Search This Blog

Wednesday, October 7, 2026

വാസു പെരുമ്പിള്ളി


കുറുമ്പന്റേയും കാളിയുടേയും മകനായി 10-7-1947 എറണാകുളം, മുളന്തുരുത്തി പെരുമ്പിള്ളിയില്‍ തേമേലില്‍ വീട്ടില്‍ ജനിച്ചു. ഏക മകനാണ്. അച്ഛന്‍ കുറുമ്പന്‍ പരിചമുട്ടുകളി, കോല്‍കളി, കൈകൊട്ടിക്കളി എന്നീ കലാപരിപാടികളുടെ ആശാനായിരുന്നു. അച്ഛന്റെ ശിക്ഷണത്തില്‍ വാസു ഈ കലാകേളികളില്‍ നിപുണനായി.

ജന്മനാടായ മുളന്തുരുത്തിക്ക് നവോത്ഥാനചരിത്രത്തിലും സവിശേഷമായ സ്ഥാനമുണ്ട്. കൊമത്തറ തേവന്‍ പേങ്ങന്‍ എന്ന ദേശികന്‍, വിദ്യാസം നേടുന്നതിലൂടെയാണ് അധഃകൃതവിമോചനം എന്ന് തിരിച്ചറിയുന്നു. അതിനായി ഒരു പള്ളിക്കൂടം കൂടിയേ തീരൂ. വഴിനടക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത അക്കാലത്ത് പള്ളിക്കൂടം അധഃകൃതന് സ്വപ്‌നം മാത്രം. കാലം 1930-കള്‍. 1931-ല്‍ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അധഃകൃതവര്‍ഗ അംഗമായിരുന്ന കെ പി വള്ളോന്‍ ഗവണ്മെന്റ് പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി മുളന്തുരുത്തിയില്‍ എത്തി. പേങ്ങന്‍ അദ്ദേഹവുമായി കൂടിയാലോചിച്ചു. പേങ്ങന്റെ പുരയിടത്തില്‍ പള്ളിക്കൂടം വെച്ചുകെട്ടാനുള്ള തീരുമാനമായി. പക്ഷെ ആര് പഠിപ്പിക്കും? മാര്‍തോമ ക്രിസ്ത്യന്‍ പള്ളിയില്‍ വരവുണ്ടായിരുന്ന മിഷനറിമാരുടെ സേവനം വള്ളോന്‍ നേടിക്കൊടുത്തു. വള്ളോന്റെ പരിശ്രമത്തില്‍ പേങ്ങനെ മുളന്തുരുത്തി സ്‌കൂളില്‍ 'തോട്ടക്കാര'ന്റെ ജോലിയും തരപ്പെട്ടു. അങ്ങനെ ദലിതരുടെ ഇടയില്‍നിന്നും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ആദ്യത്തെയാളായി മാറി കെ ടി പേങ്ങന്‍.

കോട്ടയം-എറണാകുളം റെയില്‍പാതക്കുവേണ്ടി സ്ഥലമെടുത്തപ്പോള്‍ പള്ളിക്കൂടം നിലനിന്നിരുന്ന കൊമത്തറപ്പറന് വിട്ടുകൊടുക്കേണ്ടതായിവന്നു.

മുളന്തുരുത്തി ഗവണ്മെന്റ് ഹൈസ്‌കൂള്‍ വികസിച്ചുവന്നപ്പോള്‍ പേങ്ങന്റെ പള്ളിക്കൂടത്തില്‍ പഠിച്ചുവന്ന കുട്ടികള്‍ക്ക് അവിടേക്ക് സ്വീകാര്യത ലഭിച്ചു. പേങ്ങന്റെ ചെറുമകന്‍ ഐ എ എസ് നേടിയ സി ടി സുകുമാരന്‍ മുളന്തുരുത്തിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അക്കാലത്ത് ദലിത് സാഹിത്യകാരനായ പോള്‍ ചിറക്കരോടും അവിടെ വിദ്യാര്‍ത്ഥിയായിരുന്നു. കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ പോള്‍ചിറക്കരോടിന്റെ ക്ലാസ്ടീച്ചറുമായിരുന്നു.

മുളന്തുരുത്തി-ആമ്പല്ലൂര്‍ പഞ്ചായത്തുകളെ അതിരിട്ടൊഴുകുന്ന പാണാര്‍. പാണന്‍പാട്ടുകള്‍ പോലെ നിര്‍ത്താതെ ആരവംപൊഴിക്കുന്നതിനാലാണ് പുഴക്ക് ആ പേരുവന്നതെന്ന് കാഥികനായ നികര്‍ത്തില്‍ രവീന്ദ്രന്‍ നിരീക്ഷിക്കുന്നു. മുന്‍കാലത്ത് തലയോലപ്പറമ്പ് എറണാകുളം റോഡ് പാണാറിന് കുറുകെയായിരുന്നു. ബ്രീട്ടീഷുകാര്‍ നിര്‍മിച്ച ഇരുമ്പുപാലം, സ്മാരകമെന്നോണം നിലനിലക്കുന്നുണ്ട്. പുതിയപാലം വന്നിട്ടുള്ളതിനാല്‍ പഴയപാലം സഞ്ചാരത്തിന് ഉപയോഗിക്കാറില്ല.

ഇരുകരകളിലുമുള്ള പാടങ്ങളില്‍ നടീല്‍-കൊയ്ത്തുകാലങ്ങളില്‍ ഉയരുന്ന പാട്ടുകള്‍ക്ക് താളം നല്കുന്നത് പാണാര്‍ പുഴയാണ്. ഹ്രസ്വദൂരം പാടിഞ്ഞാറോട്ടൊഴുകുന്ന പാണാര്‍, തെക്കന്‍ പറവൂര്‍ വെച്ച്, തൃപ്പൂണിത്തുറ-ഇരുമ്പനത്തുനിന്നും ഉത്ഭവിച്ച് തെക്കോട്ടൊഴുകുന്ന കോണത്തുപുഴയില്‍ ലയിക്കുന്നു. പൂത്തോട്ടയിലെത്തി, മൂവാറ്റുപുഴയാറിന്റെ വടക്കോട്ടൊഴുകിവരുന്ന കൈവഴിയുമായി സന്ധിച്ച്, പടിഞ്ഞാറോട്ട് ഒഴുകി വേമ്പനാട്ടുകായലില്‍ ചേരുന്നു. പാണാറിന്റെ സാംസ്‌കാരികവും ഭൗമികവുമായ പശ്ചാത്തലമാണ് വാസുവിന്റെ കവിതകളുടെ സ്വാധീനം.

വാസുവിന്റെ എല്‍ പി / യു പി വിദ്യാഭ്യാസം പെരുമ്പിള്ളിയില്‍ത്തന്നെ. 1962-ല്‍ വാസു മുളന്തുരുത്തി ഹൈസ്‌കൂളില്‍നിന്നും എസ് എസ് എല്‍ സി പൂര്‍ത്തീകരിച്ചു.

7-10-1981-ല്‍ ഇ ഡി പോസറ്റ്മാനായി കേന്ദ്ര ഗവണ്മെന്റ് സര്‍വീസില്‍ പ്രവേശിച്ചു. കൊച്ചിന്‍ സൗത്ത് പോസ്റ്റാഫീസിലായിരുന്നു ആദ്യനിയമനം. തുടര്‍ന്ന് മത്സ്യപുരി നോര്‍ത്ത് എന്‍ഡ് പോസ്റ്റ് ഓഫീസില്‍ പ്യൂണായി. 2004-ല്‍ റിട്ടയര്‍ ചെയ്തു. പ്യൂണ്‍ ആയതിനുശേഷം സേവനകാലം 10 വര്‍ഷത്തില്‍ താഴെയായതുകൊണ്ട് വാസുവിന് പെന്‍ഷന്‍ ഇല്ല.

1985-ല്‍ ചേര്‍ത്തല പള്ളിപ്പുറം തങ്കപ്പന്റെയും കുഞ്ഞമ്മയുടെയും മകള്‍ മീരയെ വിവാഹം ചെയ്തു. മക്കള്‍: ബിനോയ്, ഹരിപ്രിയ.

വാസുവിന്റെ സാഹിത്യരചനകള്‍ അച്ചടിക്കാനായിട്ടില്ല. കയ്യെഴുത്തുപ്രതിയായിത്തന്നെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

ചെറുകഥകള്‍; നക്ഷത്രങ്ങള്‍ ചൂടിയ പെണ്‍കുട്ടി, വളര്‍ത്തുകിളി തുടങ്ങി 18-ഓളം ചെറുകഥകള്‍.

നോവല്‍: ന്യായവിധി, തേടിയവള്ളി, വളര്‍ത്തുകിളി.

കവിതകള്‍: മുല്ലവള്ളിയോട്, ദക്ഷയാഗം, അയ്യങ്കാളി സ്മൃതി, ഓണപ്പാട്ടുകള്‍, അറിവിന്റെ പൊരുള്‍.

അയ്യന്‍ കാളി
(ഗാനം)
രചന: വാസു പെരുമ്പിള്ളി.

അയ്യന്‍ കാളിക്കൊരു ജയ് വിളിയുണ്ടേ...
അണിയണിയായ് പിന്നില്‍ ഞങ്ങളുണ്ടേ...
അവഗണിക്കപ്പെട്ടോരാദിവര്‍ഗത്തിന്റെ
പോരാളിക്കഭിവാദ്യമുണ്ടേ...(അയ്യന്‍ കാളിക്കൊരു)

വെങ്ങാനൂര്‍ഗ്രാമത്തിന്‍ രോമാഞ്ചമായ്
പ്ലാവറവീട്ടിലെ പൊന്മകനായ്
കാളിയെന്നോമനപ്പേരില്‍ വളര്‍ന്നോരു
ധീരനു ഞങ്ങടെ ഹാരാര്‍പ്പണം ...(അയ്യന്‍ കാളിക്കൊരു)

അധഃകൃതവര്‍ഗത്തിന്നഭിമാനമായ് -പത്തു
ബി. എ ക്കാരുണ്ടാവാന്‍ പ്രയത്‌നിച്ചവന്‍
അടിമത്തച്ചങ്ങല പൊട്ടിക്കാനണികളെ
ആഹ്വാനംചെയ്‌തോരു കര്‍മയോഗി...(അയ്യന്‍ കാളിക്കൊരു)

അയിത്തം കല്പിച്ചകറ്റിയ ഞങ്ങടെ-
ഐക്യത്തിന്നാധാരമയ്യന്‍ കാളി
ആ മഹാത്മാവിനെ ആപാദചൂഡം
വന്ദിച്ചുകൊണ്ടീ പുഷ്പാര്‍ച്ചന...(അയ്യന്‍കാളി)
 

No comments:

Post a Comment