അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, പൗരപ്രമാണി, 18 വര്‍ഷം മുന്‍സിപ്പാല്‍ കൗണ്‍സിലര്‍ 9 വര്‍ഷം ഡിസ്ട്രിക്ട് എജ്യൂക്കേഷനല്‍ കൗണ്‍സിലര്‍, സര്‍വകലാശാലയില്‍ പരീക്ഷകന്‍, ജഞാനോദയം യോഗത്തിന്റെ ഡയറക്ടര്‍, എസ് എന്‍ ഡി പിയുടെ പ്രമുഖാംഗം കോട്ടയം താലൂക്ക് ബോര്‍ഡ് മെമ്പര്‍, 6 വര്‍ഷം വൈസ് പ്രസിഡണ്ട്, ജന്മികുടിയാന്‍ ബില്‍ വട്ടമേശസമ്മേളന മെമ്പര്‍, ആജീവനാന്തം സമുദായനേതാവ്, എല്ലാറ്റിനും പുറമെ ആദ്യവസാനം ഒരു സാഹിത്യകാരനും ഇങ്ങനെ പല പല പ്രവര്‍ത്തനരംഗങ്ങളിലും 45-ല്‍ പരം കൊല്ലം കര്‍മനിരതനായിരുന്നു.
മൂര്‍ക്കോത്തു കുമാരന്‍ ജീവിതത്തില്‍ നാനാരംഗങ്ങളിലും ശോഭിച്ചിരുന്നുവെങ്കിലും സാഹിത്യരംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ജൈത്രയാത്രയില്‍ ഏറെയും. മലായള ചെറുകഥയുടെ പിതാവായും അദ്ദേഹം ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്നു. 'മലയാളത്തില്‍ ചെറുകഥയുടെ ജനയിതാവ് മൂര്‍ക്കോത്തു കുമാരനായിരുന്നു എന്നുള്ള വാസ്തവം ചെറുകഥകളെപ്പറ്റി എഴുതുന്ന ലേഖകരാരും ഇന്ന് ഓര്‍മ്മിക്കാറും ഇല്ല' -മൂര്‍ക്കോത്തു കുമാരന്റെ മകന്‍ പരശുരാമന്‍ പ്രസ്താവിക്കുന്നു.
സാഹിത്യത്തില്‍ത്തന്നെ, നോവല്‍, നോവലറ്റ്, കവിത, ചെറുകഥ, ചെറിയ ചെറുകഥ, അഥവാ മിനി കഥ, പൊടി കഥ, എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും 50 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മുന്‍പന്തിയില്‍ കുമാരന്‍ ഉണ്ടായിരുന്നു.
തലശ്ശേരിക്കടുത്തുള്ള ചേറ്റംകുന്നില്‍ മൂര്‍ക്കോത്ത് രാമുണ്ണിയുടേയും പരപ്പുറത്ത് കുഞ്ചിരയുടേയും മകനായി 1874-ല്‍ ജനിച്ചു. കുമാരന് 6 വയസ്സുള്ളപ്പോള്‍ അമ്മയും 8 വയസ്സുള്ളപ്പോള്‍ അച്ഛനും മരിച്ചു. അച്ഛന്റെ സഹോദരി കുമാരനെ എടുത്തുവളര്‍ത്തി. വളര്‍ന്നപ്പോള്‍ അച്ഛന്റെ മരുമകള്‍ ചൂര്യയി മൂര്‍ക്കോത്തു യശോദമ്മയെ വിവാഹം കഴിച്ചു.
തലശ്ശേരി ബാസല്‍മിഷന്‍കാര്‍ മെട്രിക്കുലേഷന്‍വരെ അവരുടെ സ്‌കൂളില്‍ കുമാരനെ പഠിപ്പിച്ചു. തുടര്‍ന്ന് പാര്‍സി ഹൈസ്‌കൂളില്‍ പഠിക്കുവാന്‍ അനുവദിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്നു എഫ് എ പാസ്സായശേഷം മദിരാശി ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നു ബി ഏ പഠിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും പാസ്സായെങ്കിലും ചരിത്രത്തില്‍ തോറ്റുപോയി. പിന്നെ പഠിത്തം തുടര്‍ന്നില്ല. സൈദാപ്പേട്ട് കോളേജില്‍ ട്രെയിനിംഗ് കഴിച്ചു മലബാറിലേക്ക് മടങ്ങി.
1897-ല്‍ കോഴിക്കോട്ട സെന്റ് ജോസഫ് യൂറോപ്യന്‍ സ്‌കൂളില്‍ ടീച്ചറായി ചേര്‍ന്നു. അതോടെ 'കുമാരന്‍മാസറ്റര്‍' എന്ന് ബഹുമാനിക്കപ്പെട്ടു. അവിടെനിന്നും പ്രൊവിഡന്റ് കോണ്‍വെന്റിലേക്ക് മാറി. പിന്നീട് തലള്ളേരി നെട്ടൂര്‍ ബി ഇ എം സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി ജോലിചെയ്തു. 1930-ല്‍ അധ്യാപകവൃത്തിയില്‍നിന്നു വിരമിച്ചു.
1898 മുതല്‍ 1900 വരെ യൂറോപ്യന്‍ ആന്റ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ ഹെഡ്മാസ്റ്റരായിരുന്നു. ആ യൂറോപ്യന്‍ സ്‌കൂളില്‍ ഒരു ഹിന്ദു ഹെഡ്മാസ്റ്റരായി 1890-ല്‍ നിയമിക്കപ്പെട്ടത് ചരിത്രത്തില്‍ ആദ്യമായിരുന്നു. മലബാറില്‍ നിന്നു ഒന്നാമതായി മെട്രിക്കുലേഷന്‍ പാസ്സായ ഗ്രേസ് ചന്ദ്രന്‍ മി. കുമാരന്റെ ശിഷ്യയായിരുന്നു.
അദ്ദേഹം കോണ്‍വെന്റില്‍ ടീച്ചറായ കാലത്താണ് ഇന്ത്യന്‍ യുവതികള്‍ ഇംഗ്ലീഷു സ്‌കൂളില്‍ പഠിക്കാന്‍ തുടങ്ങിയത്. സാഹിത്യ-സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വരെ അത് ബാധിച്ചു.
1894-ല്‍ ഒരു ചെറുകഥ എഴുതി കോഴിക്കോട്ടെ രണ്ട് പത്രങ്ങള്‍ക്ക് മാറി മാറി അയച്ചെങ്കിലും അവര്‍ അത് പ്രസിദ്ധീകരിക്കാതെ മടക്കിയയച്ചു. പിന്നീട് മനോരമക്ക് അയച്ചപ്പോള്‍ വറുഗീസുമാപ്പിള അത് ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്.
അന്ന് കോഴിക്കോട്ട് 'കേരളസഞ്ചാരി'യുടെ പ്രസാധകനായിരുന്ന സി കൃഷ്ണന്‍ ഉപരിപഠനത്തിനായി മദിരാശിയില്‍ പോയപ്പോള്‍ ആ സ്ഥാനത്ത് കുമാരന്‍ നിയുക്തനായി. അതാണ് കുമാരന്റെ ആധിപത്യത്തില്‍ പ്രചരിച്ച ഒന്നാമത്തെ പത്രം. ചന്തുമേനോന്‍, കുഞ്ഞിരാമന്‍നായനാര്‍ എന്നിവരുമായി ബന്ധംസ്ഥാപിക്കുവാന്‍ ആ പത്രം നിമിത്തമായി. 'സരസ്വതി' എന്ന മറ്റൊരു മാസികയും ആരംഭിച്ചു. 1913-ല്‍ കുമാരന്‍ അതിന്റെ അവകാശം വാങ്ങിച്ച്, 'മിതവാദി' എന്ന പത്രം തുടങ്ങി. പിന്നീട് 'ഗജകേസരി', 1935-ല്‍ 'സത്യവാദി' വാരിക എന്നിവയും ആരംഭിച്ചു. ചിന്താമണി, ആത്മപോഷിണി എന്നീ മാസികകളും വിദ്യാലയം, ധര്‍മ്മം എന്നീ പത്രങ്ങളുടേയും അധിപനായി. 1105 തോമസ് പോള്‍ എറണാകുളത്തുനിന്നും 'ദീപം' എന്ന ചിത്രമാസിക ആരംഭിച്ചപ്പോള്‍ കുമാരന്‍ അതിന്റെ പ്രസാധകനായി തെരഞ്ഞെടുക്കപ്പെട്ടു.
മൂര്‍ക്കോത്ത് കഥകളെഴുതിത്തുടങ്ങിയ 1896-നുശേഷമുള്ള 11 വര്‍ഷം എടുക്കുമ്പോള്‍ മികച്ച കഥകള്‍ 11 ആണ്. കഥാകൃത്തുക്കള്‍ 4 പേര്‍ മാത്രം. കേസരി, സി എസ് ഗോപാലപ്പണിക്കര്‍, മുക്കോത്ത് കുമാരന്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ എന്നിവരാണ് അവര്‍. ഒട്ടാകെയുള്ള ആ 11 കഥകളില്‍ നാലെണ്ണം മൂര്‍ക്കോത്ത് കുമാരന്റെതാണ്. 45 വര്‍ഷങ്ങളിലായി നൂറില്‍പരം കഥകളെഴുതിയതിലും അദ്ദേഹം ചെറുകഥാ കൃത്തുക്കളുടെ മുന്‍പന്തിയില്‍ നിലനില്‍ക്കുന്നു.
വ്യക്തി എന്ന നിലയില്‍ മൂര്‍ക്കോത്തു കുമാരന്‍; 'ആരേയും എന്തും പറയാന്‍ അനുവദിച്ചിരുന്ന മൂര്‍ക്കോത്തു കുമാരന്‍ ആരോടും എന്തും പറയും എന്നുള്ള സ്വഭാവമുള്ള ഒരു ദേഹമായിരുന്നു'.
'അദ്ദേഹത്തിന്റെ നെറ്റിയില്‍ ഭസ്മാദിലേപനങ്ങള്‍ വല്ലവരും കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. ചമ്പ്രംപടിഞ്ഞിരുന്നു മന്ത്രം ജപിക്കുക, ക്ഷേത്രത്തില്‍പോയി നമസ്‌കരിക്കുക, പ്രദക്ഷിണം വെക്കുക, വേദാന്തം പ്രസംഗിക്കുക ഇത്യാദി യാതൊന്നും ചെയ്യാതിരുന്ന മൂര്‍ക്കോത്തു കുമാരന്‍ ഒരു തികഞ്ഞ ദൈവവിശ്വാസിയായിരുന്നു എന്നുപറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുമോ എന്ന് സംശയമാണ്. എന്നാല്‍ അതായിരുന്നു വാസ്തവം. നിശ്ചിത സമയത്തു പ്രാര്‍ത്ഥിച്ചാല്‍ മതിയല്ലോ: 'നിന്റെ ഓരോ നിശ്വാസവും ഒരുപ്രാര്‍ത്ഥനയായിരിക്കട്ടെ' എന്നുള്ള ആപ്തവാക്യമായിരുന്നു അദ്ദേഹം പാലിച്ചുപോന്നത്: അഥവാ പരിപാലിക്കുവാന്‍ പരിശ്രമിച്ചത്' -പരശുരാമന്‍
മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ കുമാരന്റെ മതവിസ്വാസത്തെപ്പറ്റി പറയുന്നു; 'കുമാരന്‍ ഒരു ഉറച്ച ഹിന്ദുമതവിശ്വാസിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഇഷ്ടദേവത ശ്രീകൃഷ്ണനായിരുന്നു എന്നുമുള്ളതിനു പല ലക്ഷ്യങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ ഗൃഹത്തിനു ഗോകുലമെന്നായിരുന്നു നാമകരണം. ഭഗവല്‍ഗീതയെപ്പോലെ മനുഷ്യര്‍ക്ക് ഐഹികവും അമുഷ്മികവുമായ ഉല്‍കര്‍ഷത്തിനു പ്രയോജകീഭവിക്കുന്ന ഒരു ഗ്രന്ഥം ലോകത്തിലില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഹിന്ദുക്കളുടെ ആചാരപരിഷ്‌കാരത്തില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ആ പരിഷ്‌കരണം ശ്രീനാരായണഗുരുസ്വാമിയുടെ ഉപദേശങ്ങള്‍കൊണ്ടും ചര്യാവിശേഷംകൊണ്ടും സിദ്ധമായിയെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി. തലശ്ശേരി ജഗന്നാഥക്ഷേത്രത്തിന്റെ നിര്‍മ്മിതിക്കും, അതിനുതൊട്ടുള്ള ഗുരുദേവന്റെ ലോഹപ്രതിമാസ്ഥാപനത്തിനും അദ്ദേഹമാണ് മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചത്. സ്വാമികളുടെ 'ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശത്തെ മലബാറില്‍ പ്രധാനമായി പ്രചരിപ്പിച്ചത് അദ്ദേഹമായിരുന്നു. തീയര്‍ ഹിന്ദുമതം ഉപേക്ഷിക്കണമെന്നും ബുദ്ധമതം സ്വീകരിക്കണമെന്നും മറ്റുമുള്ള ചിലരുടെ അഭിപ്രായങ്ങള്‍ക്ക് അദ്ദേഹം പരമവിരോധിയായിരുന്നു. ഉത്തരകേരളത്തില്‍ ഈ പ്രക്ഷോഭണത്തെ നിര്‍ജ്ജീവമാക്കിത്തീര്‍ത്തത് അദ്ദഹവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില തീയപ്രമാണികളുമായിരുന്നു എന്നുള്ള വസ്തുത അവിസ്മരണീയമാണ്. വെറുതേയല്ല അദ്ദേഹത്തെ ഉത്തരകേരളത്തിലെ കിരീടംവയ്ക്കാത്ത രാജാവ് എന്നു പറഞ്ഞുവന്നത്. ഉദാരാമായിരുന്നു അദ്ദേഹത്തിന്റെ ചിത്തവൃത്തി. അനേകം പാവപ്പെട്ട വിദ്യാര്‍ത്ഥികളെ അദ്ദഹം തന്റെ ചെലവില്‍ പഠിപ്പിച്ചിട്ടുണ്ട്.' -കേരളസാഹിത്യചരിത്രം 5.
1940-ല്‍ രോഗംബാധിച്ചു. 1941 ജൂണ്‍ 25-ാം നിര്യാതനായി.
കൃതികള്‍-
നോവലുകള്‍: വസുമതി, ജാഹനീറ, രജപുത്രവിവാഹം, വെള്ളിക്കൈ.
കവിത: ആശാകുല (വിവര്‍ത്തനം), ഇലഞ്ഞിപ്പൂമാല, അമ്പലപ്പാട്ട്.
ജീവചരിത്രം: ശ്രീനാരായണഗുരു, ഒയ്യാരത്ത് ചന്തുമേനോന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍.
ഉപന്യാസങ്ങള്‍: ആശാന്‍ വിമര്‍ശനത്തിന്റെ ആദ്യരശ്മി (രണ്ട്ഭാഗം), ഗദ്യമഞ്ജരി(രണ്ട്ഭാഗം), കാകന്‍.
ചെറുകഥ; മൂര്‍ക്കോത്തുകുമാരന്റെ കഥകള്‍ (സമ്പൂര്‍ണസമാഹാരം)
ആദ്യകഥ: കലികാലവൈഭവം (1896).
മൂര്‍ക്കോത്തിന്റെ സാഹിത്യവിമര്‍ശനങ്ങള്‍. -എഡി. സജീവ് പി വി. 2017. എസ് പി സി എസ്, കോട്ടയം. പ്രസിദ്ധീകരണം.

No comments:
Post a Comment