Search This Blog

Sunday, October 11, 2026

ആനന്ദി ഗോപാല്‍ ജോഷി

മുംബൈക്കടുത്തുള്ള കല്യാണില്‍ 1865 മാര്‍ച്ച് 31-ന് ജനിച്ചു. അച്ഛന്‍ ഗണ്‍പതിറാവു അമൃതേശ്വര്‍. അമ്മ: ഗംഗാഭായ് ജോഷി. ആനന്ദിയുടെ ആദ്യത്തെ പേര് യുംന, എന്നായിരുന്നു; പരക്കെ അറിയപ്പെട്ടത് 'ജുംന' എന്നും. ഒരുകാലത്ത് കുടുംബം ഭൂസ്വാമിമാരുടേതായിരുന്നു. അവരുടെ ഭൂസ്വത്തെല്ലാം നശിക്കുന്ന കാലത്താണ് യുംന ജനിക്കുന്നത്. 1874 മാര്‍ച്ച് 31-ന്, യുംനക്ക് 9 വയസ്സുള്ളപ്പോള്‍ ഗോപാല്‍ വിനായക് ജോഷി എന്ന ഗോപാല്‍റാവുവുമായി യുംനയുടെ വിവാഹം നടന്നു. അതോടെ യുംനയുടെ പേര് ആനന്ദി എന്നായി.

വിവാഹം നടക്കുന്ന ബാല്യകാലത്ത് ആനന്ദിക്ക് മറാത്തി ഭാഷ പോലും ശരിക്കും വായിക്കാന്‍ അറിയില്ലായിരുന്നു. പുരോഗമനചിന്താഗതിക്കാരനായ ഗോപാല്‍റാവു വിധവാവിവാഹത്തെയും സ്ത്രീകള്‍ വിദ്യാഭ്യാസംചെയ്യുന്നതിനെയും ശക്തമായി പിന്തുണക്കുകയും ചെയ്തിരുന്നു. അദ്ദേഹം ആനന്ദിയെ പഠിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്താക്കന്മാര്‍ മറ്റുള്ളവരുടെ മുമ്പില്‍വെച്ച് ഭാര്യയോട് സംസാരിക്കുന്നത് കുറ്റമായിരുന്നതിനാല്‍ ആ അധ്യയനം ഫലപ്രദമായിരുന്നില്ല. ആനന്ദിയെ മിഷറി സ്‌കൂളില്‍ ചേര്‍ക്കാനുള്ള ഗോപാല്‍റാവുവിന്റെ ശ്രമവും പരാജയപ്പെട്ടു. കുടുംബം കല്യാണില്‍നിന്നും ആദ്യം ആലിബാഗിലേക്കും അവിടെനിന്നും കോലാപൂരിലേക്കും താമസംമാറി, ഒടുവില്‍ കല്‍ക്കത്തയില്‍ എത്തിപ്പെട്ടു. അവിടെവെച്ച് ഗോപാല്‍റാവുവിന് ആനന്ദിയെ പഠിപ്പിക്കാന്‍ കഴിഞ്ഞു. പഠിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാന്‍ ആനന്ദിക്ക് അവകാശമുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആനന്ദി പഠനം തുടര്‍ന്നത്. സംസ്‌കൃതം വായിക്കാനും ഇംഗ്ലീഷ് എഴുതാനും വായിക്കാനുമുള്ള ശേഷി നേടി.

ആനന്ദിയുടെ പഠനപുരോഗതികണ്ട് ഉന്നതവിദ്യാഭ്യാസം നേടണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധിച്ചു. ഏത് വിഷയം തെരഞ്ഞെടുക്കണമെന്നതിലായി ചിന്ത. രാജ്യത്ത് ഒരു സ്ത്രീക്കുപോലും ഒരു വനിതാ ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല. പുരുഷ ഡോക്ടറെ സമീപിക്കാന്‍ സ്ത്രീകള്‍ക്കെ് മടിയും ലജ്ജയുമായിരുന്നു. ഇതുമൂലം സ്ത്രീകള്‍ രോഗം സഹിച്ച് കഴിയുകയായിരുന്നു. ആനന്ദിക്കുതന്നെ 14-ാം വയസ്സില്‍ തനിക്കുണ്ടായ കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് ആനന്ദി ഡോക്ടറാകാന്‍ തീരുമാനമെടുത്തത്.

തിസീസിന്റെ വിഷയം 'ആര്യന്‍ ഹിന്ദുക്കള്‍ക്കിടയിലെ സൂതികാവിജ്ഞാനം' എന്നാണ്. (Obstetrics among Aryan Hindoos). അമേരിക്കയിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ ആനന്ദിക്ക് പ്രവേശനം നേടുന്നതിനായി ഗോപാല്‍റാവു കഠിനമായി പരിശ്രമിച്ചു. ന്യൂജേഴ്‌സിയിലെ റോസല്ലയിലുള്ള മിസിസ് കാര്‍പെന്റര്‍ എന്ന സ്ത്രീ ആനന്ദിയുടെ കഥയറിഞ്ഞു. അമേരിക്കയില്‍ ആനന്ദിക്ക് ആതിഥ്യം നല്‍കാന്‍ തയാറാണെന്നറിയിച്ചുകൊണ്ട് അവര്‍് കത്തെഴുതി. എന്നാല്‍ ഗോപാല്‍റാവുവിന് അവിടെ ഒരു ജോലികിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തില്‍ ആനന്ദി ഒറ്റക്ക് പോകാന്‍ തയാറായി.

ഈ തീരുമാനത്തിന് മറ്റുള്ളവരില്‍നിന്നും കടുത്ത എതിര്‍പ്പും വിമര്‍ശനവും നേരിടേണ്ടിവന്നു. ആനന്ദിയെ കല്ലും ചാണകവും എറിയുകയും ചെയ്തു. ഒടുവില്‍ വളരെയധികം ദുരിതങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം 1883 ജൂണില്‍ ആനന്ദി അമേരിക്കയില്‍ എത്തി. കാര്‍പെന്റര്‍ അമ്മായി ആനന്ദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

കാര്‍പെന്റര്‍ ദമ്പതികള്‍ സ്വന്തം മകളെപ്പോലെ ആനന്ദിയെ അവരുടെ വീട്ടില്‍ പരിചരിച്ചു. സ്വാഭാവികമായ സാംസ്‌കാരികസംഘര്‍ഷം കുടുംബാന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ആനന്ദിയുടെ സസ്യാഹാരശീലം കാര്‍പെന്റര്‍ ദമ്പതികള്‍ക്കും, അവരുടെ പതിവായി കുളിയില്ലായ്മയും വസ്ത്രധാരണവും ആനന്ദിക്കും വിചിത്രമായി തോന്നി. ഫിലാഡെല്‍ഫിയ വിമന്‍സ് കോളേജില്‍ ആനന്ദിയെ വിട്ടിട്ടുപോരുമ്പോള്‍ കൊച്ചുകുട്ടികളെപ്പെല ദമ്പതികള്‍ വിതുമ്പി.

ദാരിദ്ര്യത്തെയും ബന്ധുക്കളുടെ എതിര്‍പ്പിനെയും ചെറുത്ത്, ദൂരെനിന്നും എത്തിയ പെണ്‍കുട്ടിയായ ആനന്ദിയോട് കോളേജിലെ സൂപ്രണ്ടും സെക്രട്ടറിയും ദയാവായ്‌പോടെ പെരുമാറി. മൂന്നുവര്‍ഷത്തേക്ക് 600 ഡോളര്‍ സ്‌കോളര്‍ഷിപ്പ് അവര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി.

ശൈത്യകാലത്ത് ഇന്ത്യന്‍ വസ്ത്രമായ സാരി ചുറ്റുന്നത് പ്രശ്‌നമായി. പാശ്ചാത്യവസ്ത്രം ധരിക്കുന്നതിനോ മാംസാഹാരം കഴിക്കുന്നതിനോ തനിക്ക് പ്രശ്‌നമില്ലെന്ന് ഭര്‍ത്താവ് ആനന്ദിയെ ആറിയിച്ചിരുന്നു. എങ്കിലും പക്ഷെ അദ്ദേഹം പറഞ്ഞത് ആത്മാര്‍ത്ഥമായാണോ എന്ന കാര്യത്തില്‍ ആനന്ദി ശങ്കിക്കാതെയുമിരുന്നില്ല. അടിയില്‍ പെറ്റിക്കോട്ട് ധരിച്ചുകൊണ്ട് മീതെ ഗുജറാത്തി സ്ത്രീകളെപ്പോലെ സാരിചുറ്റി ആനന്ദി ശൈത്യത്തെ തരണംചെയ്യാന്‍ ശ്രമിച്ചു. പക്ഷെ ഈ വസ്ത്രധാരണരീതിയെക്കുറിച്ചൊന്നും ഭര്‍ത്താവിനെ അറിയിച്ചിരുന്നില്ല.

കോളേജില്‍ ആനന്ദിക്ക് താമസിക്കാന്‍ അനുവദിച്ചുകിട്ടിയ മുറിയില്‍ നല്ലൊരു നെരിപ്പോട് ഉണ്ടായിരുന്നില്ല. ഉള്ളത് കത്തിച്ചാല്‍ പുക. കത്തിച്ചില്ലെങ്കില്‍ തണുപ്പ് അനുഭവിക്കണം! മറ്റൊരു മുറി തരപ്പെടുമോ എന്ന് പരിശ്രമിച്ചു. പക്ഷെ, ഡോക്ടറാവാന്‍ വന്ന, ബ്രൗണ്‍ തൊലിനിറമുള്ള ഒരു ഹിന്ദു പെണ്‍കുട്ടിക്ക് സ്ഥലം തരാന്‍ ആരും തയാറായിരുന്നില്ല. അങ്ങനെ ഒന്നര-രണ്ട് വര്‍ഷം ആ മുറിയില്‍ താമസിക്കുകയാല്‍ പനിയും ചുമയും ആനന്ദിയുടെ സന്തതസഹചാരിയായിമാറി. ഡോക്ടറാകാന്‍ കൊതിച്ച്, പ്രതിബന്ധങ്ങള്‍ തരണംചെയ്ത്, കഷ്ടപ്പാടുകള്‍ സഹിച്ച്, കടല്‍കടന്നെത്തി പഠനം തുടര്‍ന്ന ആനന്ദി ആദ്യമായി നേടിയത് 'രോഗിണി' പദം!

രോഗം ആനന്ദിയുടെ ശരീരത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്നപ്പോള്‍ അവളുടെ ഭര്‍ത്താവിന്റെ പുതിയ സമീപനം മനസ്സിനെയും കീറിമുറിച്ചു. ഇരട്ടപ്രഹരമാണ് ആനന്ദിയുടെ താരുണ്യം ഏല്‍ക്കേണ്ടി വന്നത്. ആദ്യമൊക്കെ പുരോഗമനചിന്താഗതിക്കാരനാണെന്ന് പെരുമാറ്റത്തിലൂടെ തോന്നിപ്പിച്ച ഗോപാല്‍റാവു, ഈ ഘട്ടത്തില്‍ അയച്ച കത്തുകളിലൂടെ താനൊരു യാഥാസ്ഥിതിക ബ്രാഹ്മണന്‍ തന്നെയെന്നു പ്രഖ്യാപിച്ചു. ഒരു കത്തില്‍ പോലും കുറ്റപ്പെടുത്തലോ കുത്തുവാക്കുകളോ ഇല്ലാത്ത വരികളുണ്ടായിരുന്നില്ല. ആനന്ദി അയച്ചുകൊടുത്ത ഒരു ഫോട്ടോ കണ്ടിട്ട്, അവള്‍ തന്റെ പാരമ്പര്യവും സംസ്‌കാരവും മറന്നിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. എന്താണ് അദ്ദേഹത്തിന്റെ ഈ മനംമാറ്റത്തിന് കാരണമെന്ന് ആനന്ദിക്ക് മനസ്സിലായിരുന്നില്ല. അദ്ദേഹം പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്, അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സഫലമാക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളത്... ആനന്ദി തന്റെ മനോവ്യഥ ഇങ്ങനെ കുറിച്ചു.

ഒരിക്കലും ഒരു ബ്രാഹ്മണന് മനുഷ്യനായി മാറാന്‍ കഴിയില്ലെന്ന നിരീക്ഷണത്തിന് അടിവരയിടുന്ന സമീപനം ഗോപാല്‍റാവുവിന്റെ ഭാഗത്തുനിന്നും ഉയരുന്നതിനിടയില്‍ ആനന്ദിയുടെ രോഗം മൂര്‍ച്ചിച്ചു. പഠനം മൂന്നാം വര്‍ഷത്തിലേക്കു കടന്നപ്പോള്‍ അവസ്ഥ കൂടുതല്‍ മോശമായി. എങ്ങിനെയൊക്കെയോ അവസാനവര്‍ഷ പരീക്ഷയിലൂടെ കടന്നുപോയി.

1886 മാര്‍ച്ച് 11-ന് പെനിസില്‍വേനിയയിലെ വിമന്‍സ് മെഡിക്കല്‍ കോളേജില്‍നിന്നും ആനന്ദി ബിരുദധാരിണിയായി. അപ്പോള്‍ ലോകരാഷ്ട്രങ്ങളില്‍വെച്ച് മെഡിക്കല്‍ ബിരുദം നേടുന്ന ആദ്യത്തെ ഹിന്ദു സ്ത്രീയായും ആനന്ദി മാറി. ബിരുദദാനച്ചടങ്ങിന് ഭര്‍ത്താവും പണ്ഡിറ്റ് രമാബായിയും എത്തിച്ചേര്‍ന്നിരുന്നു.

ഭര്‍ത്താവ് ഗോപാല്‍റാവു ആനന്ദിയെ ഫിലാഡെല്‍ഫിയായിലെ സ്ത്രീകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. അവിടെവെച്ചാണ് രോഗം ക്ഷയമാണെന്ന് തിരിച്ചറിയുന്നത്. പക്ഷെ അവിടത്തെ ചികിത്സ ഗുണം ചെയ്തില്ല.

1886 ഒക്ടോബര്‍ 9-ന് നാട്ടിലേക്ക് തിരിച്ചു. യാത്രാമധ്യേ രോഗം കൂടുതല്‍ വഷളായി. കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍മാരാകട്ടെ വെള്ളക്കാരിയല്ലാത്ത ഒരു രോഗിയെ ചികിത്സിക്കാന്‍ തയാറുള്ളവരായിരുന്നില്ല. നാട്ടിലെത്തിയപ്പോള്‍, കോലാപൂരിലെ ആല്‍ബര്‍ട്ട് എഡ്വാര്‍ഡ് ഹോസ്പിറ്റലിലെ വനിതാവാര്‍ഡില്‍ ഫിസീഷ്യന്‍ ഇന്‍-ചാര്‍ജ് ആയി ആനന്ദിക്ക് നിയമനം ലഭിച്ചു. പൂനെയിലെ പ്രസിദ്ധനായ ഒരു ആയുര്‍വേദഡോക്ടറുടെ ചികിത്സ ലഭ്യമാകുന്നതിന് സൗകര്യപ്രദമാകുമെന്നതിനാലാണ് ആനന്ദി ജോലി സ്വീകരിച്ചത്. എന്നാല്‍ യാഥാസ്ഥിതികനായ ആ ഡോക്ടറും ആനന്ദിക്ക് ചികിത്സനല്കാന്‍ വിസമ്മതിച്ചു. സമുദായത്തിന്റെ അതിരുകള്‍ ഭേദിച്ചു എന്ന കുറ്റമാരോപിച്ചാണ് അയാള്‍ ചികിത്സ നിഷേധിച്ചത്.

ഒടുവില്‍ ആണധികാരത്തോടും ജാതിക്കോയ്മയോടും പൊരുതിത്തളര്‍ന്ന ആ താരുണ്യം 1887 ഫെബ്രുവരി 26-ന് പൂനെയില്‍വെച്ച് എന്നെന്നേക്കുമായി അവസാനിച്ചു.

ആനന്ദിയുടെ മരണത്തില്‍ ലോകം മുഴുവന്‍ ദുഃഖിച്ചു. അവരുടെ ചിതാഭസ്മനം മിസിസ് കാര്‍പെന്റര്‍ അമേരിക്കയിലേക്ക് കൊണ്ടുപോയി. പൗകീപ്‌സിയിലുള്ള തങ്ങളുടെ കുടുംബസെമിത്തേരിയില്‍ അത് സൂക്ഷിക്കുന്നു.
 

No comments:

Post a Comment