Search This Blog

Monday, October 12, 2026

മംഗലത്തുകുഴി അയ്യര്



സെഞ്ച്വറി തികക്കാന്‍ കാത്തുനിന്നില്ല, 2020 മാര്‍ച്ച് 9-ന് മംഗലത്തുകുഴി അയ്യര് യാത്രയായി. മതിയെന്നുതോന്നിയപ്പോള്‍ യാത്രയവസാനിപ്പിച്ചു എന്നു പറയുന്നതാവും ശരി.


2022 അയ്യരുടെ ജന്മശദാബ്ധിയാണ്. മരിച്ചശേഷം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ജന്മശതാബ്ധി!

എറണാകുളം ജില്ലയിലെ ആമ്പല്ലൂരിലെ പാടശേഖരങ്ങള്‍ക്കരികിലെ അടിയാന്മാരുടെ കൂരകളിലൊന്നില്‍, കൊച്ചോലിന്റേയും തിരുആണ്ടയും മൂത്തമകനായി 1922-ലാണ് അയ്യര്‍ ജനിച്ചത്. അയ്യരിന് താഴെയായി ഒരു മകന്‍കൂടി മാത്രമേ ആ കൂരയില്‍ ജനിച്ചുള്ളൂ -കൊച്ചാന്‍. അക്കാലം കൂര കൂര്‍ക്കപ്പാടത്തിന് അരികിലായിരുന്നു. ഭൂവുടമസ്ഥത നമ്പൂതിരിമാര്‍ക്കായിരുന്നെങ്കിലും അതില്‍ കൃഷിയിറക്കാനുള്ള അവകാശം പാട്ടക്കുടിയാന്മാരായ നായന്മാര്‍ക്കായിരുന്നു. നമ്പൂതിരിമാര്‍ ബ്രാഹ്മണരാണല്ലൊ. വൈദികവിധിയനുസരിച്ച് വിദ്യാധികാരം ബ്രാഹ്മണര്‍ക്ക് മാത്രമാണ്. ശൂദ്രര്‍ക്ക് അവരെ സേവിക്കുക എന്ന കര്‍മം അനുഷ്ഠിക്കാനുള്ള അധികാരമേയുള്ളൂ.

നാരായണമേനോന്റെ അടിയാനായിരുന്നു കൊച്ചോല്‍. പേരൂര് കുടുംബവുമായി നാരായണമേനോന്‍ വിവാഹബന്ധം സ്ഥാപിച്ചപ്പോള്‍ കൊച്ചോല്‍ അവിടത്തെ അടിയാനായിത്തീര്‍ന്നു. അത് 1935-36 കാലമാണ്. ആയിടെ തിരുആണ്ട മരിച്ചു. അയ്യരും കൊച്ചാനും അന്ന് ബാലന്മാരാണ്.

യുവാവായപ്പോള്‍ അയ്യര് ബ്രഹ്മമംഗലത്തുള്ള പുത്തന്‍ വീട്ടില്‍ കാളി എന്ന തരുണിയെ വിവാഹം ചെയ്തു. ആ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞു പിറന്നു. അവള്‍ക്ക് അമ്മിണി എന്നു പേരിട്ടു. ബന്ധം ഉലയുകയാലോ കാളിയുടെ മരണത്താലോ എന്തോ ആ ദാമ്പത്യ ജീവിതം നീണ്ടുനിന്നില്ല. എങ്കിലും അമ്മിണി അയ്യരോടൊപ്പം വളര്‍ന്നു. പിന്നീട് അടുത്തുള്ള മാന്തുരുത്തില്‍നിന്നും തിരുആണ്ട എന്നുതന്നെ പേരുള്ള മറ്റൊരു തരുണിയെ അയ്യര് വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ കുട്ടികളില്ല. അക്കാരണത്താലോ എന്തോ ആ ദാമ്പത്യബന്ധവും അത്ര ദൃഢമായിരുന്നില്ല.


തിരുആണ്ടയുമായുള്ള ബന്ധം അലോസരം കൂടാതെയാണ് അവസാനിച്ചത്. അതിനുശേഷം, കുലയറ്റിക്കരയിലുള്ള മേലോത്തുമലയില്‍ വീട്ടില്‍ ഷണ്‍മുഖന്റെ മൂത്ത മകളായ ജാനകിയെ അയ്യര് വിവാഹം ചെയ്തു. അപ്പോള്‍ അയ്യര്‍ക്ക് 42 വയസ്സായിരുന്നു പ്രായം. ജാനകിക്ക് 30 വയസ്സും.

ഷണ്‍മുഖന്‍ മകള്‍ക്കുവേണ്ടി അയ്യരെ കണ്ടെത്തുകയാണുണ്ടായത്. കുലയറ്റിക്കരയും ആമ്പല്ലൂരുമായി അത്രയധികം ദൂരമൊന്നുമില്ല. വഴിദൂരം ഏറിയാല്‍ മൂന്നര കിലോമീറ്റര്‍ മാത്രം. അയ്യരെ നേരിട്ട് അറിയുകയും ചെയ്യാം. രണ്ടാംകെട്ടുകാരന്‍, മൂന്നാംകെട്ടുകാരന്‍ എന്നൊക്കെയുള്ള വിലയിടിവ് അക്കാലത്തുമുണ്ടായിരുന്നു. എന്നിട്ടും ഷണ്‍മുഖന്‍ തന്റെ മകളെ അയ്യര്‍ക്കു നല്കാന്‍ തയാറായതിന് ഒരു കാരണമുണ്ട്. ചെണ്ടമേളത്തില്‍ അയ്യരുടെ സാമര്‍ത്ഥ്യം നേരിട്ടുകണ്ട് അതില്‍ മതിപ്പുവന്നാണ് ഷണ്‍മുഖന്‍ തന്റെ മകളെ അയ്യര്‍ക്ക് വിവാഹം ചെയ്തുകൊടുത്തത്. തലേവര്‍ഷം ഷണ്‍മുഖന്റെ മൂന്നാമത്തെ അനുജന്റെ വിവാഹം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ.

കോട്ടയം ജില്ലയിലെ ചെമ്പുപഞ്ചായത്തിനും എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ മുളന്തുരുത്തി എടക്കാട്ടുവയല്‍ പഞ്ചായത്തുകള്‍ക്കും മധ്യേ ആമ്പല്ലൂര്‍ പഞ്ചായത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്നു. ഉദയംപേരൂര്‍ പഞ്ചായത്തിന് അതിരിട്ടുകൊണ്ട് വടക്കുനിന്നും ഒഴുകുന്ന കരിങ്ങാച്ചിറപ്പുഴ, ചെമ്പ് പഞ്ചായത്തിന് അതിരിട്ടുകൊണ്ട് തെക്കുനിന്നും ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ കൈവഴിയുമായി സംഗമിച്ച് വേമ്പനാട്ടുകായലില്‍ പതിക്കുന്നു. ആമ്പല്ലൂരിന്റെ കിഴക്കുഭാഗം നെടുനീളെ ചെമ്മണ്ണുനിറഞ്ഞ ഉറച്ച പ്രദേശമാണ്. ഈ പ്രദേശത്ത് ഇരുപ്പൂ, മുപ്പൂ നെല്കൃഷിചെയ്യാവുന്ന പുഞ്ചപ്പാടങ്ങളുണ്ട്. പടിഞ്ഞാറുഭാഗത്തെ കരിനിലങ്ങളിലാകട്ടെ ഒരുപ്പൂ കൃഷിയേ സാധ്യമാകൂ. ഇവിടെ വേനല്‍ക്കാലത്ത് വെള്ളമിറങ്ങിയാല്‍, കണ്ണികിളച്ച് വേണം വിത്തുപാകുവാന്‍. പുലയരാണ് പുഞ്ച-കരിനിലങ്ങളിലെ കൃഷിപ്പണികള്‍ ചെയ്തിരുന്നത്. 1982-ല്‍ കരിനിലങ്ങളിലെ കൃഷി ഭൂവുടമകള്‍ അവസാനിപ്പിച്ചു. പുഞ്ചപ്പാടത്ത് ഇപ്പോഴും കൃഷിനടക്കുന്നു. അവിടെ, ഞാറുനടീല്‍ കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ ഇറക്കാന്‍ സാധിക്കുന്നതിനാലാണ് കൃഷി ഇന്നും നിലനില്‍ക്കുന്നത്, എന്നാല്‍, കരിനിലങ്ങളില്‍ ഇറക്കുവാന്‍ പാകത്തിനുള്ള യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനോട് നിലമുടമകള്‍ വിമുഖരായിരുന്നു. പുഞ്ചനിലങ്ങളില്‍ ചെളിയിലിറങ്ങാതെ കാര്യംകാണാന്‍ സാധിക്കുമെന്നതിനാല്‍ ഭൂവുടമകള്‍ക്ക് അതിനോടുള്ള താല്പര്യം ഏറെയായിരുന്നു. കരിനിലങ്ങളില്‍ യന്ത്രവത്കരണം സാധ്യമാക്കാതിരുന്നതും പുഞ്ചനിലങ്ങളില്‍ യന്ത്രവത്കരണം പൂര്‍ണമായതും കൃഷിപ്പണിയെടുത്തിരുന്ന ദലിതര്‍ക്ക് ദുരന്തമായി. അവര്‍ പൂര്‍ണമായും ആ തൊഴില്‍മേഖലയില്‍നിന്നും പുറന്തള്ളപ്പെട്ടു. കരിനിലങ്ങളിലെ കണ്ണികിള നിലനിന്നിരുന്നത് അവരുടെ വൈദഗ്ധ്യത്തിലാണ്.

ഒരു വിഭാഗം തൊഴിലാളികളെ ഉന്മൂലനത്തിന് വിധേയമാക്കുന്ന പരിഷ്‌കാരത്തെ വികസനമെന്നല്ല പറയേണ്ടത്, അത് തികച്ചും സങ്കുചിതത്വമാണ്. യന്ത്രവത്കരണം നടപ്പിലാകുമ്പോള്‍ അതിന് ഉടമകളാകേണ്ടതും കൈത്തൊഴിലുകാര്‍തന്നെയാവേണ്ടതുണ്ട്. മറിച്ച് ഇവിടെ സംഭവിച്ചതാകട്ടെ, യന്ത്രോപകരണങ്ങളുടെ ഉടമയായത് മുതലാളിമാര്‍തന്നെയാണ്. ഇവിടെയാണ് ഈ പരിഷ്‌കരണം പിന്തിരിപ്പനായിപ്പോയത്. ആധുനിക തൊഴിലുപകരണങ്ങളുടെ ഉടമസ്ഥാവകാശവും മുതലാളിമാരില്‍ത്തന്നെ നിക്ഷിപ്തമായതിനാല്‍ അവര്‍ക്ക് കൈത്തൊഴിലാളികളെ ആശ്രയിക്കേണ്ടതില്ലാത്ത അവസ്ഥ സംജാതമായി. അങ്ങനെ ആധുനികകാലത്തുപോലും തൊഴിലാളികള്‍ കൂടുതല്‍ പാപ്പരീകരണത്തിന് വിധേയരായി.

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഈ പിന്‍തിരിപ്പന്‍ കാര്‍ഷിക പരിഷ്‌കരണത്തിന് എതിരായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. അതിനായി ഒരു നയപരിപാടിയും അവരുടെ പക്കലുണ്ടായിരുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. കൈത്തൊഴില്‍ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് സമരം ചെയ്യിപ്പിച്ചത് കൂലിക്കൂടുതലിനുവേണ്ടിയായിരുന്നു. കാലോചിതമായി കൂലി പരിഷ്‌കരിക്കപ്പെട്ടാല്‍ തൊഴിലാളികള്‍ ആ മേഖലയില്‍ നിലനിന്നുപോരും. അടിമപ്പാളയത്തില്‍ ആഹാരംകൊടുക്കുന്നതിനു തുല്യമായ ഒരു കാഴ്ചപ്പാടാണ് ഇത്. തൊഴിലാളിവര്‍ഗ വിമോചനത്തിന്റെ ഉപാധികളുടെ തത്വശാസ്ത്രമാണ് കമ്മ്യൂണിസമെന്ന് മാര്‍ക്‌സും എംഗത്സും മാനിഫെസ്റ്റോയില്‍ അടിവരയിട്ടുപറയുന്നു. എന്നാല്‍ കേരളത്തിലെ സവര്‍ണകമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ കൂലിപരിഷ്‌കരണത്തിലൂടെ തൊഴിലാളിവര്‍ഗത്തെ അടിമകളായി നിലനിര്‍ത്തുവാനാണ് നാളിതുവരെയായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കര്‍ഷകത്തൊഴിലാളിക്ക് കൂലിക്കൂടുതല്‍ കൊടുത്ത് തല്ക്കാലത്തേക്ക് അവരെ ആശ്വസിപ്പിക്കുകയല്ല വേണ്ടത്; ഭൂമിയിലുള്ള അവരുടെ അവകാശം തിരികെ നല്കുകയാണ് കരണീയം. 'നമ്മളുകൊയ്യും വയലെല്ലാംനമ്മുടെതാകും പൈങ്കിളിയേ...' എന്ന് കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് പാടിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് സവര്‍ണര്‍ എന്നയാഥാര്‍ത്ഥ്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. വയലൊട്ട് സ്വന്തമായതുമില്ല തൊഴില്‍ അവര്‍ അപഹരിക്കുകയും ചെയ്തു!

1969-72 കാലത്ത് കാഞ്ഞിരമറ്റം കരിനിലങ്ങളില്‍ കൂലിക്കൂടുതലിനുവേണ്ടി കര്‍ഷകത്തൊഴിലാളി സമരം നടന്നു. കരിനിലത്തിന് മധ്യത്തിലായി നെടുനീളെ കിടക്കുന്ന വീതിയുള്ള വരമ്പിലൂടെ തൊഴിലാളികളുടെ പ്രകടനമാണ് സമരത്തിന് മുന്നോടിയായി നടന്നത്. ഈ വരമ്പ് പുലയന്‍വഴി എന്നാണ് അറിയപ്പെട്ടത്. തിരു-കൊച്ചിയിലെ ആദ്യത്തെ പട്ടികജാതി ക്ഷേമമന്ത്രിയായിരുന്ന കെ കൊച്ചുകുട്ടന്‍ തന്റെ ഓര്‍മക്കുറിപ്പില്‍ പുലയന്‍വഴിയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അയിത്തജാതിക്കാര്‍ക്കായി കല്പിക്കപ്പെട്ടവഴിയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ചങ്ങനാശ്ശേരിയില്‍നിന്നും ആരംഭിച്ച് പാടശേഖരങ്ങള്‍ കടന്ന് ഈ വഴി ചാവക്കാട് വരെ നീണ്ടുകിടന്നിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്.

പുലയന്‍വഴിയിലൂടെ ജാഥ കാഞ്ഞിരമറ്റത്ത്, പുലയ സഹോദരങ്ങളായ കണ്ണനേയും അഴകനേയും പ്രതിഷ്ഠിച്ചിട്ടുള്ള പതിക്കു സമീപമെത്തിയപ്പോള്‍ ഉടമകളും ഗുണ്ടകളും വളഞ്ഞു. അവരെ കൂസാതെ കൃശഗാത്രനായ രാഘവന്‍ ജാഥയെ മുന്നോട്ടു നയിച്ചു. എന്നാല്‍ അവിടെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. കുറേക്കൂടി മുന്നോട്ടു നീങ്ങി, കൊളുത്താക്കോട്ടില്‍ മത്തായിയുടെ പുരയിടത്തിനു സമീപം എത്തിയപ്പോള്‍ പത്ത്-പന്ത്രണ്ട് പുലയര്‍ നിന്ന് നിലം കിളക്കുന്നുണ്ടായിരുന്നു. പുലയര്‍ക്കെതിരെ ഭൂവുടമകള്‍ പുലയരെക്കൊണ്ടുതന്നെ എടുപ്പിച്ച കരിങ്കാലിപ്പണിയായിരുന്നു അത്. സമരക്കാര്‍ അവര്‍ക്കുനേരെ ചെന്ന് അവരുടെ തൂമ്പകള്‍ വാങ്ങി ചവിട്ടി ഒടിച്ചുകളഞ്ഞു. കൊളുത്താക്കാട്ടുകാരന്‍ തയാറാക്കിനിര്‍ത്തിയിരുന്ന പൊലീസുകാര്‍ ഉടനെ എത്തി പ്രകടനക്കാരെയെല്ലാം അറസ്റ്റ്ുചെയ്തു. അവരെയെല്ലാം മെയില്‍ റോഡിലൂടെ എട്ട് കിലോമീറ്റര്‍ വടക്കുള്ള മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചുകൊണ്ടുപോയി.

സ്‌റ്റേഷന്‍ വളപ്പില്‍ വെറുനിലത്ത് തൊഴിലാളികളെ കിടത്തി. വിവരമറിഞ്ഞ് പിന്നീട് എംഎല്‍എ/മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്‍ എത്തി. തടവുകാര്‍ക്ക് കുടിവെള്ളം എത്തിച്ചുകൊടുക്കാനുള്ള ഏര്‍പ്പാടുണ്ടാക്കി.

ചെണ്ടമേളത്തിലെ ഒരു പ്രതിഭയായിരുന്നു മംഗലത്തുകുഴി അയ്യര്. പതിനെട്ടുവയസ്സുള്ളപ്പോഴാണ് ഈ കലാപരിപാടി അഭ്യസിച്ചുതുടങ്ങിയത്. അയല്‍പക്കത്തുള്ള ഒരു ഈഴവ സമുദായക്കാരനാണ് ആശാന്‍. അഭ്യാസക്കളരി അയ്യരുടെ ഓലപ്പുരയില്ത്തന്നെയായിരുന്നു. ഒരു ചെറുസംഘം രൂപീകരിച്ച് അവര്‍ അക്കാലംതൊട്ട് മേളം അവതരിപ്പിച്ചുവന്നു. ശിഷ്യന്മാര്‍ പ്രാപ്തരായപ്പോള്‍ വാര്‍ധക്യത്തിലെത്തിയ ആശാന്‍ അവശനുമായി. പക്ഷെ അദ്ദേഹം മരിക്കുന്നതുവരെ ശിഷ്യന്മാര്‍ തങ്ങളുടെ പ്രതിഫലത്തുകയില്‍നിന്നുള്ള വിഹിതം എത്തിച്ചുകൊടുത്തിരുന്നു.

ക്രിസ്ത്യന്‍-മുസ്ലീം പള്ളികള്‍, ഉദ്ഘാടനങ്ങള്‍, പ്രചരണജാഥകള്‍ തുടങ്ങിയവക്കൊക്കെ ഇത്തരം അവര്‍ണകലാകാരന്മാരാണ് ക്ഷണിക്കപ്പെടാറ്. മഹാക്ഷേത്രങ്ങള്‍ക്ക് ഇവര്‍ സ്വീകാര്യമല്ല. കാഞ്ഞിരമറ്റം മുസ്ലീംപള്ളിയില്‍ ആണ്ടുതോറും ജനുവരി പതിനഞ്ചിന് നടക്കാറുള്ള ചന്ദനക്കുട മഹോത്സവത്തിന് അയ്യര് 70 വര്‍ഷം തുടര്‍ച്ചയായി ചെണ്ടമേളം അവതരിപ്പിച്ചു.

അവസാന നാളുകളില്‍ കുട്ടികളെ കോലുകളി പഠിപ്പിക്കണമെന്ന ഒരു ആഗ്രഹം മുന്നോട്ടുവെച്ചിരുന്നു. അയ്യര് മൂളാറുള്ള പാട്ടുകളൊക്കെയും കോലുകളിക്ക് പാടാറുള്ളതാണെങ്കിലും ആ കലാരൂപം അവതരിപ്പിച്ചിരുന്നുവെന്നത് പലര്‍ക്കും പുത്തനറിവായിരുന്നു.

കായികശേഷിയോടൊപ്പം കലാപ്രതിഭയും സമ്മേളിക്കുന്നതായിരുന്നു അയ്യരുടെ തൊഴില്‍ സാമര്‍ത്ഥ്യം. അന്യരുടെ ഭൂമിയില്‍ അധ്വാനിച്ചശേഷം തനിക്ക് സ്വന്തമായിക്കിട്ടിയ ഭൂമിയില്‍ രാവേറെയാകുവോളം അധ്വാനിച്ചു. മാവും പിലാവും തേക്കും പൊങ്ങല്യവും നട്ടുവളര്‍ത്തി. വൃക്ഷങ്ങളിലെല്ലാം കുരുമുളകുവള്ളി വെച്ചുപിടിപ്പിച്ചു. കുരുമുളകില്‍നിന്നുമുള്ള ആദായംകൊണ്ടാണ് വര്‍ഷാവര്‍ഷങ്ങളില്‍ പുരകെട്ടിമേഞ്ഞിരുന്നത്. നിലത്ത് കപ്പയും കാച്ചിലും ചേമ്പും ചേനയും കൃഷിചെയ്തു. മഴക്കാലത്തെ ഉപയോഗത്തിനായി കപ്പക്കിഴങ്ങ് അരിഞ്ഞുണങ്ങി സൂക്ഷിച്ചു.

കരിങ്കല്ലുകെട്ടും കയ്യാലകെട്ടും കെട്ടിടങ്ങള്‍ക്കുള്ള കല്പ്പണികളുമാണ് അയ്യര് ഏര്‍പ്പെട്ടിരുന്ന കാര്‍ഷികേതര തൊഴിലുകള്‍. മണ്ണൊലിപ്പുതടയുന്നതിന് വെട്ടിയ തിട്ടകളില്‍ ഉരുളന്‍ കല്ലുകള്‍ ചേര്‍ത്തുപടുക്കുന്നതിനെയാണ് കയ്യാല എന്നുപറയുന്നത് (പ്രാദേശികമായ അര്‍ത്ഥവ്യത്യാസമുണ്ടാകാം). അയ്യര്‍ പടുത്ത കയ്യാലകള്‍ക്ക് ഒരു സവിശേഷ ചേലുതന്നെയുണ്ടായിരുന്നു. 'മറ്റുള്ളവര്‍ കൊത്തിയാല്‍ പരുന്തേ ആകൂ, ഗരുഡനാകണമെങ്കില്‍ സാക്ഷാല്‍ പെരുന്തച്ചന്‍ തന്നെ കൊത്തണം' എന്ന ചൊല്ല് ഈ പണിയില്‍ അയ്യരുടെ കാര്യത്തില്‍ അന്വര്‍ത്ഥമാണ്. കയ്യാലപ്പണി ചെയ്യിക്കുന്നതിന് അയ്യരുടെ സൗകര്യപ്രദമായ ദിവസംവരെ കാത്തിരുന്നിട്ടുള്ള തൊഴിലുടമകളുമുണ്ട്.

ചെങ്കല്ല് ചെത്തപ്പണിയുന്ന വൈഭവം അയല്പക്കത്തെ സുഹൃത് സഹോദരങ്ങളായ ആശാരിമാരില്‍നിന്നും പകര്‍ന്നുകിട്ടിയതാണ്. തച്ചുശാസ്ത്രം അറിയാമെന്നതൊഴിച്ചാല്‍ സാമ്പത്തിക-സാമൂഹിക സ്ഥിതിയില്‍ അവര്‍ ദലിതരില്‍നിന്നും ഒട്ടും ഭിന്നമായിരുന്നില്ല. ആ സഹോദരന്മാരുടെ മാതാവ് വീടുപണിയുന്നുണ്ടെങ്കില്‍ അതിന്റെ നിര്‍വിഘ്‌നപരിസമാപ്തിക്കായി തന്റെ മക്കളുടെ ഉപദേശം തേടണമെന്ന് അയ്യരോട് കൂടെക്കൂടെ ഓര്‍മിപ്പിക്കുമായിരുന്നു. അതനുസരിച്ച് സ്വന്തംവീട് കല്ലുചെത്തിപ്പണിത അയ്യര് മറ്റുള്ളവര്‍ക്കും വീടുവെച്ചുകൊടുക്കുന്നതില്‍ വ്യാപൃതനായി. അമ്പല്ലൂര് വീടിനടുത്തുള്ള ഹിദായത്ത് സ്വിബിയാന്‍ മദ്രസ്സ, ഇലാഹിയ്യ മസ്ജിദ് എന്നിവ പണിതത് അയ്യരാണ്. മരിക്കുന്നതിനുമുമ്പുവരെ തന്റെ വാസ്തുശില്പം കാണാനായി ഇടക്കൊക്കെ അയ്യര്‍ അവിടെ എത്തുമായിരുന്നു.

പണിയെടുത്തുകൊണ്ടിരിക്കുമ്പോഴും അയ്യര് പാട്ടുമൂളിക്കൊണ്ടിരിക്കും. വെറുതെയിരിക്കുമ്പോഴും കൈകള്‍ ചെണ്ടത്താളം പിടിച്ചുകൊണ്ടിരിക്കും. നല്ലൊരു പത്രം വായനക്കാരനുമായിരുന്നു. എന്നാല്‍ പത്രം സ്വന്തമായി വീട്ടില്‍ വരുത്തിയിരുന്നുമില്ല. അതിനുള്ള പാങ്ങുമുണ്ടായിരുന്നില്ല. വഴിയില്‍ കിടക്കുന്ന ന്യൂസ്‌പേപ്പര്‍ കഷണങ്ങള്‍ പെറുക്കിയെടുത്ത് വായിക്കും. പക്ഷെ ചായക്കടകളില്‍ കയറിയാല്‍ ദിനപത്രങ്ങള്‍ വായിക്കാറുണ്ടായിരുന്നു. കുട്ടികള്‍ പ്രൈമറി ക്ലാസുകളിലായിരുന്നപ്പോള്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാങ്ങി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കും. ലൈബ്രറിയില്‍നിന്നോ, വിലകൊടുത്തുവാങ്ങിയോ ഉള്ള പുസ്തകവായനയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അയ്യര്‍ മൂളുന്ന കവിതകളില്‍ മഹാകവികളുടെ രചനകള്‍ തീരെ ഇല്ലായിരുന്നു.

അയ്യര്‍ക്ക് ജാനകിയില്‍ മൂന്നുമക്കളാണ്, രണ്ട് ആണും ഒരു പെണ്ണും. മൂവരും കുടുംബവുമായി ജീവിക്കുന്നു.

2020 മാര്‍ച്ച് 9-ന് രാവിലെ ഏഴുമണിക്ക് ഉറക്കമുണര്‍ന്നു. വിളക്കില്‍ തിരികത്തിക്കാത്തതു കണ്ട്, വീട്ടിലുള്ളവരെ ശാസിച്ചു. അയ്യരുടെ ശാസനക്കും സ്‌നേഹത്തിന്റെ സ്വരമായിരുന്നതുകൊണ്ട് ആരും അത് ഗൗനിച്ചില്ല. അയ്യര്‍ തന്നെ തിരികൊളുത്തി. പതിവിന് വിരുദ്ധമായി അന്ന് അയ്യര്‍ക്ക് വീണ്ടും കിടക്കണമെന്നുതോന്നി. അത് അന്ത്യനിദ്രയായി....
 

No comments:

Post a Comment