Search This Blog

Tuesday, October 13, 2026

ലക്ഷ്മി രാമന്‍


 പെങ്ങണത്തിയുടെ പോരാട്ടങ്ങള്‍


ലോകോത്തര ചലച്ചിത്രമേളയായ ഫ്രാന്‍സിലെ കാനില്‍ നിന്നും നവാഗത സംവിധായകര്‍ക്കുള്ള ഏക 'ക്യാമറ ഡി ഓര്‍' ഇന്ത്യക്ക് ലഭിച്ചത് മരളി നായര്‍ സംവിധാനം ചെയ്ത 'മരണസിംഹാസനം' എന്ന സിനിമയിലൂടെയാണ്. അതിലെ നായികയെ അവതരിപ്പിച്ചത് ദലിത് പെണ്ണാള്‍ ലക്ഷ്മി രാമനാണ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്ക് അടുത്തുള്ള ഇരുമ്പനത്തെ ദലിത് കോളനിയില്‍ ഒറ്റക്ക് കഴിഞ്ഞുരുന്ന ലക്ഷ്മി രാമന്‍ 2016 ഒക്ടോബര്‍ 24 ന് അന്തരിച്ചു. അവരുടെ ആത്മകഥയാണ് 'പെങ്ങണത്തി'. പറയഭാഷയില്‍ പെങ്ങള്‍, പെണ്ണാള്‍ എന്നൊക്കെയാണ് പെങ്ങത്തിക്ക് അര്‍ത്ഥം. ആ പുസ്തകത്തിലൂടെ...ലക്ഷ്മി രാമന്‍ എന്ന ദലിത് പെണ്ണാള്‍ പോരാടിനടന്നുനീര്‍ത്ത നാള്‍വഴികളിലൂടെ...

പെരുമ്പാവൂരിനടുത്ത് മുടക്കുഴയില്‍ ഒരു ജന്മിയുടെ പറമ്പില്‍ മറ്റു പറയരോടൊപ്പം കുടിലുകെട്ടി കഴിയുകയായിരുന്നു, വീട്ടുകാരോടൊപ്പം തന്റെ കുഞ്ഞുന്നാളില്‍ ലക്ഷ്മി രാമന്‍. അച്ഛന്റെ പേര് കോന്നന്‍, അമ്മയുടെ പേര് മാണി. അവരോടൊപ്പം കോടനാട് മലഞ്ചരിവുകളില്‍ ഈറ്റവെട്ടാന്‍ ലക്ഷ്മിയും പോകുമായിരുന്നു. കാട്ടില്‍ ഏറ്റവും പേടി ആനകളെയായിരുന്നു, നാട്ടില്‍ തമ്പിരാക്കളേയും. അച്ഛന്റെ അനിയനെ ആന ചവിട്ടി കൊന്നിട്ടുണ്ട്. വലിയച്ഛനുണ്ടായിരുന്നു, ഗോവിന്ദന്‍. അയിത്തത്തിനെതിരേ പോരാടിയ ഗോവിന്ദനെ തമ്പിരാക്കളും തല്ലി. അമ്മ മാണിയും ലക്ഷ്മിയുടെ കുഞ്ഞുന്നാളിലേ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ രണ്ടാമത് കല്യാണം കഴിച്ചു. ആ ബന്ധത്തില്‍ ലക്ഷ്മിക്ക് ഒരു ആങ്ങളയെ ലഭിച്ചു, ശിവന്‍. അച്ഛന്‍ കുടിയനും വകക്കുകൊള്ളാത്തവനും ആയിരുന്നു. വഴക്കാളിയായ രണ്ടാനമ്മയുമായി ഒത്തുപോകാനാവാതെ ലക്ഷ്മിക്ക് വീടുവിട്ടുപോകേണ്ടതായി വന്നു. ശിവന് ലക്ഷ്മിയോടായിരുന്നു കൂറ്.

ഇടുക്കി അണക്കെട്ട് പടുത്തുയര്‍ത്തിയിട്ടുള്ളത് ലക്ഷ്മി രാമന്റെകൂടി ചോരയും നീരും ചേര്‍ത്തിട്ടാണ്. ഓരോ ബള്‍ബ് കത്തുമ്പോഴുമുണ്ടാകുന്ന വെട്ടത്തിന് ലക്ഷ്മിരാമനെപ്പോലെയുള്ള ആളുകളുടെ വിയര്‍പ്പിന്റെ തെളിവെണ്‍നിറമാണുള്ളതെന്ന് ആരുമറിയുന്നില്ല. ഇടുക്കി അണക്കെട്ട് നിര്‍മാണത്തിന് ആദ്യകാലത്ത് വന്ന തൊഴിലാളികളോടൊപ്പം ലക്ഷ്മി രാമനും ഉണ്ടായിരുന്നു. അണക്കെട്ട് പണിക്കു വന്നിരുന്ന ഒരു പഞ്ചാബി സിഖുകാരന്‍ എഞ്ചിനീയറാണ് ലക്ഷ്മി രാമനെ കല്യാണം കഴിച്ചത്. ഒത്ത ഉയരവും ഗോതമ്പിന്റെ നിറവുമുള്ള ദീപി ചന്ദ് സിംഗ് എന്ന സിഖുകാരന്‍ പയ്യന് കൊലുന്നനെ എല്ലുന്തിയ കരിമെയ്യാള്‍ ലക്ഷ്മി രാമനോട് തോന്നിയ അടുപ്പം പെണ്ണുകെട്ടില്‍ എത്തിച്ചേരുകയായിരുന്നു. ലക്ഷ്മി രാമന്‍ അന്ന് തന്റെ ഇരുപതുകളില്‍ എത്തിച്ചേര്‍ന്നിട്ടേ ഉണ്ടായരുന്നുള്ളൂ. ഇടുക്കിയില്‍ ലക്ഷ്മിരാമനേയും മറ്റും പണിക്കു കൊണ്ടുപോയിരുന്ന മേസ്ത്രിയാണ് ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്. പെരുമ്പാവൂര് ഇവരുടെ കല്യാണം രജിസ്റ്റര്‍ ചെയ്യപ്പെടുകയായിരുന്നു. ദീപ് ചന്ദ് സിംഗിന്റെ അച്ഛനും അവരോടൊപ്പം ഇടുക്കിയില്‍ താമസിച്ചിരുന്നു.

ദീപ് ചന്ദ് സിംഗില്‍ ലക്ഷ്മി രാമന് ഒരു പെണ്‍കുഞ്ഞു പിറന്നു. അദ്ദേഹം ജോലിചെയ്തിരുന്ന നിര്‍മാണക്കമ്പനി ഇടുക്കിയിലെ അവരുടെ ജോലി പൂര്‍ത്തിയാക്കി, ലുധിയാനയില്‍ ഏറ്റടുത്തിരുന്ന ജോലി തുടങ്ങനായി അവിടം വിട്ടു. അന്ന് അവരോടൊപ്പം ലക്ഷ്മി രാമനും ലുധിയാനയിലെത്തി, ദീപ് ചന്ദിന്റെ വീട്ടില്‍ താമസമാക്കി. മൂന്നു മാസത്തിന് ശേഷം ഇരുവരും പെരുമ്പാവൂര്‍ക്ക് തിരിച്ചു വന്നു ലക്ഷ്മിയുടെ വീട്ടില്‍ താമസമാക്കി. കേരളത്തിലെ പണികള്‍ വശമില്ലാതിരുന്നതിനാലും, രണ്ടാനമ്മയുടെ പോര് മുറുകിയതിനാലും ദീപ് ചന്ദിന് പഞ്ചാബിലേക്കു തന്നെ മടങ്ങേണ്ട സ്ഥിതിയായി. അങ്ങനെ തിരികെ പോയ ദീപ് ചന്ദ് പിന്നീടൊരിക്കലും മടങ്ങി വന്നില്ല. ലക്ഷ്മിയേയും കുഞ്ഞിനേയും ദീപ് ചന്ദ് ഉപേക്ഷിച്ചതല്ല. എന്തോ ആപത്ത് പണഞ്ഞതായിരുക്കുമെന്ന് കരുതപ്പെടുന്നു. പഞ്ചാബിലെത്തിയ ശേഷം ദീപ് ചന്ദ് സിംഗ് ലക്ഷ്മിക്ക് ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി കാശും കത്തുകളും അയച്ചുകൊണ്ടിരുന്നു. ഭാര്യയേും കുഞ്ഞിനേയും അത്രയധികം സ്‌നേഹിച്ചിരുന്നയാളാണ് ദീപ് ചന്ദ് സിംഗ് എന്ന് ലക്ഷ്മി ഓര്‍ക്കുന്നു.

ദീപ് ചന്ദ് സിംഗിന്റെ കാശ് വരാതായതിനെ തുടര്‍ന്നങ്ങോട്ട് വീണ്ടും പട്ടിണിയുടെ നാളുകളാണ് ലക്ഷ്മിയും കുഞ്ഞും നേരിട്ടത്. കുട്ടിയുമായി തെരുവുതോറും അലഞ്ഞു. കുട്ടയും കൂടയും നെയ്ത് വിറ്റ് അരി വാങ്ങി. അന്തിക്കൂട്ടിന് ഇടപ്പള്ളിയിലുള്ള ദലിത് ക്രിസ്ത്യാനിയായ ഒരു വല്യമ്മയുടെ വീട്ടില്‍ കുറച്ചു നാള്‍ തങ്ങി.

ഒരിക്കല്‍ കുട്ടയും കൂടയും വിറ്റ് വൈകുന്നേരം അരിയും വാങ്ങി തിരികെ വരുമ്പോള്‍, കൊച്ചിന്‍ റിഫൈനറിയിലേക്ക് തിരിയുന്ന വഴിയില്‍, അടച്ചിട്ടിരുന്ന ബ്രാണ്ടിക്കടയുടെ വരാന്തയില്‍, മഞ്ഞപ്പിത്തം വന്ന് ചീര്‍ത്ത മേനിയുമായി മരണത്തോട് മല്ലടിച്ചുകിടന്ന ഒരാളെ ലക്ഷ്മി വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. കുട്ട വിറ്റു കിട്ടുന്ന കാശു മുടക്കി നാളുകളോളം അയാളെ ചികിത്സിച്ചു. അടുത്തുള്ള പച്ചമരുന്നുകടക്കാരന്‍ വൈദ്യരാണ് ലക്ഷ്മിയെ സഹായിച്ചിരുന്നത്. പാടുകേടു മാറിയപ്പോള്‍ ആ വൈദ്യന്‍ തന്നെ മുന്‍കയ്യെടുത്ത് അയാളുമായി ലക്ഷ്മിയുടെ വിവാഹം നടത്തി.

ചാകാന്‍ കിടന്ന ആ ആളുടെ പേരാണ് രാമന്‍. രാമന്‍ സേലത്തുകാരനായിരുന്നു. നായ്ക്കന്‍ സമുദായത്തില്‍ പെട്ട രാമന് പൂണൂലുണ്ടായിരുന്നു എന്ന് ലക്ഷ്മി ഓര്‍ക്കുന്നു. റിഫൈനറിയിലെ ജോലികള്‍ക്കായി വന്നതായിരിക്കണം. മഞ്ഞപ്പിത്തം പിടിപെട്ട്, രക്ഷപ്പെടില്ല എന്ന ഘട്ടത്തില്‍ കൂടെയുള്ളവര്‍ ചാകാന്‍ വേണ്ടി രാമനെ ഒഴിപ്പിച്ചിട്ടതായിരിക്കണം എന്നു കരുതുന്നു.

ഇരുമ്പനത്ത് ലക്ഷ്മിയോടൊപ്പം താമസമാക്കിയ രാമനും നാട്ടിലുള്ള കൂലിപ്പണികളൊക്കെ ചെയ്തു തുടങ്ങി. ദീപ് ചന്ദ് സിംഗിലുണ്ടായ മകള്‍ മിനിയെ സ്‌കൂളിലയച്ച് പഠിപ്പിച്ചു. പത്താം ക്ലാസ് പാസായ ശേഷം മിനിയെ വിവാഹം ചെയ്തയച്ചു. ലക്ഷ്മിയുടെ ജന്മനാടായ പെരുമ്പാവൂരിലെ കൂലിപ്പണിക്കാരനായ ഗോവിന്ദനാണ് മിനിയെ വിവാഹം ചെയ്തത്.

അതിനു ശേഷം കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ രാമനും മരിച്ചു. ലക്ഷ്മി ഇരുമ്പനത്തെ വീട്ടില്‍ തനിച്ചായി. ആയിടക്കാണ് വെള്ളിത്തിരയിലെത്തുന്നതിന് കമ്പം കയറുന്നത്. അയലത്തുള്ള പെണ്‍കുട്ടി പത്രങ്ങളില്‍ വരുന്ന അറിയിപ്പുകളൊക്കെ ലക്ഷ്മിക്ക് വായിച്ചു കൊടുക്കുമായിരുന്നു. അങ്ങനെയാണ് മുരളി നായര്‍ കൊടുത്ത അറിയിപ്പ് വായിച്ച് തപാലിലൂടെ അപേക്ഷിക്കുന്നതും 'മരണ സിംഹാസന'ത്തില്‍ അഭിനയിക്കുന്നതിനായി ലക്ഷ്മിയെ തെരഞ്ഞെടുക്കുന്നതും.

വൈപ്പില്‍ കരയിലെ ഞാറക്കലില്‍ വെച്ചാണ് മരണസിംഹാസനം ഷൂട്ട് ചെയ്തത്. മുരളി നായര്‍ കൊടുത്ത പേരാണ് 'ലക്ഷ്മി രാമന്‍' എന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ 'പട്ടിയുടെ ദിവസ'ത്തിലും ലക്ഷ്മി രാമന് തന്നെയായിരുന്നു നായികാ പ്രാധാന്യമുള്ള വേഷം. ഈ സിനിമയുടെ ഷൂട്ടിംഗ് ആലപ്പുഴ ജില്ലയിലെ മങ്കൊമ്പില്‍ വെച്ചായിരുന്നു. ഈ രണ്ടു സിനിമകളും കാനില്‍ മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.

വര്‍ഷങ്ങള്‍ക്കു ശേഷം 2008 ലാണ് ജി അജയന്‍ സംവിധാനം ചെയ്ത 'ബോധി'യിലൂടെ ലക്ഷ്മി രാമന്‍ വീണ്ടും സിനിമയിലെത്തുന്നത്. ലക്ഷ്മിക്ക്, മരണംവരെ സഹായിയാരുന്നിട്ടുള്ള അയല്‍ക്കാരനായ ഭാസി ഇരുമ്പനമാണ് ബോധി നിര്‍മിച്ചത്. 2015-ല്‍ ചില സിനിമാ പ്രവര്‍ത്തകര്‍ 'ഒറ്റപ്പൂരാടന്‍' എന്നൊരു സിനിമക്കുവേണ്ടി ലക്ഷ്മി രാമനെ കാസ്റ്റ് ചെയ്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എന്ന് പറയുകയുണ്ടായി. അതിന്റെ പ്രവര്‍ത്തകര്‍ ആരെന്നോ സിനിമയുടെ സ്ഥിതിയെന്തായെന്നോ മറ്റുമുള്ള ഒരു വിവരവും ഇപ്പേള്‍ അറിയാന്‍ നിവൃത്തിയില്ലാതായിരിക്കുന്നു. എന്നാല്‍ അന്തരിക്കുന്നതിന് ഏതാനും മാസങ്ങള്‍ മുമ്പുവരെ ലക്ഷ്മി രാമന്‍ അഭിനയരംഗത്ത് സജീവമായി നിലനിന്നിരുന്നു! 2016 ജനുവരിയില്‍, കടുത്ത ജാതിപീഡയേറ്റ് ആത്മഹത്യക്ക് വിധേയനായ രോഹിത് വെമുല എന്ന ദലിത് ഗവേഷണ വിദ്യാര്‍ത്ഥിയുടെ ജീവിത സമരം കേരളീയ പശ്ചാത്തലത്തില്‍ ചിട്ടപ്പെടുത്തി എടുത്ത ടെലിഫിലിമിലാണ് ലക്ഷ്മി രാമന്‍ അവസാനമായി അഭിനയിച്ചത്. കലവൂര്‍ സ്വദേശി രുദ്രാ ദിലീപാണ് ഈ ടെലിഫിലിമിന്റെ സംവിധായകന്‍. ലക്ഷ്മി രാമന്റെ ഇരുമ്പനത്തെ വീടുതന്നെയാണ് സിനിമയിലേയും വീട്. അങ്ങനെ അവസാന ഷോട്ടില്‍ സ്വന്തം വീട്ടില്‍ തന്നെ അഭിനയിച്ചുകൊണ്ട്, അല്ലെങ്കില്‍ അഭിനയവും ജീവിതവും ഒന്നായ ഒരു മുഹൂര്‍ത്തത്തെ ധന്യമാക്കിക്കൊണ്ട് വിശ്വോത്തരയായ ആ കലാകാരി അരങ്ങൊഴിഞ്ഞു.

നാടകത്തിലും ലക്ഷ്മി രാമന്‍ സാന്നിധ്യമറിയിച്ചു. സാറാ ജോസഫിന്റെ 'പാപത്തറ' എന്ന കഥയെ ആധാരമാക്കി ജി അജയന്‍ സംവിധാനം നിര്‍വഹിച്ച ഇതേ പേരുള്ള നാടകത്തില്‍ ലക്ഷ്മി രാമന്‍ അഭിനയിച്ചിരുന്നു. എറണാകുളം ടൗണ്‍ ഹാളില്‍ 2012 നംവംബര്‍ 2 നാണ് ഈ നാടകം അരങ്ങേറിയത്.

'മരണസിംഹാസന' ത്തിന്റെ വിഎച്ച്എസ് ക്യാസറ്റ് ഒരെണ്ണം മുരളി നായര്‍ ലക്ഷ്മി രാമന് കൊടുക്കുകയുണ്ടായി. 'പട്ടിയുടെ ദിവസം' അവര്‍ കണ്ടിട്ടുകൂടിയില്ല. മറ്റ് സിനിമകളില്‍ 'ബോധി'യുടെ വര്‍ക്ക് പ്രിന്റ് ഭാസിയുടെ വീട്ടില്‍ വെച്ച് ടി വിയില്‍ കണ്ട അനുഭവമേ ഉള്ളൂ. ഈ വസ്തുത വിലയിരുത്തുമ്പോള്‍ താന്‍ അഭിനയിച്ച സിനിമകള്‍ കാണാത്ത ഒരു നടി എന്ന വിശേഷണത്തിനുകൂടി അര്‍ഹയായി മാറുന്നുണ്ട് ലക്ഷ്മി രാമന്‍!

കൂലിപ്പണിക്കാരുടെ ഇടയില്‍ നിന്നു വന്ന് ലോകോത്തര ചലച്ചിത്ര മേളയായ കാനില്‍ പുരസ്‌കരിക്കപ്പെട്ട സിനിമയിലെ നായികയായി മാറിയത് ലക്ഷ്മി രാമന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവാണ്. ഏത് പ്രതിസന്ധിഘട്ടത്തേയും അതിജീവിക്കാനുള്ള കരുത്ത് കുഞ്ഞുന്നാളിലേ ലക്ഷ്മി ആര്‍ജിച്ചിരുന്നു. ഇതിനിടയിലും ലക്ഷ്മി രാമനിലെ മനുഷ്യസ്‌നേഹിയെ തിരിച്ചറിയാതെ പോയി. ചാകാന്‍ കിടന്ന ഒരാളെ ജീവന്‍ തിരികെ കൊടുത്താണ് അവര്‍ തന്റെ ജീവിത പങ്കാളിയാക്കിയത്. രാമനെ രക്ഷിച്ചതുപോലെ, വസൂരിവന്ന് ചാകാന്‍ വേണ്ടി ഒരു വീട്ടില്‍ ഒഴിപ്പിച്ചിട്ടിരുന്ന ഒരാളെ അവിടെ ഒറ്റക്ക് ചെന്ന് ചികിത്സിച്ച് അസുഖം ഭേദമാക്കി, ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ജീവകാരുണ്യ പ്രവര്‍ത്തനവും ലക്ഷ്മി രാമന്‍ നടത്തിയിട്ടുണ്ട്. അയാളുടെ ഉപകാരസ്മരണ പോലും ലക്ഷ്മി രാമന്‍ പ്രതിഫലമായി ആഗ്രഹിച്ചില്ല.

(ലക്ഷ്മി രാമന്റെ മരണാനന്തരം ഞാന്‍ 'മൂല്യശ്രുതി' മാസികയില്‍ എഴുതിയ അനുസ്മരണക്കുറിപ്പാണിത്. ഞാന്‍ കേട്ടെഴുതിയ അവരുടെ ആത്മകഥ 'പെങ്ങണത്തി' എന്നറിയപ്പെടുന്നു. ക്യുവീവ് ടെക്സ്റ്റ് ആണ് പ്രസാധകര്‍. ഒര്‍ണ കൃഷ്ണന്‍കുട്ടി രചിച്ച സമുദായചരിത്രമായ 'പറയര്‍' എന്ന പുസ്തകത്തില്‍ ലക്ഷ്മി രാമന്റെ ജീവചരിത്രക്കുറിപ്പുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസാധകര്‍)

റെജിമോന്‍ കുട്ടപ്പന്‍ ദി ക്വിന്റ് എന്ന വെബ് പോര്‍ട്ടലില്‍ ഇവരെക്കുറിച്ച് ഇംഗ്ലീഷില്‍ ഒരു ആര്‍ട്ടിക്കിള്‍ കൊടുത്തിട്ടുണ്ട് -ലിങ്ക്:


No comments:

Post a Comment