സാധാരണക്കാരുടെ വികാരംമുള്ക്കൊണ്ട് അവരുടെ വിമോചനത്തിനായി തൂലിക ചലിപ്പിച്ച മഹാകവിയാണ് വയലാര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാമവര്‍മ. കമ്മ്യൂണിസ്റ്റുകാരനല്ലെങ്കിലും വയലാറിലെ നരവേട്ട അതിലേക്ക് അടുപ്പിച്ചു. 'തന്റെ ഗ്രാമത്തില്‍ നടന്ന സമരത്തില്‍ തൊഴിലാളികള്‍ നയിച്ച ധീരതയാണ് തന്റെ കാവ്യകലയുടെ ആത്മാവ്'.
രാജകീയ സാഹചര്യങ്ങളിലും പാരമ്പര്യങ്ങളിലും ജനിച്ചുവളര്‍ന്നു ഈ കവിയാണ് രാമവര്‍മ.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍, വെള്ളാരപ്പള്ളി കേരളവര്മ്യുടേയും രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച് 25-ന് പിറന്ന രാമവര്‍മ്മയാണ് വയലാര്‍ എന്ന പേരില്‍ പ്രസിദ്ധനായ കവി.
വിവാഹിതയായതിനുശേഷം 12 വര്‍ഷം കാത്തിരുന്നാണ് അംബാലികത്തമ്പുരാട്ടി രാമവര്‍മക്ക് ജന്മമേകുന്നത്. ഗര്‍ഭപാത്രത്തിലെ രോഗം പ്രശ്നമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സകൊണ്ട് പരിപൂര്‍ണമായ രോഗശാന്തിയായി. വയലാര്‍ ജനിക്കുമ്പോള്‍ അമ്മക്ക് വയസസ് 33. കുട്ടന് എന്ന ഓമനപ്പേരിലാണ് വയലാറിനെ വിളിച്ചിരുന്നത്. കുട്ടന് മൂന്നര വയസ്സുള്ളപ്പോള്‍ അച്ഛന് മരിച്ചു. മരുമക്കത്തായസമ്പ്രദായമനുസരിച്ച് അമ്മാവന് കേരളവര്‍മ കുടുംബനാഥനായി. അമ്മാവന്റെ ഗൃഹഭരണം വയലാറിന് രക്ഷാകര്തൃത്വമായില്ല. ഒരു ഷര്‍ട്ടുപോലും അമ്മാവന് വയലാറിന് വാങ്ങിക്കൊടുക്കുമായിരുന്നില്ല. ആണ്ടില്‍ രണ്ട് പുടവ അമ്മാവന് അമ്മക്ക് വാങ്ങിക്കൊടുക്കുമായിരുന്നു. സഹോദരനറിയാതെ അംബാലികത്തമ്പുരാട്ടി പുടവയുടെ ഒരു ഭാഗത്തുനിന്നും കുറേ തുണി കീറിയെടുത്ത് ഓമനമകന് ഷര്‍ട്ട് തയ്പിച്ചുകൊടുക്കും.
വയലാറിന്റെ സര്ഗപ്രവണതയോട് അമ്മാവന് പുച്ഛമായിരുന്നു. കുമാരനാശാന് താഴ്ന്നജാതിക്കാരനായതുകൊണ്ട് അയാളുടെ കവിതകള്‍ വായിക്കരുതെന്നു അമ്മാവന് വിലക്കി.
മനസ്സില്ലാ മനസ്സോടെയങ്കിലും വയലാര്‍ വിദ്യഭ്യാസം ചെയ്യുന്നതിന് അമ്മാവന് തടസ്സം നിന്നില്ല. ഗുരുകുല സമ്പ്രദായത്തിലാണ് കവി വിദ്യാഭ്യാസം ആരംഭിച്ചത്. ചേര്‍ത്തല സംസ്കൃത സ്കൂളിലും തുടര്‍ന്ന് ഇംഗ്ലീഷ് ഹൈസ്കൂളിലും വിദ്യാഭ്യാസം ചെയ്തു. ഹൈസ്കൂള്‍ പഠനകാലത്തുതന്നെ രചന ആരംഭിച്ചു. 1948-ല്‍ ഗാന്ധിജിയെപ്പറ്റി രചിച്ച എട്ടുകവിതകളുടെ സമാഹാരമായ 'പാദമുദ്ര'യാണ് ആദ്യത്തെ കൃതി.
യൗവനാരംഭം മുതല്ക്കേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. സാമൂഹിക-സാംസ്കാരിക പുരോഗമന പ്രസ്ഥാനങ്ങളുടെ വക്താവും പ്രണേതാവുമായിരുന്ന അദ്ദേഹം 1956-ല്‍ ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവന്നു. 'കൂടെപ്പിറപ്പ്' ആയിരുന്നു ആദ്യത്തെ സിനിമ. അത് ഗാനസാഹിത്യത്തിന്റെ സുവര്ണദശയുടെയും ആരംഭമായിരുന്നു.
നിരവധി മാഹാ കവിതകള്‍ രചിച്ച കാലത്തുതന്നെ തന്റെ സര്‍ഗപ്രതിഭയും ഭാവനയും അദ്ദേഹം ചലച്ചിത്ര ഗാനങ്ങളിലേക്ക് തിരിച്ചുവിട്ടു. അങ്ങനെ ചലചിത്രങ്ങള്‍ക്ക് പുതിയൊരു മാനം കൈവന്നു. തനിക്കു ലഭിക്കുന്ന കഥയിലെ ഒരു പ്രത്യേക നിമിഷത്തിന്റെ വികാരത്തെ, ഇതിഹാസങ്ങളും പുരാണകഥകളും പാടിപ്പതിഞ്ഞ നാടന്‍ പാട്ടുകളും ലയിപ്പിച്ച് കവിതയാക്കി, ഭാവഗാനമാക്കി, ശാശ്വതമാക്കിത്തീര്ക്കുന്നതിനുള്ള കഴിവ് ഒരു ഗാനരചയിതാവെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
വിശ്വാസപ്രമാണം പിന്തുടരുന്ന കാര്യത്തില്‍ വയലാര്‍ നാസ്തികനായിരുന്നു. അത്തരത്തിലുള്ളൊരാള്‍ എങ്ങിനെയാണ് ചെത്തിമന്ദാരവും, ശരണമയ്യപ്പ സ്വാമീ ശരണമയ്യപ്പയുമൊക്കെ എഴുതുന്നതെന്ന സുഹൃത്തുക്കളുടെ ചേദ്യത്തിന് 'പാട്ടെഴുത്ത് എന്റെ ജീവിതമാര്‍ഗ'മെന്നായിരുന്നു വയലാറിന്റ മറുപടി.
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ആഘോഷവേളയില്‍ ആലപിക്കുന്നതിലേക്കായി 'ബലികുടീരങ്ങളേ' എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടാണ് വയലാറും സംഗീതസംവിധായകനായ ദേവരാജനും ആദ്യമായി ഒന്നിക്കുന്നത്.
തമിഴ് കവിയായ കണ്ണദാസന്റേയും നിരൂപകന് വി എ കെ ശങ്കരറാവുവിന്റേയും അഭിപ്രായത്തില്‍ വയലാര്‍ രാമവര്‍മ്മയാണ് ഇന്ത്യയിലെ ഏറ്റവും ഉത്തമനായ ഗാനചയിതാവ്. വയലാര്‍-ദേവരാജന്‍ ടീമിനെ മറികടക്കുന്ന ഒരു ടീം ഇന്ത്യയില്‍ ഇല്ലെന്നും റാവു രേഖപ്പെടുത്തുന്നുണ്ട്.
223 ചിത്രങ്ങള്‍ക്ക്. വയലാര്‍ ഗാനരചന നടത്തി. ഇതില്‍ 132 എണ്ണം ദേവരാജന്‍ മാസ്റ്ററാണ് ഈണം പകര്‍ന്നവയാണ്. 1959-ല്‍ ജെ ഡി തോട്ടന് സംവിധാനം ചെയ്ത 'ചതുരംഗം' ആണ് ഈ ടീമിന്റെ ആദ്യചിത്രം.
1961-ലെ സാഹിത്യ അക്കാദമി പുരസ്കാരം, വയലാറിന്റെ 'സര്‍ഗ്ഗസംഗീതം' എന്ന ഗ്രന്ഥത്തിനായിരുന്നു. ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നാലു തവണയും ദേശീയപുരസ്കാരം -രാഷ്ട്രപതിയില്‍നിന്നുള്ള സുവര്‍ണമുദ്ര 1974-ലും വയലാറിന് ലഭിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് ആഭിമുഖ്യവും അമ്മ എന്ന വികാരവും വയലാറിലെ കവിയുടെ സ്വാധീനഘടകങ്ങളാണ്. അമ്മ അംബാലികത്തമ്പുരാട്ടി ഭക്തയായിരുന്നു. മാത്രമല്ല വീട്ടുവളപ്പിലുള്ള ക്ഷേത്രത്തില്‍ അമ്മ എന്നും മുടങ്ങാതെ വിളക്കുവക്കുകയും ചെയ്തിരുന്നു. കേരളത്തിലെ, മാനും മഴുവുമുള്ള രണ്ടു ക്ഷേത്രങ്ങളിലൊന്നാണ് രാഘവന്പറമ്പുകോവിലകത്തുള്ള ഈ ക്ഷേത്രം. മറ്റൊന്ന് കടപ്പാട്ടൂര്‍ ക്ഷേത്രമാണ്.
1956-ല്‍ അംബാലികത്തമ്പുരാട്ടിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു. ജി ശങ്കരക്കുറുപ്പ്, മുണ്ടശ്ശേരി തുടങ്ങി കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരും രാഷ്ട്രീയപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. അമ്മയുടെ വലിയൊരു ചിത്രം ശങ്കരക്കുറുപ്പ് അനാഛാദനം ചെയ്തു. കെ ആര് ഗൗരി, വയലാര്‍ സമരത്തിലെ പ്രധാന സേനാനിയും സി കെ ചന്ദ്രപ്പന് എം പി യുടെ അച്ഛനുമായ കുമാരപ്പണിക്കും ചേര്‍ന്നാണ് പിറന്നാള്‍ സദ്യ വിളമ്പിയത്.
അതേവര്‍ഷം (1956) ഡിസംബറില്‍ ഡെല്ഹിയില്വെച്ചുനടന്ന ഏഷ്യന്‍ റൈറ്റേഴ്സ് ഫോറത്തില്‍ പങ്കെടുത്തു. 1959-ല്‍ ആ അനുഭവക്കുറിപ്പുകള്‍ 'പുരുഷാന്തരങ്ങളിലൂടെ..' എന്ന ശീര്‍ഷകത്തില്‍ പുസ്തകമാക്കി. 'ദില്ലിയിലൂടെ സഞ്ചരിക്കുമ്പോള്‍, പുരുഷാന്തരങ്ങളിലൂടെ യാത്രചെയ്യുന്ന ഒരനുഭവമാണുണ്ടാവുക! അത്രയേറെ ചരിത്രസംഭവങ്ങള്‍ കണ്ടിട്ടുള്ള മറ്റൊരു നഗരം ഇന്ത്യയിലുണ്ടോ എന്നു സംശയമാണ്. ഇതിന്റെ വല്ലകോണുകളിലേക്കും വെളിച്ചം വീഴിക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടോ? അതു നിങ്ങളാണ് പറയേണ്ടത്'-രാമവര്‍മ പുസ്തകത്തില്‍ കുറിച്ചു.
1975 ഒക്ടോബര്‍ 27-ാം തീയതി ചരിത്രപ്രസിദ്ധമായ വയലാര്‍ രക്തസാക്ഷിദിനത്തില്‍ വയലാര്‍ രാമവര്‍മ കഥാവശേഷനായി.
കലശലായ ഉദരരോഗം പിടിപെട്ടിരുന്നു. ചേര്‍ത്തല മിഷന് ആശുപത്രിയില്‍ ഡോ. ശങ്കര്‍ റാമിന്റെ ചികിത്സ ഫലപ്രദമായിരുന്നില്ല. ടി വി തോമസിന്റെ നിര്‍ദ്ദേശപ്രകാരം വയലാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുണ്ടായി. കെ എസ് ചെല്ലപ്പനും കൗമുദി ബാലകൃഷ്ണനും ദിവ്യന് കൃഷ്ണന്‍നായരും സഹായിക്കാന്‍ ഒപ്പം നിന്നു. സദാശിവന് എന്നു പേരായ ഒരു യുവാവിനെ വലയാറിനെ സഹായിക്കാന്‍ ലോക്കല്‍ കമ്മറ്റി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ നിര്‍ണായകഘട്ടം വന്നപ്പോള്‍ സദാശിവന് മുങ്ങുകയാണുണ്ടായതെന്ന് എക്സ്പ്രസ്സ് മലയാളം വാരികയിലെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ കെ എസ് ചെല്ലപ്പന് വെളിപ്പെടുത്തുന്നു.
അമ്മയുടെ വാക്കുകള്‍ വി ബി സി നായര്‍ അനുസ്മരിച്ചു. '17-ാം വയസ്സിലാണ് കുട്ടന് ആദ്യമായി മദ്യപിക്കുന്നത്. ചാരായമാണ് കുടിച്ചത്. ചേര്‍ത്തലയിലെ ആയില്യം പടയണിക്ക്. പ്രാക്കുളം ഭാസിയും കൂടെ ചേര്‍ന്നു'.
1951-ല്‍ പുത്തന്‍കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയെ വയലാര്‍ വിവാഹംചെയ്തു. ആ ബന്ധത്തില്‍ കുട്ടികളുണ്ടായിരുന്നില്ല. 1957-ല്‍ ഭാരതി തമ്പുരാട്ടിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ പിറന്ന മകനാണ് ശ്രദ്ധേയ കവി വയലാര്‍ ശരശ്ചന്ദ്രവര്മ. ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ് മറ്റ് മക്കള്‍.
ചലച്ചിത്ര ഗാനരചനയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍;
1948-ല്‍ പാദമുദ്രകള്‍, 1950-ല്‍ കൊന്തയും പൂണൂലും, 1954-ആയിഷ, 1955-ല്‍ എനിക്കുമരണമില്ല, മുളങ്കാട്, ഒരു ജൂദാസ് ജനിക്കുന്നു. 1956-രക്തം കലര്‍ന്ന മണ്ണ്. 1947-എന്റെ മാറ്റൊലിക്കവിതകള്‍. 1961-സര്‍ഗസംഗീതം.
മറ്റുള്ളവ;
1957-എന്റെ മാറ്റൊലി കവിതകള്‍
1961-സര്‍ഗസംഗീതം
1965-പുരുഷാന്തരങ്ങളിലൂടെ.
1985-കുപ്പിച്ചില്ലും റോസാദളങ്ങളും
1976-വയലാര്‍ കൃതികള്‍ കവിതയും ഗാനങ്ങളും എസ് പി സി എസ്, കോട്ടയം.
1986-വയലാര്‍ കവിതകള്‍ എസ് പി സി എസ്, കോട്ടയം.
1987-വെട്ടും തിരുത്തും, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
തുടക്കത്തില്‍ 'ജനാധിപത്യം' എന്ന വാരികയുടെ പത്രാധിപര്‍.

No comments:
Post a Comment