Search This Blog

Tuesday, October 13, 2026

റാവുബഹദൂര്‍ പി വേലായുധന്‍


 വിദ്യാഭ്യാസവിജയത്തിന്റെ സര്‍വനാമം.


തിരുവിതാംകൂറിലെ ഈഴവരുടെ ഇടയില്‍നിന്നുള്ള ആദ്യത്തെ ബിരുദധാരി. സമ്മാനിതമായ പ്രശസ്തവിജയം, രാജാവിന്റെ മുക്തകണ്ഠമായ പ്രശംസ...! എന്നിട്ടും സ്വന്തം നാട്ടില്‍ ജോലിലഭിച്ചില്ല. സായിപ്പ് നേരിട്ട് ഭരിക്കുന്ന രാജ്യത്തുപോയി കളക്ടറുദ്യോഗം! റാവുബഹദൂര്‍ ബഹുമതി! സാക്ഷാല്‍ ഡോ. പി പല്‍പുവിന്റെ ജ്യേഷ്ഠസഹോദരന്‍ പി വേലു എന്ന വേലായുധന്റെ വിജയഗാഥ...!

തച്ചക്കുടി പല്പുവിന്റേയും നെടുങ്ങോട്ട് മാതപെരുമാളുടേയും മൂത്ത പുത്രനായി വേലു 1957 ഏപ്രില്‍ 24-നു ജനിച്ചു. വേലുവിന് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. പരമേശ്വരന്‍, ഡോ. പല്പു, മാധവന്‍ വൈദ്യര്‍, താണു എന്നിവരാണ് സഹോദരന്മാര്‍.

തന്റെ മക്കളെ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് ഉത്സുകനായിരുന്ന തച്ചക്കുടി പല്പുവിന് അക്കാര്യത്തില്‍ ഏറെ ക്ലേശിക്കേണ്ടിവന്നു. സര്‍ക്കാര്‍ പാഠശാലയിലോ, സര്‍ക്കാര്‍ അംഗീകാരമുള്ള പാഠശാലകളിലോ അന്ന് ഈഴവബാലന്മാരെ പ്രവേശിപ്പിച്ചിരുന്നില്ല. അഞ്ചുതെങ്ങില്‍നിന്ന് ഒരു ആംഗ്ലോ ഇന്ത്യന്‍ മിഷനറിയെ കൊണ്ടുവന്ന് സകല ചെലവും കൊടുത്ത് തച്ചക്കുടി തെക്കതില്‍ താമസിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് തുടങ്ങിയ എഴുത്തുപള്ളിയിലായിരുന്നു ബാലന്മാര്‍ ഇംഗ്ലീഷ് പഠിച്ചുതുടങ്ങിയത്. ഈ എഴുത്തുപള്ളിയില്‍ മറ്റ് കുട്ടികളേയും ചേര്‍ത്ത് താമസിയാതെ അത് പേട്ട ഇംഗ്ലീഷ് സ്‌കൂള്‍ എന്ന അഗീകൃതപാഠശാലയായി ഉയര്‍ന്നു. കുടിപ്പള്ളിക്കൂടത്തിലെ വിദ്യാഭ്യാസം കഴിഞ്ഞ് വേലു റോബര്‍ട്ട്‌സ് സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചു. ഇന്നത്തെ ആയുര്‍വേദകോളേജ് ഇരിക്കുന്ന സ്ഥലത്താണ് റോബര്‍ട്ട്‌സ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്രിസ്തുമതപാഠങ്ങള്‍ നിര്‍ബന്ധിതമായി പഠിപ്പിക്കുന്നതിനുവേണ്ട ഏര്‍പ്പാടുകള്‍ ഗവണ്മെന്റു ചെയ്തുകൊള്ളാമെന്ന വ്യവസ്ഥയില്‍ റോബര്‍ട്ട്‌സ് സ്‌കൂള്‍ ഗവണ്മെന്റ് ഹൈസ്‌കൂളാക്കി ഉയര്‍ത്തി. ഇന്നത്തെ തേഡ്‌ഫോമിന് തുല്യമായ അപ്പര്‍ഫോര്‍ത്ത് ക്ലാസില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ വേലുവിന് ഒരു പ്രൈസ് ലഭിക്കുകയുണ്ടായി. ദാനം നിര്‍വഹിച്ചത് ആയില്യം തിരുനാള്‍ മഹാരാജാവായിരുന്നു. അവിടത്തെ വിജയത്തിനുശേഷം ഉപരിപഠനാര്‍ത്ഥം രാജകീയമഹാപാഠശാലയില്‍ ചേര്‍ന്നു.

ഡോക്ടര്‍ ഹാര്‍വിയും റോസ്സും അവിടെ പ്രിന്‍സിപ്പല്‍മാരായിരുന്നു. ഹൈക്കോടതി ജഡ്ജിയായിരുന്ന മുത്തുനായകംപിള്ള, പേഷ്‌കാരായിരുന്ന ഡോക്ടര്‍ സുബ്രഹ്മണ്യയ്യര്‍, വിദ്യാഭ്യാസഡയറക്ടറായിരുന്ന അയ്യപ്പന്‍പിള്ള എന്നിവര്‍ വേലുവിന്റെ സഹപാഠികളും മിത്രങ്ങളുമായിരുന്നു.

1883-ല്‍ വേലു ബി എ പാസ്സായി. ഈഴവരില്‍ ആദ്യത്തെ ബിരുദധാരി എന്ന വിശേഷണത്തിനും അര്‍ഹനായി. ബിരുദധാരിയെങ്കിലും തനിക്ക് ജീവിതനിര്‍വഹണത്തിനെങ്കിലും സ്വദേശത്ത് ഒരു ജോലി ലഭിക്കില്ലെന്ന് ഒരു കൊല്ലത്തിനകംതന്നെ വേലുവിന് ബോധ്യമായി.

1884 മാര്‍ച്ച്മാസം 9-ാം തിയതി രാത്രി 9 മണിക്ക് അന്യനാട്ടിലെങ്ങാനുംപോയി ഉദ്യോഗം സമ്പാദിക്കാമെന്ന പ്രത്യാശയോടെ, തിരുവനന്തപുരം വള്ളക്കടവില്‍നിന്നും വഞ്ചികയറി. യാത്രയയക്കാന്‍ അച്ഛന്‍ തച്ചക്കുടി പല്പുവും പെരുനെല്ലില്‍ കൃഷ്ണന്‍ വൈദ്യരും കടവിലെത്തിയിരുന്നു.

ആലപ്പുഴ, വൈക്കം, എറണാകുളം, കരൂപ്പടന്ന, തൃശ്ശിവപേരൂര്‍, ചെറുവണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ വഞ്ചിയിലൂടെ താണ്ടിയും കാളവണ്ടി, ജഡ്കാ, ബോട്ട്, ട്രെയിന്‍ എന്നീ വാഹനങ്ങളില്‍ സഞ്ചരിച്ചും വേലു മാര്‍ച്ച് 19-ന് 3 മണിയോടുകൂടി വീയപുരത്തെത്തി. ഒരു കുതിരവണ്ടിയില്‍ കയറി, കോഴിക്കോട്ടെ ഏതെങ്കിലും തീയന്റെ വീട്ടിലെത്തിക്കണമെന്ന് മാത്രം പറഞ്ഞു. കുതിരവണ്ടിക്കാരന്‍ വേലുവിനെ കാട്ടുക്കണ്ടിവട്ടംപൊയില്‍ ചാത്തുക്കുട്ടിവൈദ്യരുടെ വീട്ടിലെത്തിച്ചു. ഏകദേശം പത്തുമാസക്കാലം വൈദ്യരോടൊപ്പം അവിടെ താമസിച്ചു.

അദ്ദേഹത്തിന്റെ സഹായത്താല്‍ കോഴിക്കോട്ടു ബേസില്‍ ജര്‍മന്‍ മിഷന്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി വേലുവിന് ഉദ്യോഗം ലഭിച്ചു. പിന്നീട്, ജില്ലാ കോടതിയില്‍ 15 രൂപാ ശമ്പളത്തിന് ഗുമസ്തനായി നിയമനം നേടാനായി. 1885-ജൂലൈ മാസത്തില്‍ അദ്ദേഹം മദ്രാസ് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫീസില്‍ പ്രതിമാസം 35 രൂപ ശമ്പളത്തില്‍ ഒരു ഗുമസ്തപ്പണി വേലുവിന് തരമാക്കിക്കൊടുത്തു. ഇതിനിടയില്‍ തിരുവിതാംകൂറിലേക്ക് ജോലിക്കായി അപേക്ഷിച്ചെങ്കിലും അവയെല്ലാം നിരസിക്കപ്പെട്ടു.

മദ്രാസിലെ ജോലിയില്‍ ഡെപ്യൂട്ടി കളക്ടറായും തുടര്‍ന്ന് മദ്രാസ് ഗവണ്മെന്റിന്റെ റവന്യൂ സെറ്റില്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറായും ഉയരുവാന്‍ സാധിച്ചു. 1906-ല്‍ മദ്രാസ് ഗവണ്മെന്റ് വേലുവിന് റാവുബഹദൂര്‍ സ്ഥാനം നല്കി ആദരിച്ചു. തിരുവിതാംകൂര്‍ ദിവാന്‍ജിയായിരുന്ന ദിവാന്‍ ബഹദൂര്‍ ടി രാഘവയ്യാ റാവുബഹദൂര്‍ വേലായുധന്റെ കീഴില്‍ റവന്യൂബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു.

സാഹിത്യരംഗത്ത് വേലായുധന്റെ പരിഭാഷകള്‍ ശ്രദ്ധേയമാണ്. Principles of Morality എന്ന ഇംഗ്ലീഷ് ഗ്രന്ഥം 'സദാചാരനിദാനം' എന്ന പേരില്‍ വേലായുധന്‍ പരിഭാഷപ്പെടുത്തി. കേരളവര്‍മ്മ വലിയകേയിത്തമ്പുരാന്‍ പ്രശംസിച്ചു; ' മി. വേലായുധന്റെ ശൈലി ലളിതവും ശാലീനവുമാണ്. ക്ലിഷ്ടത തീരെയില്ല. കൗതുകകരമായ ഒരു പുതുമയുള്ളതും സ്ഥലങ്ങളുടെയും പേരുകള്‍ ഇംഗ്ലീഷിനോടു വളരെ സാമ്യമുള്ളതും സംഗതമായ തരത്തില്‍ അര്‍ത്ഥവ്യാപ്തിയുള്ളതുമായ മലയാളപദങ്ങളിലോട്ടു സംക്രമിപ്പിച്ചിരിക്കുന്നതുമാണ്'.

1881-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി മദ്രാസ് സര്‍വകലാശാലയില്‍ പാഠപുസ്തകമായി തെരഞ്ഞെടുത്തു. പുസ്തകം വിശാഖം തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിക്കപ്പെട്ടു. സമര്‍പ്പണം അംഗീകരിച്ചുകൊണ്ട് രാജാവ് 50 രൂപ പാരിതോഷികമായി അയച്ചുകൊടുത്തു. 1891-ല്‍ Lamp-ന്റെ ഷേക്‌സ്പീയര്‍ കഥകളിലൊന്നായ Pericles Prince of Tyre ' പരിക്ലേശരാജാവിന്റെ കഥ' എന്ന പേരില്‍ പരിഭാഷപ്പെടുത്തി. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പരിഭാഷയെ പ്രശംസിച്ചു. 1898-ല്‍ ജി പി പിള്ള ഇംഗ്ലീഷില്‍ എഴുതിയിരുന്ന 'Representaive Men of Southern India' എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ ആവശ്യപ്രകാരം വേലായുധന്‍ പരിഭാഷപ്പെടുത്തി. സാഹിത്യരംഗത്തെ മികവ് പരിഗണിച്ച് മഹാകവി ഉള്ളൂര്‍ 'കേരള സാഹിത്യചരിത്ര'ത്തില്‍ അര്‍ഹമായ പരിഗണന പി വേലായുധന് നല്കുന്നുണ്ട്.

പത്രപ്രവര്‍ത്തനത്തിലും വേലായുധന്‍ അഭിരുചി പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ കൊച്ചിയില്‍വെച്ച് Western Star പത്രാധിപര്‍ വാക്കറെ (Walker) കാണുകയുണ്ടായി. മലയാളത്തിലെ ആദ്യത്തെ വൃത്താന്തപത്രം എന്നുകാരുതാവുന്ന കോഴിക്കോട്ടെ കേരളപത്രികയുടെ പ്രസിദ്ധീകരണത്തിന് വേലായുധന്‍ അങ്ങനെ കാരണഭൂതനായി. 1884 ഒക്ടോബര്‍ 19-ാം തിയതിയാണ് പത്രം ആരംഭിച്ചത്. വേലായുധനെക്കൂടാതെ, റ്റി എം അപ്പു നെടുങ്ങാടി, ചെങ്കുളത്തു കുഞ്ഞിരാമമേനോന്‍ എന്നിവരും പത്രാധിപന്മാരായിരുന്നു. കോഴിക്കോടുണ്ടായിരുന്ന കാലത്തെല്ലാം കേരളപത്രികയുടെ പ്രസിദ്ധീകരണത്തില്‍ വേലായുധന്‍ ബദ്ധശ്രദ്ധനായിരുന്നു. എന്നാല്‍ ഗുമസ്തപ്പണി കിട്ടിയ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് പത്രവുമായുള്ള ഔദ്യോഗികബന്ധം വേര്‍പെടുത്തേണ്ടിവന്നു.

ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും അത്യധ്വാനംചെയ്ത പി വേലായുന്റെ ആരോഗ്യനില മോശമായി. അനുജന്‍ മാധവന്‍ വൈദ്യര്‍ ശിരോവസ്തി നിര്‍ദ്ദേശിച്ചു. മറ്റൊരനുജനായ പല്പു ശിരോവസ്തി കഴിഞ്ഞയുടനെ ജോലിക്ക് കയറരുതെന്നും വിലക്കിയിരുന്നു. എന്നാല്‍ വേലു അടങ്ങിയിരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല.

കോളേജില്‍ പഠിക്കുന്നകാലത്തുതന്നെ പി വേലു മുട്ടത്തറ എന്ന അഭിജാതകുടുംബത്തിലെ ചെമ്പകക്കുട്ടി എന്ന മഹിളയെ വിവാഹം ചെയ്തു. എന്നാല്‍ ചെമ്പകക്കുട്ടിയുടെ അനാരോഗ്യംനിമിത്തം ബന്ധം വേര്‍പെട്ട്, തലശ്ശേരിയില്‍ കാരായിവീട്ടില്‍ ജാനകിയമ്മയെ വിവാഹംചെയ്തു.

വിദേശത്തുപോയി പഠനം നടത്തിയ ആദ്യത്തെ ഈഴവന്‍ എന്ന് ബഹുമതിക്കപ്പെടുന്ന പി സി ഗോവിന്ദനാണ് പി വേലുവിന്റെ മൂത്തമകളുടെ ജീവിതപങ്കാളി. അദ്ദേഹം പി വേലുവിനെ ഇങ്ങനെ വിലയിരുത്തുന്നു; 'എന്തെല്ലാം ക്ലേശങ്ങള്‍ നേരിടേണ്ടിവന്നാലും നേര്‍വഴിയില്‍നിന്ന് അദ്ദേഹം അല്പവും വ്യതിചലിച്ചിരുന്നില്ല. പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു ആ ജീവിതം. വിദ്യാര്‍ത്ഥിജീവിതവും അതിനപ്പുറവും. സാമുദായികമായ അവശതമൂലം വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാനുണ്ടായിരുന്ന പ്രയാസം ഒരുവശത്ത്. ധനസംബന്ധമായ ദാരിദ്ര്യം മൂലം മാസംതോറും സ്‌കൂള്‍ ഫീസ് കൊടുക്കുന്നതിനുള്ള ഞെരുക്കം മറുവശത്ത്. സഹപാഠികളില്‍ പാമരചിത്തന്മാരുടെ ഈര്‍ഷ്യാകലുഷിതമായ പെരുമാറ്റം. സാധാരണക്കാരനാണെങ്കില്‍ തളര്‍ന്നു വീണുപോകുന്നതായിന്നു ചുറ്റുപാടുകള്‍. റാവുബഹദൂര്‍ വേലായുധനേയും ഡോക്ടര്‍ പല്പുവിനേയും വിദ്യാഭ്യാസം ചെയ്യിപ്പിക്കുതിലേക്ക് അവരുടെ മാതാവിനു'കെട്ടുമിന്നു'പോലും വില്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും പിതാവിനു കടക്കാരനായി സിവില്‍ജയിലില്‍ പോകേണ്ടിവന്നിട്ടുണ്ടെന്നും ഉള്ള വസ്തുത അറിയാവുന്നവര്‍ തുലോം ചുരുങ്ങും'.

No comments:

Post a Comment