1992-ല്‍ IAS ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ സി ടി സുകുമാരന്‍ കൊല്ലപ്പെട്ടു. തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ കലക്ടറായിരുന്നിട്ടുണ്ട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും, തുടര്‍ന്ന് എറണാകുളത്ത് MPEDA (മറൈന്‍ പ്രോഡക്ട് എക്‌സ്‌പോര്‍ട്ടിങ് ഡവലപ്‌മെന്റ് അതോറിട്ടി) യുടെ ചെയര്‍മാനായിരിക്കുമ്പോഴാണ് സി ടി സുകുമാരന്റ ദാരുണമായ അന്ത്യം.
സ്‌കൂള്‍ വിദ്യാഭ്യാസം മുളന്തുരുത്തിയിലായിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളേജില്‍നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടി.
സുകുമാരന്റെ 'കഴിവു'കള്‍ തിരിച്ചറിയപ്പെട്ടതിന്റെ ഫലമായാണ് എം എ ഇംഗ്ലീഷില്‍ ലാംഗ്വേജില്‍ പ്രശസ്തവിജയം നേടിയ അദ്ദേഹത്തിന് എറണാകുളം സെ. ആല്‍ബര്‍ട്ട്‌സ് കോളേജില്‍ ഇംഗ്ലീഷ് ലക്ചററായി നിയമനം ലഭിച്ചത്. അക്കാലത്ത് ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യാപക നിയമനത്തിന് 'കഴിവു' മാത്രമേ പരിഗണിക്കാറുണ്ടായിരുന്നുള്ളൂ. അങ്ങനെ അവിടെ പ്രഗത്ഭനായ അധ്യാപകന്‍ എന്ന സത്‌പേരുമായി സേവനം തുടരുമ്പോഴാണ് IAS പരീക്ഷയെഴുതി പാസാകുന്നത്.
മരണപ്പെടുന്ന സമയത്ത,് MPEDA യുടെ ചെയര്‍മാനായിരിക്കവെ, വകുപ്പിന്റെ ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമേഷന്‍ കമ്മിറ്റിയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി 27.9.1992-ന് സി ടി സുകുമാരന്‍ മദ്രാസിലേക്ക് പുറപ്പെട്ടു. കൊലചെയ്യപ്പെടുന്ന അന്ന് രാത്രി, റോയല്‍ പേട്ടയിലുള്ള MPEDA യുടെ റെസ്റ്റ് ഹൗസില്‍ തങ്ങി. പിറ്റെ ദിവസം മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ സുകുമാരന്റെ ജഡം താഴെ കാണപ്പെട്ടു. അബദ്ധവശാല്‍ കാല്‍വഴുതി വീഴാന്‍ സാധ്യതയില്ലാത്ത അത്ര ഉയരത്തില്‍ കെട്ടിയതായിരുന്നു, മൂന്നാം നിലയിലെ പാരപ്പെറ്റ് വാള്‍. ആരെങ്കിലും എടുത്തുയര്‍ത്തി മറിച്ചിടാതെ ഒരാള്‍ നിലം പതിക്കാന്‍ സാധ്യതയില്ലെന്ന വിവരം അവിടത്തെ എല്ലാ ടാബ്ലോയിഡുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ കൊലപാതകം അന്വേഷിക്കണമെന്നും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കണമെന്നും ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കേരളത്തില്‍ ഒട്ടുക്ക് പ്രഷോഭണങ്ങള്‍ നടന്നു. പ്രഗത്ഭ ഉദ്യോഗസ്ഥനായ സി ടി സുകുമാരന്റെ കഴിവുകളെപ്പറ്റി നന്നായാറിയാവുന്ന അദ്ദേഹത്തിന്റെ, ആലപ്പുഴയിലേയും എറണാകുളത്തേയും മറ്റും സഹപ്രവര്‍ത്തകര്‍ പ്രക്ഷോഭങ്ങളോട് പൂര്‍ണമായി സഹകരിച്ചു. അതിന്റെ ഫലമായി കേസ് സി ബി ഐ ഏറ്റെടുത്തു. എല്ലാത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് സി ടി സുകുമാരന്റെ അച്ഛന്‍ എം സി തേവനാണ്. അന്വേഷണത്തിനൊടുവില്‍ സുകുമാരന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയ സി ബി ഐ കേസ് എഴുതിത്തള്ളി. അപ്പോഴേക്കും വൃദ്ധനും അവശനുമായിത്തീര്‍ന്ന അച്ഛന്‍ എം സി തേവന്‍ അന്തരിച്ചു. അതിനു മുമ്പ് കേസ് തോല്‍ക്കാന്‍ വേണ്ടി ദലിത് സമുദായത്തെ ഒറ്റിയത് അന്ന് പട്ടികജാതി വികസനവകുപ്പു മന്ത്രിയായിരുന്ന കെ കെ ബാലകൃഷ്ണനാണെന്നും കേസിന് എല്ലാ സഹായവും ചെയ്തു തന്നത് വ്യവസായ വകുപ്പു മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയായാണെന്നും എം സി തേവന്‍ തുറന്നു പറഞ്ഞു. 1998-ല്‍ മരിക്കുന്നതുവരെ എം സി തേവന്‍ കുഞ്ഞാലിക്കുട്ടിയോടുള്ള നന്ദി അനുസ്മരിക്കുമായിരുന്നു.
എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്താണ് സുകുമാരന്റെ അച്ഛന്‍ എം സി തേവന്‍ ജനിച്ചത്. കാഞ്ഞിരമറ്റം റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പാടശേഖരങ്ങള്‍ക്കരികിലെ കീഴോത്തുമലയിലെ പുലയരുടെ കുടുംബമാണ് തേവന്റേത്. ഇവര്‍ ചക്കിഞ്ചാത്ത് ക്രിസ്ത്യന്‍ ജന്മി കുടുംബത്തിലെ അടിയാന്മാരായിരുന്നു. അടിയാളരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്ന അക്കാലത്ത് തേവന് വിദ്യാഭ്യാസം ചെയ്യാന്‍ സാധിച്ചു. കാഞ്ഞിരമറ്റം സെ. ഇംഗ്നേഷ്യസ് ഹൈസ്‌കൂളില്‍ നിന്നും, തേവന്‍ SSLC പാസായി. തൊട്ടടുത്ത ഗ്രാമപ്പഞ്ചായത്തായ മുളന്തുരുത്തിയില്‍ നിന്നും തിരുവാണ്ടയെ വിവാഹം കഴിച്ചശേഷം തേവന്‍ പിന്നീടുള്ള കാലം അവിടെയാണ് പാര്‍ത്തത്. തേവന്റെ തായ് വഴിയിലെ ഒരു കുടുംബം മാത്രമേ ഇപ്പോള്‍ കാഞ്ഞിരമറ്റത്തുള്ളൂ. തേവന്റെ അനുജന്‍ എം സി കുഞ്ഞനും പിന്നീട് മുളന്തുരുത്തിയില്‍ വന്ന് താമസമാക്കി.
തിരുവാണ്ടയും SSLC പാസായ വനിതയാണ്. അക്കാലത്ത് ദലിത് സമുദായത്തില്‍ നിന്ന് SSLC പാസാകുന്ന രണ്ടുവ്യക്തികള്‍ -പിന്നീട് ദമ്പതികള്‍- ഇവരായിരിക്കാം. തേവന് വടക്കന്‍ പറവൂര്‍ കോടതിയില്‍ ആമീനായി നിയമനം ലഭിച്ചു. അതോടെ അദ്ദേഹം 'ആമീന്‍ തേവനാ'യി അറിയപ്പെട്ടു. എറണാകുളത്ത് ശിരസ്തദാറായിരിക്കെ 1986-ല്‍ തേവന്‍ റിട്ടയര്‍ ചെയ്തു. മിഡ് വൈഫറി പാസായ തിരുവാണ്ടയും ആരോഗ്യ വകുപ്പില്‍ അതേ തസ്തികയില്‍ നിയമനം നേടി. അന്ന് വീടുകളില്‍ വന്നാണ് മിഡ് വൈഫുമാര്‍ സേവനം ചെയ്തിരുന്നത്. ഇവരുടെ ബാഗില്‍ ഉപകരണങ്ങള്‍ക്കു പുറമേ അത്യാവശ്യം വേണ്ട മരുന്നുകളും ഉണ്ടാകും. വെള്ളവസ്ത്രം ധരിച്ച്, സുന്ദരിയായ തിരുവാണ്ട ബാഗും തൂക്കി നാട്ടിടവഴിയിലൂടെ തിരക്കിവരുന്നതു കണ്ടാല്‍ പ്രസവം നടക്കേണ്ട വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വലിയ ആശ്വാസമാകുമെന്ന്, തിരുവാണ്ടയുടെ കൈകളിലേക്ക് പിറവികൊണ്ടവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ചുരുക്കം ചില പ്രായമുള്ളവര്‍ ആദരവോടെ ഓര്‍മ്മിക്കുന്നു.
തിരുവാണ്ടയുടെ അച്ഛന്‍ പേങ്ങന്‍, സര്‍ക്കാര്‍ സര്‍വീസില്‍ മുളന്തുരുത്തി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ തോട്ടക്കാരനായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലെത്തുന്ന ആദ്യത്തെ ദലിതന്‍ പേങ്ങനാണ്. (പോള്‍ ചിറക്കരോടിന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഇവിടെയായിരുന്നു. തിരുവല്ലയില്‍ നിന്നും വന്ന്, എടക്കാട്ടു വയലിലുള്ള അമ്മായിയുടെ വീട്ടില്‍ താമസിച്ചാണ് പോള്‍ ചിറക്കരോട് സ്‌കൂളിലെത്തിയിരുന്നത്. വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു അന്ന് ക്ലാസ് ടീച്ചര്‍. വൈലോപ്പിള്ളി പിന്നീട് ഇരിങ്ങാലക്കുട ഗവ: ബോയ് ഹൈസ്‌കൂളിലെത്തി ഹെഡ്മാസ്റ്റര്‍ ആയിരിക്കവെ റിട്ടയര്‍ ചെയ്തു) പേങ്ങന്റെ ഇളയമകള്‍ കെ പി തേവി (പിന്നീട് കെ പി ദേവി) എറണാകുളത്ത് കൊങ്ങിണി (പിന്നീട് പേരുമാറ്റിയ സര്‍ക്കാര്‍ സ്‌കൂളാകാം) സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച് റിട്ടയര്‍ ചെയ്തു. മൂത്തമകന്‍ കെ പി തേവന്‍ തൃശൂര്‍ ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായിരുന്ന് IAS കണ്‍ഫര്‍ ചെയ്തു (പക്ഷെ, സര്‍വീസില്‍ തുടര്‍ന്നില്ല). പേങ്ങന്റെ ഇളയ മകന്‍, കെ പി ഗോപാലന്‍ ഡോക്ടറായിരുന്നു. കോഴിക്കോട് താമസമാക്കി, ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അമ്മാവനായ തേവന്റെ പ്രേരണയും പ്രചോദനവും സി ടി സുകുമാരന്റെ IAS നേട്ടത്തിന് പിന്നിലുണ്ടായിരുന്നു.
തേവനും തിരുവാണ്ടക്കും 6 മക്കളാണ് ഉണ്ടായത്. അതില്‍ 4 ആണും 2 പെണ്ണും. എല്ലാവരും പഠിക്കാന്‍ മിടുക്കന്മാരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൂത്ത മകന്‍ സി ടി വാസു തിരുവനന്തപുരത്ത് MBBS ന് പഠിക്കുമ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ വെച്ച് ആത്മഹത്യ ചെയ്തു. ഇത് അറിഞ്ഞ അമ്മക്കും പെണ്‍മക്കളില്‍ മൂത്തവളായ സി ടി രാധാമണിക്കും മാനസികാഘാതമുണ്ടായി. (സുകുമാരന്റെ കൊലപാതകം ആത്മഹത്യയാണെന്ന് എഴുതിത്തള്ളാന്‍ നിര്‍ണായകമായത് കുടുംബത്തിന് പൊടുന്നനെ ഏറ്റ ഈ മാനസികാഘാതമാണ് എന്ന് പിന്‍മുറക്കാര്‍ വിലയിരുത്തുന്നു). രണ്ടാമത്തെ മകനാണ് സുകുമാരന്‍. മൂന്നാമത്തെ മകളായ രാധാമണി മാത്രം ഉന്നത വിദ്യാഭ്യാസം നേടിയില്ല. ഏഴാം ക്ലാസുവരെ മാത്രം പഠിച്ചിരുന്ന അവര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതാണെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സ്വീകരിക്കുകയുണ്ടായില്ല. രണ്ടാമത്തെ മകനായ സി ടി വിജയന്‍ മാത്രം, പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വിരമിച്ചശേഷം ഇപ്പോള്‍ അല്‍ഷിമേഴ്‌സ് ബാധിതനായി, ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിക്കു സമീപമുള്ള സ്വന്തം വീട്ടില്‍ ജീവിച്ചിരിക്കുന്നു. മൂന്നാമത്തെ മകനായ സി ടി മോഹനന്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഓഫീസ് സൂപ്രണ്ടായിരിക്കെ റിട്ടയര്‍ ചെയ്തശേഷം ഏറെ താമസിക്കാതെ അന്തരിച്ചു. ഇളയമകളായ സി ടി ഇന്ദിര കാനറ ബാങ്കില്‍ ഓഫീസറായിരിക്കെ അസുഖം വന്ന് അന്തരിച്ചു.
ഇന്‍കംടാക്‌സ് അസി.കമ്മീഷണറായി റിട്ടയര്‍ ചെയ്ത, വൈപ്പിന്‍കരയിലെ ഞാറക്കല്‍ കാരന്‍ കൃഷ്ണന്റെ മകള്‍ ഗീതയെയാണ് സുകുമാരന്‍ വിവാഹം ചെയ്തത്. കൃഷ്ണന്റെ ഭാര്യ മുന്നോക്ക സമുദായത്തില്‍ പെട്ടതാണ്. സുകുമാരനും ഗീതക്കും മൃണാളിനി, അഭിഷേക് എന്നീ മകളും മകനുമാണുള്ളത്. ഗീത സര്‍വീസില്‍ ഉണ്ടായിരുന്നില്ല. മകളുടെ വിവാഹം കഴിഞ്ഞു. മകന്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. കുടുംബം എറണാകുളത്ത് ജീവിക്കുന്നു.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റേയും കവി സച്ചിദാനന്ദന്റെയും കെ എന്‍ കുട്ടന്റെയും സമകാലികനും സുഹൃത്തുമായിരുന്നു സി ടി സുകുമാരന്‍. സച്ചി എന്ന പേരില്‍ സച്ചിദാനന്ദനുമായി നിരവധി കത്തിടപാടുകള്‍ സുകുമാരന്‍ നടത്തിയിരുന്നു. ഇവര്‍ മൂന്നുപേരും നില്‍ക്കുന്ന ഫോട്ടോ കുറേനാള്‍ വീട്ടിലുണ്ടായിരുന്നു.
സി ടി സുകുമാരന്റെ ദുരൂഹസാഹചര്യത്തിലുള്ള മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കേരളമൊട്ടുക്ക് സമരപരിപാടികള്‍ നടന്നു. കേരളത്തിലെ പൊതുസമൂഹത്തിന്റെ മൊത്തം പിന്തുണ ലഭിച്ച ഒരു ജനകീയ സമരമായിരുന്നു അത്. അതുകൊണ്ടുതന്നെ, സമരജാഥ ആലപ്പുഴയിലൂടെ നീങ്ങുമ്പോള്‍ കലക്ടറേറ്റിലുള്ള എല്ലാ ജീവനക്കാരും വന്ന് സമരത്തില്‍ പങ്കെടുക്കുകയുണ്ടായി. എറണാകുളത്തെ സഹപ്രവര്‍ത്തകരായിരുന്നവരും ഒന്നടങ്കമാണ് സമരത്തോട് സഹകരിച്ചത്. മരണം ആത്മഹത്യയാണെന്ന് സി ബി ഐ എഴുതിത്തള്ളിയതോടെ സമരം പിന്‍വലിഞ്ഞു. 1998-ലെ, അച്ഛന്‍ തേവന്റെ മരണത്തോടെ എല്ലാം അവസാനിച്ചു.

No comments:
Post a Comment