Search This Blog

Tuesday, October 27, 2026

കെ ടി രാമവര്‍മ്മ

 


കേരളീയ ഉപരിവര്‍ഗജനതയുടെ ലൈംഗിക ജീവിതത്തെ ആധാരമാക്കിയ കാമപൂജ എന്ന പഠനകൃതിയിലൂടെ ശ്രദ്ധേയനായ കെ ടി രവിവര്‍മ്മ, രസതന്ത്ര അധ്യാപകനും കൊച്ചി രാജകുടുംബാംഗവുമാണ്. 14-11-1931-ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു.

തൃപ്പൂണിത്തുറ ഹൈസ്‌കൂളില്‍ പഠിക്കുന്നകാലത്തുതന്നെ സാഹിത്യത്തില്‍ അഭിരുചിയുണ്ടായിരുന്നുവെങ്കിലും എങ്ങുനിന്നും പ്രോത്സാഹനം ലഭിച്ചില്ല. അക്കാലത്ത് തൃപ്പൂണിത്തുറയില്‍ കറങ്ങി നടന്നിരുന്ന അരക്കിറുക്കനായ ഒരു നിമിഷ കവി, ബാലസംഘത്തിലെ പ്രവര്‍ത്തകരായിരുന്ന ഏതാനും സതീര്‍ത്ഥ്യര്‍, ലളിതാംബികാ അന്തര്‍ജനത്തിന്റെ ഒരു ബന്ധു തുടങ്ങിയവര്‍ ബുദ്ധിയുടെ വികാസത്തില്‍ രാമവര്‍മ്മയെ സ്വാധീനിച്ചിട്ടുണ്ട്. പണ്ഡിതന്മാര്‍ മുഴത്തിന് മൂന്നെണ്ണമുണ്ടായിരുന്ന തൃപ്പൂണിത്തുറയില്‍ വളര്‍ന്നിട്ടും കാര്യമായി സംസ്‌കൃതം പഠിക്കാതിരുന്നതും പ്രോത്സാഹനത്തിന്റെ അഭാവംകൊണ്ടുതന്നെയത്രെ. 'പഠിക്കണം, ജോലിയെടുത്തുജീവിക്കണം' എന്ന ചിന്താഗതിക്കാരനും ഉല്‍പതിഷ്ണുവുമായിരുന്ന അച്ഛന്‍ തിരുവല്ലക്കാട്ടുമനക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് മാത്രമായിരുന്നു പ്രോത്സാഹനകാര്യത്തില്‍ രാമവര്‍മ്മക്ക് ഏക ആശ്വാസം. അതിനിടെ ക്രിക്കറ്റുകളിയില്‍ കമ്പംകേറിയതിനാല്‍ പഠനത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെട്ടു.

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും രസതന്ത്രത്തില്‍ എം എസ് സി സമ്പാദിച്ചു. ലഖ്‌നോ സര്‍വകലാശാലയില്‍നിന്നും രസതന്ത്രത്തില്‍ ഡോക്ടറേറ്റും ഇംഗ്ലണ്ടിലെ റെഡിംഗ് യൂണിവേഴ്‌സിറ്റിയില്‍നിന്നും പോസ്റ്റല്‍ ഡോക്ടറല്‍ ബിരുദവും നേടിയിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍നിന്നും 1991-ല്‍ വിരമിച്ചു.

സാങ്കേതിക-സാഹിത്യകൃതിപോലെതന്നെ മികവുറ്റ രചനയാണ് 'കാമപൂജ' എന്ന സാമൂഹ്യശാസ്ത്ര ഗവേഷണ പ്രബന്ധവും. കേരളത്തിലെ ഉപരിവര്‍ഗസമുദാങ്ങളുടെ ലൈംഗികജീവിതരീതിയാണ് പഠനവിഷയം. 'ഏറ്റവുമസാധാരണവും, ഇതരദേശക്കാര്‍ക്ക് ഉദ്വേഗജനകവുമായി അനുഭവപ്പെട്ടേക്കാവുന്നതുമായ ഒരുതരം സ്ത്രീപുരുഷബന്ധമാണ് മണിപ്രവാളഘട്ടത്തില്‍, അതായത് ക്രി. പി 19-ാം നൂറ്റാണ്ടിന്റെ ആരംഭംവരെയുള്ള കാലത്ത് നിലവിലിരുന്നത്. അന്യദേശങ്ങളില്‍ നിലവിലിരുന്ന മാനദണ്ഡംവെച്ചുനോക്കിയാല്‍ ഇന്നാട്ടിലെ സവര്‍ണഹിന്ദുസ്ത്രീകളില്‍ ഭൂരിഭാഗവും വേശ്യകള്‍ തന്നെയായിരുന്നു. അന്ന്; പുരുഷന്മാരില്‍ ഭൂരിഭാഗവും വിടന്മാരും -ഗ്രന്ഥകാരന്‍. വൈശികതന്ത്രം, ചന്ദ്രോത്സവം, അച്ചീചരിതങ്ങള്‍ തുടങ്ങിയവ കാമപൂജയില്‍ പഠനവിധേയമാക്കിയിട്ടുണ്ട്.

ദേവദാസി എന്ന പദത്തിന്റെ മൂലരൂപം -തേവരടിയച്ചി- എന്ന് രാമവര്‍മ കണ്ടെത്തുന്നു. കൊട്ടാരവളപ്പുമായി ബന്ധപ്പെട്ടുകഴിഞ്ഞിരുന്ന ദേവദാസിയായ അമ്മിണിത്തേവിടിച്ചിയുടെ ചരിതം അല്പം പരാമാര്‍ശിച്ചുപോകുന്നുണ്ട്. അവരുടെ രണ്ടുകാമുകന്മാര്‍ ഇവരുടെ പേരില്‍ അവകാശത്തര്‍ക്കമായി. ഒരാള്‍ അപരനെ കൊല്ലുന്നവരെ വൈരം ചെന്നെത്തി. ഗത്യന്തരമില്ലാതെ അമ്മിണിത്തേവിടിച്ചിയും കുടുംബവും ഉള്ളതെല്ലാമെടുത്തുകൊണ്ട് തൃശൂര്‍ക്ക് പോയി അവിടെ കാലം കഴിച്ചുകൂട്ടി. പിന്നീടാരും അവരെക്കുറിച്ച് തിരക്കുകയുണ്ടായില്ല.

'കാളപ്പോരിന്റെ നാട്ടില്‍' രചിക്കാന്‍ കാരണമായതിന് പിന്നില്‍ നോവലിസ്റ്റ് എം ടി വാസുദേവന്‍ നായരുടെ പ്രേരണയുണ്ട് എം വി ശങ്കരന്റെ നിര്‍ബന്ധമനുസരിച്ച് മലയാളത്തില്‍ ഒരു രസതന്ത്രപുസ്തകമെഴുതി. പി ജി വോഡ് ഹൗസിന്റെ ഒരു നോവല്‍ വായിച്ചപ്പോള്‍, മലയാളത്തില്‍ അത്തരമൊന്ന് വേണമെന്ന ആഗ്രഹപ്രകാരം 'വരൂ വരൂ ചെറുശ്ശേരി' രചിച്ചു. ഇത്രയുമായപ്പോള്‍ എഴുതാതിരിക്കാന്‍ വയ്യെന്നായി. കോഴിക്കോട് സര്‍വകലാശാലയില്‍ രസതന്ത്രവിഭാഗത്തില്‍ പ്രൊഫസറായിരിക്കുമ്പോഴാണ് എഴുത്തിലെ ഈ തുടക്കം.

ചിത്രകല നൂറ്റാണ്ടുകളിലൂടെയാണ് ശ്രദ്ധേയമായ മറ്റൊരു പഠനഗ്രന്ഥം. ചിത്രകല പ്രസ്ഥാനങ്ങളിലൂടെ, ചിത്രങ്ങളുടെ കഥ, കൈരളീവിധേയന്‍ അപ്പന്‍തമ്പുരാന്‍, തങ്കം തമ്പുരാട്ടി, ആനകളും ഒരു കിഴവിയും, സീതയുടെ കഥ, കാമപൂജ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍, വരൂ വരൂ ചെറുശ്ശേരി, കാളപ്പോരിന്റെ നാട്ടില്‍, ബ്രിട്ടനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി തുടങ്ങിയവയാണ് മറ്റ് കൃതികള്‍.

കൈരളീവിധേയന്‍, അപ്പന്‍ തമ്പുരാന്‍ എന്ന ജീവചരിത്രകൃതിക്ക് 1986-ലെ പൂത്തേഴന്‍ അവാര്‍ഡും ടി എം ചുമാമര്‍ സ്മാരക സുവര്‍ണകൈരളി അവാര്‍ഡും ലഭിച്ചു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എന്ന കൃതി കേരള സംസ്ഥാന സാംസ്‌കാരികവകുപ്പാണ് പ്രസിദ്ധീകരിച്ചത്.

Monday, October 26, 2026

കെ പി എ സി സുലോചന

പൊലീസ് കോണ്‍സ്റ്റബിളായ കുഞ്ഞുകുഞ്ഞിനും കല്യാണിക്കും മാലിക്കര കോട്ടക്കകത്ത് വീട്ടില്‍ പിറന്ന മകളാണ് സുലോചന. അഞ്ച് കൂടെപ്പിറപ്പുകള്‍ ചെറുപ്പത്തില്‍ തന്നെ മരണമടഞ്ഞു. അവരെല്ലാം ജനിതകവൈകല്യമുമ്ടായിരുന്നുവത്രെ. മൂത്തസഹോദരിയും അനുജന്‍ കൃഷ്ണന്‍കുട്ടിയും സുലോചനക്ക് സഹോദരങ്ങളായി അവശേഷിച്ചു.


മാവേലിക്കര മിഡില്‍ സ്‌കൂളിലെ പഠനത്തിനുശേഷം അച്ഛന് സ്ഥലംമാറ്റമായതിനാല്‍, കുടുംബസമേതം സുലോചന തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ പോയി താമസമാക്കി. കോട്ടക്കകം സ്‌കൂളില്‍ പഠനം തുടര്‍ന്നു. കൂട്ടിക്കാലത്ത് റേഡിയോവില്‍നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ പാടിപ്പഠിക്കുകയായിരുന്നു ശീലം. അനുജന്‍ കൃഷ്ണന്‍കുട്ടി മാത്രമാണ് ആസ്വാദകനായി ഉണ്ടായിരുന്നുള്ളൂ. (അധ്യാപകനായി ജോലിയിലിരിക്കെ അകാലത്തില്‍ കൃഷ്ണന്‍കുട്ടി മരണമടഞ്ഞു. വിനോദ്, മനോജ് എന്നിങ്ങനെ രണ്ട് മക്കളുണ്ട് കൃഷ്ണന്‍കുട്ടിക്ക്. ഇരുവരും കലാകാരന്മാര്‍)

സ്‌കൂളില്‍ പോകുമ്പോള്‍ തമ്പാനൂര്‍ ഗണപതികോവിലിന് എതില്‍വശത്തുള്ള ഹോട്ടലില്‍നിന്നും ഗ്രാമഫോണ്‍ പൊഴിക്കുന്ന പാട്ട് കേട്ടുനില്‍ക്കുക ശീലമായി. ഹോട്ടലുടമ ചീത്തപറയുന്നതുവരെ നില്പ് തുടരും. സ്‌കൂളില്‍ എത്തുമ്പോള്‍ വൈകുന്നതിനാല്‍ എന്നും അദ്ധ്യാപകന്റെ ശകാരവും അടിയും സഹിക്കണമായിരുന്നു. ഈ തിരിച്ചടികള്‍ക്കിടയിലും സുലോചനയിലെ സംഗീതാഭിരുചി തിരിച്ചറിയപ്പെട്ടു.

റേഡിയോയിലെ ബാലലോകം പരിപാടിയില്‍ പാടാന്‍ അവസരം ലഭിച്ചു. തടിയൂര്‍ സ്വദേശി ഗോപാലകൃഷ്ണന്റെ അടുത്തുനിന്നും സംഗീതപഠനമാരംഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസവും സംഗീതപരിശീലനവും ഒരുമിച്ചുകൊണ്ടുപോകാന്‍ പ്രയാസമായപ്പോള്‍ 4-ാം ക്ലീസില്‍വെച്ച് പഠനം നിര്‍ത്തി.

പ്രേം നവാസിനും അടൂര്‍ പങ്കജത്തിനുമൊപ്പം നാടക അരങ്ങിലെത്തി. തിരുവനന്തപുരത്തെ ഒരു ക്ലബ്ബിന്റെ നാടക അവതരണത്തില്‍ പ്രേം നസീറിന്റെ നായികയായും അഭിനയിച്ചു.

ആയിടെ ആരംഭിച്ച പുതിയ നാടകക്കമ്പനിയായ കെ പി എ സിയിലേക്ക് പാടുകയും അഭിനയിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ വേണമെന്ന ആവശ്യവുമായി പുനലൂര്‍ രാജഗോപാലന്‍ നായരും ജനാര്‍ദ്ദനക്കുറുപ്പും കേശവന്‍പോറ്റിയും ചേര്‍ന്ന് സുലോചന താമസിക്കുന്ന വീട് തിരക്കിപ്പിടിച്ചെത്തി. കോണ്‍ഗ്രസ്സുകാരനായ അച്ഛന് കമ്മ്യൂണിസ്റ്റുകാരുടെ കൂടെ മകളെ വിടാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ നിര്‍ബന്ധത്തിനുവഴങ്ങി അദ്ദേഹം സമ്മതിച്ചു. അങ്ങനെ ജനകീയ നാടകപ്രസ്ഥാനത്തിന്റെ തുടക്കക്കാരായ കെ പി എ സിയില്‍ സുലോചന ആദ്യചുവടുവെച്ചു. അപ്പോള്‍ പ്രായം പതിനാല് മാത്രം. 'എന്റെ മകനാണ് ശരി' ആണ് ആദ്യ നാടകം.

1950-ലാണ് കെ പി എ സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള പീപ്പിള്‍സ് ആര്‍ട്ട്‌സ് ക്ലബ്ബ് തിരുവനന്തപുരം ആസ്ഥാനമായി രൂപംകൊണ്ടത്. കെ എസ് രാജാമണി സംഭാവനയായി നല്കിയ 75 രൂപ മുടക്കി നാടകക്കമ്പനി രജിസ്റ്റര്‍ ചെയ്തു. മൊയ്തീന്‍കുഞ്ഞ്, തോപ്പില്‍ കൃഷ്ണപിള്ള, എം പി കുട്ടപ്പന്‍ എന്നിവരായിരുന്നു ആദ്യ സഹകാരികള്‍. റിഹേഴ്‌സലിനും ആലോചനായോഗങ്ങള്‍ക്കും രചനകള്‍ക്കും സഹായിയാരുന്നത് നിരൂപകശേഷ്ഠനായ എം പി പോളാണ്. അദ്ദേഹത്തിന്റെ പിന്തുണയാല്‍ തിരുവനന്തപുരംത്തെ ഷണ്‍മുഖന്‍പിള്ളയുടെ സ്വരാജ് ലോഡ്ജ് കെ പി എ സിയുടെ ആദ്യത്തെ താവളമായി. പിന്നീട് അത് കായംകുളത്തേക്ക് മാറ്റി.

തോപ്പില്‍ ഭാസിയുടെ പ്രസിദ്ധനാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എത്തി. അവതരണത്തില്‍ ലെജണ്ടായി മാറിയ ആ നാടകത്തിന് സുലോചനയോളം ത്യാഗവും കഷ്ടപ്പാടും അനുഭവിച്ചിട്ടുള്ള മറ്റൊരു വ്യക്തിയില്ല. പകല്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി കോര്‍ണര്‍ മീറ്റിംഗുകളില്‍ പാടണം; രാത്രി രംഗാവതരണത്തിലും! വിശ്രമമില്ലാതെ പാടിയും അഭിനയിച്ചും ഒരു തലമുറയെ കമ്മ്യൂണിസ്റ്റാക്കാന്‍ പാടുപെട്ട ആ നാടകം എത്ര വേദികളില്‍ അരങ്ങേറി എന്നതിന് കണക്കില്ല.

ഡെല്‍ഹിയില്‍ ഈ നാടകം കാണാന്‍ ജവഹര്‍ലാല്‍ നെഹ്രു എത്തിച്ചേര്‍ന്നു. മൂന്നര മണിക്കൂര്‍ അദ്ദേഹം നാടകം വീക്ഷിച്ചു. തീര്‍ന്ന ഉടന്‍ തിരക്ക് വകവെക്കാതെ അദ്ദേഹം ഗ്രീന്‍ റൂമിലെത്തി, സുലോചനയെ അഭിനന്ദിക്കുകയുണ്ടായി. അഭിനയജീവിതത്തില്‍ ഏറെ അഭിമാനം തോന്നിയ സന്ദര്‍ഭം നെഹ്രുവിന്റെ അഭിനന്ദനമാണെന്ന് സുലോചന ഓര്‍ത്തുവെച്ചു. നാട്ടുകാരെ കമ്മ്യൂണിസ്റ്റാക്കുന്നു എന്ന് ആക്ഷേപിക്കപ്പെട്ട ഒരു നാടകത്തെയാണ് കോണ്‍ഗ്രസ്സായ നെഹ്‌റു മുന്നോട്ടുവന്ന് അഭിനന്ദിച്ചത്.

ദുരനുഭവങ്ങളുമുണ്ട്; കമ്മ്യൂണിസ്റ്റായതില്‍ ചൊരുക്കുള്ള നാടകവിരോധികളുടെ കല്ലേറുകൊണ്ട് ചോരയൊലിപ്പിച്ച് നിന്ന് അഭിനയിക്കേണ്ടവന്നിട്ടുണ്ട്. അപ്പോഴും പാര്‍ട്ടിയുടെ പിന്തുണയായിരുന്നു അരങ്ങിലെ കരുത്ത്. മഞ്ചേരിയിലെ ആസ്വാദകരുടെ സദസ്സ് ആഹ്ലാദകരമാണ്. പാട്ടായാലും അഭിനയമായാലും അവര്‍ ആസ്വദിക്കും, അഭിനന്ദിക്കും. ഒരിക്കല്‍ അവിടെനിന്നുതന്നെ ഒരു തിക്താനുഭവമുണ്ടായി എന്നതും സ്മര്‍ത്തവ്യമാണ്. മതംമാറ്റം പോലെ നാടകം കളിച്ച് അവര്‍ രാഷ്ട്രീയമാറ്റത്തിനാണ് ശ്രമിക്കുന്നതെന്ന് വിരുദ്ധശക്തികള്‍ അവിടെ ഒരു പ്രചാരവേല ചെയ്തിരുന്നു. അത് ഫലിച്ചു. സമിതി എത്തുമ്പോള്‍ വിജനമായ മൈതാനവും സ്‌റ്റേജുമാണ് കലാകാരന്മാരെ എതിരേറ്റത്. തിരിച്ചുപോരാനുള്ള വണ്ടിക്കൂലിപോലും സമിതിക്കുണ്ടായിരുന്നില്ല. ഇതിലൊന്നും തളരാതെ നാടകശില്പികള്‍ സ്‌റ്റേജില്‍ കയറി അവതരണഗാനം ആലപിച്ചു. കേള്‍ക്കവെ ആളുകളെത്താന്‍ തുടങ്ങി. ആലാപനം തീര്‍ന്നപ്പോള്‍ ആളുകളെക്കൊണ്ട് മൈതാനം നിറഞ്ഞു. മഞ്ചേരികണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തിനുമുമ്പാകെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ അവതരണം നടന്നു. സംഘാടകര്‍ പറഞ്ഞതിന്റെ ഇരട്ടി പ്രതിഫലം നല്കി.

ഗാനശാഖയില്‍ കെ എസ് ജോര്‍ജ് സുലോചന യുഗ്മങ്ങള്‍ വിജയക്കുതിപ്പ് നടത്തി. മുടിയനായ പുത്രന്‍, സര്‍വേക്കല്ല്, അശ്വമേധം, ശരശയയ്യ, മൂലധനം, മന്വന്തരം, ഭരതക്ഷേത്രം എന്നീ നാടകങ്ങളിലേയും ആലാപനാനുഭവങ്ങള്‍ സുലോചനക്ക് മറക്കാനാവാത്തവയത്രെ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ സുമാവലി, മുടിയനായ പുത്രനിലെ ചെല്ലമ്മ, സര്‍വ്വേക്കല്ലിലെ വാസന്തി, ശരശയ്യയിലെ സരോജം, സുലോചനയെ കുഷ്ഠരോഗിയാക്കി എന്ന് എതിരാളികള്‍ അപവാദപ്രചരണം നടത്തിയ അശ്വമേധത്തിലെ നായിക തുടങ്ങി എത്രയെത്ര കഥാപാത്രങ്ങളെയാണ് സുലോചന അഭിനയവിസ്മയം നല്കി അനശ്വരമാക്കിയിട്ടുള്ളത്.

നാടകത്തിന് നികുതി ചുമത്തി സമിതികളെ തളര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായപ്പോള്‍ അതിനെതിരെ സമരവുമായി തെരുവിലിറങ്ങിയവരുടെ കൂട്ടത്തില്‍ സുലോചനയുണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് സുലോചന ലോക്കപ്പിലുമായി. അച്ഛന്‍ പൊലീസായിരുന്നതിനാല്‍ മറ്റ് ഉപദ്രവങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ, പൂജപ്പുര ജയിലില്‍നിന്നും വൈകുന്നേരം പുറത്തിറങ്ങുമ്പോള്‍, നിരാശാജനകമായ വാര്‍ത്ത കേള്‍ക്കാനിടയായി. നിശ്ചയിച്ചുവെച്ചിരുന്ന വിവാഹം മാറിപ്പോയിരിക്കുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും അവരുടെ നടപടിയെ സുലോചന പുച്ഛിച്ചു തള്ളി.

14 വര്‍ഷം നീണ്ട കെ പി എ സി ജീവിതത്തില്‍നിന്നും 1964-ല്‍ വിട്ടുപോന്നു. എന്നാല്‍ 1975-ല്‍ തിരികെ ചേരുകയുമുണ്ടായി. കാമ്പിശ്ശേരിയും കെ പി വിയും വിക്രമന്‍ നായരും വന്നു വിളിച്ചപ്പോഴാണ് ആ മനംമാറ്റമുണ്ടായത്.

കാലം മാറുന്നു (1955) എന്ന സിനമയിലൂടെ ആ രംഗത്ത് പ്രവേശിച്ചു. സത്യന്റെ നായികയായി അഭിനയിക്കുകയും പാടുകയും ചെയ്തു. കെ എസ് ജോര്‍ജിനൊപ്പം ആ മലര്‍ പൊയ്കയില്‍ എന്ന യുഗ്മഗാനത്തിനും സ്വരം നല്കി. ഒ എന്‍ വി കുറുപ്പ് -ജി ദേവരാജന്‍ കൂട്ടുകെട്ടിന്റെ ആദ്യ സിനിയും ഇതുതന്നെ. 1961-ല്‍ കൃഷ്ണകുചേല, അരപ്പവന്‍ എന്നീ സിനിമകളിലും അഭിനയിച്ചു. 1958-ല്‍ മികച്ച പ്രാദേശികചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച രണ്ടിടങ്ങഴി എന്ന സിനിമയില്‍ പാടിയിട്ടുമുണ്ട്.

1983-ല്‍ സ്വന്തമായി സമിതിയുണ്ടാക്കി 'കായംകുളം സംസ്‌കാര'. ആദ്യനാടകം 'ഭ്രാന്തരുടെ ലോകം'. കെ പി എ സി തറവാടിന്റെ ഗുരുവായ തോപ്പില്‍ ഭാസി തന്നെയാണ് നാടകം സംവിധാനം ചെയ്തത്. സംസ്‌കാര 12 നാടകങ്ങള്‍ കളിച്ചു. 12-ാം വര്‍ഷം സാമ്പത്തികബാധ്യത ഏറിയപ്പെള്‍ സമിതി പിരിച്ചുവിട്ടു.

അതിനുമമ്പ് ബന്ധുവും കലാകാരനുമായ കലേശനുമായി സുലോചനയുടെ വിവാഹം നടന്നു. കലേശന്‍ കെ എസ് ആര്‍ ടി സി ജീവനക്കാരനുമായിരുന്നു. സംസ്‌കാര കലാ വിദ്യായം കൂടിയായിരുന്നു. കുട്ടികള്‍ക്ക് തബല, മൃദംഗം, കീബോര്‍ഡ് തുടങ്ങിയവയില്‍ പരിശീലനം നല്കിവന്നിരുന്നു. കലേശന്‍ നല്ലരീതിയില്‍ അത് തുടര്‍ന്ന് നടത്തി.
 

ബങ്കിം ചന്ദ്ര ചാറ്റര്‍ജി


 ബാബു ബങ്കിമചന്ദ്രചാറ്റര്‍ജി: ആനന്ദമഠം, വന്ദേമാതരം.


ബംഗാളിലെ കാണ്ടാല്‍പാഡ ഗ്രാമത്തിലെ യാദവചന്ദ്രചതോപാധ്യായന്റെ മകനായി 1838 ജൂണ്‍ 27-ന് ബാബു ബങ്കിം ചന്ദ്രചാറ്റര്‍ജി ജനിച്ചു. അച്ഛന്‍ യാദവചന്ദ്രന്‍ മേദിനീപുരത്തെ കളക്ടറായിരുന്നു.

ബങ്കിമിന് 5 വയസ്സുള്ളപ്പോള്‍ രാമപാണസര്‍ക്കാര്‍ എന്ന ഗുരുവിന്റെ അടുത്ത് എഴുത്തിനിരുത്തി. ബംഗാളിഭാഷയിലെ അക്ഷരമാല മുഴുവന്‍ ബങ്കിം പഠിച്ചു. അതിനുശേഷം ബങ്കിമിനെ മേദിനീപുരത്തുള്ള പാഠശാലയില്‍ ചേര്‍ത്തു. അവിടത്തെ പഠനം കഴിഞ്ഞ് അടുത്തുള്ള ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ക്കപ്പെട്ടു. അസാമാന്യ ബുദ്ധിശക്തിയും ജ്ഞാനതൃഷ്ണയും, ഉത്സാഹശീലവുമുണ്ടായിരുന്ന ബങ്കിമിന് ഇരട്ടക്ലാസ്സ് കയറ്റം കിട്ടിക്കൊണ്ടിരുന്നു. 11-ാമത്ത വയസ്സില്‍ ഹൂഗ്ലി കോളേജില്‍ ചെര്‍ന്നു. പാഠപുസ്തകങ്ങള്‍കൊണ്ട് ബങ്കിമിന്റെ ജിജ്ഞാസ ശമിച്ചില്ല. കോളേജ് വക ഗ്രന്ഥശാലയില്‍നിന്നുമെടുത്തും വിലകൊടുത്തു പുസ്തകങ്ങള്‍ വാങ്ങിയും വിജ്ഞാനതൃഷ്ണയെ ബങ്കിം ശമിപ്പിച്ചുകൊണ്ടിരുന്നു. അന്നത്തെ ഇന്റര്‍മീഡിയറ്റ്, ബി എ എന്നീ കോഴ്‌സുകള്‍ക്ക് തത്തുല്യമായിരുന്ന ജൂനിയര്‍-സീനിയര്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രശസ്തമാംവിധം ബങ്കിം പാസ്സായി.

അന്നത്തെ കുലീനരുടെ നാട്ടുനടപ്പനുസരിച്ച്, പിതാവിന്റെ നിര്‍ബന്ധത്തിനുവഴങ്ങി 11-ാമത്തെ വയസ്സില്‍ ബങ്കിമിന് 7 വയസ്സുള്ള ഒരു ബാലികയെ വിവാഹംചെയ്യേണ്ടതായി വന്നു. 8-9 വര്‍ഷത്തിനുശേഷം ആ ബാലിക മരിച്ചുപോയതിനാല്‍ ബങ്കിം രാജലക്ഷ്മി എന്ന വേറൊരു പണ്‍കുട്ടിയെ വിവാഹം ചെയ്തു.

ഔദ്യോഗിക വിദ്യാഭ്യാസത്തോടൊപ്പം സ്വകാര്യമായി സംസ്‌കൃതം അഭ്യസിച്ച് ബങ്കിം ആ ഭാഷയില്‍ വ്യുത്പത്തിനേടി. ദേശ്യങ്ങളും വിദേശ്യങ്ങളുമായ പുസ്തകങ്ങളും വായിച്ചു ഗ്രഹിച്ച ബങ്കിമിന് കവനകലയില്‍ അഭിരുചി സംജാതമായി. ആദ്യത്തെ വംഗദിനപത്രമായ 'സംവാദപ്രഭാകര'ത്തില്‍ ബങ്കിമിന്റെ ആദ്യത്തെ കവിത അച്ചടിച്ചുവന്നു. ഈശ്വരചന്ദ്രഗുപ്തനും, നാടകകാരനായ ദീനബന്ധുമിത്രനും, ദ്വാരകാനാഥഗുപ്തനും മറ്റുമൊക്കെയായിരുന്നു സംവാദപ്രഭാകരത്തിലെ സഹ എഴുത്തുകാര്‍.

ഈശ്വരചന്ദ്രഗുപ്തനാണ് ബങ്കിമിന്റെ സാഹിത്യഗുരു. അദ്ദേഹം അളവറ്റ പ്രോത്സാഹനമാണ് ബങ്കിമിന് നല്കിയിരുന്നത്. അതിന്റെയൊക്കെ ഫലമായി ബങ്കിമിന്റെ ആദ്യത്തെ കവിതാസമാഹാരം 'ലളിതയും മാനസവും' പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായി. എന്നാല്‍ ബങ്കിമിന് ഗദ്യത്തിലായിരുന്നു ഏറെ താത്പര്യം. ആ വഴിക്കുതിരിയാന്‍ ഈശ്രചന്ദ്രഗുപ്തന്‍ പ്രോത്സാഹിപ്പിച്ചു.

സീനിയര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയിച്ച ബങ്കിം നിയമപഠനത്തിനായി 1858-ല്‍ കല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. അക്കൊല്ലമാണ് കല്‍ക്കത്തയില്‍ ആദ്യമായി സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത്. ബി എ പരീക്ഷ ഏര്‍പ്പെടുത്തിയതും അക്കൊല്ലംതന്നെ. പരീക്ഷക്ക് കേവലം 3-4 മാസമേ മുമ്പിലുണ്ടായിരുന്നുള്ളൂ. എങ്കിലും അക്കൊല്ലം തന്നെ പരീക്ഷയെഴുതിയ ബങ്കിം പ്രശസ്തമായ വിജയം നേടി. ബംഗാളികളുടെ ഇടയിലെ ആദ്യത്തെ ബിരുദധാരിയായി. അടുത്തവര്‍ഷം ബി എല്‍ പരീക്ഷയും പാസ്സായി. അതോടെ ബങ്കിമിന്റെ പാഠശാലാജീവിതം അവസാനിച്ചു.

ബിരുദം നേടുമ്പോള്‍ ബങ്കിമിന് 20 വയസ്സായിരുന്നു പ്രായം. ഡെപ്യൂട്ടി മജിസ്‌ത്രേട്ടായി നിയമനം നല്കി ഗവണ്മെന്റ് അദ്ദേഹത്തിന്റെ യോഗ്യതയെ ആദരിച്ചു. ആ ചെറുപ്രായത്തില്‍ നാട്ടുകാരനായ ഒരാള്‍ക്ക് അത്തരത്തിലൊരു ഉദ്യോഗം നേടാനായത് എല്ലാവരേയും അത്ഭുതപ്പെടുത്തി.

'യശോഹര'ത്തിലായിരുന്നു ആദ്യത്തെ നിയമനം. സുപ്രസിദ്ധ നാടകകാരനായ ദീനബന്ധുമിത്രന്റെ ജന്മനാടായിരുന്നു യശോഹരം. അവിടെവെച്ച് ഇരുവരും കണ്ടുമുട്ടി. അക്കാലത്തുസ്ഥാപിച്ച മൈത്രീബന്ധം അവരുടെ ജീവിതാവസാനംവരെ നിലനില്ക്കുകയും ചെയ്തു.

നാട്ടുകാര്‍ക്ക് ശല്യമായിത്തീര്‍ന്നിരുന്ന അക്രമികളേയും ദൂരദേശത്തുനിന്നും വന്ന് നാട്ടാര്‍ക്ക് ഉപദ്രവങ്ങള്‍ സൃഷ്ടിച്ചവരേയും പിടിച്ചുകൊണ്ടുവന്ന് അവര്‍ക്ക് ശിക്ഷനല്കി ജനജീവിതം ഭീഷണരഹിതമാക്കി.

ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ ആക്ടിംങ് അസിസ്റ്റന്റ് സെക്രട്ടറിയായി ബങ്കിം നിയമിക്കപ്പെട്ടു. ഒരു നാട്ടുകാരനുലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമാന്യപദവിയായിരുന്നു അത്. എന്നാല്‍ മെക്കാളെ സായ്പുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ നിമിത്തം വീണ്ടും ഡെപ്യൂട്ടി കളക്ടറായി ആലിപുരത്തേക്ക് സ്ഥലം മാറ്റുകയുണ്ടായി. 1891-ല്‍ ബങ്കിം പെന്‍ഷന്‍പറ്റി ഉദ്യോഗത്തില്‍നിന്നും പിരിഞ്ഞു. അന്നത്തെ ബംഗാള്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന സര്‍. ചാറല്‍സ് എലിയറ്റ് സര്‍ക്കാരില്‍നിന്നും എന്തെങ്കലും ആനുകൂല്യം ആശിക്കുന്നുണ്ടോ എന്ന് ബങ്കിമിനോട് ചോദിച്ചു. അദ്ദേഹം യാതൊന്നും ആഗ്രഹിക്കുന്നില്ലെന്നു മറുപടി പറഞ്ഞു. 1892-ല്‍ 'റായ് ബഹദൂര്‍' എന്നും 1894-ല്‍ ' സി ഐ ഇ' എന്നുമുള്ള രണ്ട് സ്ഥാനങ്ങള്‍ നവവര്‍ഷബഹുമതികളായി ചക്രവര്‍ത്തിയില്‍നിന്ന് ബങ്കമിന് ലഭിക്കുകയുണ്ടായി.

ബങ്കിമിന്റെ ജീവിതത്തിലെ ഏറിയഭാഗവും ഗവണ്മെന്റിനെ സേവിച്ചിട്ടാണ് കഴിച്ചുകൂട്ടിയതെങ്കിലും, സ്വാതന്ത്ര്യം നശിപ്പിക്കുന്ന ആ ഉദ്യോഗത്തില്‍ അദ്ദേഹത്തിന് വളരെ വറുപ്പുണ്ടായിരുന്നു. നാട്ടുകാരായ യുവാക്കളോട് ഒരിക്കലും ഗവണ്മെന്റുദ്യോഗം സ്വീകരിക്കുവാന്‍ അദ്ദേഹം ഉപദേശിച്ചിരുന്നില്ല. പെന്‍ഷന്‍ പറ്റിയ അവസരത്തില്‍ 'ആവൂ! ഞാനിപ്പോള്‍ സ്വതന്ത്രനായി' എന്ന് അദ്ദേഹം തന്നെത്താന്‍ പറഞ്ഞുപോയി.

ബങ്കിമിന്റെ കാലത്ത് വംഗസാഹിത്യത്തിന്റെ സ്ഥിതി അത്യന്തം ദയനീയമായിരുന്നു. ഉത്തമമെന്നു പറയാവുന്ന ഒരു ഗ്രന്ഥമോ, നല്ലനിലയില്‍ നടത്തപ്പെടുന്ന ഒരു പത്രമോ ബംഗാളിയില്‍ ഉണ്ടായിരുന്നില്ല. പണ്ഡിതരായ കവികള്‍പോലും കവിതായുദ്ധം മുതലായ വിനോദങ്ങളിലേര്‍പ്പെട്ട് തൃപ്തിപ്പെടുകയായിരുന്നു. പദ്യത്തേക്കാള്‍ മോശമായിരുന്നു ഗദ്യത്തിന്റെ സ്ഥിതി.

മാതൃഭാഷാ പോഷണത്തോടൊപ്പം ജനങ്ങളുടെ ഇടയില്‍ ഗ്രന്ഥപാരായണത്തിനുള്ള അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനുമായി വിനോദരൂപേണ വിജ്ഞാനവിതരണം എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ബങ്കിം സാഹിത്യരചയില്‍ ഏര്‍പ്പെട്ടു.

1865-ല്‍ ആദ്യത്തെ ആഖ്യായികയായ 'ദുര്‍ഗ്ഗേശനന്ദിനി' പുറത്തുവന്നു. 1867-ല്‍ 'കപാലകുണ്ഡല' പ്രസിദ്ധീകരിച്ചു. 1869-ല്‍ മൂന്നാമത്ത നോവല്‍ 'മൃണാളിനി' പ്രസിദ്ധപ്പെടുത്തി.

തുടര്‍ന്ന് രാഷ്ട്രീയനോവലായ 'ആനന്ദമഠം'(1882). പുറത്തിറക്കി. ഈ നോവലിലാണ് 'വന്ദേമാതരം' ഗാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതേ കാഴ്ചപ്പാടോടുകൂടി രചിച്ച നോവലുകളാണ് 'ദേവീചൗധുറാണി' (1884) 'സീതാരാമന്‍' (1887) എന്നിവ.

1885 ഡിസംബര്‍ 28-ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രൂപീകരിച്ചകാലംതൊട്ട് അവര്‍ സമ്മേളത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചിരുന്നു. 1911-ലെ 28-ാം വാര്‍ഷികം കല്‍ക്കട്ടയില്‍വെച്ച് നടന്നപ്പോഴും പതിവുപോലെ ഒന്നാം ദിവസം വന്ദേമാതര ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 27-12-1911 -ലെ രണ്ടാംദിവസം രവീന്ദ്രനാഥ ടാഗോറിന്റെ 'ജനഗണമന'യാണ് ആലപിക്കപ്പെട്ടത്.

സമുദായാഖ്യായികളാണ് തുടര്‍ന്നു രചിച്ച 'വിഷവൃക്ഷം' (1873), ചരിത്രാഖ്യായികയായ 'രാജസിംഹന്‍'(1882), ദുര്‍ഗേശനന്ദിനി (1865) ചന്ദ്രശേഖരന്‍ (1875), കൃഷ്ണകാന്തന്റെ മരണപത്രം (1878), രജനി (1877) തുടങ്ങിയവ.

ഇവയില്‍ വിഷവൃക്ഷം, സമുദായപരിഷ്‌കര്‍ത്താവായ ഈശ്വരചന്ദ്രവിദ്യാസാഗര്‍ നടപ്പാക്കിയ വിധവാവിവാഹപ്രസ്ഥാനത്തിന്റെ ദോഷവശങ്ങളെ പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇന്ദിര (1873), രാധാറാണി (1876), യുഗളാംഗുലീയകം (1874), എന്നിവ കഥാഗ്രന്ഥങ്ങളാണ്.

ധര്‍മ്മതത്വം (1888), കൃഷ്ണചരിതം (1886) എന്നിവ മത-തത്വവിജ്ഞാനീയങ്ങളാണ്.

ഭവഭൂതിയും ഉത്തരരാമചരിതവും -നിരൂപണലേഖനം.

ജ്ഞാനം, സാംഖ്യദര്‍ശനം -പ്രബന്ധങ്ങള്‍.

ഭാരതവര്‍ഷത്തിന്റെ സ്വാതന്ത്ര്യം, പ്രാചീനഭാരതത്തിലെ രാജനീതി, ഭാരതകളങ്കം -ചരിത്രവിജ്ഞാനീയങ്ങളത്രെ.

കമലാകാന്തന്‍ (1885), ലോകരഹസ്യം (1874) -വിനോദം.

രാജമോഹനന്റെ ഭാര്യ, ഒരു ഹിന്ദുയുവാവിന്റെ വീരകഥകള്‍, -ഇംഗ്ലീഷ് കവിതകള്‍.

1872-ല്‍ വംഗദര്‍ശനം പത്രഗ്രന്ഥം.


1894 ഏപ്രില്‍ 8-ന് തന്റെ 56-ാം വയസ്സില്‍ മരിച്ചു.

ശരല്‍കുമാരി, നീലാബ്ജകുമാരി, ഉല്‍പലകുമാരി എന്നിങ്ങനെ 3 പെണ്‍മക്കളാണുണ്ടായിരുന്നത്. ഉല്‍പലകുമാരി ബങ്കിം ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചുപോയിരുന്നു.

ഇംഗ്ലീഷ്, ജര്‍മ്മന്‍ തുടങ്ങിയ പാശ്ചാത്യഭാഷകളിലും പൗരസ്ത്യഭാഷകളിലും അദ്ദേഹത്തിന്റെ ആഖ്യായികകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


വന്ദേമാതരഗാനം

വന്ദേ മാതരം, വന്ദേ മാതരം
സുജലാം സുഫലാം മലയജശീതളാം,
സസ്യശ്യാമളാം, മാതരം!
വന്ദേ മാതരം, വന്ദേ മാതരം
ശുഭ്രജ്യോത്സ്‌നാപുളകിതയാമിനീം
ഫുല്ലകുസുമിതദ്രുമദളശോഭിനീം
സുഹാസിനീം, സുമധുരഭാഷിണീം
സുഖദാം, വരദാം, മാതരം!
വന്ദേ മാതരം!

സപ്തകോടികണ്ഠകളകള നിനാദേനിരാലേ
ദ്വിസപ്തകോടിഭുജൈര്‍ദൃതകരകരവാളെ?
കേ ബലേ മാ, തുമി അബലേ?
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
വന്ദേമാതരം.

തുമി വിദ്യാതുമി ധര്‍മ്മ
തുമി ഹൃദി തുമി മര്‍മ്മ-
ത്വംഹിപ്രാണാഃ ശരീരേ ശരീരേ
ബാഹുതേ തുമി മാ ശക്തി
ഹൃദയേ തുമി മാ ഭക്തി
തോമാര ഈ പ്രതിമാഗന്ധി മന്ദിരേ മന്ദിരേ
ത്വം ഹി ദുര്‍ഗ്ഗാദശപ്രഹരണ ധാരിണീം
കമലാ കമലദളവിഹാരിണീം
വാണീവിദ്യാദായിനീം നമാമിത്വാം!

ശ്യാമളാം, സരളാം
സുസ്മിതാം ഭൂഷിതാം ധരിണീം, ഭാരിണീം മാതരം
വന്ദേ മാതരം!

ശ്യാമളാം സരളാം
സുസ്മിതാം ഭൂഷിതാം ധരിണീം ഭാരിണീം-
മാതരം വന്ദേ മാതരം!

Sunday, October 25, 2026

വയലാര്‍ രാമവര്‍മ

 


സാധാരണക്കാരുടെ വികാരംമുള്‍ക്കൊണ്ട് അവരുടെ വിമോചനത്തിനായി തൂലിക ചലിപ്പിച്ച മഹാകവിയാണ് വയലാര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാമവര്‍മ. കമ്മ്യൂണിസ്റ്റുകാരനല്ലെങ്കിലും വയലാറിലെ നരവേട്ട അതിലേക്ക് അടുപ്പിച്ചു. 'തന്റെ ഗ്രാമത്തില്‍ നടന്ന സമരത്തില്‍ തൊഴിലാളികള്‍ നയിച്ച ധീരതയാണ് തന്റെ കാവ്യകലയുടെ ആത്മാവ്'.


രാജകീയ സാഹചര്യങ്ങളിലും പാരമ്പര്യങ്ങളിലും ജനിച്ചുവളര്‍ന്നു ഈ കവിയാണ് രാമവര്‍മ.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍, വെള്ളാരപ്പള്ളി കേരളവര്‍മ്‌യുടേയും രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച് 25-ന് പിറന്ന രാമവര്‍മ്മയാണ് വയലാര്‍ എന്ന പേരില്‍ പ്രസിദ്ധനായ കവി.

വിവാഹിതയായതിനുശേഷം 12 വര്‍ഷം കാത്തിരുന്നാണ് അംബാലികത്തമ്പുരാട്ടി രാമവര്‍മക്ക് ജന്മമേകുന്നത്. ഗര്‍ഭപാത്രത്തിലെ രോഗം പ്രശ്‌നമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സകൊണ്ട് പരിപൂര്‍ണമായ രോഗശാന്തിയായി. വയലാര്‍ ജനിക്കുമ്പോള്‍ അമ്മക്ക് വയസസ് 33. കുട്ടന്‍ എന്ന ഓമനപ്പേരിലാണ് വയലാറിനെ വിളിച്ചിരുന്നത്. കുട്ടന് മൂന്നര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. മരുമക്കത്തായസമ്പ്രദായമനുസരിച്ച് അമ്മാവന്‍ കേരളവര്‍മ കുടുംബനാഥനായി. അമ്മാവന്റെ ഗൃഹഭരണം വയലാറിന് രക്ഷാകര്‍തൃത്വമായില്ല. ഒരു ഷര്‍ട്ടുപോലും അമ്മാവന്‍ വയലാറിന് വാങ്ങിക്കൊടുക്കുമായിരുന്നില്ല. ആണ്ടില്‍ രണ്ട് പുടവ അമ്മാവന്‍ അമ്മക്ക് വാങ്ങിക്കൊടുക്കുമായിരുന്നു. സഹോദരനറിയാതെ അംബാലികത്തമ്പുരാട്ടി പുടവയുടെ ഒരു ഭാഗത്തുനിന്നും കുറേ തുണി കീറിയെടുത്ത് ഓമനമകന് ഷര്‍ട്ട് തയ്പിച്ചുകൊടുക്കും.

വയലാറിന്റെ സര്‍ഗപ്രവണതയോട് അമ്മാവന് പുച്ഛമായിരുന്നു. കുമാരനാശാന്‍ താഴ്ന്നജാതിക്കാരനായതുകൊണ്ട് അയാളുടെ കവിതകള്‍ വായിക്കരുതെന്നു അമ്മാവന്‍ വിലക്കി.

മനസ്സില്ലാ മനസ്സോടെയങ്കിലും വയലാര്‍ വിദ്യഭ്യാസം ചെയ്യുന്നതിന് അമ്മാവന്‍ തടസ്സം നിന്നില്ല. ഗുരുകുല സമ്പ്രദായത്തിലാണ് കവി വിദ്യാഭ്യാസം ആരംഭിച്ചത്. ചേര്‍ത്തല സംസ്‌കൃത സ്‌കൂളിലും തുടര്‍ന്ന് ഇംഗ്ലീഷ് ഹൈസ്‌കൂളിലും വിദ്യാഭ്യാസം ചെയ്തു. ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ രചന ആരംഭിച്ചു. 1948-ല്‍ ഗാന്ധിജിയെപ്പറ്റി രചിച്ച എട്ടുകവിതകളുടെ സമാഹാരമായ 'പാദമുദ്ര'യാണ് ആദ്യത്തെ കൃതി.

യൗവനാരംഭം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. സാമൂഹിക-സാംസ്‌കാരിക പുരോഗമന പ്രസ്ഥാനങ്ങളുടെ വക്താവും പ്രണേതാവുമായിരുന്ന അദ്ദേഹം 1956-ല്‍ ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവന്നു. 'കൂടെപ്പിറപ്പ്' ആയിരുന്നു ആദ്യത്തെ സിനിമ. അത് ഗാനസാഹിത്യത്തിന്റെ സുവര്‍ണദശയുടെയും ആരംഭമായിരുന്നു.

നിരവധി മാഹാ കവിതകള്‍ രചിച്ച കാലത്തുതന്നെ തന്റെ സര്‍ഗപ്രതിഭയും ഭാവനയും അദ്ദേഹം ചലച്ചിത്ര ഗാനങ്ങളിലേക്ക് തിരിച്ചുവിട്ടു. അങ്ങനെ ചലചിത്രങ്ങള്‍ക്ക് പുതിയൊരു മാനം കൈവന്നു. തനിക്കു ലഭിക്കുന്ന കഥയിലെ ഒരു പ്രത്യേക നിമിഷത്തിന്റെ വികാരത്തെ, ഇതിഹാസങ്ങളും പുരാണകഥകളും പാടിപ്പതിഞ്ഞ നാടന്‍ പാട്ടുകളും ലയിപ്പിച്ച് കവിതയാക്കി, ഭാവഗാനമാക്കി, ശാശ്വതമാക്കിത്തീര്‍ക്കുന്നതിനുള്ള കഴിവ് ഒരു ഗാനരചയിതാവെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

വിശ്വാസപ്രമാണം പിന്തുടരുന്ന കാര്യത്തില്‍ വയലാര്‍ നാസ്തികനായിരുന്നു. അത്തരത്തിലുള്ളൊരാള്‍ എങ്ങിനെയാണ് ചെത്തിമന്ദാരവും, ശരണമയ്യപ്പ സ്വാമീ ശരണമയ്യപ്പയുമൊക്കെ എഴുതുന്നതെന്ന സുഹൃത്തുക്കളുടെ ചേദ്യത്തിന് 'പാട്ടെഴുത്ത് എന്റെ ജീവിതമാര്‍ഗ'മെന്നായിരുന്നു വയലാറിന്റ മറുപടി.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ആഘോഷവേളയില്‍ ആലപിക്കുന്നതിലേക്കായി 'ബലികുടീരങ്ങളേ' എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടാണ് വയലാറും സംഗീതസംവിധായകനായ ദേവരാജനും ആദ്യമായി ഒന്നിക്കുന്നത്.

തമിഴ് കവിയായ കണ്ണദാസന്റേയും നിരൂപകന്‍ വി എ കെ ശങ്കരറാവുവിന്റേയും അഭിപ്രായത്തില്‍ വയലാര്‍ രാമവര്‍മ്മയാണ് ഇന്ത്യയിലെ ഏറ്റവും ഉത്തമനായ ഗാനചയിതാവ്. വയലാര്‍-ദേവരാജന്‍ ടീമിനെ മറികടക്കുന്ന ഒരു ടീം ഇന്ത്യയില്‍ ഇല്ലെന്നും റാവു രേഖപ്പെടുത്തുന്നുണ്ട്.

223 ചിത്രങ്ങള്‍ക്ക്. വയലാര്‍ ഗാനരചന നടത്തി. ഇതില്‍ 132 എണ്ണം ദേവരാജന്‍ മാസ്റ്ററാണ് ഈണം പകര്‍ന്നവയാണ്. 1959-ല്‍ ജെ ഡി തോട്ടന്‍ സംവിധാനം ചെയ്ത 'ചതുരംഗം' ആണ് ഈ ടീമിന്റെ ആദ്യചിത്രം.


1961-ലെ സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാറിന്റെ 'സര്‍ഗ്ഗസംഗീതം' എന്ന ഗ്രന്ഥത്തിനായിരുന്നു. ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നാലു തവണയും ദേശീയപുരസ്‌കാരം -രാഷ്ട്രപതിയില്‍നിന്നുള്ള സുവര്‍ണമുദ്ര 1974-ലും വയലാറിന് ലഭിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് ആഭിമുഖ്യവും അമ്മ എന്ന വികാരവും വയലാറിലെ കവിയുടെ സ്വാധീനഘടകങ്ങളാണ്. അമ്മ അംബാലികത്തമ്പുരാട്ടി ഭക്തയായിരുന്നു. മാത്രമല്ല വീട്ടുവളപ്പിലുള്ള ക്ഷേത്രത്തില്‍ അമ്മ എന്നും മുടങ്ങാതെ വിളക്കുവക്കുകയും ചെയ്തിരുന്നു. കേരളത്തിലെ, മാനും മഴുവുമുള്ള രണ്ടു ക്ഷേത്രങ്ങളിലൊന്നാണ് രാഘവന്‍പറമ്പുകോവിലകത്തുള്ള ഈ ക്ഷേത്രം. മറ്റൊന്ന് കടപ്പാട്ടൂര്‍ ക്ഷേത്രമാണ്.

1956-ല്‍ അംബാലികത്തമ്പുരാട്ടിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു. ജി ശങ്കരക്കുറുപ്പ്, മുണ്ടശ്ശേരി തുടങ്ങി കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരും രാഷ്ട്രീയപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. അമ്മയുടെ വലിയൊരു ചിത്രം ശങ്കരക്കുറുപ്പ് അനാഛാദനം ചെയ്തു. കെ ആര്‍ ഗൗരി, വയലാര്‍ സമരത്തിലെ പ്രധാന സേനാനിയും സി കെ ചന്ദ്രപ്പന്‍ എം പി യുടെ അച്ഛനുമായ കുമാരപ്പണിക്കും ചേര്‍ന്നാണ് പിറന്നാള്‍ സദ്യ വിളമ്പിയത്.

അതേവര്‍ഷം (1956) ഡിസംബറില്‍ ഡെല്‍ഹിയില്‍വെച്ചുനടന്ന ഏഷ്യന്‍ റൈറ്റേഴ്‌സ് ഫോറത്തില്‍ പങ്കെടുത്തു. 1959-ല്‍ ആ അനുഭവക്കുറിപ്പുകള്‍ 'പുരുഷാന്തരങ്ങളിലൂടെ..' എന്ന ശീര്‍ഷകത്തില്‍ പുസ്തകമാക്കി. 'ദില്ലിയിലൂടെ സഞ്ചരിക്കുമ്പോള്‍, പുരുഷാന്തരങ്ങളിലൂടെ യാത്രചെയ്യുന്ന ഒരനുഭവമാണുണ്ടാവുക! അത്രയേറെ ചരിത്രസംഭവങ്ങള്‍ കണ്ടിട്ടുള്ള മറ്റൊരു നഗരം ഇന്ത്യയിലുണ്ടോ എന്നു സംശയമാണ്. ഇതിന്റെ വല്ലകോണുകളിലേക്കും വെളിച്ചം വീഴിക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടോ? അതു നിങ്ങളാണ് പറയേണ്ടത്'-രാമവര്‍മ പുസ്തകത്തില്‍ കുറിച്ചു.

1975 ഒക്ടോബര്‍ 27-ാം തീയതി ചരിത്രപ്രസിദ്ധമായ വയലാര്‍ രക്തസാക്ഷിദിനത്തില്‍ വയലാര്‍ രാമവര്‍മ കഥാവശേഷനായി.

കലശലായ ഉദരരോഗം പിടിപെട്ടിരുന്നു. ചേര്‍ത്തല മിഷന്‍ ആശുപത്രിയില്‍ ഡോ. ശങ്കര്‍ റാമിന്റെ ചികിത്സ ഫലപ്രദമായിരുന്നില്ല. ടി വി തോമസിന്റെ നിര്‍ദ്ദേശപ്രകാരം വയലാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുണ്ടായി. കെ എസ് ചെല്ലപ്പനും കൗമുദി ബാലകൃഷ്ണനും ദിവ്യന്‍ കൃഷ്ണന്‍നായരും സഹായിക്കാന്‍ ഒപ്പം നിന്നു. സദാശിവന്‍ എന്നു പേരായ ഒരു യുവാവിനെ വലയാറിനെ സഹായിക്കാന്‍ ലോക്കല്‍ കമ്മറ്റി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ നിര്‍ണായകഘട്ടം വന്നപ്പോള്‍ സദാശിവന്‍ മുങ്ങുകയാണുണ്ടായതെന്ന് എക്‌സ്പ്രസ്സ് മലയാളം വാരികയിലെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ കെ എസ് ചെല്ലപ്പന്‍ വെളിപ്പെടുത്തുന്നു.

അമ്മയുടെ വാക്കുകള്‍ വി ബി സി നായര്‍ അനുസ്മരിച്ചു. '17-ാം വയസ്സിലാണ് കുട്ടന്‍ ആദ്യമായി മദ്യപിക്കുന്നത്. ചാരായമാണ് കുടിച്ചത്. ചേര്‍ത്തലയിലെ ആയില്യം പടയണിക്ക്. പ്രാക്കുളം ഭാസിയും കൂടെ ചേര്‍ന്നു'.

1951-ല്‍ പുത്തന്‍കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയെ വയലാര്‍ വിവാഹംചെയ്തു. ആ ബന്ധത്തില്‍ കുട്ടികളുണ്ടായിരുന്നില്ല. 1957-ല്‍ ഭാരതി തമ്പുരാട്ടിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ പിറന്ന മകനാണ് ശ്രദ്ധേയ കവി വയലാര്‍ ശരശ്ചന്ദ്രവര്‍മ. ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ് മറ്റ് മക്കള്‍.

ചലച്ചിത്ര ഗാനരചനയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍;

1948-ല്‍ പാദമുദ്രകള്‍, 1950-ല്‍ കൊന്തയും പൂണൂലും, 1954-ആയിഷ, 1955-ല്‍ എനിക്കുമരണമില്ല, മുളങ്കാട്, ഒരു ജൂദാസ് ജനിക്കുന്നു. 1956-രക്തം കലര്‍ന്ന മണ്ണ്. 1947-എന്റെ മാറ്റൊലിക്കവിതകള്‍. 1961-സര്‍ഗസംഗീതം.

മറ്റുള്ളവ;
1957-എന്റെ മാറ്റൊലി കവിതകള്‍
1961-സര്‍ഗസംഗീതം
1965-പുരുഷാന്തരങ്ങളിലൂടെ.
1985-കുപ്പിച്ചില്ലും റോസാദളങ്ങളും

1976-വയലാര്‍ കൃതികള്‍ കവിതയും ഗാനങ്ങളും എസ് പി സി എസ്, കോട്ടയം.
1986-വയലാര്‍ കവിതകള്‍ എസ് പി സി എസ്, കോട്ടയം.
1987-വെട്ടും തിരുത്തും, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

തുടക്കത്തില്‍ 'ജനാധിപത്യം' എന്ന വാരികയുടെ പത്രാധിപര്‍.

Saturday, October 24, 2026

മൗലാന അബുള്‍കലാം ആസാദ്‌

 


1888 നവംബര്‍ 11-ന് ജനിച്ചു.
പിതാവ് മൗലാനാ മുഹമ്മദ് വൈറുദ്ദീന്‍, മുഗള്‍ ചക്രവര്‍ത്തിയായ അക്ബറുടെ രാജധാനിയിലെ പണ്ഡിതവര്യനായ ഷെയ്ക് ജമാലുദ്ദീന്റെ പിന്‍ഗാമിയായിരുന്നു. 1887-ല്‍ ബ്രിട്ടീഷുകാര്‍ ഡെല്‍ഹി പിടിച്ചെടുത്തപ്പോള്‍ നാടുവിട്ട് വൈറുദ്ദീന്‍ മക്കയില്‍ എത്തിച്ചേര്‍ന്നു. അവിടെവെച്ച് മദീനയിലെ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സഹീര്‍ അല്‍-വാട്രിയുടെ മകള്‍ ഷെയ്ഖ ആലിയ ബിന്റ് മൊഹമ്മദ് എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു. മെക്കയിലെ ഹജാസില്‍വെച്ച് അവര്‍ക്കുണ്ടായ മകനാണ് മൗലാനാ ആസാദ്. അഹമ്മദ് എന്നായിരുന്നു യഥാര്‍ത്ഥ നാമം.

10 വയസ്സുവരെ മക്കയില്‍ താമസിച്ചു. 1898-ല്‍ പിതാവിനോടൊപ്പം ഇന്ത്യയില്‍വന്ന് കല്‍ക്കത്തയില്‍ താമസമാക്കി. 1901-ല്‍ 13 വയസ്സുള്ളപ്പോള്‍ സുലേഖ ബീഗത്തെ വിവാഹം ചെയ്തു.

സ്വകാര്യമായി വിദ്യാഭ്യാസം ചെയ്തു. 14 തികയുന്നതിനുമുമ്പ് സാധാരണക്കാര്‍ക്ക് പത്തും പതിനാലും വര്‍ഷങ്ങള്‍ വേണ്ടിവരുന്ന അറബി, പോര്‍ഷ്യന്‍ ഭാഷകളും, തത്വശാസ്ത്രം, ഗണിതം, തര്‍ക്കശാസ്ത്രം, ഭൂമിസാസ്ത്രം, ചരിത്രം എന്നീ വിഷയങ്ങളടങ്ങിയ ദര്‍സേനിസാമി എന്ന സമ്പൂര്‍ണ കോഴ്‌സ് ബാലനായ അഹമ്മദ് 4 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി.

എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ അഹമ്മദ് 'സത്യനാദ' എന്ന പത്രത്തിന്റെ അധിപനായി.

സുപ്രസിദ്ധ ഉറുദുകവിയായ ഖ്വാജാ അന്‍താര്‍ഫ ഉസ്സന്‍ ഹാലിയുടെ ഒരു ഗ്രന്ഥത്തിന് ആസാദ് എഴുതിയ നിരൂപണം പൊതുജനശ്രദ്ധനേടി. ആയിടക്കുതന്നെ പ്രസിദ്ധ ഉറുദു കവികളായ ഹാലിയും, ഇക്ബാല്‍, നാസിര്‍, എന്നിവര്‍ പങ്കെടുത്ത ഒരു വമ്പിച്ച യോഗത്തില്‍ പ്രസംഗിക്കുവാനുള്ള അവസരവും ആസാദിന് ലഭിച്ചു. തന്റെ പുസ്തകം നിരൂപണം ചെയ്ത ആസാദിന്റെ മകനായിരിക്കും ഈ ചെറുബാലന്‍ എന്നാണ് ഹാലി വിചാരിച്ചത്. ഒടുവില്‍ ആസാദുതന്നെയാണ് ഈ ചെറുബാലന്‍ എന്നറിഞ്ഞപ്പോള്‍ അദ്ദേഹം ആസ്ചര്യപൂര്‍വം ഇങ്ങനെ പറഞ്ഞു; 'ഇളം ചുമലില്‍ മൂപ്പെത്തിയ തല'. എന്നാല്‍ ഇത്തരം പ്രശംസകള്‍കൊണ്ടൊന്നും ആസാദ് അഹങ്കരിച്ചില്ല.

1912-ലാണ് ആസാദ് രാഷ്ട്രീയരംഗത്തേക്കിറങ്ങുന്നത്. സാമ്രാജ്യവാദികള്‍ക്കെതിരായി 'അല്‍ഹിലാല്‍' എന്നൊരു പത്രം ഇറക്കി. അതില്‍ ആസാദ് എഴുതിയ ലേഖനങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികളെ ശുണ്‍ഠിപിടിപ്പിച്ചു. 1914-ല്‍ അല്‍ഹലാല്‍ പത്രം കണ്ടുകെട്ടുകയും പത്രാധിപരായ ആസാദിനെ അറസ്റ്റുചെയ്ത് റാഞ്ചി ജയിലില്‍ അടക്കുകയും ചെയ്തു.

1920-ല്‍ വിട്ടയക്കപ്പെട്ടങ്കെിലും അതേവര്‍ഷംതന്നെ നിസ്സഹകരണപ്രസ്താനത്തില്‍ പങ്കെടുത്തതിനാല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ഒരിക്കല്‍ ജയിലില്‍ കിടക്കുമ്പോഴാണ് ജീവിതപങ്കാളി അന്തരിച്ചത്.

1942-ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ വീണ്ടും അറസ്റ്റ്‌ചെയ്യപ്പെട്ടു. അങ്ങിനെ പലതവണയായി തന്റെ ജീവിതത്തില്‍ നീണ്ട 11 വര്‍ഷം ആസാദ് ജയിലില്‍ കഴിച്ചുകൂട്ടി.

1923-ല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അദ്ദേഹത്തിനപ്പോള്‍ 35 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി ആസാദ്. 1930-ല്‍ വീണ്ടും പ്രസിഡന്റായി. 1939 മുല്‍ 1949 വരെയുള്ള ഇന്ത്യയുടെ വിധിനിര്‍മായകമായ ആ കാലഘട്ടത്തില്‍ ആസാദായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്.

1942-ല്‍ ക്രിപ്‌സ് ദൗത്യവുമായി നടന്ന കൂടിയാലോചനയില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ചത് ആസാദായിരുന്നു. പിന്നീട് സിംലാ സമ്മേളനത്തില്‍ അധികാരക്കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകളിലും കോണ്‍ഗ്രസിന്റെ വക്താവായി പങ്കെടുത്തതും ാസാദ്തന്നെ. ഇടക്കാല ഗവണ്മെന്റ് രൂപീകൃതമായപ്പോള്‍ അദ്ദേഹം അതിലെ വിദ്യാഭ്യാസ മെമ്പറായിരുന്നു.

ഇന്ത്യ സാവാതന്ത്ര്യം പ്രാപിച്ച 1947-മുതല്‍ മരണം വരെ അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്നു. ഇക്കാലത്ത് ഇന്ത്യില്‍ വിദ്യാഭ്യാസം വമ്പിച്ച പുരോഗതിനേടി. ഇന്ത്യക്കു നേരിടേണ്ടിവന്നിട്ടുള്ള പല കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയത് ആസാദായിരുന്നു.

ആസാദിന്റെ പാണ്ടിത്യം അളവറ്റതാണ്. അദ്ദേഹം രചിച്ച വിശുദ്ധ ഖുറാന്റെ വ്യാഖ്യാനം കെയ്‌റോവിലെ സുപ്രസിദ്ധ അന്‍അസഹര്‍ സര്‍വകലാശാലയിലെ പാഠ്യപുസ്തകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് ആധികാരിക വ്യാഖ്യാനമായി അംഗീകാരം നേടി.

അറബിസാഹിത്യത്തില്‍ ആസാദിനുള്ള അഗാധപാണ്ഡിത്യം അദ്ദേഹത്തിന് നോടിക്കൊടുത്ത ബഹുമതിയാണ് 'അബ്ദുള്‍ കലാം' എന്ന പേര്. സാഹിത്യത്തിന്റെ അധിപന്‍ എന്നാണ് അതിനര്‍ത്ഥം. അതുമുതല്‍ മൗലാന അബുള്‍ കലാം ആസാദ് എന്ന് വിളിക്കപ്പെട്ടു.

ഇന്ത്യയുടെ പ്രഗത്ഭനായ ഒരു വഴികാട്ടി, ഉജ്ജ്വലപണ്ഡിതന്‍, ഉറച്ച ദേശീയവാദി, പ്രമുഖ വാഗ്മി, ഇന്ത്യന്‍ സാംസ്‌കാരികരംഗത്തെ അതുല്യനായ നായകന്‍, ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകം എന്നിങ്ങനെയും മൗലാന അബുല്‍ കലാം ആസാദ് ബഹുമതിക്കപ്പെടുന്നു.

1992-ന് ഭാരതരത്‌നം നല്കി രാജ്യം ആദരിച്ചു.

ലോകത്തെയാകെ ദുഃഖസാഗരത്തിലാഴ്ത്തിക്കൊണ്ട് ആ മഹാപുരുഷന്‍ 1958 ഫെബ്രുവരി 22-ന് തന്റെ 69-ാം വയസ്സില്‍ മരണമടഞ്ഞു.

Friday, October 23, 2026

എന്‍ സി തണങ്ങാടന്‍

 

സമുദായരക്ഷാപ്രവര്‍ത്തനത്തിന് ദിശാബോധം

കണയന്നൂര്‍ താലൂക്കില്‍ തൃപ്പൂണിത്തുറ എരൂര്‍ ദേശത്ത് തോട്ടിപ്പറമ്പില്‍ കൃഷ്ണാതിയുടേയും മുണ്ടിയുടേയും മൂത്ത മകനായി 1912 ആഗസ്റ്റ് 31-ന് ജനിച്ചു. യഥാര്‍ത്ഥ പേര് ചരതന്‍. എന്‍ ചരതന്‍ തണങ്ങാടന്‍ എന്നതിന്റെ ചുരുക്കരൂപമാണ് എന്‍ സി തണങ്ങാടന്‍.

എരൂര്‍ തൊണ്ടൂര് യു. പി സ്‌കൂള്‍, തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്തു. 1942-ല്‍ 10-ാം ക്ലാസ് പാസായി.

ചൊവ്വര സ്വദേശി വി വി കൃഷ്ണന്റെ പ്രേരണയാല്‍ തണങ്ങാടന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. 1933 മുതല്‍ 38 വരെയുള്ള 5 വര്‍ഷക്കാലം ആസ്സാമിന്റെ ചൈനാ അതിര്‍ത്തിയിലുള്ള ചിറാപ്പുഞ്ചിയില്‍ ഹവീല്‍ദാറായി സേവനമനുഷ്ഠിച്ചു.

1940-ല്‍ മുളന്തുരുത്തിയിലെ പെരുമ്പള്ളിയില്‍ കെ യു പള്ളിപ്പാടിയെ വിവാഹം ചെയ്തു. ദലിതരില്‍ നിന്നും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ആദ്യത്തെ വ്യക്തിയായ കെ ടി പേങ്ങന്റെ മകളാണ് പള്ളിപ്പാടി. സഹോദരിമാരില്‍ ഒരാളായ തിരുവാണ്ടയെ വിവാഹം ചെയ്തത് എം സി തേവനാണ്. തേവന്‍ ആമീനും തിരുവാണ്ട മിഡൈ്വഫും ആയിരുന്നു. ഇവരുടെ മകനാണ് 1992-ല്‍ കൊലചെയ്യപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥനായ സി ടി സുകുമാരന്‍. മറ്റൊരു സഹോദരിയായ ദേവിയെ വിവാഹം ചെയ്തത് എംഎല്‍എ/എം പിയായിരുന്ന കെ കെ മാധവനാണ്. മാധവന്റെ ജ്യേഷ്ഠസഹോദരിയാണ് ദാക്ഷായണി വേലായുധന്‍. ദേവി ടീച്ചറായിരുന്നു.

അച്ഛനമ്മമാര്‍ നേരത്തെ മരിച്ചുപോകയാല്‍ പള്ളിപ്പാടി അധികകാലവും ദേവി ടീച്ചറുടെ വീട്ടിലായിരുന്നു. തണങ്ങാടന്‍ വിവാഹംചെയ്യുന്ന സമയത്ത് പള്ളിപ്പാടി മുളന്തുരുത്തി ഹൈസ്‌കൂളില്‍ പഠിക്കുകയായിരുന്നു.

മുളന്തുരുത്തി ഹൈസ്‌കൂളില്‍ 10-ാം ക്ലാസില്‍ പഠനം തുടരുകയായിരുന്ന പള്ളിപ്പാടിയെ വിവാഹശേഷം, 1943-ല്‍ ഇരുമ്പനം ഹൈസ്‌കൂളില്‍ ചേര്‍ന്നു.

സ്വാതന്ത്ര്യാനന്തരം എരൂര്‍ ആസാദ് മൈതാനിയില്‍ പതാകയുയര്‍ത്താന്‍വേണ്ടി കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 'ഭാരത് മാതാ കീ ജയ്' വിളിച്ചവരിലെ രണ്ടു പട്ടികജാതിക്കാര്‍ തണങ്ങാടനും പള്ളിപ്പാടിയുമായിരുന്നു.

1948 മുതല്‍ 2 വര്‍ഷക്കാലം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ടൈം കീപ്പറായി ജോലി നോക്കിവരവെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ജോലി രാജിവെച്ചു. അതിനുശേഷം 1950 മുതല്‍ തൃപ്പൂണിത്തുറ എരൂര്‍ തൊണ്ടൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിനോക്കി. അക്കാലം മുതല്‍ ശ്രീമൂലം തിരുനാള്‍ അനുവദിച്ചു നല്കിയ എസ് എം പി പട്ടികജാതി കോളനിയിലാണ് (ശ്രീ മൂലം പുലയ കോളനി) കുടുംബം താമസിച്ചുവന്നത്.

ഇതിനിടയില്‍ തന്റെ വര്‍ഗ്ഗം അനുഭവിക്കുന്ന പീഡനങ്ങള്‍ നേരിട്ടുകണ്ടും അനുഭവിച്ചും അവരുടെ വിമോചനത്തിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. അതോടൊപ്പം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനവും ആരംഭിച്ചു. സമുദായ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകജോലിക്ക് തടസ്സമായപ്പോള്‍ അതും രാജിവെച്ച് മുഴുവന്‍സമയ പൊതുസേവനത്തില്‍ മുഴുകി.

1960-64 കാലഘട്ടത്തില്‍ കൊച്ചിന്‍ റിഫൈനറീസിന്റെ നീര്‍മ്മാണം ഏറ്റെടുത്തത് ഒരു അമേരിക്കന്‍ കമ്പനിയായിരുന്നു. തണങ്ങാടന്‍ ആ കമ്പനിയില്‍ ചേര്‍ന്ന് സൂപ്പര്‍വൈസറായി ജോലിനോക്കി.

കാമരാജ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം വഴി കെ പി സി സി അംഗത്വം ലഭിച്ചു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കെ പി കേശവമോനോന്‍, ടി കെ മാധവന്‍, ആമചാടി തേവന്‍, വാഴമന കാളി, പാപ്പി തേവന്‍, മാഹ്ഹാരു കുഞ്ഞപ്പന്‍ തുടങ്ങിയവരോടൊപ്പം അറസ്റ്റ് വരിച്ച് ലോക്കപ്പില്‍ മര്‍ദ്ദനങ്ങള്‍ക്കിരയായി. മദ്ധ്യതിരുവിതാംകൂറില്‍ നടന്ന പല അയിത്തവിരുദ്ധ സമരങ്ങളിലും പങ്കാളിയായിരുന്നിട്ടുണ്ട്.

അക്കാലത്ത് ദലിതരെ ക്ഷൗരം ചെയ്യുന്നതിന് ഷോപ്പ് ഉടമകള്‍ അനുവദിക്കാറില്ലായിരുന്നു. സമുദായപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ചരിക്കുമ്പോള്‍ പെരുമ്പാവൂരെത്തിയ തണങ്ങാടന്‍ ഒരു പുലയബാലനെ ബാര്‍ബര്‍ഷോപ്പില്‍ കയറ്റി ബാര്‍ബറെക്കൊണ്ട് ബലമായി മുടിവെട്ടിപ്പിച്ച സംഭവം ഉണ്ടായി.

1970-ല്‍ പി കെ ചാത്തന്‍ മാസ്റ്റര്‍, കെ കെ പൈങ്കി, കെ ചന്ദ്രശേഖരശാസ്ത്രി (എക്‌സ് എംഎല്‍എ), തുടങ്ങിയവര്‍ ചേര്‍ന്ന് രൂപീകരിച്ച കേരള പുലയര്‍ മഹാസഭയുടെ സംസ്ഥാനഭാരവാഹിയായി തുടര്‍ന്നു. സംഘടനയുടെ ആസ്ഥാനം വെങ്ങാനൂരായിരുന്നു. എറണാകുളം ഇടുക്കി ജില്ലകളുടെ ചുമതല തണങ്ങാടന്‍ മാഷിനായിരുന്നു. 164-ാം നമ്പര്‍ ശാഖയാണ് എസ് എന്‍ പി കോളനിയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

സംഘടനയുടെ കൊടി രൂപകല്പനചെയ്തത് കടമറ്റത്തുകാരന്‍ തങ്കപ്പന്‍ എന്ന പ്രവര്‍ത്തകനാണ്. ദീര്‍ഘചതുരാകൃതിയുള്ള പതാകയില്‍ മുകള്‍ഭാഗം നീലയും, കീഴ്ഭാഗം പച്ചയുമാണ്. നീല ആകാശത്തിന്റേയും പച്ച ഭൂമിയിലെ സസ്യജാലങ്ങളുടെയും പ്രതിനിധാനമാണ്. തണങ്ങാടന്‍ മാഷിന്റെ വീട്ടില്‍വെച്ചാണ് ഈ കല്പന ചര്‍ച്ചചെയ്ത് തീരുമാനമാക്കിയത്.

കെ ബാവ തേനന്തറ, ടി കെ ദാമോദരന്‍ മാസ്റ്റര്‍ പെരുമാനൂര്‍, പള്ളിയാന്‍ മുളന്തുരുത്തി തുടങ്ങിയവരായിരുന്നു സമുദായസംഘടനയില്‍ തണങ്ങാടന്‍ മാഷിന്റെ സഹപ്രവര്‍ത്തകര്‍. കെ ബാവ തേനന്തറ പ്രസ്സില്‍ ജീവനക്കാരനായിരുന്നു. കെ പി എം എസ് -ന് ഒരു മുഖപത്രം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുകയുണ്ടായി. 'നവയുഗം' എന്നാണ് അതിന്റെ പേര് എന്നാണ് തണങ്ങാടന്‍ മാഷിന്റെ മകള്‍ രത്‌നമ്മ ഓര്‍ക്കുന്നത്.

1980-ല്‍ എറണാകുളത്തുവെച്ചുനടന്ന കെ പി എം എസ്-ന്റെ 10-ാം സംസ്ഥാന സമ്മേളനത്തില്‍ ഒരു രാഷ്ട്രീയസംഘടന രൂപീകരിക്കണമെന്ന പ്രഖ്യാപനമുണ്ടായി. 1985-ല്‍ കോട്ടയത്തുവെച്ചുനടന്ന സംസ്ഥാനസമ്മേളനത്തില്‍ സംഘടന രണ്ടായി പിളര്‍ന്നു.

സംഘടനയില്‍നിന്ന് പിരിഞ്ഞ് കെ ടി ശങ്കരനും വാക്കനാട് രാഘവനുംകൂടി വേറെ സംഘടനയുണ്ടാക്കി. പേര് എന്ത് നല്കണം എന്ന ചര്‍ച്ച വന്നപ്പോള്‍ കെ പി വള്ളോന്‍ എംഎല്‍സിയുടെ മകന്‍ അഡ്വ. കെ വി കുമാരന്‍ 'കേരള പുലയന്‍ മഹാസഭ' എന്ന നിര്‍ദ്ദേശിച്ചു. തണങ്ങാടന്‍ അവരോടൊപ്പം ചേര്‍ന്ന്, അന്ത്യകാലംവരെ സംഘടനയുടെ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനായി തുടര്‍ന്നു.

പുലയര്‍-പുലയന്‍ എന്നീ പേരുകളെ ചൊല്ലിയും തര്‍ക്കമായി. പുലയര്‍ എന്നാല്‍ വ്യക്തിയാണെന്നും പുലയന്‍ എന്നാല്‍ സമൂഹമാണെന്നുമുള്ള സമാധാനം പറഞ്ഞ് പുലയന്‍ മഹാസഭ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. നിലവിലെ ചില ശാഖഖള്‍ തണങ്ങാടന്‍ മാഷിനോടൊപ്പം ചേരുകയും, പുതിയ ചിലത് രൂപീകൃതമാകുകയും ചെയ്തു.

1998 ആഗസ്റ്റ് 13-ന് 86-ാമത്തെ വയസ്സില്‍ തണങ്ങാടന്‍ അന്തരിച്ചു. 2000 ഒക്ടോബര്‍ 2-ന് പള്ളിപ്പാടിയും അന്തരിച്ചു.

മക്കള്‍-
രാമചന്ദ്രതിലകന്‍, രാധാകൃഷ്ണന്‍ -പഞ്ചാ. അസിസ്റ്റന്റ് ഡയറക്ടറായി സര്‍വീസില്‍നിന്നും വിരമിച്ചു, പ്രിന്‍സ് ബാങ്ക് ജീവനക്കാരന്‍ -അസുഖത്തെതുടര്‍ന്ന് അന്തരിച്ചു.
രത്‌നമ്മ, ഇന്ദിര -നേഴ്‌സ്, യമുന -അങ്കണവാടി സേവിക.

Thursday, October 22, 2026

സി സി പ്രസാദ്

 


പാണ്ടിക്കരവീട്ടില്‍ ചീരന്റേയും കോതയുടേയും മൂത്ത മകനായി 1916 ജൂലൈ 29-ാം തിയതി ജനിച്ചു. കുഞ്ഞുകാളി, കുഞ്ഞിച്ചീരു എന്നിവരാണ് സഹോദരിമാര്‍. കുഞ്ഞാപ്പി എന്നാണ് പ്രസാദിനെ വീട്ടില്‍ വിളിച്ചിരുന്നത്.

ഹില്‍ പാലസിന് (ഇന്നത്തെ മ്യൂസിയം) സമീപത്തായരുന്നു ജന്മവീട്. മക്കളെല്ലാം പിറന്നശേഷം ചീരന്‍ ആ സ്ഥലം വിറ്റ് അടുത്തുള്ള തിരുവാങ്കുളത്തേക്ക് മാറി. ചീരന്‍ ശാസ്താംമുകളിലുള്ള (കൊച്ചിന്‍ റിഫൈനറീസിന് തൊട്ടുകിഴക്ക്) അയ്യപ്പക്ഷേത്രത്തില്‍ വെളിച്ചപ്പാടായിരുന്നു. മന്ത്രവാദിയുമായിരുന്നു. 'ചുട്ടകോഴിയെ പറപ്പിക്കും'. 1953-ല്‍ കോത മരണമടഞ്ഞു.

വാളന്തുരുത്തി സി ഇ ഇസെഡ് എം (ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സനാനാ മിഷന്‍) എല്‍ പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 4-ാം ക്ലാസ് കഴിഞ്ഞ് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സായി. തുടര്‍ന്ന് എറണാകുളത്തുണ്ടായിരുന്ന കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍നിന്നും 'സീനിയര്‍ കേംബ്രിഡ്ജ്' പാസ്സായി. കുറച്ചുനാള്‍ ഹോമിയോപ്പതിക്ക് ചേര്‍ന്നെങ്കിലും എക്‌സൈസില്‍ ജോലികിട്ടിയതിനാല്‍ കോഴ്‌സ് അപ്പോള്‍ പൂര്‍ത്തീകരിച്ചില്ല.

1935-ല്‍ തൃശൂരെത്തി, എക്‌സൈസില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. തൃപ്പൂണിത്തുറനിന്നും നടന്നാണ് തൃശൂര്‍ക്ക് പോയത്. ടൗണിനടുത്തുള്ള മൈലിപ്പാടത്ത് സാംബവ ദമ്പതികളായ അയ്യാനത്ത് വീട്ടില്‍ ചക്കപ്പന്‍-കുട്ടമ്മ ദമ്പതികളുടെ മൂത്തമകള്‍ പാറുവിനെ വിവാഹം ചെയ്തു. പാറുവിന് താഴെ അമ്മു, ഭാര്‍ഗവി, മാധവി, കൊച്ചമ്മിണി എന്നിങ്ങനെ 4 പെണ്‍മക്കളും മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ. അക്കാലത്ത് പാറു പത്താംക്ലാസ് പാസ്സായിട്ടേ ഉണ്ടായിരുന്നുള്ളൂ. 1937-38 കാലത്ത് പാറു മിഡൈ്വഫറിക്ക് ചേര്‍ന്ന് പഠിച്ചു. 1943-ല്‍ ജോലിയില്‍ പ്രവേശിച്ചു. പോട്ട പബ്ലിക് ഹെല്‍ത്ത് സെന്ററിലായിരുന്നു ആദ്യത്തെ നിയമനം.

'വറചട്ടിയില്‍നിന്ന എരിതീയിലേക്ക് എടുത്തുചാടിയ അവസ്ഥയായിരുന്നു ആദ്യമായി തൃശൂരെത്തിയപ്പോള്‍. ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അന്ന് തൃശൂരില്‍. രാജകൊട്ടാരത്തിന്റെ അടുത്തായിരുന്നതിനാല്‍ അപ്പന്റെ നാട്ടില്‍ തൊട്ടുകൂടായ്മ അത്രയേറെ അനുഭവപ്പെട്ടില്ലായിരിക്കാം. പട്ടികജാതിക്കാര്‍ക്ക് വഴിയിലൂടെ നടക്കാന്‍പോലും അനുവാദമില്ലായിരുന്നു. മേല്‍ജാതിക്കാരെ കണ്ടാല്‍ ഓടിമറയണം. വിദ്യ അഭ്യസിക്കാന്‍ അനുവാദമില്ല. പഠിച്ചുകഴിഞ്ഞാല്‍ അവരുടെ ജോലിക്ക് ആളെ കിട്ടില്ലായിരുന്നല്ലൊ. പിന്നെ പഠിപ്പിന്റെ മൂല്യവും, ആവശ്യകതയും പകര്‍ന്നു നല്കാന്‍ ആരുമുണ്ടായിരുന്നില്ല. പല തരത്തിലുള്ള ദുരാചാരങ്ങളുടേയും അന്ധവിസ്വാസങ്ങളുടേയും പിടിയില്‍ അമര്‍ന്നുപോയ ഒരു ജനതയായിരുന്നു അന്ന് സാംബവര്‍'.

'സ്ത്രീകള്‍ക്ക് മാറ് മറയക്കാന്‍ അനുവാദമില്ലായിരുന്നു. ഒരു കുറിയമുണ്ട് മുട്ടിനുമുകളില്‍ ഉടുക്കും. കഴുത്തുനിറയെ ഒരുതരം കല്ലുകള്‍ കോര്‍ത്ത കല്ലുമാലകള്‍ അണിയും. ബ്ലൗസൊന്നും ഇടാന്‍ അനുവാദമില്ല. അന്ന് അധികം സാംബവസ്ത്രീകളും വീട്ടിലിരുന്ന് കുട്ടയും, മുറവും ഒക്കെ നെയ്യുന്ന ജോലികളാണ് ചെയ്തിരുന്നത്. അത് വില്‍ക്കാന്‍ ചന്തയിലും മറ്റും അവര്‍ക്ക് പോകേണ്ടിയിരുന്നു'.

പ്രസാദ് മൈലിപ്പാടത്ത് എത്തുന്നതിനുമുമ്പ് വള്ളോന്‍ എം എല്‍ സി, കെ കെ കണ്ണന്‍, പി കെ ചാത്തന്‍ തുടങ്ങിയവര്‍ സമുദായ പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലമായി അവിടെയുള്ള പുലയര്‍ക്കെല്ലാം മാറ്റമുണ്ടായി. എന്നാല്‍ സാംബവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല.

പ്രസാദും ചക്കപ്പനും ചോര്‍ന്ന് സാംബവരുടെ ഓരോ വീടുകളും കയറിയിറങ്ങി തങ്ങള്‍ക്ക് ഒരു സംഘടനയുണ്ടാക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് സമുദായാംഗങ്ങളെ ബോധ്യപ്പെടുത്തി. 'അഖില കേരള സാംബവ മഹാസഭ' യുടെ രൂപീകരണം അങ്ങനെ ആരംഭം കുറിച്ചു. കുന്നംകുളം, കടവല്ലൂര്‍, വല്ലച്ചിറ, ചൊവ്വല്ലൂര്‍, പുത്തൂര്‍, പുതുക്കാട്, മുപ്ലിയം, ചേലക്കര തുടങ്ങിയ ഇടങ്ങളിലെല്ലാം അവര്‍ ചുറ്റിക്കറങ്ങി.

1940-ന് ശേഷം എം എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ കൊച്ചുകുട്ടന്‍ മാസ്റ്റര്‍, എ വേണുഗോപാലന്‍, കെ കെ മാധവന്‍, ടി കെ രാമദാസ്, വേലു വരന്തരപ്പള്ളി, കേളന്‍, കെ കുട്ടന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സി സി പ്രസാദിനൊപ്പം സഭാപ്രവര്‍ത്തനം തുടങ്ങി. സംഘം പലയിടത്തും പര്യടനം നടത്തുകയും ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു.

അടുത്തതായി പൊതുയോഗം നടത്തണം. അതിന് സ്ഥലം ഒത്തുകിട്ടിയില്ല. അടുത്തൊ ഒരു മനവക സ്‌കൂളുണ്ട്. പ്രസാദ് നേരിട്ടുചെന്ന് മനയിലെ തനിപ്രാനോട് കാര്യംപറഞ്ഞു. അദ്ദേഹം സ്‌കൂള്‍ വിട്ടുതരികയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.

1945-ല്‍ സി സി പ്രസാദ് ജോലി രാജിവെച്ചു. സഭ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1944 ജനുവരിയില്‍ പുതുക്കാടെ് വെച്ച് നവോത്ഥാനസമ്മേളനം നടത്തി. അയിത്തം അവസാനിപ്പിക്കുക, ഹരിജനമര്‍ദ്ദനം അവസാനിപ്പിക്കുക, വിദ്യാഭ്യാസസ്വാതന്ത്ര്യം അനുവദിക്കുക എന്നിവയായിരുന്നു മുദ്രാവാക്യങ്ങള്‍. അയിത്തോച്ചാടനസമിതി, ഭാരതീയ അധഃകൃതവര്‍ഗലീഗ് -1956 മുതല്‍ സംസ്ഥാനപ്രസിഡന്റ്- എന്നിവയിലും പ്രവര്‍ത്തിച്ചു.

1944 എപ്രില്‍ 25-ന് പോട്ട ഹൈസ്‌കൂളില്‍വെച്ച് സഭയുടെ ആദ്യയോഗം നടന്നു. സി സി പ്രസാദ് പ്രസിഡന്റും എം എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായി 'അഖില കൊച്ചി സാംബവ മഹാസഭ' രൂപീകൃതമായി. ഷൊര്‍ണൂര് മുതല്‍ കോഴിക്കോടുവരെ വടക്കോട്ട് സഭയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.

1948-ല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ കൊടകര നിന്നും മത്സരിച്ച് ജയിച്ച് പനമ്പിള്ളി ഗോവിന്ദമേനോന്‍ നിയമസഭയില്‍ അംഗമായി. അങ്ങനെ സി സി പ്രസാദ് സാംബവസമുദായത്തിലെ ആദ്യത്തെ എം എല്‍ എ-യായിത്തൂര്‍ന്നു. 1951 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

പട്ടം താണുപിള്ളയോടൊപ്പം പി എസ് പിയില്‍ പ്രവര്‍ത്തിച്ചു. 1960-ല്‍ കേരള കുന്നത്തൂര്‍ ദ്വയാംഗമണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. പി സി ആദിച്ചനോട് പരാജയപ്പെട്ടു. വോട്ടിം നില: പി സി ആദിച്ചന്‍ (സിപിഐ) -49253. സി സി പ്രസാദ് (പിഎസ്പി) -48805.

1965-ല്‍ ചേലക്കര എസ് സി മണ്ഡലത്തില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും പരാജയപ്പെട്ടു. വോട്ടിംഗ് നില: കെ കെ ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്) -17283. സി കെ ചക്രപാണി (സിപിഐ-എം) -17177. സി സി പ്രസാദ് (സ്വതന്ത്രന്‍) -438.

പട്ടം താണുപിള്ള ഗവര്‍ണറായി സംസ്ഥാനം വിട്ടപ്പോള്‍ സി സി പ്രസാദ് 'പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി'യില്‍ ചേര്‍ന്നു. കെ കരുണാകരന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്നിവര്‍ സുഹൃത്തുക്കളായി.

കുടികിടപ്പുകാരുടെ പ്രശ്‌നങ്ങള്‍, അയിത്തം അധഃകൃതമര്‍ദ്ദനം, തൊഴിലില്ലായ്മ, കുട്ടികളുടെ വിദ്യാഭ്യാസം, പുസ്തകവിതരണം, യൂണിഫോം, ഉപരിപഠനം, അവരുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ അഭാവം, എന്നിങ്ങനെ അധഃകൃതരുടെ ഉന്നമനത്തിനായി ചെയ്യേണ്ട എല്ലാ കാര്യങ്ങളിലും സി സി പ്രസാദ് ബദ്ധശ്രദ്ധനായിരുന്നു.

കുട്ടനെയ്ത്ത്, മുളമ്പണി, മണ്‍പാത്രനിര്‍മാണം എന്നിവ കുടില്‍വ്യവസായത്തില്‍ ഉള്‍പ്പെടുത്താന്‍ നിയമസഭയില്‍ പ്രവര്‍ത്തിച്ചു. ഈറ്റത്തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹകരണസംഘം രൂപീകരിക്കുന്നതിനെ വേണ്ട നടപടികള്‍ കൈക്കൊണ്ടു. 'മിനിമം വേജസ് ബില്‍' കൊണ്ടുവരാന്‍ പ്രേരണ ചെലുത്തി. അതിന്റെ ഫലമായി 'ബാംബൂ കോര്‍പ്പറേഷന്‍' രൂപീകൃതമായി. മരണപര്യന്തം സി സി പ്രസാദ് അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്നു.

പാക്കനാര്‍ സഭ, നന്തനാര്‍ സഭ, അഖിലതിരുവിതാംകൂര്‍ പറയസഭ, ഹിന്ദുസാംബവമഹാസഭ പറയമഹാസഭ എന്നിങ്ങനെയുള്ള സംഘടനകളെയെല്ലാം അവകാശസമരങ്ങളില്‍ 'അഖിലകേരള സാംബവമഹാസഭ'യായി സി സി പ്രസാദ് യോജിപ്പിച്ചു. ഇപ്പോള്‍ സംഘടന 'സാംബവമഹാസഭ' എന്നു മാത്രമാണ് അറിയപ്പെടുന്നത്. 1963 ഡിസംബര്‍ 15-ാം തിയതി തൃശൂര്‍ നമ്പൂതിരി വിദ്യാലയത്തില്‍വെച്ച് സഭയുടെ നിയമാവലി വര്‍ക്കിംഗ് കമ്മറ്റിയില്‍ അംഗീകരിച്ച് സര്‍വസമ്മതമായി പാസ്സാക്കി. 1964-ല്‍ ഒ കെ തേവുണ്ണിമാസ്റ്റര്‍ തൃശൂര്‍ ജില്ലയുടെ സാരഥിയായി. 1965-ല്‍ അഖിലകേരള സാംബവമഹാസഭയുടെ സംസ്ഥാനസമ്മേളനം തൃശൂര്‍ നമ്പൂതിരി വിദ്യാലയത്തില്‍ നടന്നു.

1979 ആഗസ്റ്റ് 4-ന് സി സി പ്രസാദ് തുരുവാങ്കുളത്തുള്ള വസതിയില്‍വെച്ച് മരണമടഞ്ഞു.

Wednesday, October 21, 2026

റാവുബഹദൂര്‍ അയ്യത്താന്‍ ഗോപാലന്‍ ഡോക്ടര്‍

 


20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ 'ബ്രഹ്മവിദ്യാസംഘം' സ്ഥാപിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവായ വാഗ്ഭടാനന്ദന്റെ ആത്മീയാചാര്യനായി ചിത്തരോഗവിദഗ്ധനായ ഡോ. അയ്യത്താന്‍ ഗോപാലന്‍ ഉദയം ചെയ്തു. നീചമായ അയിത്താചാരങ്ങള്‍ക്കും ജാതിവ്യവസ്ഥക്കും എതിരെ ജീവിതത്തിലുടനീളം അദ്ദേഹം സന്ധിയില്ലാസമരം നയിച്ചു. 1848 ജനുവരി 14-ാം തിയതി കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാലക്കാടും തലശ്ശേരിയിലും ശാഖകളും സ്ഥാപിച്ചു.

വാഗ്ഭടാനന്ദഗുരു (വി കെ ഗുരുക്കള്‍), മദിരാശി സര്‍വെ ഡയറക്ടര്‍ എം രാമന്‍, റാവുസാഹെബ് വി വി ഗോവിന്ദന്‍, കല്ലിങ്ങള്‍ മഠത്തില്‍ രാരിച്ചന്‍ മൂപ്പന്‍, സാധു ശിവപ്രസാദ്, ത്രിപുരാന്തക മുതലിയാര്‍, കല്ലാട്ടു രാഘവന്‍ തുടങ്ങിയവര്‍ ബ്രഹ്മസമാജപ്രവര്‍ത്തനത്തില്‍ ഡോ. ഗോപാലനോട് സഹകരിച്ചു. സാമൂതിരി കോവിലകത്തെ നാലാംകൂര്‍ മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്‍ ഡോ. ഗോപാലന്റെ ശ്രമഫലമായി ഉയര്‍ന്നുവന്ന കോഴിക്കോട് സ്ഥാപിക്കപ്പെട്ട, കേരളത്തിലെ ആദ്യത്തെ ബ്രഹ്മസമാജമന്ദിരത്തിന്റെ ഉദ്ഘാടനം 1900-ാമാണ്ട് നിര്‍വഹിക്കപ്പെട്ടു.

ഗോപാലന്‍ അഞ്ചരക്കണ്ടിയിലെ എലിമെന്ററി സ്‌കൂളിലും തലശ്ശേരിയിലെ ബ്രണ്ണന്‍ സ്‌കൂളിലും തുടര്‍ന്ന് ബാസല്‍മിഷന്‍ സ്‌കൂളിലും വിദ്യാഭ്യാസം ചെയ്തു. പത്താംതരം പാസ്സായപ്പോള്‍ ഗോപാലനെ അച്ഛന്‍ മദിരാശിയില്‍ വൈദ്യപഠനത്തിനയച്ചു. മെഡിക്കല്‍ സ്‌കൂളില്‍നിന്ന് പ്രശസ്തമായ വിജയം കൈവരിച്ച ഗോപാലന്‍ 1888-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. പാലക്കാടിനടുത്തുള്ള ആലത്തൂര്‍ ആശുപത്രിയില്‍ ഗോപാലന്‍ ജോലിചെയ്യുന്ന കാലത്ത് രാമശാസ്ത്രി അവിടെ മുന്‍സിഫ് ആയിരുന്നു.

കോഴിക്കോട് ജോലിചെയ്ത് താമസിക്കുന്ന കാലത്ത് അയിത്തോച്ചാടനം, അധഃകൃതവിദ്യാഭ്യാസം, മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ബ്രഹ്മസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തി. ദലിതര്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി കോഴിക്കോട് ലേഡീചന്ദാവര്‍ക്കര്‍ എലിമെന്ററി സ്‌കൂള്‍ സ്ഥാപിച്ചു. സവര്‍ണരെ കുറച്ചൊന്നുമല്ല ഈ സംരംഭവം വിറളിപിടിപ്പിച്ചത്. എന്നാല്‍ ഉല്‍പതിഷ്ണുക്കളായവര്‍ ഡോ. ഗോപാലന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി.

ജാതിക്കെതിരെ തൂലിക പടവാളാക്കിയ ഗ്രന്ഥരചയിതാവുകൂടിയാണ് ഡോ. ഗോപാലന്‍. സരോജിനീ പരിണയം, സുശീലാദുഃഖം, തുടങ്ങിയ നാടകങ്ങള്‍ -കീര്‍ത്തനമാല, ഗാനമാലിക എന്നീ സങ്കീര്‍ത്തനങ്ങള്‍ -രാജാ റാംമോഹന്‍ റായ് യുടെ ജീവചരിത്രം -ദേവേന്ദ്രനാഥ ടാഗോറിന്റെ 'ബ്രഹ്മധര്‍മ്മ'ത്തിന്റെ മലയാള വിവര്‍ത്തനം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ സാഹിത്യസൃഷ്ടികള്‍.

അക്കാലത്ത് മലയാളത്തില്‍ ഏകേശ്വരവിശ്വാസം പ്രചരിപ്പിക്കുന്ന കീര്‍ത്തനങ്ങളൊന്നും രചിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ ബ്രഹ്മാനന്ദശിവയോഗി (കാരാട്ടു ഗോവിന്ദ മേനോന്‍) യെക്കൊണ്ടും വാഗ്ഭടാനന്ദനെക്കൊണ്ടുമെല്ലാം സമാജത്തിനുവേണ്ടി കീര്‍ത്തനങ്ങള്‍ എഴുതിപ്പിച്ചതുകൂടാതെ സ്വന്തമായി ചിലവ നിര്‍മിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ ഗിരിഗീതവും ബുദ്ധന്റെ അഷ്ടാംഗമാര്‍ഗവും നബിയുടെ തിരുവചനങ്ങളും ബ്രഹ്മസമാജ മന്ദിരങ്ങളില്‍ കീര്‍ത്തനരൂപത്തില്‍ ആലപിക്കപ്പെട്ടു.

മലബാറില്‍ വളര്‍ന്നുവന്ന മതസൗഹാര്‍ദ്ദം, മനുഷ്യ സൗഹാര്‍ദ്ദം, പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നിവക്കെല്ലാം അടിത്തറ പാകിയത് ഡോ. അയ്യത്താന്‍ ഗോപാലന്റെ ഈ വിധമുള്ള പ്രവര്‍ത്തനങ്ങളാണ്. മനുഷ്യന്റെ ഉയര്‍ച്ചയും താഴ്ചയും സ്വന്തം വിചാരഗതിയെ അവലംബിച്ചാണിരിക്കുന്നതെന്നും അതിനാല്‍ ഉള്‍കൃഷ്ട വിചാരങ്ങളാണ് മനുഷ്യരാശിക്ക് ഉചിതമെന്നും ഡോ. ഗോപാലന്‍ ഉദ്‌ബോധിപ്പിച്ചു.

Tuesday, October 20, 2026

തരവത്ത് അമ്മാളു അമ്മ


 എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യക്ക് മലയാളത്തിലെ ആദ്യത്തെ ആശയാനുവാദം.


1863-ല്‍ തിരൂര്‍ തുഞ്ചന്‍ പാലക്കാട്ട് വടക്കുന്തറ തരവത്ത് തറവാട്ടില്‍ ജനിച്ചു. ശങ്കരന്‍ നായരും കുമ്മിണി അമ്മയുമാണ് അച്ഛനമ്മമാര്‍. വാദ്യശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ഡോ. ടി എം നായര്‍ അമ്മാളുഅമ്മയുടെ ഇളയസഹോദരനാണ്.
സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളില്‍ പ്രവീണയായി.
15-ാം വയസ്സില്‍ പുന്നത്തൂര്‍ കോവിലകത്തെ തമ്പുരാനെ വിവാഹം ചെയ്തു.
1927-ലെ തൃശൂര്‍ സാഹിത്യസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

ഭക്തമാല (മൂന്ന് ഭാഗം)
ശിവശക്തിവലാസം -സം. വിവര്‍ത്തനം
ബുദ്ധചരിതം (ആശയാനുവാദം)
ബുദ്ധഗാഥ (പദ്യം)
കോമളവല്ലി (നോവല്‍)
തീര്‍ത്ഥയാത്ര (വിവരണം)
ലീല
ബാലബോധിനി
കൃഷ്ണഭക്തിചന്ദ്രിക

'ബുദ്ധചരിതം 'ലൈറ്റ് ഓഫ് ഏഷ്യ'യുടെ പദാനുപദ തര്‍ജ്ജമയല്ല. ആശയാനുവാദമാണ്. ഈ കാര്യം തരവത്ത് അമ്മാളുവമ്മതന്നെ ആമുഖമായി സൂചിപ്പിക്കുന്നു. 'ഈ ഗ്രന്ഥം ബുദ്ധമഹര്‍ഷിയുടെ ജീവചരിത്രമാകുന്നു; ഇംഗ്ലീഷ് പണ്ഡിതനായ സര്‍ എഡ്വിന്‍ അര്‍നൊള്‍ഡ് അവര്‍കളാല്‍ നിര്‍മ്മിതമായ 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന ഇംഗ്ലീഷുപുസ്തകത്തെ ആധാരമാക്കി എഴുതീട്ടുള്ളതുമാകുന്നു. എത്രയോ മഹത്തായ ആ ഗ്രന്ഥത്തെ ഇംഗ്ലീഷുഭാഷാപാണ്ഡിത്യമില്ലാത്ത ഞാന്‍ ഭാഷാന്തരം ചെയ്വാനൊരുങ്ങിയത് കേവലം അവിവേകമാണെന്നു വായനക്കാര്‍ക്കു തോന്നാനിടയുണ്ട്. എന്നാല്‍ അങ്ങിനെ ചെയ്വാനുള്ള കാരണം പറയാതെ കഴിയുന്നതല്ല: വളരെ കാലമായി എനിക്ക് ബുദ്ധചരിത്രത്തില്‍ ഭക്തിബഹുമാനങ്ങള്‍ തോന്നുകയാല്‍, അതിനെ മലയാളത്തില്‍ എഴുതേണമെന്നുവിചാരിച്ച് സംസ്‌കൃതത്തിലും തമിഴിലുമുള്ള ഗ്രന്ഥങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു; അങ്ങിനെയിരിക്കുമ്പോല്‍ എന്റെ പ്രിയസഹോദരനായ ഡോക്ടര്‍ ടി എം നായരവര്‍കള്‍ ബുദ്ധചരിത്രത്തെ ഞാന്‍ മലയാളത്തിലെഴുതി മലയാളികള്‍ക്കു പകരമാക്കിത്തീര്‍ക്കേണമെന്നും, അത് 'ലൈറ്റ് ഓഫ് ഏഷ്യ'യെ ആസ്പദമാക്കി വേണ്ടതാണെന്നും നിര്‍ബന്ധിച്ചു; അതിന്മണ്ണം ആകുന്നു ഞാന്‍ ഇതിന്നുദ്യമിച്ചത്. പാലക്കാട് വിക്ടോറിയാ കോളേജ് ടീച്ചറായ വി കെ സുബ്രഹ്മണ്യയ്യര്‍ ബി എ അവര്‍കള്‍ അര്‍ത്ഥഗൗരവവും ഭാവഗാംഭീര്യവുമുള്ള മേല്‍പ്പറഞ്ഞ ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ അര്‍ത്ഥവും ഭാവവും എനിക്കു മനസ്സിലാക്കിത്തരികയും, അതിനെ ഞാന്‍ സ്വന്തബാഷയില്‍ എഴുതുകയും ചെയ്തതാകുന്നു. അതിന്നായി അദ്ദേഹത്തിന്നു ഞാന്‍ വന്ദനം പറഞ്ഞുകൊള്ളുന്നു.

ലൈറ്റ് ഓഫ് ഏഷ്യയില്‍ ബുദ്ധന്റെ നിര്‍വാണകഥ പ്രതിപാദിച്ചിട്ടില്ലാത്തതിനാല്‍, നിര്‍വാണഘട്ടം, മദിരാശി പ്രസിഡന്‍സി കോളേജ് തമിഴ് പണ്ഡിതര്‍ സ്വാമിനാഥയ്യരവര്‍കളുടെ തമിഴ് ഗ്രന്ഥത്തില്‍നിന്നെടുത്തുചേര്‍ത്തിരിക്കുന്നു. ബുദ്ധചരിത്രത്തിന്റെ വിഷയകാഠിന്യം, ലൈറ്റ് ഓഫ് ഏഷ്യയുടെ അഗാധത, ഇംഗ്ലീഷുഭാഷയില്‍ എനിക്കുള്ള അപാണ്ഡിത്യം, മലയാളവാക്കുകളുടെ ദുര്‍ഭിക്ഷത, എന്നിവകളാല്‍ ഈ ഗ്രന്ഥത്തില്‍ വളരെ അബദ്ധങ്ങള്‍ വന്നിരിപ്പാനിടയുണ്ട്.

1913-ലാണ് ത്രിശ്ശിവപേരൂര്‍ ഭാരതിവിലാസം അച്ചുകൂടത്തിലൂടെ ബുദ്ധചരിതം അച്ചടിച്ചിറങ്ങുന്നത്. ആദ്യ പ്രതികരണം സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള യുടേതാണ്. അദ്ദേഹം എഴുതുന്നു; 'ഈ ഗ്രന്ഥത്തിലെ ഭാഷയെക്കുറിച്ചു പ്രശംസയായിട്ടല്ലാതെ പറവാനൊന്നുമില്ല. ഭാഷ വളരെ ലളിതവും പ്രസന്നവും ഉചിതഘട്ടങ്ങളില്‍ ഉജ്ജ്വലവും ആകുന്നു. വായനക്കാരനെ, താനറിയാതെതന്നെ, ബഹുദൂരമാകര്‍ഷിക്കുന്ന ഭാഷാസരണിയില്‍, ഇടിക്കിടെ രമണീയങ്ങളായ കവിതാവിശേഷങ്ങള്‍ ധാരാളമുള്ള ഈ ഗദ്യകൃതി മലയാളത്തിനു അനശ്വരമായ ഒരു സമ്പത്താകുന്നു'. (സ്വദേശാഭിമാനിയുടെ സാഹിത്യനിരൂപണങ്ങള്‍).

അതേകാലത്തുതന്നെയാണ് 'ബുദ്ധഗാഥ' എന്ന ഗദ്യകൃതി രചിക്കുന്നതും. ഗ്രന്‍ന്ഥകര്‍ത്രി ആമുഖത്തില്‍ വ്യക്തമാക്കുന്നു; 'ഈ ഗ്രന്ഥം ബുദ്ധധര്‍മ്മങ്ങളെ പ്രതിപാദിക്കുന്ന ഒരു ഇംഗ്ലീഷുഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി എഴുതീട്ടുള്ളതാകുന്നു. ആ ഇംഗ്ലീഷുഗ്രന്ഥം സുബ്ബസിംഹ എന്നൊരാള്‍, പാലിഭാഷയില്‍നിന്നും തര്‍ജ്ജമചെയ്തതായ 'സിഗാലവാദ' ആകുന്നു. തത്വങ്ങള്‍ക്ക് ഉദാഹരണമായി ചില ഐതിഹ്യങ്ങളും ഗ്രന്ഥകര്‍ത്താവു ചില ബുദ്ധഗ്രന്ഥങ്ങളില്‍നിന്ന് എടുത്തുചേര്‍ത്തിട്ടുണ്ട്'.

1936 ജൂണ്‍ 6-ാം തിയതി അമ്മാളു അമ്മ അന്തരിച്ചു. ഭാഷക്ക് തീര്‍ത്താല്‍ തീരാത്ത വലിയൊരു നഷ്ടമാണ് ശ്രീമതി തരവത്ത് അമ്മാളു അമ്മയുടെ ദേഹവിയോഗം എന്ന് സാഹിത്യപരിഷത്ത് -ത്രൈമാസികം 4-ാം പുസ്തകത്തില്‍ അനുസ്മരണക്കുറിപ്പ് ചേര്‍ത്തിട്ടുണ്ട്. ഭാഷാസാഹിത്യകുടുംബത്തിലെ 'സാക്ഷാല്‍ തറവാട്ടിലമ്മ' എന്ന് കേരളപത്രികയില്‍ കോയിപ്പിള്ളിക്കുറുപ്പ് അമ്മാളുവമ്മയെ വര്‍ണിച്ചിട്ടുള്ളതിനെയും കുറിപ്പില്‍ അനുസ്മരിക്കുന്നുണ്ട്. (സാഹിത്യപരിഷത്ത് -ത്രൈമാസികം 4-ാം പുസ്തകം)

Monday, October 19, 2026

കവിയൂര്‍ മുരളി


 ദലിത്-സാഹിത്യശാസ്ത്രകാരന്‍


കവിയൂര്‍ ആഞ്ഞിലിത്താനം പടിഞ്ഞാറുശ്ശേരിയിലെ ഉതുകുഴി വീട്ടില്‍ ചീരന്റേയും പൈങ്കിയുടേയും എട്ടുമക്കളില്‍ ആറാമനായി 1931 മാര്‍ച്ച് 20-ന് ജനിച്ച ചോതനാണ് കവിയൂര്‍ മുരളി എന്ന് അറിയപ്പെട്ടത്. സവര്‍ണാധിപത്യത്തിന് നേര്‍ക്കുള്ള പ്രതിരോധമാണ് ഈ പേരുമാറ്റത്തിലൂടെ മുരളി ലക്ഷ്യമിട്ടതെന്ന് നിരീക്ഷിക്കപ്പെടുന്നു.

കമ്മാളത്തകിടി സ്‌കൂള്‍, കണിയാമ്പാറ സി എം എസ് സ്‌കൂള്‍, കാറ്റൂര്‍ എം പി എം സ്‌കൂള്‍, എടയ്ക്കാട് സി എം എസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി 8 വര്‍ഷംകൊണ്ട് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കവിയൂര്‍ എന്‍ എസ് എസ് സ്‌കൂളില്‍ പഠിച്ച് ഇംഗ്ലീഷില്‍ മിടുക്കനായി. ഇംഗ്ലീഷ് പഠനത്തില്‍ പിന്നോക്കംപോയ സഹപാഠികളെ പഠിപ്പിക്കാനും മുരളി ഉത്സുകനായിരുന്നു. മനോഹരമായ മലയാളം കയ്യക്ഷരത്തില്‍ മുരളി പ്രസിദ്ധനായി. ചില ക്ലാസുകളില്‍ ഒന്നാമതെത്തി. 1945-ല്‍ 15-ാം വയസ്സില്‍ ഇംഗ്ലീഷില്‍ 48% വും മൊത്തം 50% ഉം മാര്‍ക്കുനേടി മുരളി ഇ എസ് എല്‍ സി പാസായി. ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. പക്ഷെ 25% മാര്‍ക്കുണ്ടെങ്കില്‍ ഒന്നാം വര്‍ഷത്തില്‍ ഡിഗ്രിക്കുചേരാവുന്നതാണെന്ന പുതിയ ഉത്തരവുവന്നു. അതനുസരിച്ച് 1964-ല്‍ തിരുവല്ലാ മാര്‍തോമാ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു പഠിച്ചു. തമിഴും വട്ടെഴുത്തും സംസ്‌കൃതവും പഠിച്ച് പാണ്ഡിത്യം നേടി.

കവിതയെഴുത്തതില്‍ മുരളി സമര്‍ത്ഥനായിരുന്നു. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചുനടന്ന കവിതാ മത്സരത്തില്‍ മുരളി ഒന്നാം സ്ഥാനം നേടി. ഗാന്ധിജി എന്നതായിരുന്നു വിഷയം. 'പൊലിഞ്ഞ ദീപം' എന്നായിരുന്നു മുരളി എഴുതിയ കവിതയുടെ പേര്. മഹാകവി വള്ളത്തോള്‍ നടത്തിയിരുന്ന 'പുരോഗാമി' മാസികയില്‍ ഈ കവിത അച്ചടിച്ചുവന്നു.

തിരുവനന്തപുരം ഇന്റര്‍ മീഡിയറ്റ് കോളേജില്‍ അഡ്മിഷന്‍ വൈകി. വിശാഖം തേവന്‍ എന്ന തേവന്‍ സ്വാമിയെ ചെന്നുകണ്ട് വിവരം അറിയച്ചു. തേവന്‍ ആകട്ടെ മുരളിയേയും കൂട്ടിക്കൊണ്ട് കുന്നുകുഴി ബാര്‍ട്ടണ്‍ ഹില്ലില്‍ ചെന്ന് അധഃകൃതവിഭാഗത്തിന്റെ വകുപ്പ് കൈകാര്യംചെയ്യുന്ന സഹോദരന്‍ അയ്യപ്പനെ പോയിക്കണ്ടു.

തിരുവനന്തപുരത്തുപഠിക്കുന്ന കാലത്ത് എസ് എഫ് ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 'വാട്ട് ഈസ് കമ്യൂണിസം', 'മാനിഫെസ്റ്റോ' തുടങ്ങിയകൃതികള്‍ വായിച്ചുപഠിച്ചു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കുമെന്ന് ഭയന്ന് ജന്മിയുടെ ചട്ടമ്പിപ്പട മുരളിയുടെ കുടില്‍ അടിച്ചുതകര്‍ത്ത്, കുടിയൊഴിപ്പിച്ചു. മുരളിയുടെ അച്ഛന്‍ ആഞ്ഞിലിത്താനത്ത് ഇടംതേടി. മുരളി എത്തുമ്പോല്‍ കുടിലിരുന്ന സ്ഥാനത്ത് ഒരുപിടി ചാരമാണ് കണ്ടത്.

'വാട്ടീസ് കമ്യൂണിസം' 9 തവണ വായിച്ചു. 6 പത്രങ്ങളെങ്കിലും ദിനംപ്രതി വായിക്കണം. 1952 ഡിസംബറിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പി ടി പുന്നൂസിനുവേണ്ടി തെരഞ്ഞടുപ്പ് പ്രചരണത്തിനായി മുരളിയെ പാര്‍ട്ടി റിക്രൂട്ട് ചെയ്തു. മുരളിയുടെ പ്രസംഗപാടവം പ്രയോജനപ്പെടുത്തിയിട്ടും പി ടി കോണ്‍ഗ്രസിലെ പി ചാക്കോയോട് തോറ്റു. പക്ഷെ മുരളി കവിയൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

മുരളിയുടെ അനുജന്‍ കുട്ടനും ചരിത്രകാരനായ ചെന്താരശ്ശേരിയുടെ സഹോദരി ചെല്ലമ്മയുമായി വിവാഹം നടന്നു.

1953-ല്‍ നടന്ന ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത് പൊലീസില്‍നിന്നും കൊടിയ മര്‍ദ്ദനങ്ങളേറ്റുവാങ്ങി. ആത്മകഥയായ 'മ്യൂണിസംക'യില്‍ അതേക്കുറിച്ച് വിവരിക്കുമ്പോള്‍ ഭീകരതയുടെ എല്ലാ പര്യായപദങ്ങളും കവിയൂര്‍ മുരളി ഉപയോഗിക്കുന്നുണ്ട്! 'കിലോ ഇടി' !. ഒന്നുരണ്ട് കിലോ ഇരുമ്പ് തുണിയില്‍ പൊതിഞ്ഞുകെട്ടി ഇടിക്കുന്നതിനെയാണ് കിലോ ഇടി എന്നു പറഞ്ഞിരുന്നത്. അത് മുരളിക്കുവേണ്ടി പ്രത്യേകം കരുതിയിരുന്നതാണ്. മുരളിയുടെ ജാതിചോദിച്ച് ബോധ്യപ്പെട്ടതിനുശേഷമാണ് കിലോഇടി പ്രയോഗിച്ചത്.

ടി വി തോമസ്, പി കെ കുഞ്ഞച്ചന്‍, ചന്ദ്രശേഖരപിള്ള വൈദ്യന്‍, പൊടിയന്‍, ആദിശര്‍, സദന്‍, തങ്കപ്പന്‍, തുടങ്ങിയവരായിരുന്നു കൂട്ടാളികള്‍. എന്നാല്‍ പിന്നീട് പി കെ കുഞ്ഞച്ചനില്‍നിന്നും ഒരു പാര്‍ട്ടിസഖാവിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റത്തില്‍ മുരളിക്ക് നീരസമുണ്ടായി. ലോക്കല്‍ കമ്മറ്റിക്കും മേല്‍ കമ്മറ്റിക്കും കാര്യം വിവരിച്ചുകൊണ്ട് പരാതി അയച്ചെങ്കിലും അതൊന്നും ഗൗനിക്കപ്പെട്ടില്ല.

മുരളി വീട്ടില്‍ തിരിച്ചെത്തി, കുടുംബജീവിതത്തിലേക്ക് തിരിച്ചുവന്നു. ട്രെയിനിംഗ്ക്ലാസില്‍ ചേര്‍ന്ന് പഠിപ്പുതുടര്‍ന്നെങ്കിലും പൂര്‍ത്തികരിക്കാനായില്ല. മുഴുവന്‍സമയപാര്‍ട്ടി പ്രവര്‍ത്തനമാണ് അതിന് കാരണം. ഇന്റര്‍മീഡിയറ്റ് കോളേജില്‍നിന്നും ടി സിയുടെ കോപ്പിവാങ്ങി ആയുര്‍വേദ കേളേജില്‍ ഡിപ്ലോമക്ക് ചേര്‍ന്നു. വൃന്ദാവനം പൊലീസ് ക്യാമ്പിന്റെ എതിര്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പില്‍ക്കാലത്ത് സാമ്പത്തികശാസ്ത്രജ്ഞനായി ഉയര്‍ന്ന ഡോ. കുഞ്ഞാമന്‍ അന്ന് അവിടെ വാര്‍ഡനായിരുന്നു. സ്‌റ്റൈപന്റ് പ്രശ്‌നമായതിനാല്‍ താമസിച്ച് പഠനം മുരളിക്ക് പ്രയാസമായി.

തിരികെ കവിയൂരെത്തിയപ്പോള്‍, കൊല്ലം ജില്ലയില്‍ എറത്തുകുളക്കട പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി സേവനത്തില്‍ പ്രവേശിക്കാനുള്ള നിയമന ഉത്തരവുവന്നു. ജോലിക്കു ചേര്‍ന്ന് അല്പനാള്‍ക്കകം, തിരുവനന്തപുരത്ത് പൊതുമരാമത്തുവകുപ്പില്‍ ക്ലാര്‍ക്കായി മറ്റൊരു നിയമന ഉത്തരവും വന്നു. അധ്യാപകജോലി രാജിവെച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി. അക്കൗണ്ട് സെക്ഷനില്‍ പോസ്റ്റിംഗ് ലഭിച്ചു.

തുടര്‍ന്ന് സ്ഥലംമാറ്റശിക്ഷകള്‍ -കൈക്കൂലി വാങ്ങാത്തതാണ് കുറ്റം- ആലപ്പുഴ, ചെങ്ങന്നൂര്‍, വീണ്ടും തിരുവനന്തപുരം, ആലുവ, ചേലക്കര, വടക്കാഞ്ചേരി, തൃശൂര്‍, ചാലക്കുടി. ചേലക്കരയില്‍ താമസിച്ച് സേവനം തുടരുന്നതിനിടെ ചില നാട്ടുകാരുമായി കശപിശയുണ്ടായി. തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള ദുരഭിമാനവൈരമാണ് അതിന് വഴിവെച്ചത്. കുറേനാള്‍ കേസിന് പിന്നാലേ പോകേണ്ടിവന്നു. എന്തായാലും ശിക്ഷ ഏല്‍ക്കേണ്ടിവന്നില്ല.

1962-ല്‍ തന്റെ 31-ാമത്തെ വയസ്സില്‍ കവിയൂര്‍ സ്വദേശിനി തങ്കമ്മയെ വിവാഹംചെയ്തു. ദമ്പതികള്‍ക്ക് ഡാന്റേ, ഡെയ്‌സന്‍, ആശ, ബിസി എന്നിങ്ങനെ നാല് മക്കള്‍. 2003 ഒക്ടോബര്‍ 20-ാം തിയതി 70-ാം വയസ്സില്‍ അന്തരിച്ചു.

'മുരളി ആത്മകഥ എഴുതിത്തുടങ്ങിയത് ആത്മരോഷത്തിന്റെ മഷിയില്‍ അമര്‍ഷത്തിന്റെ തൂലികമുക്കിയാണ്. 29 വര്‍ഷത്തെ ചരിത്രമെഴുതുവാന്‍ 1998 മുതല്‍ 2001 വരെ സമയമെടുത്തു. എന്നാല്‍ 1960 മാര്‍ച്ച് മുതല്‍ 2001 വരെയുള്ള 41 വര്‍ഷങ്ങളിലെ സംഭവബഹുലമായ അനുഭവങ്ങള്‍ പറയാന്‍ മൃത്യു അദ്ദേഹത്തെ അനുവദിച്ചില്ല. ജീവിതത്തിന്റെ ആദ്യകാലഘട്ടമാണ് സാഹിത്യരചെക്കുപയോഗിച്ചത്'-ടി എച്ച് പി ചെന്താരശ്ശേരി.

കൃതികള്‍
1995 വയല്‍ച്ചുള്ളികള്‍ (കവിത)
1996 ദര്‍ശനം (കവിത)
1997 ദലിത് ഭാഷ (പഠനം)
1997 ദലിതര്‍ക്കെഴുതിയ സുവിശേഷം
1998-2009 മ്യൂണിസംക (ആത്മകഥ)
1999 പുറനാനൂറ് ഒരു പഠനം
-ഞാന്‍ യഹോവയാകുന്നു (ഗവേഷണം)
-പുന്നപ്രവയലാര്‍ (ചരിത്രം -ഇംഗ്ലീഷ്)
-ദലിത് ഭാഷാനിഘണ്ടു.
2001 ദലിത് സാഹിത്യം
2001 അയ്യങ്കാളിപ്പട (നോവല്‍)

-ഞെക്കുവിളക്ക് (ലേഖനങ്ങള്‍)
-ഇലഞ്ഞിപ്പൂക്കള്‍ (കവിതകള്‍)
-വെളുത്ത (കാവ്യം)
-തിരിച്ചറിവ് (കഥകള്‍)
-സദസ്സ് (ശ്ലോകങ്ങള്‍)
(5 എണ്ണവും അപ്രകാശിതഗ്രന്ഥങ്ങളാണ്)

റസിയ സുല്‍ത്താന്‍


 റസിയ സുല്‍ത്താന്‍: നൈപുണികളുടെ 'രാജാവ്'.


ഡെല്‍ഹി സുല്‍ത്താനേറ്റിലെ ആദ്യത്തെ വനിതാ സുല്‍ത്താനായിരുന്നു റസിയ്യത് -ഉദ്-ദുന്യ വാ ഉദ്-ദിന്‍. റസിയ സുല്‍ത്താന്‍ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.

തുര്‍ക്കിയിലെ പ്രസിദ്ധനായൊരു പ്രഭുവിന്റെ മകനായിരുന്നു ഷംസുദ്ദീന്‍ ആല്‍ട്ടിമഷ്. ദുസ്സ്വഭാവികളായ സ്വസഹോദരന്മാര്‍ ആല്‍ട്ടിമിഷിനെ ഉപദ്രവിക്കുക പതിവായിരുന്നു. ഒരുദിവസം നായാട്ടിനുപോയപ്പോള്‍ സഹോദരന്മാര്‍ ആല്‍ട്ടിമിഷിനെ പിടിച്ച് അടിമവ്യാപാരികള്‍ക്ക് വിറ്റു. കുറച്ചുകഴിഞ്ഞപ്പോള്‍ വ്യാപാരികള്‍ ആല്‍ട്ടിമിഷിനെ ഡെല്‍ഹി രാജാവായിരുന്ന കുല്‍ബുദ്ദീന് 50000 ഉറുപ്പികക്ക് മറിച്ചുവിറ്റു. പുത്രന്മാര്‍ ഇല്ലാതിരുന്ന കുല്‍ബുദ്ദീന്‍ ബുദ്ധിമാനും സുമുഖനുമായ ആല്‍ട്ടിമിഷിനെ സ്വന്തം മകനെപോലെ സ്‌നേഹിച്ചു. തന്റെ മകള്‍ ഖൗത്തൂബ് ബീഗത്തെ (തുര്‍ക്കന്‍ ഖര്‍ത്തൂന്‍ എന്നും പേരുണ്ട്) വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു. കുല്‍ബുദ്ദീന്‍ ചരമമടയുന്നതിനുമമ്പുതന്നെ രാജ്യം ആല്‍ട്ടിമിഷിനെ ഏല്‍പിക്കുകയും ചെയ്തു. കുല്‍ബുദ്ദീന്റെ ചരമവും ആല്‍ട്ടിമിഷിന്റെ രാജ്യഭാരമേല്‍ക്കലും ഒരുമിച്ചു കഴിഞ്ഞു.

ആല്‍ട്ടിമിഷിനും ഖൗതുബ് ബീഗത്തിനും 1205-ല്‍ ബദൗനില്‍ പിറന്ന മകളാണ് റസിയ. സുല്‍ത്താന് മക്കളേറെയുണ്ടായിരുന്നെങ്കിലും റസിയയോടായിരുന്നു പ്രിയക്കൂടുതല്‍.
ലിംഗപരിഗണനകൂടാതെ എല്ലാ വിദ്യകളിലും റസിയക്ക് പരിശീലനം നല്കാന്‍ സുല്‍ത്താന്‍ ബദ്ധശ്രദ്ധനായി. സാഹിത്യം, സംഗീതം എന്നിവ അഭ്യസിച്ചത് കൂടാതെ ഗ്രന്ഥപാരായണത്തില്‍ അതീവ തത്പരയുമായിരുന്നു റസിയ. ആയുധാഭ്യാസം, കുതിരസവാരി, നായാട്ട് മുതലായ കായികാഭ്യാസകലകളിലും നിപുണയായി റസിയ വളര്‍ന്നു. ഭരണനിര്‍വഹണം, രാജ്യതന്ത്രം മുതലായവിഷയങ്ങള്‍ മന്ത്രിമാരോടും മറ്റും ചോദിച്ചറിഞ്ഞും നിരീക്ഷിച്ചും അവള്‍ സ്വായത്തമാക്കി. നിരുപമമായ അവളുടെ സൗന്ദര്യത്തെ വര്‍ണിക്കാന്‍ അന്നത്തെ കവികളുടെ പാദാവലി അപര്യാപ്തമായിരുന്നു.

തീക്ഷ്ണമായ ബുദ്ധി, അഗാധമായ ആലോചന, സ്ഥൈര്യം, സാധുക്കളില്‍ ദയ, ആശ്രിതവാത്സല്യം, കൃത്യനിഷ്ഠ എന്നിവ റസിയയുടെ സ്വഭാവഗുണങ്ങളായിരുന്നു.

റസിയ യൗവനത്തിലേക്ക് പ്രവേശിച്ചപ്പോള്‍, രജപുത്രന്മാരോട് പടപൊരുതാന്‍ തന്റെ സൈന്യത്തോടൊപ്പം അല്‍ട്ടിമിഷിന് കൊട്ടാരം വിടേണ്ടതായിവന്നു. ഒട്ടും സംശയിക്കാതെ അല്‍ട്ടിമിഷ് തന്റെ പുത്രിയായ റസിയയെത്തന്നെ രാജ്യഭാരം ഏല്പിച്ചു. എന്നാല്‍ പ്രഭുപ്രമാണിമാര്‍ക്ക് രാജാവിന്റെ ഈ നടപടിയോട് കടുത്ത അതൃപ്തിയായിരുന്നു. ഭരണകര്‍തൃത്വം സ്ത്രീയെ ഏല്പിക്കുന്നത് അനര്‍ത്ഥഹേതുകമത്രെ. പ്രഭുക്കള്‍ നടപടിയോട് തീരെ വിയോജിക്കുകയും പുരുഷന്മാരെ ആരെയെങ്കിലും തത്സ്ഥാനത്ത് നിയോഗിക്കണമെന്നും രാജാവിനോട് അപേക്ഷിച്ചു. എന്നാല്‍ താന്‍ ചിന്തിക്കാതെ എടുത്ത പ്രവൃത്തിയല്ല ഇതെന്നും തന്റെ ആണ്‍മക്കളിലാര്‍ക്കും തന്നെ ഈ ചുമതല നിര്‍വഹിക്കാനുള്ള ശേഷി ഇല്ലെന്നും റസിയ ഒരു സ്ത്രീയാണെങ്കിലും ഏതൊരു പുരുഷനും ചെയ്യാവുന്ന രാജ്യകാര്യങ്ങളില്‍ അവള്‍ക്ക് പ്രാപ്തിയുണ്ടെന്ന് മറുപടികൊടുത്ത് ആള്‍ട്ടിമിഷ് അവരെ മടക്കി.

യുദ്ധത്തില്‍ മുഴുകിയ ആള്‍ട്ടമിഷ് 6 കൊല്ലത്തോളം രാജ്യത്തിന് പുറത്തായിരുന്നു. ഈ കാലമത്രയും റസിയ നീതിന്യായങ്ങളില്‍ പിഴവുവരുത്താതെ രാജ്യകാര്യങ്ങള്‍ നിര്‍വഹിച്ചു. അവളുടെ ഭരണനൈപുണ്യം എതിര്‍പ്പ് പ്രകടിപ്പിച്ചവരെക്കൂടി തൃപ്തിപ്പെടുത്തി. സ്വസഹോദരങ്ങള്‍ക്കുപോലും അവളോട് ബഹുമാനമായി. ആള്‍ട്ടിമിഷിന്റെ തീരുമാനം കൃത്യമായിരുന്നുവെന്നുപറഞ്ഞ് എല്ലാവരുടെ അദ്ദേഹത്തെ പുകഴ്ത്തി. രാജാവ് വിജയിയായി തിരിച്ചെത്തി. റസിയ രാജ്യാധികാരം പിതാവിന് തിരികെ ഏല്പിച്ചു. തന്റെ പുത്രിയുടെ സാമര്‍ത്ഥ്യത്തെ മറ്റുള്ളവര്‍ പുകഴ്ത്തിപ്പറയുന്നത് കേട്ട് രാജാവ് സന്തുഷ്ടനായി. റസിയയാകട്ടെ വിനയാന്വിതയായി ഗൃഹകാര്യങ്ങളിലേക്ക് മടങ്ങി.

സുന്ദരിയായ റസിയയെ സ്വന്തമാക്കാന്‍ മോഹിച്ച് പല തരുണന്മാരും കൊട്ടാരം കയറിയിറങ്ങി. എന്നാല്‍ രാജാവോ, റസിയതന്നെയോ ഇക്കാര്യത്തില്‍ തെല്ലുപോലും താത്പര്യം കാട്ടിയില്ല. മറ്റെല്ലാവര്‍ക്കും രാജാവിന്റെ ഈ സമീപനം വിചിത്രമായി തോന്നി.

താമസിയാതെ ആള്‍ട്ടമിഷ് ചരമഗതി പ്രാപിച്ചു. രാജ്യമാകെ ദുഃഖത്തിലാഴ്ന്നു. റസിയയുടെ കാര്യം പറയാനില്ലല്ലൊ. പക്ഷെ കടുത്ത വ്യസനത്തിലും പക്വമതിയായ ആ തരുണി 'ജന്മമുണ്ടെങ്കില്‍ മരണമുണ്ട്' തത്വബോധനം നല്കി ഏവരേയും സമാശ്വസിപ്പിക്കുകയാണ് ചെയ്തത്.

ആള്‍ട്ടിമിഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രനായ ഫിറോസ് രാജാവായി സ്ഥനമേറ്റു. മൂത്തപുത്രന്മാരുണ്ടെങ്കിലും റസിയക്കാണ് അധികാരസ്ഥാനം കൊടുക്കേണ്ടതെന്ന് ആള്‍ട്ടമിഷ് ആഗ്രഹിച്ചിരുന്നു. ന്നൊല്‍ തുര്‍ക്കിയിലെ പണ്ഡിതപ്രമാണിമാര്‍ അതിനെ വിലക്കുകയും ചെയ്തിരുന്നു.

ഫിറോസ് കിരീടധാരണത്തിന് യോഗ്യനായിരുന്നില്ല. സുഖലോലുപനായി കൊട്ടാരം വാണ ഫിറോസ് ജനക്ഷേമകാര്യത്തില്‍ തെല്ലും താത്പര്യം കാണിച്ചില്ല. ജനങ്ങള്‍ക്ക് മടുത്തു. നിസ്സാരന്‍, നീചന്‍ എന്നൊക്കെയുള്ള ആക്ഷേപവാക്കുകള്‍ ചൊരിഞ്ഞു. വൈകാതെ ഫിറോസ് സ്ഥനഭ്രഷ്ടനായി. റസിയയുടെ നൈപുണികളെക്കുറിച്ച് നന്നായറിയാവുന്ന ജനങ്ങള്‍ അവളെ അധികാരത്തിലേറ്റി. അങ്ങനെ റസിയ വീണ്ടും ഡെല്‍ഹിയിലെ ചക്രവര്‍ത്തിയായി.

'രാജാവ്' റസിയ സ്ത്രീയെങ്കിലും ആഡംബരപ്രിയ ആയിരുന്നില്ല. സാധാരണ അംഗനമാരെപ്പോലെയുള്ള ഘോഷ ധരിച്ചിരുന്നില്ല. ഒരു സുല്‍ത്താന്റെ കുപ്പായമിട്ടു. തലയില്‍ തൊപ്പിവെച്ചു. സാമന്തരാജാക്കന്മാരുടെ അടുത്തേക്ക് സായന്തനങ്ങളില്‍ ആനപ്പുറമേറി യാത്രചെയ്തു. അനാവശ്യ സ്വീകരണങ്ങളോ, അധികമായ അകമ്പടിക്കാരോ ഉണ്ടായിരുന്നില്ല. ആവലാതികള്‍ നേരിട്ടുകേട്ടു. ഉചിതമായ തീര്‍പ്പുകള്‍ കല്പിച്ചു. രാജ്യകാര്യങ്ങള്‍ നേരിട്ടുചെന്ന് അന്വേഷിച്ചു. സാധുജനങ്ങള്‍ക്ക് രക്ഷകയായി. നീതിന്യായങ്ങളെ സംബന്ധിച്ച്, പ്രഭുവെന്നോ പിച്ചക്കാരനെന്നോ ഉള്ള വിവേകം കാണിച്ചില്ല. പ്രജകള്‍ക്കൊക്കെയും ഭരണം തൃപ്തിയായി. രാജ്യമെങ്ങും ക്ഷേമമായി. ചക്രവര്‍ത്തിയായ റസിയ രാജ്യംമെങ്ങും പുകഴ്ത്തപ്പെട്ടു. രണ്ടുവര്‍ഷം അങ്ങനെ നീങ്ങി.

ഈ ഘട്ടത്തിലാണ് റസിയ വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. തന്റെ സേനാനായകനായ യാക്കൂത്തിനെ വിവാഹം ചെയ്തു. പഠിപ്പിലും പദവിയിലും റസിയക്ക് അനുരൂപനായ ആണ്‍തുണ തന്നെയായിരുന്നു യാക്കൂത്ത്. ദാമ്പത്യജീവിതം സന്തുഷ്ടമായി നീങ്ങവെ, വംശീയ പ്രശ്‌നം തലപൊക്കി. യാക്കൂത്ത് റയിയയെ പോലെ തുര്‍ക്കി വശജനായിരുന്നില്ല. അദ്ദേഹം 'അബ്‌സീനിയ'നായിരുന്നു. ആഭിജാത്യത്തിന് ഇടിവ് സംഭവിച്ചതായി അനുഭവപ്പെട്ടു. ഈ തിരിച്ചറിവ് തുര്‍ക്കിയിലെ പ്രഭുക്കന്മാരുടെ ഇടയില്‍ ക്ഷോഭത്തിന് കാരണമായി. വാസ്തവത്തില്‍ റസിയയെ സ്വന്തമാക്കാന്‍ ശ്രമിച്ച് പരാജിതരായ കാമുകന്മാരായിരുന്നു അതിന് പിന്നില്‍. വിവാഹവേദിയില്‍വെച്ചുതന്നെ അവര്‍ പിറുപിറുത്തു. പുറത്തിറങ്ങി ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. ഒടുവില്‍ യുദ്ധത്തിനുതന്നെ അത് വഴിവെച്ചു.

യുദ്ധസന്നദ്ധരായ കാമുകന്മാരുടെ നേതാവ് വലിയൊരു പ്രഭുവായ അല്‍ദുന്യ എന്ന യോദ്ധാവായിരുന്നു. ഭരണനിപുണയായ റസിയ പക്വമതിയുടെ നയചാതുരിയോടെ യുദ്ധം ഒഴിവാക്കാനാവുമോ എന്നതിനായി യത്‌നിച്ചു. അത് ഫലവത്തായില്ല. ഒടുവില്‍ യാക്കൂത്തും റസിയയും ശത്രുസൈന്യത്തെ അടര്‍ക്കളത്തില്‍വെച്ചുതന്നെ നേരിടാനുറച്ചു. യുദ്ധം അതിഭയങ്കരമായി. റസിയ അത്ഭുതകരമായി അടരാടി. യാക്കൂത്തും പിന്നിലായിരുന്നില്ല. ദമ്പതികളുടെ വര്‍ദ്ധിതവീര്യംകണ്ട് ശത്രുസൈന്യം അമ്പരന്നു.

എങ്കിലും വിജയസാധ്യത റസിയക്ക് അനുകൂലമായിരുന്നില്ല. സൈനികബലം ശത്രുക്കളെ അപേക്ഷിച്ച് കുറവായിരുന്നു. പ്രിയതമനായ യാക്കൂത്ത് ശത്രുക്കളാല്‍ വധിക്കപ്പെട്ടു. ഭാഗ്യവും റസിയയെ തുണച്ചില്ല. അവള്‍ ശത്രുനിരയിലെ കാമുകന്മാരില്‍ ഒരാളായ അല്‍ദുന്യയുടെ അധീനതയിലായി. ഭര്‍തൃവിയോഗത്താല്‍ അതീവദുഃഖിതയായ റസിയ ഇതുകൂടിയായപ്പോള്‍ ആകെ തളര്‍ന്നു.

റസിയയുടെ ദൈന്യാവസ്ഥകണ്ട് മനസ്സലിഞ്ഞ മാലിക് അല്‍ദുന്യ അവളെ സ്വതന്ത്ര്യയാക്കി. റസിയയില്‍ മുമ്പേതന്നെ ദൃഢാനുരക്തനായിരുന്ന അല്‍ദുന്യ, അവളെ സ്വന്തമാക്കണമെന്ന ഉദ്ദേശത്തോടുകൂടി, തന്നെ വിവാഹംചെയ്യുകയാണെങ്കില്‍ രാജ്യം തിരികെ നല്കാമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. സാധുവായ റസിയക്ക് മറ്റ് മാര്‍ഗങ്ങളൊന്നും മുമ്പിലുണ്ടായിരുന്നില്ല. തന്നെ ഹൃദയപൂര്‍വം സ്‌നേഹിക്കുന്ന ഒരുവനെ ഭര്‍ത്താവായി വരിക്കുന്നതില്‍ ആക്ഷേപമില്ലല്ലോ എന്നും അവള്‍ ചിന്തിച്ചു.

ഇതിനിടെ തുര്‍ക്കിയിലെ പ്രധാനികള്‍ റസിയയുടെ മറ്റൊരു സഹോദരനെ കിരീടാവകാശിയാക്കി സിംഹാസനാരൂഢം ചെയ്യിച്ചു. ആയാള്‍ സ്ത്രീജിതനും മദ്യപാനാസക്തനുമായിരുന്നു. ഭരണത്തെ ജനങ്ങള്‍ വെറുത്തു.

മാലിക് അല്‍ദുന്യന്‍ റസിയയെ വിവാഹം ചെയ്തത് തുര്‍ക്കി പ്രമാണിമാര്‍ക്ക് രസിച്ചില്ല. അവര്‍ അല്‍ദുന്യനുമായ യുദ്ധത്തിന് തയാറെടുത്തു. ഘോരയുദ്ധത്തില്‍ പരാജിതരായ അല്‍ദുന്യന്‍-റസിയമാര്‍ പരാജിതരായി തടവുകാരാക്കപ്പെട്ടു. 1240 ഒക്ടോബര്‍ 15-ന് ദമ്പതികളെ ഒന്നായിത്തന്നെ ശത്രുക്കള്‍ വധിച്ചു. കൊല്ലപ്പെടുമ്പോള്‍ റസിയക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. പുരാതന ഡെല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള ബുള്‍ബുളി ഖാനയില്‍ ഖബറടക്കി. അവരുടെ ഏകമകന് പേര് സുബ്രുദ്ദീന്‍ മിര്‍സ റഷീല്‍ എന്നാണ്.

ഗുണവതിയായ ഭരിണാധികാരിയും സ്ത്രീയമുമായ റസിയക്ക് അത്തരം പരിഗണനകളൊന്നും ശത്രുക്കള്‍ നില്കിയില്ല. സര്‍വഗുണസമ്പന്നയായ റസിയയുടെ അന്ത്യം അത്രകണ്ട് ദയനീയമായിരുന്നു. എങ്കിലും യശസ്വിനിയായ മഹിളാരത്‌നം റസിയയെ വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ ഇന്നും ബഹുമാനപുരസ്സരം അനുസ്മരിക്കുന്നു.

റസിയയുടെ ഭരണനൈപുണി രാജ്യത്തെ രക്ഷപ്പെടുത്തി. എന്നാല്‍ അവളുടെ ബാഹ്യസൗന്ദര്യം നാശഹേതുകമായി.