Search This Blog

Monday, October 26, 2026

ബങ്കിം ചന്ദ്ര ചാറ്റര്‍ജി


 ബാബു ബങ്കിമചന്ദ്രചാറ്റര്‍ജി: ആനന്ദമഠം, വന്ദേമാതരം.


ബംഗാളിലെ കാണ്ടാല്‍പാഡ ഗ്രാമത്തിലെ യാദവചന്ദ്രചതോപാധ്യായന്റെ മകനായി 1838 ജൂണ്‍ 27-ന് ബാബു ബങ്കിം ചന്ദ്രചാറ്റര്‍ജി ജനിച്ചു. അച്ഛന്‍ യാദവചന്ദ്രന്‍ മേദിനീപുരത്തെ കളക്ടറായിരുന്നു.

ബങ്കിമിന് 5 വയസ്സുള്ളപ്പോള്‍ രാമപാണസര്‍ക്കാര്‍ എന്ന ഗുരുവിന്റെ അടുത്ത് എഴുത്തിനിരുത്തി. ബംഗാളിഭാഷയിലെ അക്ഷരമാല മുഴുവന്‍ ബങ്കിം പഠിച്ചു. അതിനുശേഷം ബങ്കിമിനെ മേദിനീപുരത്തുള്ള പാഠശാലയില്‍ ചേര്‍ത്തു. അവിടത്തെ പഠനം കഴിഞ്ഞ് അടുത്തുള്ള ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ക്കപ്പെട്ടു. അസാമാന്യ ബുദ്ധിശക്തിയും ജ്ഞാനതൃഷ്ണയും, ഉത്സാഹശീലവുമുണ്ടായിരുന്ന ബങ്കിമിന് ഇരട്ടക്ലാസ്സ് കയറ്റം കിട്ടിക്കൊണ്ടിരുന്നു. 11-ാമത്ത വയസ്സില്‍ ഹൂഗ്ലി കോളേജില്‍ ചെര്‍ന്നു. പാഠപുസ്തകങ്ങള്‍കൊണ്ട് ബങ്കിമിന്റെ ജിജ്ഞാസ ശമിച്ചില്ല. കോളേജ് വക ഗ്രന്ഥശാലയില്‍നിന്നുമെടുത്തും വിലകൊടുത്തു പുസ്തകങ്ങള്‍ വാങ്ങിയും വിജ്ഞാനതൃഷ്ണയെ ബങ്കിം ശമിപ്പിച്ചുകൊണ്ടിരുന്നു. അന്നത്തെ ഇന്റര്‍മീഡിയറ്റ്, ബി എ എന്നീ കോഴ്‌സുകള്‍ക്ക് തത്തുല്യമായിരുന്ന ജൂനിയര്‍-സീനിയര്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രശസ്തമാംവിധം ബങ്കിം പാസ്സായി.

അന്നത്തെ കുലീനരുടെ നാട്ടുനടപ്പനുസരിച്ച്, പിതാവിന്റെ നിര്‍ബന്ധത്തിനുവഴങ്ങി 11-ാമത്തെ വയസ്സില്‍ ബങ്കിമിന് 7 വയസ്സുള്ള ഒരു ബാലികയെ വിവാഹംചെയ്യേണ്ടതായി വന്നു. 8-9 വര്‍ഷത്തിനുശേഷം ആ ബാലിക മരിച്ചുപോയതിനാല്‍ ബങ്കിം രാജലക്ഷ്മി എന്ന വേറൊരു പണ്‍കുട്ടിയെ വിവാഹം ചെയ്തു.

ഔദ്യോഗിക വിദ്യാഭ്യാസത്തോടൊപ്പം സ്വകാര്യമായി സംസ്‌കൃതം അഭ്യസിച്ച് ബങ്കിം ആ ഭാഷയില്‍ വ്യുത്പത്തിനേടി. ദേശ്യങ്ങളും വിദേശ്യങ്ങളുമായ പുസ്തകങ്ങളും വായിച്ചു ഗ്രഹിച്ച ബങ്കിമിന് കവനകലയില്‍ അഭിരുചി സംജാതമായി. ആദ്യത്തെ വംഗദിനപത്രമായ 'സംവാദപ്രഭാകര'ത്തില്‍ ബങ്കിമിന്റെ ആദ്യത്തെ കവിത അച്ചടിച്ചുവന്നു. ഈശ്വരചന്ദ്രഗുപ്തനും, നാടകകാരനായ ദീനബന്ധുമിത്രനും, ദ്വാരകാനാഥഗുപ്തനും മറ്റുമൊക്കെയായിരുന്നു സംവാദപ്രഭാകരത്തിലെ സഹ എഴുത്തുകാര്‍.

ഈശ്വരചന്ദ്രഗുപ്തനാണ് ബങ്കിമിന്റെ സാഹിത്യഗുരു. അദ്ദേഹം അളവറ്റ പ്രോത്സാഹനമാണ് ബങ്കിമിന് നല്കിയിരുന്നത്. അതിന്റെയൊക്കെ ഫലമായി ബങ്കിമിന്റെ ആദ്യത്തെ കവിതാസമാഹാരം 'ലളിതയും മാനസവും' പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായി. എന്നാല്‍ ബങ്കിമിന് ഗദ്യത്തിലായിരുന്നു ഏറെ താത്പര്യം. ആ വഴിക്കുതിരിയാന്‍ ഈശ്രചന്ദ്രഗുപ്തന്‍ പ്രോത്സാഹിപ്പിച്ചു.

സീനിയര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയിച്ച ബങ്കിം നിയമപഠനത്തിനായി 1858-ല്‍ കല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. അക്കൊല്ലമാണ് കല്‍ക്കത്തയില്‍ ആദ്യമായി സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത്. ബി എ പരീക്ഷ ഏര്‍പ്പെടുത്തിയതും അക്കൊല്ലംതന്നെ. പരീക്ഷക്ക് കേവലം 3-4 മാസമേ മുമ്പിലുണ്ടായിരുന്നുള്ളൂ. എങ്കിലും അക്കൊല്ലം തന്നെ പരീക്ഷയെഴുതിയ ബങ്കിം പ്രശസ്തമായ വിജയം നേടി. ബംഗാളികളുടെ ഇടയിലെ ആദ്യത്തെ ബിരുദധാരിയായി. അടുത്തവര്‍ഷം ബി എല്‍ പരീക്ഷയും പാസ്സായി. അതോടെ ബങ്കിമിന്റെ പാഠശാലാജീവിതം അവസാനിച്ചു.

ബിരുദം നേടുമ്പോള്‍ ബങ്കിമിന് 20 വയസ്സായിരുന്നു പ്രായം. ഡെപ്യൂട്ടി മജിസ്‌ത്രേട്ടായി നിയമനം നല്കി ഗവണ്മെന്റ് അദ്ദേഹത്തിന്റെ യോഗ്യതയെ ആദരിച്ചു. ആ ചെറുപ്രായത്തില്‍ നാട്ടുകാരനായ ഒരാള്‍ക്ക് അത്തരത്തിലൊരു ഉദ്യോഗം നേടാനായത് എല്ലാവരേയും അത്ഭുതപ്പെടുത്തി.

'യശോഹര'ത്തിലായിരുന്നു ആദ്യത്തെ നിയമനം. സുപ്രസിദ്ധ നാടകകാരനായ ദീനബന്ധുമിത്രന്റെ ജന്മനാടായിരുന്നു യശോഹരം. അവിടെവെച്ച് ഇരുവരും കണ്ടുമുട്ടി. അക്കാലത്തുസ്ഥാപിച്ച മൈത്രീബന്ധം അവരുടെ ജീവിതാവസാനംവരെ നിലനില്ക്കുകയും ചെയ്തു.

നാട്ടുകാര്‍ക്ക് ശല്യമായിത്തീര്‍ന്നിരുന്ന അക്രമികളേയും ദൂരദേശത്തുനിന്നും വന്ന് നാട്ടാര്‍ക്ക് ഉപദ്രവങ്ങള്‍ സൃഷ്ടിച്ചവരേയും പിടിച്ചുകൊണ്ടുവന്ന് അവര്‍ക്ക് ശിക്ഷനല്കി ജനജീവിതം ഭീഷണരഹിതമാക്കി.

ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ ആക്ടിംങ് അസിസ്റ്റന്റ് സെക്രട്ടറിയായി ബങ്കിം നിയമിക്കപ്പെട്ടു. ഒരു നാട്ടുകാരനുലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമാന്യപദവിയായിരുന്നു അത്. എന്നാല്‍ മെക്കാളെ സായ്പുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ നിമിത്തം വീണ്ടും ഡെപ്യൂട്ടി കളക്ടറായി ആലിപുരത്തേക്ക് സ്ഥലം മാറ്റുകയുണ്ടായി. 1891-ല്‍ ബങ്കിം പെന്‍ഷന്‍പറ്റി ഉദ്യോഗത്തില്‍നിന്നും പിരിഞ്ഞു. അന്നത്തെ ബംഗാള്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന സര്‍. ചാറല്‍സ് എലിയറ്റ് സര്‍ക്കാരില്‍നിന്നും എന്തെങ്കലും ആനുകൂല്യം ആശിക്കുന്നുണ്ടോ എന്ന് ബങ്കിമിനോട് ചോദിച്ചു. അദ്ദേഹം യാതൊന്നും ആഗ്രഹിക്കുന്നില്ലെന്നു മറുപടി പറഞ്ഞു. 1892-ല്‍ 'റായ് ബഹദൂര്‍' എന്നും 1894-ല്‍ ' സി ഐ ഇ' എന്നുമുള്ള രണ്ട് സ്ഥാനങ്ങള്‍ നവവര്‍ഷബഹുമതികളായി ചക്രവര്‍ത്തിയില്‍നിന്ന് ബങ്കമിന് ലഭിക്കുകയുണ്ടായി.

ബങ്കിമിന്റെ ജീവിതത്തിലെ ഏറിയഭാഗവും ഗവണ്മെന്റിനെ സേവിച്ചിട്ടാണ് കഴിച്ചുകൂട്ടിയതെങ്കിലും, സ്വാതന്ത്ര്യം നശിപ്പിക്കുന്ന ആ ഉദ്യോഗത്തില്‍ അദ്ദേഹത്തിന് വളരെ വറുപ്പുണ്ടായിരുന്നു. നാട്ടുകാരായ യുവാക്കളോട് ഒരിക്കലും ഗവണ്മെന്റുദ്യോഗം സ്വീകരിക്കുവാന്‍ അദ്ദേഹം ഉപദേശിച്ചിരുന്നില്ല. പെന്‍ഷന്‍ പറ്റിയ അവസരത്തില്‍ 'ആവൂ! ഞാനിപ്പോള്‍ സ്വതന്ത്രനായി' എന്ന് അദ്ദേഹം തന്നെത്താന്‍ പറഞ്ഞുപോയി.

ബങ്കിമിന്റെ കാലത്ത് വംഗസാഹിത്യത്തിന്റെ സ്ഥിതി അത്യന്തം ദയനീയമായിരുന്നു. ഉത്തമമെന്നു പറയാവുന്ന ഒരു ഗ്രന്ഥമോ, നല്ലനിലയില്‍ നടത്തപ്പെടുന്ന ഒരു പത്രമോ ബംഗാളിയില്‍ ഉണ്ടായിരുന്നില്ല. പണ്ഡിതരായ കവികള്‍പോലും കവിതായുദ്ധം മുതലായ വിനോദങ്ങളിലേര്‍പ്പെട്ട് തൃപ്തിപ്പെടുകയായിരുന്നു. പദ്യത്തേക്കാള്‍ മോശമായിരുന്നു ഗദ്യത്തിന്റെ സ്ഥിതി.

മാതൃഭാഷാ പോഷണത്തോടൊപ്പം ജനങ്ങളുടെ ഇടയില്‍ ഗ്രന്ഥപാരായണത്തിനുള്ള അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനുമായി വിനോദരൂപേണ വിജ്ഞാനവിതരണം എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ബങ്കിം സാഹിത്യരചയില്‍ ഏര്‍പ്പെട്ടു.

1865-ല്‍ ആദ്യത്തെ ആഖ്യായികയായ 'ദുര്‍ഗ്ഗേശനന്ദിനി' പുറത്തുവന്നു. 1867-ല്‍ 'കപാലകുണ്ഡല' പ്രസിദ്ധീകരിച്ചു. 1869-ല്‍ മൂന്നാമത്ത നോവല്‍ 'മൃണാളിനി' പ്രസിദ്ധപ്പെടുത്തി.

തുടര്‍ന്ന് രാഷ്ട്രീയനോവലായ 'ആനന്ദമഠം'(1882). പുറത്തിറക്കി. ഈ നോവലിലാണ് 'വന്ദേമാതരം' ഗാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതേ കാഴ്ചപ്പാടോടുകൂടി രചിച്ച നോവലുകളാണ് 'ദേവീചൗധുറാണി' (1884) 'സീതാരാമന്‍' (1887) എന്നിവ.

1885 ഡിസംബര്‍ 28-ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രൂപീകരിച്ചകാലംതൊട്ട് അവര്‍ സമ്മേളത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചിരുന്നു. 1911-ലെ 28-ാം വാര്‍ഷികം കല്‍ക്കട്ടയില്‍വെച്ച് നടന്നപ്പോഴും പതിവുപോലെ ഒന്നാം ദിവസം വന്ദേമാതര ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 27-12-1911 -ലെ രണ്ടാംദിവസം രവീന്ദ്രനാഥ ടാഗോറിന്റെ 'ജനഗണമന'യാണ് ആലപിക്കപ്പെട്ടത്.

സമുദായാഖ്യായികളാണ് തുടര്‍ന്നു രചിച്ച 'വിഷവൃക്ഷം' (1873), ചരിത്രാഖ്യായികയായ 'രാജസിംഹന്‍'(1882), ദുര്‍ഗേശനന്ദിനി (1865) ചന്ദ്രശേഖരന്‍ (1875), കൃഷ്ണകാന്തന്റെ മരണപത്രം (1878), രജനി (1877) തുടങ്ങിയവ.

ഇവയില്‍ വിഷവൃക്ഷം, സമുദായപരിഷ്‌കര്‍ത്താവായ ഈശ്വരചന്ദ്രവിദ്യാസാഗര്‍ നടപ്പാക്കിയ വിധവാവിവാഹപ്രസ്ഥാനത്തിന്റെ ദോഷവശങ്ങളെ പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇന്ദിര (1873), രാധാറാണി (1876), യുഗളാംഗുലീയകം (1874), എന്നിവ കഥാഗ്രന്ഥങ്ങളാണ്.

ധര്‍മ്മതത്വം (1888), കൃഷ്ണചരിതം (1886) എന്നിവ മത-തത്വവിജ്ഞാനീയങ്ങളാണ്.

ഭവഭൂതിയും ഉത്തരരാമചരിതവും -നിരൂപണലേഖനം.

ജ്ഞാനം, സാംഖ്യദര്‍ശനം -പ്രബന്ധങ്ങള്‍.

ഭാരതവര്‍ഷത്തിന്റെ സ്വാതന്ത്ര്യം, പ്രാചീനഭാരതത്തിലെ രാജനീതി, ഭാരതകളങ്കം -ചരിത്രവിജ്ഞാനീയങ്ങളത്രെ.

കമലാകാന്തന്‍ (1885), ലോകരഹസ്യം (1874) -വിനോദം.

രാജമോഹനന്റെ ഭാര്യ, ഒരു ഹിന്ദുയുവാവിന്റെ വീരകഥകള്‍, -ഇംഗ്ലീഷ് കവിതകള്‍.

1872-ല്‍ വംഗദര്‍ശനം പത്രഗ്രന്ഥം.


1894 ഏപ്രില്‍ 8-ന് തന്റെ 56-ാം വയസ്സില്‍ മരിച്ചു.

ശരല്‍കുമാരി, നീലാബ്ജകുമാരി, ഉല്‍പലകുമാരി എന്നിങ്ങനെ 3 പെണ്‍മക്കളാണുണ്ടായിരുന്നത്. ഉല്‍പലകുമാരി ബങ്കിം ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചുപോയിരുന്നു.

ഇംഗ്ലീഷ്, ജര്‍മ്മന്‍ തുടങ്ങിയ പാശ്ചാത്യഭാഷകളിലും പൗരസ്ത്യഭാഷകളിലും അദ്ദേഹത്തിന്റെ ആഖ്യായികകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


വന്ദേമാതരഗാനം

വന്ദേ മാതരം, വന്ദേ മാതരം
സുജലാം സുഫലാം മലയജശീതളാം,
സസ്യശ്യാമളാം, മാതരം!
വന്ദേ മാതരം, വന്ദേ മാതരം
ശുഭ്രജ്യോത്സ്‌നാപുളകിതയാമിനീം
ഫുല്ലകുസുമിതദ്രുമദളശോഭിനീം
സുഹാസിനീം, സുമധുരഭാഷിണീം
സുഖദാം, വരദാം, മാതരം!
വന്ദേ മാതരം!

സപ്തകോടികണ്ഠകളകള നിനാദേനിരാലേ
ദ്വിസപ്തകോടിഭുജൈര്‍ദൃതകരകരവാളെ?
കേ ബലേ മാ, തുമി അബലേ?
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
വന്ദേമാതരം.

തുമി വിദ്യാതുമി ധര്‍മ്മ
തുമി ഹൃദി തുമി മര്‍മ്മ-
ത്വംഹിപ്രാണാഃ ശരീരേ ശരീരേ
ബാഹുതേ തുമി മാ ശക്തി
ഹൃദയേ തുമി മാ ഭക്തി
തോമാര ഈ പ്രതിമാഗന്ധി മന്ദിരേ മന്ദിരേ
ത്വം ഹി ദുര്‍ഗ്ഗാദശപ്രഹരണ ധാരിണീം
കമലാ കമലദളവിഹാരിണീം
വാണീവിദ്യാദായിനീം നമാമിത്വാം!

ശ്യാമളാം, സരളാം
സുസ്മിതാം ഭൂഷിതാം ധരിണീം, ഭാരിണീം മാതരം
വന്ദേ മാതരം!

ശ്യാമളാം സരളാം
സുസ്മിതാം ഭൂഷിതാം ധരിണീം ഭാരിണീം-
മാതരം വന്ദേ മാതരം!

No comments:

Post a Comment