Search This Blog

Thursday, October 8, 2026

വെള്ളിക്കര ചോതി

 


പുല്ലാട് സമരനായകന്‍


1855 ജൂണ്‍ 24-ന് തിരുവിതാംകൂറില്‍ അടിമത്തം നിയമപരമായി നിരോധിച്ചുവെങ്കിലും ആചാരപരമായി അത് തുടര്‍ന്നുകൊണ്ടിരുന്നു. അടിമകള്‍ സ്വതന്ത്ര പൗരന്മാരായി ഉയരാതിരിക്കാനുള്ള സവര്‍ണനിര്‍മിത വിലക്കുകളെ അയിത്താചാരം എന്ന് പറയുന്നു. അത് അടിമത്തത്തിന്റെ തുടര്‍ച്ചതന്നെയാണ്.

അന്നത്തെ അയിത്തജാതിക്കാരുടെ ജീവിതം ഏറെ പരിതാപകരമായിരുന്നു. പൊതുവഴിയില്‍ നടക്കരുത്, കുടചൂടരുത്, രാവിലെ 11 മണിക്കുമുമ്പും വൈകുന്നേരം 3 മണിക്ക് ശേഷവും പുറത്തിറങ്ങരുത്! ആ സമയങ്ങളില്‍ അയിത്തജാതിക്കാരുടെ നിഴല്‍ സവര്‍ണരുടെ ശരീരത്തില്‍ പതിക്കാന്‍ പാടുള്ളതല്ല. അതിനാല്‍ ഈ സമയങ്ങളില്‍ പൊതു നടപ്പാത ഉപയോഗിക്കരുത്, കുടിലുകളില്‍ വിലപിടിച്ചതൊന്നും പാടില്ല. നിര്‍ബന്ധമെങ്കില്‍ ആണ്‍പട്ടികളെ വളര്‍ത്താം -അവയെ വന്ധ്യംകരിച്ചിരിക്കണം എന്നുമാത്രം!

ഈ ഏര്‍പ്പാടിന് അന്ത്യംകുറിച്ച പോരാട്ടത്തിന് നേതൃത്വം നല്കിയ മഹാന്റെ പേരാണ് വെള്ളിക്കര ചോതി.

തിരുവല്ലയില്‍ പുറമറ്റത്തുമഠത്തുഭാഗം വെള്ളിക്കര പുള്ളോലിക്കല്‍വീട്ടില്‍ ദൈവത്താന്റേയും അഴകിയുടേയും പുത്രനായി 29-1-1878 ജനിച്ച മത്തായി ആശാനാണ് പിന്നീട് വെള്ളിക്കര ചോതിയായത്.

കുമ്പനാട്-പുറമറ്റം റോഡില്‍ രണ്ടുകിലോമീറ്റര്‍ വടക്കുമാറി വട്ടക്കൊട്ടാല്‍ സ്‌കൂളിന് പടിഞ്ഞാരുവശം പടിഞ്ഞാറെ വെള്ളിക്കരയും കിഴക്കുവശം കിഴക്കേ വെള്ളിക്കരയുമാണ്. കിഴക്കേ വെള്ളിക്കരയിലാണ് പുള്ളോലിക്കല്‍വീട്.

സംസ്‌കൃതം പഠിച്ച ഒരു കണിയാന്‍ അടിമകള്‍ക്ക് രഹസ്യമായി വിദ്യാഭ്യാസം നല്‍കിയിരുന്നു. ഇരവിപേരൂര്‍ ശങ്കരമംഗലം ക്രിസ്ത്യന്‍ ജന്മിമാരുടെ കന്നുകാലിമേച്ചില്‍ക്കാരനായ മണിക്കല്‍ കുമാരന്‍ -പിന്നീട് പൊയ്കയില്‍ അപ്പച്ചന്‍- എന്ന സാംബവബാലന് ലഭിച്ച പുതിയനിയമ വേദപുസ്തകം ലഭ്യമാക്കിയാണ് ചോതി മലയാളം കൂട്ടിവായിക്കാന്‍ പഠിച്ചത്. അതോടെ സുവിശേഷകന്റെ വേലചെയ്യാനുള്ള അവസരവും ചോതിക്ക് കൈവന്നു. അതിനുശേഷം മത്തായി ആശാന്‍ എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

തിരുവല്ലക്കടുത്ത് തുകലശ്ശേരിക്കുന്നില്‍ സ്ഥാപിതമായിരുന്ന മിഷനറി ബംഗ്ലാവിലേക്ക് ആഴ്ചയിലൊരിക്കല്‍ പുറമറ്റത്തുനിന്നും മത്തായിക്ക് എത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ പ്രധാനറോഡിലൂടെ സഞ്ചരിക്കുവാന്‍ അയിത്തജാതിക്കാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അവര്‍ക്കായി നീക്കിവെക്കപ്പെട്ടിരുന്ന വഴിയിലൂടെ 'ഹോയ... ഹോയ്...' വിളിച്ചുവേണം നടക്കേണ്ടിയിരുന്നത്.

തിരുവല്ല-കോഴഞ്ചേരി റോഡിലൂടെ നടക്കുവാനുള്ള അനുമതി ലഭിക്കുന്നതിനായി മിഷറി പ്രവര്‍ത്തകന്‍കൂടിയായ പൊളിറ്റിക്കല്‍ ഏജന്റിനെ മത്തായി സമീപിച്ചു. അനുകൂലമായ സമീപനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായെങ്കിലും ഈഴവക്രിസ്ത്യാനികള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ച് നടപടിയെടുക്കുന്നതില്‍നിന്നും പിന്തിരിപ്പിച്ചു.

തിരുവല്ല-കോഴഞ്ചേരി റോഡിലൂടെ എന്നെങ്കിലും താനും തന്റെ ആള്‍ക്കാരും നടക്കുമെന്ന് വെല്ലുവിളിച്ച് മത്തായി സെമിനാരിവിട്ടു. വഞ്ചിയിലും നടന്നുമൊക്കെയായി മത്തായി ഒരുദിവസം വെങ്ങാനൂരെത്തി അയ്യന്‍ കാളിയെ സന്ധിച്ചു. കാലം അത് 1912 ആണ്.

മധ്യതിരുവിതാംകൂറിലെ വര്‍ണബാഹ്യരുടെ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നേതൃത്വം മത്തായി ആശാനുണ്ടെന്ന് അയ്യന്‍ കാളി മനസ്സിലാക്കി. മത്തായിയെക്കൂടി പ്രജാസഭാംഗമാക്കിയാല്‍ നന്നായിരിക്കുമെന്ന് മഹാത്മാവിന് തേന്നി. അയ്യന്‍ കാളിക്ക് മുമ്പ് വര്‍ണബാഹ്യരെ പ്രതിനിധീകരിച്ചിരുന്നത് സുഭാഷിണി പത്രാധിപര്‍ കരമന പി കെ ഗോവിന്ദപിള്ളയായിരുന്നു. 1911 ഡിസംബര്‍ 5-ന് ഗസറ്റ് പരസ്യം ചെയ്ത് അയ്യന്‍ കാളിയെ നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരിയില്‍ സഭയുടെ 8-ാം സമ്മേളനത്തില്‍ പ്രവേശനം. 26-ന് ആദ്യ പ്രസംഗം.

1913-ല്‍ ഒരാളെക്കൂടി പ്രതിനിധിയാക്കാമെന്ന് വാഗ്ദാനമുണ്ടായരുന്നു. അതനുസരിച്ച് അയ്യന്‍ കാളിയും വെള്ളിക്കര മത്തായിയും കൂടി ദിവാന്‍ പി രാജഗോപാലാചാരി താമസിക്കുന്ന ഭക്തവിലാസത്തില്‍ ചെന്നു. മിഷനറിപ്രവര്‍ത്തകനും മോടിയില്‍ വസ്ത്രം ധരിച്ചവനുമായ മത്തായിയെ കണ്ടപ്പോള്‍ തന്നെ ദിവാന് അദ്ദേഹത്തില്‍ മതിപ്പ് വന്നു.

അപ്പോഴാണ് മറ്റൊരു പ്രശ്‌നം തലപൊക്കിയത്. പുതുക്രിസ്ത്യാനികളുടെകൂടി ചേര്‍ത്താണ് പ്രബലക്രിസ്ത്യാനികള്‍ ഭരണകൂടത്തിന് എണ്ണം കൊടുത്തിരുന്നത്. മത്തായി പ്രജാസഭാംഗമായാല്‍ മൊത്തം ക്രിസ്ത്യാനികള്‍ക്കുവേണ്ടി നിലകൊള്ളേണ്ടതായിവരും. മാത്രമല്ല വര്‍ണബാഹ്യര്‍ക്കുവേണ്ടി വാദിക്കാനുമാകില്ല! ഇവിടെ മത്തായി തന്ത്രപൂര്‍വം പെരുമാറി. നോമിനേഷന്‍ അപേക്ഷയില്‍ മത്തായി എന്ന പേരിനുപകരം ചോതി എന്ന് എഴുതി. ആ അംഗത്വാപേക്ഷ അംഗീകരിക്കപ്പെട്ടു.

1914-ല്‍ ശ്രീമൂലം പ്രജാസഭയില്‍ മധ്യതിരുവിതാംകൂറില്‍നിന്നും ഇദംപ്രഥമമായി വര്‍ണബാഹ്യര്‍ക്ക് ഒരു പ്രതിനിധിയുണ്ടയി. ചോതിയുടെ അംഗത്വത്തിനുശേഷം ചേര്‍ന്നത് പ്രജാസഭയുടെ 10-ാം സമ്മേളനമായിരുന്നു.

പ്രജാസഭാംഗമായി നാട്ടിലെത്തിയ വെള്ളിക്കര ചോതിക്ക് ഉപജാതിവ്യത്യാസമില്ലാതെ വര്‍ണബാഹ്യര്‍ചേര്‍ന്ന് ഒരു ഗംഭീര സ്വീകരണം നല്‍കി. തലക്കേരില്‍ കണ്ടന്‍കാളി, കൊമ്പാടി അണിഞ്ചന്‍ തുടങ്ങിയവരാണ് അതിന് നേതൃത്വം തല്കിയത്. തിരുവല്ല-കോഴഞ്ചേരി റോഡില്‍ മൂന്തലക്കരമുതല്‍ പൊടിപ്പാറവരെ ജാഥ നടത്തി. കുന്നത്തോട്ടു നായര്‍ തറവാട്ടുകാര്‍ ഘോഷയാത്രക്കാരെ തല്ലിയോടിക്കാന്‍ ഈഴവപ്പടയെ ഏര്‍പ്പാടാക്കിയിരുന്നു. വര്‍ണബാഹ്യരും സ്വീകരണയാത്രയില്‍ വെറുംകൈയോടെയല്ലെ നീങ്ങിയിരുന്നത്. വലിയൊരു പുളിമരം വെട്ടിയെടുത്ത് അതില്‍നിന്നും ശേഖരിച്ച വടികളും കൈകളിലേന്തിയാണ് അവര്‍ നടന്നിരുന്നത്. ജാഥയുടെ വരവുകണ്ട് ഒന്ന് എതിര്‍വാക്ക് പോലും ഉച്ചരിക്കാനാവാതെ എതിരാളികള്‍ ഓടിയൊളിച്ചു. ഇരവിപേരൂര്‍ കവലയിലുള്ള കരിന്തടിക്കല്‍ വിഷഹാരി എന്ന ഈഴവന്റെ വീടുമുതലുണ്ടായിരുന്ന സഞ്ചാരസ്വാതന്ത്ര്യനിരോധനം അങ്ങനെ നീങ്ങിക്കിട്ടി. ഇത് വെള്ളിക്കര ചോതിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ സഞ്ചാരസ്വാതന്ത്ര്യസമരമായി ചരിത്രം വിലയിരുത്തി.

സംഘര്‍ഷപൂരിതമായ നാളുകള്‍ തുടരവെ പൊയ്കയില്‍ അപ്പച്ചനും വെള്ളിക്കര ചോതിയും വര്‍ണബാഹ്യരുടെ ഭാഗത്തും, മറുഭഗത്ത് നായര്‍-ക്രിസ്യന്‍ പ്രമാണിമാരുടേയും നേതൃത്വത്തില്‍ അനുരഞ്ജനത്തിന് ധാരണയായി. സഞ്ചാരസ്വാതന്ത്ര്യം നേടിയെങ്കിലും വര്‍ണബാഹ്യരില്‍ പലര്‍ക്കും ത്യാഗങ്ങളും നഷ്ടങ്ങളും ഒരുപാടുണ്ടായി. മീന്തലക്കര അണിഞ്ചന്‍ എന്ന വര്‍ണബാഹ്യനോതാവിനെ എതിരാളികള്‍ പല കള്ളക്കേസുകളിലും കുടുക്കി. കിടപ്പാടവും വസ്തുവകകളും നഷ്ടപ്പെട്ട അദ്ദേഹം അവസാനം കൊമ്പാടി എന്ന സ്ഥലത്ത് അഭയംതേടി.

1910-ല്‍ ദിവാന്‍ പി രാജഗോപാലാചാരി, ഈഴവര്‍ക്കും മറ്റ് അയിത്തജാതിക്കാര്‍ക്കും വിദ്യാലയപ്രവേശനാനുമതി നല്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നാളേരെയായിട്ടും പുലയര്‍ക്കോ പറയര്‍ക്കോ പ്രവേശനം ലഭിക്കുകയുണ്ടയില്ല. ഇതിനെതിരെ നാടൊട്ടുക്ക് സമരങ്ങള്‍ നടന്നു. നയ്യാറ്റിന്‍കരയില്‍ കണ്ടല എന്ന സ്ഥത്ത് അയ്യന്‍ കാളിയുടെ നേതൃത്വത്തില്‍ സമരമാരംഭിച്ചപ്പോള്‍ മധ്യതിരുവിതാംകൂരില്‍ അത് ഏറ്റെടുത്തത് വെള്ളിക്കര ചോതിയാണ്.

പ്രഥമ അധഃസ്ഥിതബന്ധുവായ കരിക്കണ്ണാമല നാരായണപ്പണിക്കര്‍ വൈദ്യര്‍ വര്‍ണബാഹ്യരുടെ ഭാഗത്തുനിന്നുകൊണ്ട് അവരുടെ വിദ്യാലയപ്രവേശനത്തെ അനുകൂലിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മാവനായ ഊന്നുപാറ പണിക്കര്‍ക്ക് തന്റെ മരുമകന്റെ ഈ മനോഭാവത്തോട് അമര്‍ഷമുണ്ടായിരുന്നു. വര്‍ണബാഹ്യരുടെ വിദ്യാഭ്യാസാവകാശം വര്‍ണവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്ന് ആക്രോശിച്ചുകൊണ്ട്, 80 വയസ്സുള്ള അക്കാലത്തുതന്നെ ഒരു തുരുമ്പുപിടിച്ച വാളുമെടുത്തുകൊണ്ട് സ്വയം വെട്ടിമരിക്കാന്‍ അദ്ദേഹം തെരുവിലേക്കിറങ്ങി.

തിരുവല്ല-കോഴഞ്ചേരി റോഡിന്റെ വടക്കുഭാഗത്ത് പുല്ലാടിനുസമീപം നായന്മാര്‍ക്കും തെക്കുഭാഗത്ത് പുലയര്‍ക്കുമായിരുന്നു ആധിപത്യം. പുലയരുടെ നേതാവ് വെള്ളിക്കര ചോതിയായിരുന്നു. വടക്കുഭാഗത്തേക്ക് പുലയര്‍ കയറിയല്‍ നായന്മാരുടെ അടികൊണ്ടു ചത്തതുതന്നെ. ഇതിനെ എതിരിടാന്‍ ചോതി തങ്ങളുടെ കേന്ദ്രമായ ചേലക്കൊമ്പില്‍ നിന്നും സമുദായത്തിലെ കളരി അഭ്യാസികളെ വരുത്തി തന്റെ കൂട്ടര്‍ക്ക് പരിശീലനം കൊടുപ്പിച്ച് ശാരീരികമായി അവരെ സജ്ജരാക്കി.

ഒരു ദിവസം തുണ്ടുപറമ്പില്‍ തേവന്‍, വേട്ടയില്‍ പൈങ്കന്‍, കിളിയന്‍ എന്നീ ബാലന്മാരേയും കൂട്ടി ചോതിയും കൊച്ചുപറമ്പില്‍ മൈലന്‍ എന്ന മറ്റൊരു സമുദായ നേതാവും പുല്ലാട് സര്‍ക്കാര്‍ ഗ്രാന്റ് സ്‌കൂളില്‍ ചെന്നു. സ്‌കൂള്‍ ഇന്‍സ്‌പെക്ടറും പൊലീസും അവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്‌കൂളില്‍ പ്രവേശിച്ചയുടനെ കൊടിയ ആക്രമണം നേരിട്ടു. പുറത്തിറങ്ങിയപ്പോള്‍ കല്ലേറുണ്ടായി. ഒരു ഹെഡ്‌കോണ്‍സ്റ്റബിളിന്റെ മുഖം കല്ലേറുകൊണ്ട് മുറിഞ്ഞ് രക്തമൊഴുകി. ആ പൊലീസുകാരന്റെ മുതുകില്‍ തൂങ്ങിപ്പിടിച്ചുകിടന്നാണ് തുണ്ടുപറമ്പില്‍ തേവന്‍ കല്ലേറുകൊള്ളാതെ രക്ഷപെട്ടത്. പുല്ലാട് ദലിത് വിദ്യാര്‍ത്ഥികളുടെ ആദ്യപ്രവേശനം രക്തപങ്കിലമായിരുന്നു. (ഇന്നത്തെ പഞ്ഞായത്ത് ഓഫീസിന് കിഴക്ക് 200 മീറ്റര്‍ തെക്കുമാറി, സ്ഥിതിചെയ്തിരുന്ന കുടിപ്പള്ളിക്കൂടമാണ് ഈ സ്‌കൂള്‍).

പുലയരുടെ മേല്‍ പഴിചാരുന്നതിന് സവര്‍ണര്‍ അന്നുതന്നെ പുല്ലാട് സ്‌കൂളിന് തീവെച്ചു. സ്‌കൂളില്‍ പുലയര്‍ പ്രവേശിച്ച വിവരമറിഞ്ഞ് ഊന്നുപാറ പണിക്കര്‍ ബോധമറ്റുവീണു. ശയ്യാവലംബിയായ അദ്ദേഹം നാലുനാളുകള്‍ക്കകം അന്ത്യശ്വാസം വലിച്ചു. പുല്ലാട് സ്‌കൂള്‍ പുതുക്കിക്കെട്ടിയെങ്കിലും ഇന്നും അതിന്റെ പേര് 'തീവെച്ച സ്‌കൂള്‍' എന്നത്രെ.

തുണ്ടുപറമ്പില്‍ തേവനാണ് ടി ടി കേശവന്‍ശാസ്ത്രി എന്ന് പില്‍ക്കാലത്ത് പ്രസിദ്ധനായത്. അയ്യന്‍ കാളിയുടെ ഏകമകള്‍ തങ്കമ്മയെ വിവാഹം ചെയ്തു. തിരുവിതാംകൂര്‍ നിയമസഭയില്‍ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമായി (1952). ഇവരില്‍ കിളിയന്‍ പിന്നീട് പോസ്റ്റ്മാനായി.

പുല്ലാട്ടെ സമരവിജയത്തിനുശേഷം ചോതി, 1913,14-ലെ പുല്ലാട് സമരത്തിന് പിന്തുണനല്കിക്കൊണ്ട് പ്രവര്‍ത്തിച്ചു. 1921-ല്‍ എരുമേലിക്ക് തെക്കുഭാഗത്ത് എണ്ണൂറാം വയലില്‍ നടന്ന കാര്‍ഷികസമരത്തെ നയിച്ചു. റാന്നിയില്‍ കുന്നംനൂറുക്കാട് എന്ന സ്ഥലത്തും ഇതുപോലൊരു സമരം നയിച്ചു.

സ്വജനത്തെ സ്വതന്ത്രരാക്കുന്നതിന് ആയുസ്സുമുഴുവന്‍ പോരാടിയ വെള്ളിക്കര ചോതി അതിനിടയില്‍ ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് ശ്രമിച്ചില്ല. അഥവാ സ്വാതന്ത്യസമരപ്രവര്‍ത്തനത്തെ സ്വയംവരിച്ചിരുന്നതുകൊണ്ട് അതിന് മുതിര്‍ന്നില്ല. ശരീരം മറന്നുള്ള ആ നിരന്തര സമരം അദ്ദേഹത്തെ രോഗാതുരനാക്കി. കുറച്ചുനാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞു. 1927 ജനുവരി 23-ാം തിയതി ആ ധീരവിപ്ലവകാരി അന്ത്യശ്വാസം വലിച്ചു. ദിവാന്‍ മോറിസ് വാട്ട്‌സനെ നേരിട്ടുകണ്ട് അയ്യന്‍ കാളി അനുവാദം വാങ്ങി, വെള്ളിക്കര ചോതിയുടെ മൃതശരീരം പാളയംപള്ളിവക സ്മശാനത്തില്‍ സംസ്‌കരിച്ചു.

No comments:

Post a Comment