Search This Blog

Tuesday, October 13, 2026

ബാലന്‍ അയ്യമ്പിള്ളി

 


പ്രൊഫണല്‍ നാടകരംഗത്ത അതികായന്‍, സമിതികളുടെ അനിവാര്യത.

രചന നിര്‍വഹിച്ച ആദ്യനാടകം 'കര്‍ക്കിടകം' ആണ്. അഗ്നിഗാഥ, എന്റെ സൂര്യന്‍, മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍, യന്ത്രപ്പാവകള്‍, വീരശൃംഖല, സ്വാതിനക്ഷത്രം, അദ്ധ്യായം, കുരുത്തോലകൊണ്ടോരു കൊട്ടാരം, സാമ്രാജ്യം, പുരസ്‌കാരം, ശാന്തിമന്ത്രം, സത്യഗോപുരം, ഗുരുപ്രസാദം, കിളികള്‍ ചിലക്കാത്ത വസന്തം, പമ്പുകവലയില്‍ ബസ്‌റ്റോപ്പില്ല, ശാന്തിമന്ത്രം, കയര്‍, അക്ഷയമാനസം.... എന്നിങ്ങനെ 54-ല്‍ ഏറെ പ്രൊഫണല്‍ നാടകങ്ങള്‍ക്കും സംക്രമണം, മഴ എന്നിങ്ങനെ പത്തോളം ലഘുനാടകങ്ങള്‍ക്കും തൂലിക ചലിപ്പിച്ചു.

'പമ്പുകവലയില്‍ ബസ്റ്റോപ്പില്ല' എന്ന നാടകം പറവൂര്‍ ജോര്‍ജിന്റെ ഒരു ഏകാങ്കനാടകം അദ്ദേഹത്തിനുവേണ്ടി പ്രൊഫഷണല്‍ നാടക മാതൃകയില്‍ പൊളിച്ചെഴുതിയതാണ്. ശാന്തിമന്ത്രം -ആശാന്റെ ഏക നാടകമായ 'വിചിത്രവിജയം' പുനരാവിഷ്‌കരിച്ചതാണ്.

എല്ലാത്തരം സാമൂഹ്യതിന്മകളേയും തന്റെ നാടകങ്ങളിലൂടെ വിമാര്‍ശനാത്മകാമായി ബാലന്‍ അയ്യമ്പിള്ളി നേരിട്ടു. ആഗോളീകരണം, ജാതിവ്യവസ്ഥ, സംവരണം, അംബേഡ്കറിസം, മാര്‍ക്‌സിസം, അയ്യന്‍ കാളി, ആദിവാസി ഭൂപ്രശ്‌നം, പരസ്ഥിതി എന്നീ പ്രമേയങ്ങള്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. യന്ത്രപ്പാവകളാണ് ആഗോളീകരണം കൈകാര്യംചെയ്ത ശ്രദ്ധേയമായ നാടകം. ആദിവാസി പ്രശ്‌നം ഉന്നയിക്കുന്നതോടൊപ്പം, അയ്യന്‍ കാളി എന്ന നാമം ഉച്ചരിക്കുന്ന ആദ്യത്തെ പ്രൊഫണല്‍ നാടകമായും മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍ എന്ന നാടകം സവിശേഷ സ്ഥാനം നേടുന്നു. സ്വാതിനക്ഷത്രം മണ്ഡല്‍ക്കമ്മീഷന്‍ വിഷയം കൈകാര്യം ചെയ്യുന്നു. സംക്രമണം സ്‌കൂള്‍ കലോത്സവവേദികലില്‍ വിജയമാഘോഷിച്ച ഏകാങ്കനാടകമാണ്. ഈ ഇനത്തില്‍ മറ്റൊന്നായ മഴ, പരിസ്ഥിതി വിഷയകമാണ്.

സമിതികള്‍; റിബല്‍സ് -സ്വന്തം സംരംഭം- (അഗ്നിഗാഥ, അക്ഷയമാനസം, എന്റെ സൂര്യന്‍), കൊച്ചിന്‍ സംഗമിത്ര (അദ്ധ്യായം), ഹരിശ്രീ കൊച്ചി (മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍, കുരുത്തോലകൊണ്ടോരു കൊട്ടാരം), ആറ്റിങ്ങല്‍ പത്മശ്രീ (സാമ്രാജ്യം, പുരസ്‌കാരം), അങ്കമാലി നാടകനിലയം (മാത്രികപ്പൂച്ച, യന്ത്രപ്പാവകള്‍, രക്ഷകന്‍, വീരശൃംഖല), സെയ്താന്‍ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്‌സ് (കയര്‍), ആലുവ ശാരിക (ശാന്തിമന്ത്രം, സത്യഗോപുരം, ഗുരുപ്രസാദം, കിളികള്‍ ചിലക്കാത്ത വസന്തം).

ആര്‍ട്ടിസ്റ്റ് സുജാതന്‍, കുമരകം രാജപ്പന്‍, വൈപ്പിന്‍ സുരേന്ദ്രന്‍, രേണുക ഗിരിജന്‍, രാധാമണി, ചേന്ദമംഗലം മാധവന്‍, നാരായണന്‍കുട്ടി, സദാനന്ദന്‍ വാച്ചാക്കല്‍, പറവൂര്‍ ബാബു, അയ്യമ്പിള്ളി ഭാസ്‌കരന്‍, പറവൂര്‍ ജോര്‍ജ്, സജീവ്, മണി, വത്സന്‍ നായരമ്പലം, തുടങ്ങിയവര്‍ ബാലന്‍ അയ്യമ്പിള്ളിയുടെ സഹപ്രവര്‍ത്തകരായിരുന്നു.

സിനിമാ താരമായി വിജയിച്ച രാജന്‍ പി ദേവിന് ഏറ്റവും മികച്ച നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്, കൊച്ചിന്‍ ഹരിശ്രീ അവതരിപ്പിച്ച ബാലന്‍ അയ്യമ്പിള്ളിയുടെ മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍ എന്ന നാടകത്തിലൂടെയാണ്. അങ്കമാലി നാടകനിലയം അവതരിപ്പിച്ച യന്ത്രപ്പാവകള്‍ക്ക് ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന അവാര്‍ഡും അവരുടെതന്നെ വീരശൃംഖലക്ക് മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാര്‍ഡും അതത് വര്‍ഷങ്ങളില്‍ ലഭിക്കുകയുണ്ടായി. അഗ്നിഗാഥയുടെ സംവിധാനത്തിന് ചന്ദ്രന്‍ മാസറ്റര്‍ക്കും അതിലെ അഭിനയത്തിന് ധര്‍മ്മന്‍ മാസ്റ്റര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ അയ്യമ്പിള്ളിയില്‍ വടക്കേപ്പറമ്പില്‍ കൃഷ്ണന്റേയും കുഞ്ഞുപെണ്ണിന്റേയും മൂത്തമകനായി 1948 മെയ് 25-ന് ബാലന്‍ പിറന്നു.

സെന്റ് ഗ്രിഗറീസ് സ്‌കൂള്‍, രാമവര്‍മ യൂണിയന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി.

കുറച്ചുകാലം കേന്ദ്ര സമുദ്രഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലൈബ്രറേറിയനായി ജോലിനോക്കി. അതിനുശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കാഷ്യര്‍-ക്ലര്‍ക്കായി നിയമനം നേടി.

സ്‌കൂള്‍-കോളേജ് പഠനകാലത്തുതന്നെ കലയിലും സാഹിത്യത്തിലും അതീവ തത്പരനായിരുന്ന ബാലന്‍ ലോകസാഹിത്യത്തിലെ ക്ലാസിക്കുകളും, രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളും ഇതര സാഹിത്യകൃതികളും വായിച്ചിരുന്നു. പരന്ന വായനയും ആഴത്തിലുള്ള ചിന്തയും സാഹിത്യത്തിലെ മറ്റുമേഖലകളില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ ബാലനെ പ്രാപ്തനാക്കി. നാടകരചനയോടൊപ്പം കവി, കഥാകൃത്ത്, ബാലസാഹിത്യകാരന്‍, ഗാനരചയിതാവ്, സിനിമാ ലേഖകന്‍ എന്നീ നിലകളില്‍ ബാലന്‍ മികവ് പ്രകടിപ്പിച്ചു. 'സഹൃദയന്‍' മാസികയുടെ പത്രാധിപരുമായിരുന്നു. നാടകത്തിനുപുറമെ കഥാപ്രസംഗം, ബാലെ, വില്ലടിച്ചാന്‍പാട്ട് എന്നിവയ്ക്കും രചനനിര്‍വഹിച്ചു. ബോംഗോസ്, ബുള്‍ ബുള്‍, ഷാഹി ബാജ എന്നീ സംഗീതോപകരണങ്ങളുടെ വാദകനുമായിരുന്നു. നാടകരചനയോടൊപ്പം സംവിധാനവും നടനവും നിര്‍വഹിച്ചു. ചിത്രകാരനുമായിരുന്നു.

'മറ്റുള്ളവര്‍ കാണാത്ത വെളിച്ചത്തില്‍ ലോകം കാണുക, ആ കാണുന്നത് മറ്റുള്ളവര്‍ ചെയ്യാത്ത വഴികളില്‍ ആരുടേയും അഭിപ്രായം വകവെക്കാതെ അപഗ്രഥിക്കുക, ഇങ്ങനെ കടഞ്ഞുകിട്ടിയ നാടകീയതയെ മുന്‍പാരും ചെയ്യാത്ത രംഗാവതരണത്തിനു വിധേയമാക്കുക- ഇതാണ് എക്കാലവും നല്ല നാടകകൃത്തുക്കള്‍ ചെയ്തത്' -'ബാലന്‍ അയ്യമ്പിള്ളിയുടെ രണ്ട് നാടകങ്ങള്‍' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ പ്രസിദ്ധസാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ രേഖപ്പെടുത്തിയ നിരീക്ഷണമാണ്.

അങ്ങേയറ്റത്തെ സമുദായ സ്‌നേഹികൂടിയായിരുന്നു ബാലന്‍ അയ്യമ്പിള്ളി. ഔദ്യോഗിക ജോലിയുടെയും നാടകത്തിന്റെയും തിരക്കുകള്‍ക്കിടയിലും സമുദായ സംഘടനയുടെ ശാഖാ പ്രസിഡന്റ് സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നില്ല. വടക്കന്‍ പറവൂര്‍ മന്ദം അത്താണിയില്‍ കേരളത്തില്‍ സ്ഥാപിതമായ അയ്യന്‍കാളിയുടെ രണ്ടാമത്തെ പ്രതിമ അനാച്ഛാദനംചെയ്തത് ബാലന്‍ അയ്യമ്പിള്ളിയാണ്.


കാര്‍ത്തികേയന്‍ പടിയത്ത്

പറവൂര്‍ രാമചന്ദ്രന്‍

സുന്ദരന്‍ പനങ്ങാട്

No comments:

Post a Comment