Search This Blog

Tuesday, October 13, 2026

തലപ്പാള കേശവന്‍


 വേടന്‍ സമുദായത്തിലെ സമരനായകന്‍

വേടന്‍ സമുദായത്തില്‍ ജനിച്ച് തന്റെ ജനതക്ക് അടിസ്ഥാന അവകാശങ്ങളായ വിദ്യാഭ്യാസം, ഭൂമി എന്നിവ നേടിയടുക്കുന്നതിനായി ത്യാഗോജ്വല സമരം നയിച്ചതിലൂടെ ചരിത്രപുരുഷനായ മഹാത്മാവാണ്, തലപ്പാള കേശവന്‍. അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്, 1966-ല്‍ തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച വെട്ടിയാര്‍ പ്രേംനാഥിന്റെ 'കേരളത്തിലെ അടിമകള്‍' എന്ന ഗ്രന്ഥത്തിലാണ്. അതില്‍ കേശവന്‍ നയിച്ച ചേത്തക്കല്‍ ഭൂഅവകാശ സമരത്തെക്കുറിച്ചുള്ള വിവരണം-

'ഉദ്ദേശം ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇവരുടെ കൂട്ടത്തില്‍ സ്‌കൂള്‍ ഫൈനല്‍ പാസായ ശ്രീ. കേശവനെ തിരുവിതാംകൂറിലെ എല്ലാ പ്രമുഖവ്യക്തികള്‍ക്കും നേരിട്ടറിയാവുന്നതാണ്. മരവുരിയുമുടുത്ത് തൊപ്പിപ്പാളയും ധരിച്ച് അമ്പും വില്ലുമായി തങ്ങളുടെ സ്വന്തക്കാരോടൊപ്പം തങ്ങള്‍ അനുഭവിക്കുന്ന ദയനീയമായ ചില സംഭവപരമ്പരകളെപ്പറ്റി കരളലിയിപ്പിക്കുന്ന കഥകളുമായി കുടിലുതൊട്ടു കൊട്ടാരംവരെ കയറിയിറങ്ങി നൂറ്റിഒന്ന് പാവപ്പെട്ട വേടന്മാരുടെ ചെറ്റക്കുടിലുകള്‍ (ചേത്തക്കല്‍ എന്ന പ്രദേശത്ത്) വനം കയ്യേറ്റക്കാര്‍ തീവെച്ചു. വേടത്തികളെ നട്ടുച്ചക്ക് നടുറോട്ടിലിട്ട് മാനഭംഗപ്പെടുത്തി! ചോരയും നീരുമുള്ള വേടന്മാരെ തല്ലിക്കൊന്നു. (Destroyed Palappurakal) എന്ന പുതിയപേരു സ്വീകരിച്ചു തന്റേയും തന്റെ വര്‍ഗക്കാരുടേയും ദീനദയനീയരോദനം നാട്ടുകാരെ അറിയിപ്പിക്കുന്നതിനായി, വിദ്യാസമ്പന്നനായിരുന്നെങ്കിലും തന്റെ വര്‍ഗ്ഗത്തിന്റെ നാറുന്ന വേഷവുമായ് നാടുനീളെ നടന്നു ബലഹീനരായ, കാട്ടുജാതിക്കാരായ അവരുടെ രക്ഷക്കായി അവകാശങ്ങള്‍ക്കായി ആരും ആരും തയാറായില്ല. കേശവനും കാട്ടിലോടിയൊളിച്ചു'.

വെട്ടിയാര്‍ പ്രേംനാഥ് രേഖപ്പെടുത്തുന്ന മറ്റൊരു യാഥാര്‍ത്ഥ്യം, അക്കാലത്ത് വേടരെ പട്ടികജാതിയിലോ, വര്‍ഗത്തിലേ ഉള്‍പ്പെടുത്തിയിരുന്നല്ലെന്നാണ്. അവര്‍ കാട്ടുജാതിക്കാരായി മാത്രം പരിഗണക്കപ്പെട്ടു. എന്നാല്‍ കാട്ടിലെ യാതൊന്നിലും അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. നാട്ടിലല്ലാത്തതുകൊണ്ട് കൃഷിഭൂമിയും അവര്‍ക്ക് ലഭ്യമായിരുന്നില്ല.

1988 മാര്‍ച്ച് 27-ന് റാന്നി താലൂക്കിലെ ഉതിമൂടിലുള്ള ചൂരവേലില്‍ വീട്ടില്‍ വേലായുധനും ളേച്ചിക്കും പിറന്ന മകനാണ് കേശവന്‍. കേശവന് താഴെ പൊടിയന്‍ എന്ന സഹോദരനും തങ്കമ്മ എന്ന സഹോദരിയുമുണ്ട്. അച്ഛന്‍ വേലായുധന്റെ രണ്ടാം വിവാഹത്തില്‍ മറ്റൊരു സഹോദരനുമുണ്ട് -ചെല്ലപ്പന്‍.

അച്ഛന്‍ വേലായുധന്റെ വീട് പുതുശ്ശേരി മലയിലായിരുന്നു. കുടുംബം തുമ്പമണ്‍ എന്ന സ്ഥലത്തെ ഒരു നായര്‍ പ്രമാണിയുടെ അടിമവേലക്കാരായിരുന്നു. ഒരു ദിവസം ഒരു നായര്‍ പ്രമാണി വേലായുധനെ മക്കള്‍ നോക്കിനില്‌ക്കെ ചെളിയില്‍ ചവിട്ടിത്താഴ്ത്തി കൊന്നു...! ആ സംഭവത്തിനുശേഷം കുടുംബം ശിഥിലമായി. ചിതറിയവര്‍ നാരങ്ങാനം, കോന്നി, എന്നിവിടങ്ങളിലായി ചെന്നുപറ്റി. മണ്ണാരക്കുളഞ്ഞിയില്‍ ഒരു അമ്മാവന്റെ വീട്ടിലത്തപ്പെട്ട കേശവനെ അദ്ദേഹം സംരക്ഷിച്ചു.

തുമ്പമണ്‍ എല്‍ പി എസ് ല്‍ കേശവന് വിദ്യാഭ്യാസം ചെയ്യാന്‍ അവസരം ലഭിച്ചു. ഒരു ക്രിസ്ത്യന്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളായിരുന്നു അത്. അവിടെനിന്നും ഏഴാംക്ലാസ് പാസാകുമ്പോള്‍ ആദ്യമായി വിദ്യാഭ്യാസയോഗ്യത നേടുന്ന ആദ്യത്തെ ആദിവാസിയുമായിത്തീര്‍ന്നു തലപ്പാള കേശവന്‍.

കേശവന് ആദ്യമായി ഒരു ജീവചരിത്രപുസ്തകം ഉണ്ടാകുന്നത് 2021-ലാണ്. വര്‍ക്കല രവി രചിച്ച 'മഹാത്മാ തലപ്പാള കേശവന്‍' എന്നതാണ് പുസ്തകം. ചേത്തക്കള്‍ ഭൂഅവകാശ സമരത്തെക്കുറിച്ച് വര്‍ക്കല രവി മറ്റൊരു പ്രകാരത്തിലാണ് വിവരിക്കുന്നത്. ചെല്ലക്കോടുനിന്നും കടമുരുട്ടിയിലേക്കുള്ള വലിയപാതക്കുസമീപം വലിയൊരു ഗുഹനിര്‍മിച്ച് ്അതില്‍ പാര്‍ത്തുവന്നു. ക്രമേണ പത്തോളം കുടുംബങ്ങളെ അതില്‍ പാര്‍പ്പിക്കുകയും ചെയ്തു. പാളകൊണ്ടുള്ള ഇരുപതോളം വീടുകളാണ് അതില്‍ തീര്‍ത്തിരുന്നത്. അതോടൊപ്പം പാളപ്പുര കമ്മറ്റിയും രൂപീകരിച്ചു. അതില്‍ എന്തോ ഭീകരപ്രവര്‍ത്തനം നടക്കുന്നതായി പൊതുജനം സംശയിച്ചു. അവര്‍ പൊലീസിനെ വിവരമറിയച്ചു. അവരെത്തി കേശവനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായ മര്‍ദ്ദിച്ചു. കേശവന്റെ രണ്ടുപല്ലുകള്‍ അടര്‍ന്നുവീണു. കേശവന്റെ കളക്ടറുടെ അടുത്ത് ഹാജരാക്കി. തനിക്കും തന്റെ ജനതക്കും ഭൂമിയല്‍, കാട്ടിലോ നാട്ടിലോ പാര്‍ക്കാനൊരിടമില്ല, അതിനു പരിഹാരമായാണ് ഞങ്ങള്‍ ഈ പ്രവൃത്തിചെയ്തത് എന്ന കേശവന്‍ കളക്ടര്‍ മുമ്പാകെ മൊഴിനല്കി.

കേശവന്റെ വിശദീകരണം കളക്ടറെ ഇരുത്തി ചിന്തിപ്പിച്ചു. അങ്ങനെയും ഒരു ജനത ഭൂമിയലുണ്ടെന്ന് അദ്ദേഹം അപ്പോഴാണ് അറിയുന്നത്. കളക്ടര്‍ കേശവന്റെ മൊഴിയോട് അനുഭാവം പ്രകടിപ്പിച്ചു. അവിടെയാണ് ചേത്തക്കല്‍ സെറ്റില്‍മെന്റ് കേളനിയുടെ തുടക്കം.

കോന്നി റയിഞ്ചാഫീസ് സമരം എന്ന പേരില്‍ അറിയപ്പെടുന്ന കാക്കത്താനിമല മിച്ചഭൂമി സമരമാണ് കേശവന്‍ നടത്തി വിജയിപ്പിച്ച മറ്റൊരു ഭൂഅവകാശ സമരം. 12 ഏക്കര്‍ വനഭൂമിയാണ് അതിലൂടെ സമരം നടത്തുന്ന ആദിവാസികള്‍ക്ക് ലഭ്യമായത്. വലിയമണ്‍-കൊച്ചുമണ്‍ വനമേഖലയില്‍നിന്നും മലവേടരെ കൂട്ടത്തോടെ ഇറക്കിവിട്ടപ്പോള്‍, കേശവന്‍ അവരെ സംഘടിപ്പിച്ച് തിരികെ കയ്യേറി അവകാശം സ്ഥാപിച്ചു.

ഗുരുനാഥന്‍മണ്ണ് എന്ന ആദിവാസിമേഖലയില്‍ കുട്ടികള്‍ക്കുവേണ്ടി നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് ഈ സ്‌കൂള്‍ ഗവണ്മെന്റ് ഏറ്റെടുത്തു. കട്ടച്ചിറ വനമേഖലയില്‍ രണ്ടാമത്തെ പള്ളിക്കൂടവും ആരംഭിച്ചു. ഇന്ന് ഇത് ഹൈസ്‌കൂളാണ്. അത് ഗവണ്മെന്റ് യു പി എസ് ആയിരുന്നപ്പോള്‍ കേശവന്റെ അനുജനായിരുന്നു ഹെഡ് മാസ്റ്റര്‍. റാന്നി താലൂക്കിലെ കുടമുരുട്ടി, പരുവ, കടുമീന്‍ചിറ, വാറ്റുകുന്ന് എന്നിവിടങ്ങളിലൊക്കെ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു.

തലപ്പാള എന്ന പേരുവന്നത്; വെട്ടിയാര്‍ പ്രേംനാഥ് സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസം ചെയ്ത് പരിഷ്‌കാരിയായൊരാളാണങ്കിലും കേശവന്‍ അവകാശ സമരങ്ങള്‍ക്കായി സഞ്ചരിക്കുമ്പോഴെല്ലാം സമുദായത്തിന്റെ പഴയ വേഷമാണ് ധരിക്കാറുള്ളത്. പത്തനംതിട്ട ജില്ല രൂപീകൃതമായപ്പോള്‍ കളക്ടറെ നേരിട്ടുചെന്നു കണ്ടപ്പോഴും ഈ വേഷത്തില്‍ തന്നെയായിരുന്നു കേശവന്‍. ഒരിക്കല്‍ കോണ്‍ഗ്രസ് നേതാവ് വയലാ ഇടിക്കുളയുടെ സഹായത്താല്‍ ഡെല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രി നെഹ്‌റുവിനെ കണ്ടപ്പോഴും തലപ്പാളയുണ്ടായരുന്നു. നെഹ്‌റു 'തലപ്പാള കേശവന്‍' എന്ന പേര് സ്ഥിരപ്പെടുത്തി.

No comments:

Post a Comment