Search This Blog

Thursday, October 8, 2026

വിശാഖം തേവന്‍


ചെന്നിത്തല സമരനായകന്‍, 
അയ്യന്‍ കാളിയോടൊപ്പം.


മാവേലിക്കര ചെന്നിത്തലയില്‍ വിശാഖന്റേയും കുഞ്ഞുകാളിയുടേയും മകനായി 1885 മാര്‍ച്ച് 20-ന് ജനിച്ചു.

 അയിത്തജാതികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നതിനാല്‍ ക്രിസ്ത്യന്‍ മിഷറിമാര്‍ നടത്തിയിരുന്ന മാവേലിക്കര കല്ലുമലയിലെ ഒരു ഗ്രാന്റ് സ്‌കൂളില്‍ തേവന് ഒന്നാം ക്ലാസില്‍ പഠിക്കുവാന്‍ അവസരം ലഭിച്ചു. മൂന്നാം ക്ലാസുവരെ അവിടെ പഠിച്ചു. തുടര്‍ന്ന് പഠിക്കുവാന്‍ നിവൃത്തിയില്ലാത്തതിനാല്‍ തിരുവല്ലയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയിരുന്ന ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിക്കുവാനുള്ള അവസരം ലഭിച്ചു. രണ്ട് വര്‍ഷംകൊണ്ട് നാലും അഞ്ചും ക്ലാസ്സുകള്‍ ഉയര്‍ന്ന മാര്‍ക്കോടെ അവിടെനിന്നനും പാസ്സായി. തുടര്‍ പഠനം വീണ്ടും വഴിമുട്ടിയപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി വീട്ടുകാരോടൊപ്പം കൂലിപ്പണികള്‍ എടുക്കാന്‍ തുടങ്ങി.

ഏത് ജോലിക്കും അക്കാലത്ത് നെല്ലായിരുന്നു കൂലി. ഒന്നര ഇടങ്ങഴി നെല്ലാണ് കൂലിയായി കൊടുത്തിരുന്നത്. അര ഇടങ്ങഴിയും പതിരായിരിക്കും. കൂലി അളക്കാന്‍ അവര്‍ പതിര് കരുതിവെച്ചിരിക്കും. ഈ കൂലികൊണ്ട് ഒരാള്‍ക്ക് ജീവിച്ചുപോവുക തന്നെ പ്രയാസം, അപ്പോള്‍ ഒരു കുടുംബത്തിന്റെ കാര്യമോ? ജന്മിമാരോട് കൂലിക്കൂടുതല്‍ ചോദിക്കാന്‍തന്നെ തേവനും കൂട്ടുകാരും തീരുമാനിച്ചു.

ആവശ്യം കേട്ടപ്പോള്‍ ജന്മിമാര്‍ ഇംഗ്ലീഷ് നാലക്ഷരം പഠിച്ചതിന്റെ അഹങ്കാരമാണ് തേവനെന്ന് ആക്ഷേപിച്ചു. അവര്‍ തേവനേയും കൂട്ടരേയും മര്‍ദ്ദിക്കുകയും ചെയ്തു. മാത്രമല്ല, ജോലിയില്‍നിന്നും പിരിച്ചുവിടുന്നതുപോലെ, മേലില്‍ പണിക്കിറങ്ങേണ്ട എന്ന് വിലക്കി ശിക്ഷിക്കുകയും ചെയ്തു.

വെങ്ങാനൂര് കണ്ടല ലഹള ഒട്ടൊക്കെ ശമിക്കുന്ന കാലം. സാധുജനപരിപാലനസംഘത്തിന്റെ ചുമതലക്കാരന്‍ ഗോപാലദാസന്‍ ചെന്നിത്തല ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തേവനും കൂട്ടരും അദ്ദേഹത്തെ ചെന്നുകണ്ട് കാര്യം ധരിപ്പിച്ചു. യോഗം ചേര്‍ന്ന് പണിമുടക്കുസമരം തുടങ്ങുവാന്‍ ആ കൂടിയാലോചനയില്‍ തീരുമാനമായി.

പെരിനാട്, മാവേലിക്കര, ചെന്നിത്തല എന്നിവിടങ്ങളില്‍ തൊഴില്‍ തര്‍ക്കം രൂക്ഷമായി. ജന്മിമാരില്‍നിന്നും മോചനം നേടുന്നതിനുള്ള പ്രക്ഷോഭണം ആരംഭിച്ചു. പ്രാക്കുളം, തഴവാ, അഞ്ചാലുംമൂട്, കറുവ, പനയം മുതലായ സ്ഥലങ്ങളില്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് പെരിനാട് ചെറുമൂട് അടുത്ത യോഗം ചേരുവാന്‍ തീരുമാനമെടുത്തെങ്കിലും സ്ഥലം അനുവദിക്കപ്പെട്ടില്ല. അതിനാല്‍ പ്രവര്‍ത്തകര്‍ ചെമ്മക്കാട്ട് ചെറുമുക്കിലുള്ള പുതുവല്‍ സ്ഥലത്ത് 4 അടി പൊക്കമുള്ള വേദിയൊരുക്കി.

യോഗത്തില്‍വെച്ച് ഗോപാലദാസനെ വധിക്കുവാന്‍ ജന്മിസംഘം ഗൂഢാലോചനനടത്തി. ആര് അതിന് തയാറാകും? അപ്പോള്‍ അവര്‍ നേരിട്ട പ്രശ്‌നം അതായിരുന്നു. ഗോപാലദാസനെ വധിക്കുന്നയാളും കൊല്ലപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഒടുവില്‍ നല്ലേരി കൂരിനായര്‍ എന്ന ഗുണ്ട ചാവേറാകാന്‍ തയാറായി. താന്‍ വധിക്കപ്പെട്ടാല്‍ തന്റെ കുടുംബത്തിന് കഴിഞ്ഞുകൂടുന്നതിനായി കൂരിനായര്‍ പത്തുപറ നിലവും രണ്ടേക്കര്‍ പുരയിടവും കുറേ പണവും ജന്മിസഭയില്‍നിന്നും തന്റെ ഭാര്യയുടെ പേരില്‍ എഴുതിവെപ്പിച്ചിരുന്നു.

24-10-1915-ല്‍ യോഗം നടന്നു. ചെന്നിത്തല സമരനായകന്‍ വിശാഖം തേവന്റെ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഉടനെ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന കൂരിനായര്‍ കമ്പിപ്പാരയുമായി തട്ടിലേക്ക് കുതിച്ചുകയറി. വിശാഖം തേവനാണ് ഗോപാലദാസന്‍ എന്നാണ് കൂരിനായര്‍ വിചാരിച്ചിരുന്നത്. വിശാംഖംതേവന്റെ കക്ഷം ലക്ഷ്യമാക്കി കൂരിനായര്‍ ഇരുമ്പുപാരവീശി. അടി വരുന്നതുകണ്ടെ തേവന്‍ ഉയര്‍ന്നുചാടി. അടി തുടയില്‍ കൊണ്ടു. തുടയെല്ലുപൊട്ടിയ വിശാഖം തേവന്‍ ബോധമറ്റ് തട്ടില്‍ വീണു. ബോധം വീണപ്പോള്‍ ഇഴഞ്ഞുനിരങ്ങി ഒരു കശുമാവിന്റെ ചുവട്ടില്‍ ചെന്നുപറ്റി. അവിടെനിന്നും കണ്ട കാഴ്ച, കൂരിനായരെ സ്ത്രീകളടക്കമുള്ള പുലയര്‍ വെട്ടിനുറുക്കുന്നതാണ്... ചരിത്രകാരനായ ടി എച്ച് പി ചെന്താരശ്ശേരി, അതേക്കുറിച്ചുള്ള വിശാഖം തേവന്റെ വിവരണം 'അയ്യന്‍ കാളി' എന്ന ജീവചരിത്രഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി...'ശത്രുവിനെയാണെങ്കിലും കൈകാര്യം ചെയ്തത് ഹൃദയഭേദകമായ വിധത്തിലായിരുന്നു. അടിച്ചവനെ തറയിലിട്ട് ഇഞ്ച ചതക്കുന്നതുപോലെ അടിക്കുന്നു. കല്ലുമാല ധരിച്ച യുവതികള്‍ സംഹാരരുദ്രകളായി മാറിക്കഴിഞ്ഞു. അവര്‍ മാറിമാറി അരിവാള്‍കൊണ്ട് കൊത്തുന്നു' (പേജ് 81,82).

വന്‍ ലഹളയായി നാട്ടില്‍ സംഭവം മാറിക്കഴിഞ്ഞു. നസ്രാണിദീപിക 'ഒരു വലിയ ലഹള' എന്ന സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തു. തങ്കശേരിയില്‍ നിന്നും 'മലയാളി' പത്രത്തെ ഉദ്ധരിച്ചുകൊണ്ട് കോഴിക്കോട്ടുനിന്നും ഇറങ്ങിയ സി കൃഷ്ണന്റെ മിതവാദിയിലും വാര്‍ത്തകള്‍ വന്നു.

ആ ലഹള ഒരാഴ്ച നീണ്ടുനിന്നു. ചെന്നിത്തല-പെരിനാട് നിന്നും 21 അംഗ സംഘം അയ്യന്‍ കാളിയെ കാണുന്നതിനായി വെങ്ങാനൂര്‍ക്ക് പുറപ്പെട്ടു. ആ സമയം അയ്യന്‍ കാളി 1915-ല്‍ നടന്ന ഊരൂട്ടമ്പലം ലഹളയെ പരാമര്‍ശിച്ചുകൊണ്ട് തിരു. മാഹാരാജാവിന്റെ തിരുനാള്‍ ദിവസം കണ്ടലയില്‍ ആയിരക്കണക്കിന് അധഃകൃതര്‍ പങ്കെടുത്ത യോഗത്തില്‍ ഗംഭീരമായ ഒരു പ്രസംഗം നടത്തുകയായിരുന്നു. അതിന്റെ പിറ്റേ ദിവസമാണ് സംഘം വെങ്ങാനൂര് എത്തിച്ചേരുന്നത്. ആലോചനകള്‍ക്കുശേഷം പിറ്റേ ദിവസം 20 പേര്‍ തിരികെ പോയി. വിശാഖം തേവന്‍ അയ്യന്‍ കാളിയോടൊപ്പം തങ്ങി.

പിറ്റേദിവസം, തന്റെ പുരയിടത്തിന്റെ ഒരു ഭാഗം പണയംവെച്ച് സംഘടിപ്പിച്ച പണവുമായി തേവനും അയ്യന്‍കാളിയും പുല്ലാട് എത്തി. സംഘട്ടനം അവസാനിച്ചിട്ടുണ്ടായിരുന്നില്ല. കൊള്ളയും കൊള്ളിവയ്പ്പും തുടരുകയായിരുന്നു. പൊലീസ് ഇരുഭാഗക്കാര്‍ക്കുമെതിരെ കേസ് രജസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്ത് ദിവാന്‍ കൃഷ്ണന്‍ നായര്‍ ക്യാമ്പുചെയ്യുന്നുണ്ടായിരുന്നു. അയ്യന്‍കാളി അദ്ദേഹത്തെ ചെന്നുകണ്ടു. കേസിലുള്ള പുലയരുടെ ലിസ്റ്റ് തന്നാല്‍ താന്‍ അവരെ കോടതിയില്‍ ഹാജരാക്കിക്കൊള്ളാമെന്ന് ദിവാന് ഉറപ്പുകൊടുത്തു. ഒരു പൊതുമീറ്റിങ്ങില്‍വെച്ച് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം ഇരുകൂട്ടര്‍ക്കും നല്കാമെന്നും ആ സമാഗമത്തില്‍ ധാരണായി.

1915 ഡിസംബര്‍ 19 ഞായറാഴ്ച തലശ്ശേരി സ്വദേശിനി താരാഭായിയുടെ സര്‍ക്കസ് കമ്പനി തമ്പടിച്ചിരുന്ന കൊല്ലം വലിയമൈതാനം (ഇന്നത്തെ ലാല്‍ ബഹദൂര്‍ സ്റ്റേഡിയം) മീറ്റിംഗിനായി അവര്‍ വിട്ടുകൊടുത്തു. പുലയരുടെ ഭാഗത്തുനിന്നും അയ്യന്‍ കാളിയും ജന്മിമാരുടെ ഭാഗത്തുനിന്നും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും സംയുക്തമായി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അടിമത്തത്തിന്റെ ചിഹ്നമായി പുലയസ്ത്രീകള്‍ മാറില്‍ അണിയാന്‍ നിര്‍ബന്ധിതമായിരുന്ന കല്ലുമാല ബഹിഷ്‌കരണവും അന്ന് നടന്നു.

ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍ എന്നയാളാണ് പുലയരുടെ കേസുകള്‍ കോടതിയില്‍ വാദിച്ചത്. വക്കീല്‍ ഫീസായി പുലയര്‍ അദ്ദേഹത്തിന്റെ പുരയിടത്തില്‍ ഒരു കുളം വെട്ടിക്കൊടുത്തു.

വിശാഖം തേവന്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തിരുന്നുവെന്ന് ചിലര്‍ അഭിപ്രയപ്പടുന്നു. 1979-ല്‍ ചെന്താരശ്ശേരി എഴുതിയ അയ്യന്‍കാളിയുടെ ആദ്യത്തെ ജീവചരിത്രഗ്രന്ഥത്തില്‍, വൈക്കം സത്യാഗ്രഹകാലത്ത് ചേര്‍ത്തല ചെങ്ങണ്ടയിലെ കട്ടിയാട്ട് ശിവരാമപ്പണിക്കരുടേയും പാണാവള്ളി കൃഷ്ണന്‍ വൈദ്യരുടേയും ക്ഷണം സ്വീകരിച്ച് എത്തുന്ന അയ്യന്‍ കാളിയോടൊപ്പം വിശാഖം തേവനും ഉണ്ടായിരുന്നുവെന്ന് പ്രസ്താവിച്ചുകാണുന്നു. പാണാവള്ളിയില്‍ച്ചേര്‍ന്ന വിശദീകരണയോഗത്തില്‍ വിശാഖം തേവന്‍ പ്രസംഗിച്ചതായും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. അയ്യന്‍കാളി ക്ഷേത്രപ്രവേശനം ആവശ്യപ്പെടുകയോ വൈക്കം സത്യാഗ്രഹത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. അത്തരമൊരാളുടെ സഹചാരിയും ആശയപ്രചാരകനുമായ ഒരാള്‍ അതിന് കടകവിരുദ്ധമായ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുമോ? അയിത്തോച്ചാടനക്കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് സാധുജനപരിപാലനസംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ സമയംകിട്ടുമോ? വൈക്കം-തലയോലപ്പറമ്പിലെ സാധുജനപരിപാലനസംഘത്തില്‌പ്പെട്ട എല്ലാവരും ഒന്നാകെ സത്യാഗ്രഹം ബഹിഷ്‌കരിക്കുകയായിരുന്നല്ലൊ. ആര്യസമാജക്കാര്‍ക്ക് തേവന്റെ ഇടപെടല്‍ വല്ലാതെ ഇഷ്ടപ്പെട്ടു. അവര്‍ തേവനെ തേവന്‍ സ്വാമി എന്ന് സംബോധന ചെയ്തു.

തേവന്‍ സ്വാമി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 1948-ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ കോട്ടയം നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി റിസര്‍വേഷന്‍ സീറ്റില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കാലാവധി പൂര്‍ത്തിയാകും വരെ പട്ടം മന്ത്രിസഭക്കും പൊതുജനങ്ങള്‍ക്കും തൃപ്തികരമായി പ്രവര്‍ത്തിക്കാന്‍ തേവന്‍സ്വാമി ശ്രമിച്ചു.

എം എല്‍ എ സ്ഥാനം ഒഴിഞ്ഞതോടെ തേവന്‍ സ്വാമി അന്നത്തെ ഹരിജന ക്ഷേമ വകുപ്പില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടു. അയ്യന്‍ കാളിയുടെ മൂത്ത അനന്തിരവള്‍ ചെല്ലമ്മയായിരുന്നു തേവന്‍ സ്വാമിയുടെ ഭാര്യ. വിവാഹാനന്തരം അദ്ദേഹം കുടുംബസമേതം കുളത്തൂപ്പുഴയിലായിരുന്നു താമസിച്ചിരുന്നത്. ദേവകി, മഹാദേവന്‍, ഓമനക്കുഞ്ഞമ്മ, കൃഷ്ണദേവന്‍ എന്നിവര്‍ മക്കളാണ്.

1973 ആഗസ്റ്റ് 16-ന് കേന്ദ്ര ഗവണ്‍മെന്റ് താമ്രപത്രവും സ്വാതന്ത്ര്യ സമര പെന്‍ഷനും നല്‍കി തേവനെ ആദരിച്ചു. സമുദായാചാര്യന്‍ അയ്യന്‍ കാളിയോടൊപ്പം പ്രവര്‍ത്തിച്ച് സാമൂഹിക അനീതികള്‍ക്കെതിരേ പൊരുതി മുന്നേറിയ കര്‍മ്മധീരനായ തേവന്‍ സ്വാമി 94-ാം വയസ്സില്‍ 1979 ജനുവരി 10-ന് തിരുവനന്തപുരത്ത് കുന്നുകുഴിയില്‍ വെച്ച് അന്തരിച്ചു.

ടി എച്ച് പി ചെന്താരശ്ശേരിയും കുന്നുകുഴി എസ് മണിയും വിശാഖം തേവനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം കൈമാറിയ സ്മരണകള്‍ ഇരുവരുടെയും ഗ്രന്ഥങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
 

No comments:

Post a Comment