2004 ഫെബ്രുവരിയില്‍ ഇറങ്ങിയ 'ആദിയര്‍ദീപം' പൊയ്കയിലപ്പച്ചന്‍ പതിപ്പില്‍ അവസാനത്തെ അടിമയായിരുന്ന യിരമ്യാവുമായി പ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് യിരമ്യാവിന് 109 വയസ് പ്രായമുണ്ട്. അപ്പോള്‍ അദ്ദേഹം 1895 ഏപ്രില്‍ 20-ന് ജനിച്ചിരിക്കാം. എങ്കില്‍ അഞ്ച് തലമുറകള്‍ക്ക് തൊട്ടപ്പനാണ് യിരമ്യാവ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എറികാട് ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
2004 ജനുവരി 26-ന് എറികാട് നടന്ന ഒരു ചടങ്ങില്‍ വെച്ച് പാമ്പാടി, നവലോകം, ദേശാഭിമാനി, ദേശനിവാസികള്‍, ബന്ധുമിത്രാദികള്‍, ബഹുജനങ്ങള്‍ മുതലായവരുടെ സാന്നിധ്യത്തില്‍ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്ച്യുതാനന്ദന്‍ യിരമ്യാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
തൃശൂര്‍ പറയങ്കാവില്‍നിന്നും കോട്ടയത്തെ ഏതോ തമ്പുരാന്‍ വിലക്കുവാങ്ങിക്കൊണ്ടുവന്ന ഓതിര അയ്യപ്പനാണ് തന്റെ വല്യപ്പനെന്നാണ് യിരമ്യാവ് കേട്ടിരുന്നത്. കുമരകത്ത് വല്യപ്പെന നുകത്തില്‍ കെട്ടി പാടത്ത് ഉഴുതിട്ടുണ്ട്. യിരമ്യാവിന്റെ അച്ഛന്‍: മാങ്ങാനം നടാപ്പള്ളിക്കുഴിയില്‍ ഉമ്മന്‍. കടുപ്പില്‍ അന്നയാണ് അമ്മ -മറിയം എന്ന് വീട്ടില്‍ വിളിച്ചു.
മാന്നാറാണ് കുടുംബം താമസിച്ചിരുന്നത് . യിരമ്യാവിന് 16 വയസ്സുള്ളപ്പോള്‍, ഒരുദിവസം ചീന്തലാര്‍ എസ്റ്റേറ്റില്‍നിന്നും പൗലോസ് മൂപ്പന്‍ കുടിലിലേക്കുവന്നു. അപ്പനുമായി എന്തൊക്കെയോ പറഞ്ഞു. കയ്യില്‍ എന്തോ കൊടുക്കുകയും ചെയ്തു. തന്നെ വില്‍ക്കുകയാണെന്ന് യിരമ്യാവിന് അറിഞ്ഞുകൂടായിരുന്നു. അപ്പന്‍ അടുത്തുവിളിച്ചു പറഞ്ഞു; ചീന്തലാറിലെ സായിപ്പിന്റെ തോട്ടത്തില്‍ നിന്നും വന്നതാണ് പൗലോസ് മൂപ്പന്‍. ഇനി അച്ഛനോടും അമ്മയോടും കൂട്ടശേഷങ്ങളോടും യാത്രപറഞ്ഞ് പൗലോസ് മൂപ്പന്റെ കൂടെ പോകുക.... അപ്പന് 4 ചക്രം കൊടുത്താണ് താന്‍ വില്ക്കപ്പെട്ടതെന്ന് യിരമ്യാവ് അറിയുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്.
ചീന്തലാറിലേക്ക് മൂന്ന് ദിവസത്തെ നടപ്പുണ്ടായിരുന്നു. ആചാരമനുസരിച്ച് പാണ്ഡ്യമലക്ക് തേങ്ങയടിച്ചശേഷം കൊടികുത്തിമല കയറി. 4 വര്‍ഷത്തോളം സായിപ്പിന്റെ തോട്ടത്തില്‍ വേലചെയ്തു. 'രാജാപതി... പാണ്ഡിരാജ... രാജാവതിയേ...' എന്ന സ്തുതിപ്പാട്ട് പാടാതിരുന്നതിനെച്ചൊല്ലി ഒരു ദിവസം റൈട്ടര്‍ യിരമ്യാവിന്റെ പുറത്ത് ചൂരല്‍വടികൊണ്ട് 12 തവണ അടിച്ചു. അന്ന് ചീന്തലാറില്‍നിന്നും ഒളിച്ചോടി. 2 ദിവസം നടന്ന് ചെമ്മണ്ണില്‍ എത്തി. 5 വര്‍ഷം അവിടെ വേലയെടുത്തു.
എസ്റ്റേറ്റ് ഉടമയില്‍നിന്നും 3 പേര്‍ക്ക് കൈമാറിയാണ് അടിമക്കൂലി കിട്ടുന്നത്. അടിമയുടെ കൈയിലെത്തുമ്പോള്‍ യാതൊന്നും അതില്‍ ഉണ്ടാവില്ല എന്നു പറയുന്നതാണ് ശരി. ചെമ്മണ്ണില്‍നിന്നും വീണ്ടും യിരമ്യാവ് ഒളിച്ചുകടന്നു. കാഞ്ഞിരപ്പള്ളിവരെ ഓടുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ ഒരു കാളവണ്ടികിട്ടി. അങ്ങനെ മാന്നാനത്ത് തിരിച്ചെത്തി. ചെമ്മിരിപ്പള്ളി ക്രിസ്ത്യന്‍ തമ്പുരാന്റെ അടിയാനായി അവിടെ കൂടി. കാളപൂട്ടും പാടത്തുപണിയും ചെയ്തുവന്നു. കോട്ടയം ചന്തയില്‍ മീന്‍ചുമന്നു. ഇതിനിടയില്‍ ചെണ്ടമേളം അഭ്യസിച്ച് പുതുപ്പള്ളി സിനിമാ കോട്ടയില്‍ പരസ്യത്തിന് വേലചെയ്തു. സി എം എസ് സഭയില്‍ ചേര്‍ന്ന് മറിയയെ വിവാഹംചെയ്തു.
പൊയ്കയില്‍ അപ്പച്ചനാണ് യിരമ്യാവിന്റെ ആരാധനാപാത്രം. അപ്പച്ചന്‍ പാടിയ 'ഞങ്ങള്‍ക്കമ്മയില്ലേ തിന്താരാ... നമുക്കമ്മയില്ലേ തിന്താരാ...' എന്ന പാട്ട് യിരമ്യാവ് ഹൃദയത്തിലേറ്റി. പൊയ്കക്കൂട്ടത്തിലെ ഒരു അമ്മ പാടിക്കേട്ടാണ് ഈ പാട്ട് പഠിച്ചത്. അപ്പച്ചനെ 2 തവണ കണ്ടിട്ടുണ്ട്. 2 അംഗരക്ഷകര്‍ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടാവും.
അടിമക്ക് ജീവിതമില്ലല്ലൊ. ഉള്ളത് സമരം മാത്രമാണ്. മാന്നാനത്ത് എത്തിയിട്ടും യിരമ്യാവ് സമരം തുടര്‍ന്നു. അടിമത്തവിരുദ്ധസമരം, കര്‍ഷകത്തൊഴിലാളി പ്രക്ഷോഭം, കോതകേരി പാടത്തെ സമരം തുടങ്ങിയവയിലെല്ലാം പങ്കാളിയായി.
2004-നുശേഷം യിരമ്യാവ് അധികകാലം സമരം ചെയ്തില്ല. 2006-ലൊ മറ്റൊ അദ്ദേഹം മണ്‍മറഞ്ഞു. മനുഷ്യനായി ജീവിക്കാന്‍ ജാതിസമൂഹം ആ ശരീരിയെ അനുവദിച്ചില്ല.
*ചിത്രം: ആദിയര്‍ദീപം.

No comments:
Post a Comment