ഉത്തര്‍ പ്രദേശിലെ അക്ബര്‍പുര്‍ ജില്ലയില്‍ ഉള്‍പ്പെട്ട ഫൈസാബാദില്‍ 1910 മാര്‍ച്ച് 23-ന് ജനിച്ചു. അച്ഛന്‍ ഹീരാലാല്‍ ലോഹ്യ അടിയുറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നു. രണ്ടര വയസ്സുള്ളപ്പോള്‍ രാം മനോഹറിന് അമ്മയെ നഷ്ടമായി.
അക്ബര്‍പുരിലും ബോംബെയിലുമായി പ്രാഥമികവിദ്യാഭ്യാസവും, സെക്കന്ററിയും പൂര്‍ത്തിയാക്കി. 1925-ല്‍ മെട്രിക്കുലേഷന്‍ പാസായി. കോളേജ് വിദ്യാഭ്യാസം കാശിയിലും കല്‍ക്കട്ടയിലുമായിരുന്നു. 1929-ല്‍ ബി എ ഓണേഴ്‌സ് പരീക്ഷ ഒന്നാം ക്ലാസ്സോടെ പാസ്സായി. 1929-ല്‍ ജര്‍മനിയിലെ ബര്‍ലിനിലുള്ള ഹംബോര്‍ട്ട് സര്‍വകലാശാലയില്‍ പി എച്ച്ഡി ബിരുദത്തിന് ചേര്‍ന്നു. 1933-ല്‍ ഡോക്ടറേറ്റ് നേടി.
അച്ഛന്റെയും അമ്മാവന്റേയും രാഷ്ട്രീയ പാരമ്പര്യം പിന്തുടര്‍ന്ന് രാം മനോഹറും കോണ്‍ഗ്രസ്സുകാരനായി. ജവഹര്‍ലാല്‍ നെഹറു അക്ബര്‍പുര്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി സൗഹൃദത്തിലായി. ബോംബെയില്‍ പഠിക്കുന്നകാലത്ത് മഹാത്മാഗാന്ധിയുമായും സൗഹൃദം സ്ഥാപിച്ചു. കോളേജ് വിദ്യാഭ്യാസകാലത്ത് ഗോഹൗട്ടിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. ഓള്‍ ബംഗാള്‍ സ്റ്റുഡന്‍സ് അസ്സോസിയേഷനില്‍ സജീവമായി. ജര്‍മനിയിലായിരുന്നപ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയുമായി സഹകരിച്ചു. ലീഗ് ഓഫ് നേഷന്‍സിന്റെ ജനീവാ സമ്മേളനത്തില്‍ ബ്രിട്ടനെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രകടനത്തെ നയിച്ചു.
1934-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ചു. 'കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്' പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. 1936-ല്‍ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ വിദേശകാര്യ വിഭാഗത്തിന്റെ തലവനായി. മൂന്നാംചേരി എന്നൊരു ആശയം മുന്നോട്ടുവെച്ചു. 1937-ല്‍ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സംഘടന നാമനിദ്ദേശം നല്കപ്പെട്ടെങ്കിലും മത്സരിക്കാന്‍ വിസമ്മതിച്ചു. ഗാന്ധിയും നെഹ്‌റുവുമായുള്ള അടുപ്പം ദൃഢമായി.
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യസ്വീകരിച്ച നിലപൊടിനെ ചൊല്ലി നെഹ്‌റുവുമായി അഭിപ്രായവ്യത്യാസമുണ്ടായി. 1939-ല്‍ യുദ്ധവിരുദ്ധ പ്രചരണത്തിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ടു. രണ്ടുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും ഒന്നരക്കൊല്ലത്തിനുശേഷം പുറത്തുവിട്ടു. 1942 ഓഗസ്റ്റ് 8-ന് നടന്ന ക്വിറ്റ് ഇന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. സമരപ്രഖ്യാപനത്തെ തുടര്‍ന്ന് ലോഹ്യ ഒളിവില്‍ പോയി. ബോംബെയിലും കല്‍ക്കത്തയിലുമായി അണ്ടര്‍ഗ്രൗണ്ട് റേഡിയോ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തു. അതിലൂടെ രാജ്യത്തിനായി സന്ദേശങ്ങള്‍ നല്കി. ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ വഴി വിതരണംചെയ്തു.
1943 മെയ് മാസത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഉത്തരവനുസരിച്ച് നേപ്പാള്‍ സര്‍ക്കാര്‍ ലോഹ്യയേയും ജയപ്രകാശ് നാരായണനേയും അറസ്റ്റ്‌ചെയ്തു. ഒളിപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന സഖാക്കള്‍ അവരെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചു. മെയ് 10-ന് വീണ്ടും അറസ്റ്റ് ചെയ്തു. ആദ്യം ലാഹോറിലേയും പിന്നീട് ആഗ്രയിലേയും ജയിലിലേക്ക് മാറ്റി. ലാഹോര്‍ കോട്ടയില്‍വെച്ച് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി. പിതാവ് ഹീരേലാല്‍ ലോഹ്യ മരണപ്പെട്ടു. 24 മാസത്തെ ജയില്‍ വാസത്തിനുശേഷം 1946 ജൂണ്‍മാസത്തില്‍ ലോഹ്യ ജയില്‍ വിമോചിതനായി.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിപദം നെഹ്‌റു വാഗ്ദാനം ചെയ്‌തെങ്കിലും ലോഹ്യ നിഷേധിച്ചു. 1946 ജൂണില്‍ ഗോവയിലെത്തി. 18-ന് പോര്‍ച്ചുഗീസ് സര്‍ക്കാരിന്റെ പൗരാവകാശ നിഷേധങ്ങില്‍ പ്രതിഷേധിച്ചു സംഘടിപ്പിക്കപ്പെട്ട റാലിയില്‍ പ്രസംഗിച്ചതിന് പോര്‍ച്ചുഗീസ് പൊലീസ് അറസ്റ്റു ചെയ്തു. ലോഹ്യ പ്രസംഗിച്ച ജൂണ്‍ 18 ഗോവന്‍ സ്വാതന്ത്യദിനമായി ആചരിച്ചുവരുന്നു.
1946 ആഗസ്റ്റ് 16-ന് മുസ്ലീം ലീഗിന്റെ വധഭീഷണി വകവെക്കാതം ഈസ്റ്റ് ബംഗാളില്‍ ്‌വരുടെ കോട്ടയെന്ന് അറിയപ്പെട്ട ചിറ്റഗോംഗില്‍ പ്രസംഗിച്ചു. സെപ്തംബര്‍ 29-ന് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് വീണ്ടും ഗോവയിലെത്തി. അറസ്റ്റുചെയ്യപ്പെട്ട ലോഹ്യ 9 ദിവസങ്ങള്‍ക്കുശേഷം മോചിതനായി.
1947-കാലഘട്ടത്തില്‍ നേപ്പാളിലെത്തി അവിടത്ത ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായി. അദ്ദേഹത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് നോപ്പാളി കോണ്‍ഗ്രസ്സ് രൂപീകൃതമായി. ഡാര്‍ജിലിങ്ങിലെത്തിയ ലോഹ്യ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു.
1947 ഫെബ്രുവരിയില്‍ കാണ്‍പൂരില്‍ നടന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അദ്ധ്യക്ഷനായി. ജയപ്രകാശ് നാരായണനും ലേഹ്യയും ഇന്ത്യാ വിഭജനത്തെ എതിര്‍ത്തു. 1948 ജനുവരി 29-ന് ഗാന്ധിജിയുമായുള്ള അവസാന കൂടിക്കാഴ്ച. 30-ന് ഗാന്ധി വധിക്കപ്പെട്ടു. മാര്‍ച്ചില്‍ കോണ്‍ഗ്രസ്സുമായി പിരിയാന്‍ സോഷ്യലിസ്റ്റുകള്‍ തീരുമാനമെടുത്തു. ലോഹ്യ കോണ്‍ഗ്രസ് വിട്ടു.
1949-ല്‍ ആദ്യത്തെ വിമാനയാത്ര രാഷ്ട്രീയനേതാവെന്ന നിലയില്‍ സ്‌റ്റോക്ക് ഹോമിലേക്ക്. 1950 ജനുവരിയില്‍ മധ്യപ്രദേശിലെ റീവയില്‍ രാജഭരണത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. മോചിതനായശേഷം ഹിന്ദ്കിസാന്‍ പഞ്ചായത്തിന്റെ പ്രഥമ സമ്മേളനത്തില്‍ അദ്ധ്യക്ഷനായി. 1951 ജൂണ്‍ മാസത്തില്‍ കര്‍ണാടകയിലെ കാഗോഡുവില്‍ കര്‍ഷകസമരത്തിന് നേതൃത്വം കൊടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. 9 ദിവസത്തിനുശേഷം വിട്ടയച്ചു. ജൂലൈ മാസത്തില്‍ വിദേശ സന്ദര്‍ശനം, ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്. ലോക സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. യൂഗോസ്ലോവിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. അമേരിക്കയില്‍വെച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായി കൂടിക്കാഴ്ച നടത്തി.
ഏഷ്യന്‍ സോഷ്യലിസ്റ്റ് സംഘടനക്ക് രൂപം നല്കി. 1952-ലെ പൊതു തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റുകള്‍ പരാജയപ്പെട്ടു. 1952 സെപ്തംബറില്‍ ആചാര്യകൃപലാനിയുടെ കിസാന്‍ മസ്ദൂര്‍ പാര്‍ട്ടിയുമായി ലയിച്ച് സോഷ്യലിസ്റ്റുകള്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി പ്രവര്‍ത്തിച്ചു. ആദ്യസമ്മേളനം 1953 ഡിസംബറില്‍ അലഹബാദില്‍. ലോഹ്യ പി എസ് പി യുടെ ജനറല്‍ സെക്രട്ടറിയായി.
തിരുവിതാംകൂര്‍-കൊച്ചി പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പി എസ് പി മന്ത്രിസഭ അധികാരത്തിലിരിക്കെ 1954 ആഗസ്റ്റില്‍ നിരായുധരായ ജനങ്ങല്‍ക്കുനേരെ വെടിവെപ്പുണ്ടായി. ജയിലിലായിരുന്ന ലോഹ്യ പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍ പട്ടം താണുപിള്ളയോട് രാജിവെക്കുവാന്‍ ആവശ്യപ്പെട്ടു. താണുപിള്ള ആ ആവശ്യം നിരാകരിച്ചു. അതില്‍ പ്രതിഷേധിച്ച് ലോഹ്യ പാര്‍ട്ടിയുടെ സെക്രട്ടറിപദം രാജിവെച്ചു. 1955 ജൂണ്‍ മാസത്തില്‍ മണിപ്പൂര്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ലോഹ്യ അറസ്റ്റുചെയ്യപ്പെടുകയും ഏതാനും ദിവസങ്ങള്‍ക്കുശേഷം വിട്ടയക്കപ്പെടുകയും ചെയ്തു. പി എസ് പി യിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കലശലായപ്പോള്‍ ലോഹ്യ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 1955-ല്‍ ഡിസംബറില്‍ ഹൈദരാബാദില്‍ ലോഹ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടു.
കാണ്‍പൂര്‍നഗരത്തിലെ മാലിന്യങ്ങള്‍ ഗംഗാനദിയില്‍ ഒഴുക്കുന്നതിനെതിരെ 'ഗംഗാ ബച്ചാവോ ആന്ദോളന്‍' എന്ന പ്രസ്ഥാനത്തിലും, 'അംഗ്രേസി ഹഠാവോ' -ഇംഗ്ലീഷിനെ ബഹിഷ്‌കരിക്കല്‍- പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു. 1957-ല്‍ രണ്ടാമത് പൊതുതെരഞ്ഞെടുപ്പ് വന്നപ്പോള്‍ യു പിയിലെ ചാക്കിയ ചാന്തൗളി മണ്ഡലത്തില്‍ മത്സരിച്ചു തോറ്റു.
1961 ഡിസംബറില്‍ ഏതന്‍സില്‍ നടന്ന ലോക സമാധാന കൗണ്‍സിലില്‍ ലോഹ്യ പ്രതിനിധിയായി പങ്കെടുത്തു. 1962-ലെ മൂന്നാമത് പൊതുതെരഞ്ഞെടുപ്പില്‍ യു പി യിലെ ഫൂല്‍പൂരില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. ഫറൂഖാബാദ് മണ്ഡലത്തില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1964-ല്‍ അമേരിക്കയിലെത്തി വര്‍ണവിവേചനത്തിനെതിരെ സത്യാഗ്രഹം നയിച്ചു. ജര്‍മനി, റഷ്യ, കാബുള്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനെ കണ്ടുമുട്ടി. ഇന്ത്യ-പാകിസ്താന്‍ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. പാറ്റ്‌നയില്‍ പട്ടിണിവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നതിനിടെ അന്യായമായി അറസ്റ്റുചെയ്യപ്പെട്ടു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിട്ടയച്ചു.
1967-ലെ നാലാമത് പൊതുതെരഞ്ഞെടുപ്പിലെ സോഷ്യലിസ്റ്റുകളുടെ മുദ്രാവാക്യം 'കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുക; രാജ്യത്തെ രക്ഷിക്കുക' എന്നതായിരുന്നു. യു പിയിലെ കാനൂജ് മണ്ഡലത്തില്‍നിന്നും ലോഹ്യ തെരഞ്ഞെടുക്കപ്പെട്ടു.
1967 സെപ്തംബറില്‍ പ്രോസ്‌റ്റേറ്റ് ശസ്ത്രക്രിയക്കുവേണ്ടി വെല്ലിംഗടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആ അത് 'റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍' എന്ന് അറിയപ്പെടുന്നു.
1967 ഒക്ടോബര്‍ രാവിലെ 1,05-ന് ലോഹ്യ മരിച്ചു. മൃതദേഹം ഡെല്‍ഹിയിലെ വൈദ്യുത സ്മശാനത്തില്‍ സംസ്‌കരിച്ചു. മരണത്തില്‍ ദുരൂഹത നിലനില്ക്കുന്നു. ചികിത്സയിലെ ബോധപൂര്‍വമായ അനാസ്ഥയാണ് മരണകാരണമെന്ന് പിന്നീട് ചില ഡോക്ടര്‍മാരടക്കമുള്ളവര്‍ ആരോപണമുന്നയിച്ചു.

No comments:
Post a Comment