രന് എന്നുള്ളതാണ് വസ്തുത. 'തെക്കന്‍ പറവൂര്‍ രാമചന്ദ്രന്' എന്ന് നീട്ടിപ്പറയുന്നതിനുള്ള അസൗകര്യം കണക്കിലെടുത്ത് പറവൂര്‍ എന്നു മാത്രമായി സ്ഥലപ്പേര് ചുരുക്കുകയാണുണ്ടായത്.
തെക്കന്‍ പറവൂര്‍ പുതിക്കാട്ടുവളിയല് അയ്യപ്പന് കുട്ടിയുടെയും പങ്കജാക്ഷിയുടെയും 6 മക്കളില്‍ മൂത്തമനായി 1956-ല്‍ രാമചന്ദ്രന് പിറന്നു. താഴെ 5 സഹോദരന്മാര് മാത്രം. രാധാകൃഷ്ണന് (അന്തരിച്ചു), സതീശന്, രാജു, രംഗന്, രഞ്ജന്‍ എന്നിവരാണ് അനുജന്മാര്. രംഗന് തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്.
ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരോടൊപ്പം മിച്ചഭൂമി സമരം, കര്‍ഷകത്തൊഴിലാളി സമരം എന്നിവയില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പ്രകമ്പനംകൊള്ളിക്കുന്ന മുദ്രാവാക്യങ്ങളുടെ രചയിതാവും രാമചന്ദ്രനാണ്.
സിനിമാ നടന്മാരോപ്പോലെതന്നെ നാടകനടന്മാര്ക്കും ആസ്വാദകര്‍ ഏറെയുണ്ടായിരുന്ന നാളുകള്‍. രാമചന്ദ്രന് അരങ്ങിലെത്തുന്ന കാലത്ത് വില്യം ഡിക്രൂസ്, കോട്ടയം ജോയി, ടി കെ ജോണ്‍, കുയിലന്‍, കലാശാല ബാബു, എം എസ് തൃപ്പൂണിത്തുറ, തുടങ്ങിയവരൊക്കെയായിരുന്നു നാട്ടിന്‍പുറത്തെ നാടാകാസ്വാദകരുടെ ആരാധനാപാത്രങ്ങള്‍. അവരുടെ ഇടയിലേക്ക് നാട്ടുകാരന്റെ കടന്നുവരവ് അങ്ങേയറ്റം ആഹ്ലാദത്തോടെയാണ് അവര്‍ സ്വീകരിച്ചത്. പൊലീസ് വേഷത്തിലാണ് രാമചന്ദ്രന് അധികവും തിളങ്ങിയത്.
ഉറ്റ ചങ്ങാതിയും നാട്ടുകാരനും നാടകപ്രവര്‍ത്തകനുമായ നികര്‍ത്തില്‍ രവീന്ദ്രന് പറവൂര്‍ രാമചന്ദ്രനെ അനുസ്മരിക്കുന്നു; '1970-കളിലാണ് പറവൂര്‍ രാമചന്ദ്രനെ ആദ്യമായി കാണുന്നത്. നവീനരീതിയിലുള്ള കൈകൊട്ടിക്കളി, പുതിയ ചുവടുകളും പാട്ടുകളുമായി അരങ്ങുനിറയുന്നകാലം. കൈകൊട്ടിക്കളിയുടെ ആശാന്മാരില് അഗ്രഗണ്യനായിരുന്നു രാമചന്ദ്രന്. തെക്കന്‍ പറവൂര്‍ കൊച്ചുപള്ളിയിലുള്ള 'ഷൈന്‍ ആര്‍ട്ട്സ് ക്ലബ്ബ്' വര്‍ഷംതോറും നടത്താറുള്ള നാടകത്തില്‍ സ്ഥിരം നടനും സംവിധായകനുമായി രാമചന്ദ്രന് ശ്രദ്ധേയനായി.
ഞങ്ങള്‍ തമ്മില്‍ സാവധാനം തുടങ്ങിയ പരിചയപ്പെടല്‍ പിന്നീട് വിട്ടുമാറാത്ത കലാബന്ധവും ആത്മബന്ധവുമായി വളര്‍ന്നു. അന്നൊക്കെ രാമചന്ദ്രന്റെ ഉപജീവനമാര്‍ഗം തെങ്ങുകയറ്റമായിരുന്നു. ജോലി എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ 'എയര്‍ ഫോഴ്സിലാ'ണെന്ന് കളിയായും കാര്യമായും ചാമചന്ദ്രന് പറയുമായിരുന്നു. 'എയറില്‍ ഫോഴ്സ്' പിടിക്കാതെ തെങ്ങില്‍ കയറാനാവില്ലല്ലൊ!
പെരുംപിള്ളിയില് ഞങ്ങളുടെ ക്ലബ്ബ് 'രംഗവേദി'യുടെ സ്ഥിരം സംവിധായകനായി. നാടകങ്ങള്‍- ക്ഷേമരാഷ്ട്രം, കഴുകന്, ആര്യാവര്‍ത്തം, തിരിച്ചുവരും.... തുടങ്ങിയവ. പിന്നീട് സേവ്യര്‍ പില്പ്പാടിന്റെ ആലുവ ആസ്ഥാനമായുള്ള 'മൈത്രി' കലാകേന്ദ്രത്തില്‍ കുറേവര്ഷങ്ങള് അരങ്ങുവാണു. മുന്നറിയിപ്പ്, കാലവര്‍ഷം, കാതോര്ത്തിരിക്കുന്നകാലം, ഘോഷയാത്ര... തുടങ്ങിയില്‍ രാമചന്ദ്രന് വേഷമിട്ടു.
പ്രൊഫഷണന് നടനായി അരങ്ങുതകര്‍ക്കുമ്പോഴും നാട്ടുപ്രദേശത്ത് ഏത് കലാപ്രവര്‍ത്തനം നടന്നാലും അതില്‍ ഭാഗഭാക്കായിക്കൊണ്ട് വഴികാട്ടിയായി വന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
കൊച്ചിന് സരിഗ, ആലുവ ശാരിക എന്നീ സമിതികളില്‍ തുടര്‍ന്ന് പ്രവര്‍ത്തിച്ചു. ബൈബിള്‍ നാടകത്തിന്റെ ഈറ്റില്ലമായ, കുയിലന്റെ കൊച്ചിന് നാടകവേദിയില്‍ ചേര്‍ന്ന് ബൈബിള്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി. ആ സമിതിയുടെ 'ജനരോഷം' എന്ന സാമൂഹ്യനാടകം ഏറെ ശ്രദ്ധിക്കപ്പെട്ട പ്രതിബദ്ധതയുള്ള നാടകമായിരുന്നു.
എനിക്ക് കഥാപ്രസംഗം സംവിധാനം ചെയ്തുതന്നത് രാമചന്ദ്രനായിരുന്നു. ഏഴാച്ചേരി രാമചന്ദ്രന്റെ 'അകലെയെങ്ങോ ഇടിമുഴക്കം' എന്ന കവിതയ്ക്ക് പറവൂര്‍ വിജയന് ആവിഷ്കരിച്ച കഥാപ്രസംഗരൂപത്തെ രാമചന്ദ്രന് സംവിധാനം ചെയ്തുതരികയായിരുന്നു.
2019 ഡിസംബര്‍ 5-ന് പറവൂര്‍ രാമചന്ദ്രന് അന്തരിച്ചു.
ജീവിതപങ്കാളി: സതി. മക്കള്‍: സവിത രാമചന്ദ്രന്, സൗമ്യന്‍ രാമചന്ദ്രന്.

No comments:
Post a Comment