Search This Blog
Saturday, October 17, 2026
ആര്‍ച്ചുഡീക്കന്‍ കെ. കോശി
ആര്‍ച്ചുഡീക്കന്‍ കെ. കോശി:'പുല്ലേലിക്കുഞ്ചു'വിന്റെ കര്‍ത്താവ്.
തിരുവല്ലയില്‍ തോട്ടപ്പുഴശ്ശേരി മുറിയില്‍ ആറന്മുള ക്ഷേത്രത്തിനെതിരെയുള്ള ക്രിസ്തീയ ഭവനത്തില്‍ -ആംഗ്ലേയമതപ്രാസംഗികരുടെ സഹായിയായിരുന്ന 'മാരാമണ്‍കോശി'ക്കും, ചെങ്ങന്നൂര് പൂവത്തൂര് കുടുംബത്തിലെ അംഗമായ ഒരു ക്രിസ്തീയ വനിതക്കും 1825 മാര്‍ച്ചില്‍ ജനിച്ച പുത്രനാണ് 'ആര്‍ച്ചഡീക്കന്‍ കോശി' എന്ന് പില്ക്കാലത്ത് അറിയപ്പെട്ടത്.
മാരമണ്‍ കോശിയുടെ മകന്റെ പേരും കോശി എന്നുതന്നെയാണ്. ഒളശയിലായിരുന്നു മകന്‍ കോശിയുടെ പ്രാഥമിക വിദ്യാഭ്യാസം. ബാല്യത്തില്‍ തന്നെ കോശിയെ ഒരു ശൂദ്രോപാധ്യായന്റെ അടുത്ത് കൊണ്ടുചെന്നാക്കി. അവിടെവെച്ച് അമരകേശം, സിദ്ധരൂപം എന്നിവ പഠിച്ചു. കെ കോശിയുടെ ബുദ്ധിസാമര്‍ത്ഥ്യം കണ്ടറിഞ്ഞ് ആബ്രഹാം മല്പാന്‍ എന്നൊരു ബന്ധു 1835-ല്‍ ഒരു ദിവസം അദ്ദേഹത്തിന്റെ സ്വന്തം ബോട്ടില്‍ കയറ്റിക്കൊണ്ടുപോയി കോട്ടയത്തുള്ള മിഷ്യന്‍ വിദ്യാലയത്തില്‍ ഏല്പിച്ചു. പഠിക്കുന്നകാലത്തുതന്നെ പ്രസംഗിക്കാനും കോശി പോകുമായിരുന്നു.
1839-ല്‍ കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 1844 വരെ കെ കോശി അവിടെത്തന്നെ പഠിച്ചു. സംസ്‌കൃതം ഇംഗ്ലീഷ് ഗ്രീക്ക് എന്നീ ഭാഷകളില്‍ നിപുണനായി. വാഗൈ്വഭവത്തിലും എഴുത്തുകുത്തിലും മികവ് പ്രകടിപ്പിച്ചു.
അതിനുശേഷം മാവേലിക്കര പീറ്റുസായിപ്പിന്റെ അടുക്കല്‍ ചെന്നു ചേര്‍ന്നു. പീറ്റുസായിപ്പ് കോശിയെക്കൊണ്ട് തര്‍ജ്ജമകള്‍ ചെയ്യിച്ചു. ദിവാനെ കണ്ടപ്പോള്‍ -'ഹാ! സുറിയാനിക്കാരെല്ലാം ഇതുപോലെയുള്ളവരാണെങ്കില്‍, എനിക്കു അവരെക്കുറിച്ചു വളരെ ബഹുമാനമുണ്ട് നിശ്ചയം' എന്ന് അഭിപ്രായപ്പെട്ടു.
1848 മുതല്‍ 1856 വരെ കോശി തിരുവല്ലയില്‍ മിഷ്യന്‍സമൂഹഭവനത്തില്‍ തന്നെ താമസിച്ചു. 20 വയസ്സായപ്പോള്‍ മാരാമണ്‍ ഇടവകയില്‍ ഉള്‍പ്പെട്ട കരിയന്നൂര് മുറിയില്‍ അമ്പാട്ട് കുടുംബത്തില്‍നിന്നും ഒരു കന്യകയെ വിവാഹം കഴിച്ചു. 1852-ല്‍ ദമ്പതികള്‍ക്ക് ഒരു പുത്രിയുണ്ടായി. 1856-ഫെബ്രുവരി 22-ന് പ്രഥമപുത്രന്‍ ജനിച്ചു. 1866-ല്‍ മകളെ അപ്പോത്തിക്കിരിയായിരുന്ന ചാണ്ടിക്ക് വിവാഹംചെയ്തുകൊടുത്തു.
മദിരാശി അദാലത്തുകോര്‍ട്ടില്‍ മലയാള തര്‍ജ്ജമക്കാരനായിരുന്ന മി. പി ജോര്‍ജ്ജ് വിരമിച്ച ഒഴിവിലേക്ക് കോശി പരിഗണിക്കപ്പെട്ടു. 120 ക. യായിരുന്നു ശമ്പളം. എന്നാല്‍ അച്ഛന്‍ കോശി സമ്മതമേകിയില്ല -കോശി ആര്‍ജിച്ച വിദ്യാധനം മാതാപിതാക്കളുടെ മുതല്‍കൊണ്ട് സമ്പാദിച്ചതല്ല, ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ സഹായത്താല്‍ നേടിയതാണ്. അതിനാല്‍ സഭ ആവശ്യപ്പെടുന്ന കാലത്തോളം അവരെ വിട്ടുപോകുന്നത് ശരിയല്ല. അതുകൊണ്ട് കോശിക്ക് മിഷ്യന്‍വേല മതി. മദിരാശിവേല വേണ്ട. എന്ന് അച്ഛന്‍ നിര്‍ബന്ധിച്ചു. ജോലി നിരസിക്കുന്നതായി കാണിച്ച് കോശി ഒരു ശ്ലോകമെഴുതി ജോര്‍ജ്ജിനയച്ചു. 7 രൂപ ശമ്പളത്തിന് തിരുവല്ലയില്‍ തന്നെ തുടര്‍ന്നു. ആ ചെറിയ തുകയില്‍നിന്നും കുറച്ച് സമ്പാദ്യമായി കോശി നീക്കിവെച്ചു. അതില്‍ നിന്നും വീട്ടുചെലവിനായി സ്വന്തം അച്ഛനും ബാക്കി ധര്‍മ്മോപകാരം ചെയ്യുന്നതിനുമായി ചെലവഴിച്ചു.
വൈദികനായ കോശിക്ക് ആദ്യപുത്രനുണ്ടായതിനുശേഷം ഒരു മാസം കഴിഞ്ഞ് അദ്ദേഹത്തിന് ദിയാക്കണ്‍ പദവി ലഭിച്ചു. മദിരാശിയിലെ ബിഷോപ്പ് അവര്‍കള്‍ കൊച്ചിയില്‍വെച്ചാണ് പട്ടം നല്കിയത്. അതിനുശേഷം റവറണ്ട് മി. കോശി തലവടിയിലേക്കു സ്ഥലം മാറിപ്പോയി. രണ്ടുവര്‍ഷം കഴിഞ്ഞ് 1856-ല്‍ ഒളശയിലേക്കും പോയി. കോട്ടയം മിഷനറിമാരുടെ എല്ലാസ്ഥലങ്ങളിലുംപോയി ഇടവകക്കാര്യം നോക്കലും പ്രസംഗങ്ങളും നടത്തിവന്നു. തിരുവാര്‍പ്പ് ക്ഷേത്രത്തിനുസമീപം പ്രസംഗിക്കുമ്പോള്‍ നമ്പൂതിരിമാര്‍ വന്ന് വിലക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രസംഗം കഴിഞ്ഞപ്പോള്‍ അവര്‍ അഭിനന്ദനം രേഖപ്പെടുത്തുകയുണ്ടായി.
1859 നവംബര്‍ 9-ന് മദിരാശി ബിഷപ്പ് കോട്ടയത്തുവെച്ച് കോശിക്ക് 'പ്രസ്ബിറ്റര്‍' സ്ഥാനം കൊടുത്തു. ആ വര്‍ഷം ജനുവരിയില്‍ രണ്ടാമത്തെ മകളും 1863 മാര്‍ച്ചില്‍ രണ്ടാമത്തെ മകനും ജനിച്ചു. ഈ കുട്ടി വളര്‍ന്ന് ഡോക്ടറായി പ്രസിദ്ധിനേടി.
ഹീനജാതിക്കാരെന്നു പറയപ്പെടുന്നവരുടെ അടുത്തുപോയി ആധ്യാത്മികകാര്യത്തില്‍ എല്ലാ മനുഷ്യരും തുല്യരാണെന്ന ഉദ്‌ബോധനം നല്കി. ഒളശ പുഴയുടെ വടക്കുഭാഗത്ത് ഒരു ഈഴവക്കുടിയില്‍ വിഷൂചിക (നടപ്പുദീനം) പിടിപെട്ടപ്പോള്‍ ബന്ധുക്കള്‍പോലും അവരെ തിരിഞ്ഞുനോക്കിയില്ല. അവരെല്ലാം ഭീരുക്കളും അജ്ഞാനികളുമായിരുന്നു. പിശാചിന്റെ ഉപദ്രവമാണെന്ന് വീട്ടുകാര്‍ ഭയപ്പെട്ടു. ഈ വാര്‍ത്തയറിഞ്ഞ കോശി ആ വീട്ടിലെത്തി സധൈര്യം അവരെയെല്ലാം ചികിത്സിച്ചു രോഗം ഭേദമാക്കി.
ഒളശയിലുള്ള മിക്ക കുടുംബങ്ങള്‍ക്കും ആത്മാജ്ഞാനോപദേഷ്ടാവായി കോശി. തൃശ്ശിവപേരൂര്‍ക്ക് സ്ഥലം മാറിപ്പോകുന്നുവെന്ന വാര്‍ത്തകേട്ട് അവരെല്ലാം കഠിനമായി പരിതപിച്ചു. കോശിക്കും സ്ഥലം മാറ്റത്തില്‍ വ്യസനമുണ്ടായി. ഒടുവില്‍ സ്ഥലംമാറ്റ ദിവസം വന്നപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്വര്‍ണഫ്രെയിമിട്ട ഒരു കണ്ണാടി കോശിക്ക് സമ്മാനിച്ചു.
1867-ല്‍ കോശി തൃശ്ശിവപേരൂരെത്തി. 1869-ലെ റിപ്പോര്‍ട്ടുവന്നപ്പോള്‍ ഇടവക കാര്യങ്ങള്‍ റവ. ബൗവര്‍ സായ്പിനെ ഏല്പിച്ച് വീടിനടുത്ത് എലന്തൂര് എത്തി. രണ്ടരക്കൊല്ലം കഴിഞ്ഞ് തലവടിക്ക് സ്ഥലം മാറിപ്പോയി.
തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍ പബ്ലിക്ക് റോഡുകളും കച്ചേരികളും ബ്രാഹ്മണര്‍ക്കെന്നപോലെ, പറയര്‍, പുലയര്‍ മുതലായ ജാതികള്‍ക്കും യാതൊരു തടസ്സവും കൂടാതെ തുറന്നുകൊടുക്കുന്നതിനും ക്ഷേത്രസന്നിധിയിലുള്ള കച്ചേരികളില്‍ ഇവര്‍ക്ക് അടുത്തുചെല്ലുവാന്‍ പാടില്ലാത്തതിനാല്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍നിന്നു കച്ചേരികള്‍ മാറ്റി, ഏവര്‍ക്കും അടുത്തുചെല്ലാവുന്ന സ്ഥലങ്ങളില്‍ പുതുതായി പണിയിപ്പിക്കുന്നതിനു ഡര്‍ബാറില്‍നിന്നും കല്പിച്ചനുവദിക്കേണ്ടതിലേക്കായി സമര്‍പ്പിക്കപ്പെട്ട 1869-ലെ നിവേദനത്തില്‍ കോശിയും ഒപ്പിട്ടിരുന്നു.
1872-ല്‍ കോശിയെ മദിരാശി ബിഷപ്പ് തന്റെ ചാപ്ലെയന്‍ ആയി നിയമിച്ചു. അതിനുമുമ്പുതന്നെ അദ്ദേഹം 'സമസ്താലോചനാസംഘ'ത്തിന്റെ ഒരു കാര്യദര്‍ശിയുമായിരുന്നു. അക്കൊല്ലം ഫെബ്രുവരിയില്‍ തന്റെ രണ്ടാമത്തെ മകളെ റവറണ്ട് ഇ വി ജോണ്‍ പാദിരിക്ക് ഒളശ ആംഗ്ലേയ പള്ളിയില്‍വെച്ച് കോശി വിവാഹംചെയ്തുകൊടുത്തു.
1873-ല്‍ കോശിയെ പള്ളത്തേക്കു മാറ്റി. 1877-ല്‍ കോട്ടയം കൗണ്‍സിലിന്റെ ഉപാധ്യക്ഷനാക്കി. 1881-ല്‍ പള്ളത്തുനിന്നും കോട്ടയത്തേക്ക് സ്ഥലം മാറ്റി. 1882-ല്‍ വേദപുസ്തക പരിഷ്‌കരണത്തിനായി കോഴിക്കോട്ടേക്കുപോയി. 1885-ല്‍ കോശിക്കും ഒരു യൂറോപ്യന്‍ മിഷനറിക്കും 'ആര്‍ച്ച്ഡീക്കന്‍' എന്ന ഉന്നതസ്ഥാനം നല്കപ്പെട്ടു.
ആയിടെ രണ്ടാമത്തെ മകള്‍ക്ക് രോഗം കലശലായി. പ്രസിദ്ധനായ ഡോ. ഹൂസ്റ്റര്‍ തിരുവനന്തപുരത്തുനിന്നും രോഗിണിയെ വന്നുകണ്ടു പരിശോധിച്ചപ്പോള്‍ ഉടനെ മരണം സംഭവിക്കുമെന്ന് പ്രവചിച്ചു. പക്ഷെ വയസ്‌കര മൂസ്സിന്റെ മൂന്നുമാസത്തെ ചികിത്സകൊണ്ട് കുട്ടി പൂര്‍ണസുഖം പ്രാപിച്ചു.
1892 ജൂലൈ 6-ന് വിക്ടോറിയാ മഹാറാണി വെനറബില്‍ ആര്‍ച്ച് ഡീക്കന്‍ കോശിക്ക് 'ഡി. ഡി.' എന്ന സ്ഥാനം നല്കി. 22 വര്‍ഷത്തോളം സമസ്താലോചനാസംഘത്തിന്റെ സെക്രട്ടറിയായിരുന്നു. 1895-ല്‍ പ്രായാധിക്യത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു.
കൃതികള്‍;
പുല്ലേലിക്കുഞ്ചു, ഭസ്മക്കുറി, തിരുവവതാരമാഹാത്മ്യം, പരദേശി മോക്ഷയാത്ര (ജോണ്‍ ബന്യന്റെ 'ദി പില്‍ഗ്രിംസ് പ്രോഗ്രസ്' എന്ന കൃതിയുടെ പരിഭാഷ). തിരുപ്പോരാട്ടം (ജോണ്‍ ബന്യന്റെ 'ദി ഹോളി വാര്‍' എന്ന കൃതിയുടെ പരിഭാഷ). 1840 വരെ മലായാളത്തിലെ ആദ്യ മാസികയായ 'ജ്ഞാനനിക്ഷേപത്തിന്റെ പത്രാധിപരായിരുന്നു. കെ കോശിയുടെ സാഹിത്യസംഭാവനകളില്‍ ബൈബിള്‍ പരിഭാഷ (1872-1898) പ്രധാനപ്പെട്ടതാണ്.
1892-ലാണ് 'പുല്ലേലിക്കുഞ്ചു' നോവല്‍ രചിച്ചത്. 2013-ല്‍ ചിന്താ പബ്ലിഷേഴ്‌സ്, തിരുവനന്തപുരം കൃതിക്ക് പുതിയ പിതിപ്പ് ഇറക്കി. 'പുല്ലേലിക്കുഞ്ചു പുതിയ മനോഘടനയുടെ സങ്കീര്‍ണതകള്‍' എന്ന ശീര്‍ഷകത്തില്‍ ഡോ. സനല്‍ മോഹന്റെ സമഗ്രമായൊരു പഠനം കൊടുത്തിട്ടുണ്ട.
'ഉല്‍പ്പതിഷ്ണുവായ പുല്ലേലി കുഞ്ചുപിള്ളയും യാഥാസ്ഥിതികനായ രാമപ്പണിക്കരുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ തമ്മിലുള്ള ആശയസംഘര്‍ഷങ്ങങ്ങളാണ് നോവലിന്റെ ഇതിവൃത്തത്തെ നിര്‍ണയിക്കുന്നത്. മറ്റുപ്രധാന കഥാപാത്രങ്ങള്‍, ക്രിസ്ത്യാനിയായ മുതല്‍പിടിക്കാരന്‍, കൈതപ്പള്ള രാമപ്പണിക്കര്‍, നെടുങ്ങാട്ടുമഠത്തില്‍ ശാമു അണ്ണാവി, നെടുവേലി മൂത്തനമ്പൂതിരിപ്പാട്, കൈതപ്പള്ള മാധവന്‍കുട്ടി എന്നിവരാണ്.
കൊളോണിയല്‍ ആധുനികതയില്‍ രൂപപ്പെടുന്ന പുതിയ മോനോഘടനയുടെ സങ്കീര്‍ണതകള്‍ ആണ് യഥാര്‍ത്ഥത്തില്‍ പുല്ലേലിക്കുഞ്ചു എന്ന നോവലിന്റെ സാമൂഹ്യശാസ്ത്രപരമായ പ്രാധാന്യം. ഈ പ്രത്യേകതയാണ് ഇന്നും അതിനുള്ള സാമൂഹ്യപ്രസക്തിയുടെ അടിസ്ഥാനവും'.
'.....നോവലിന്റെ ഒന്നാംഭാഗം അവസാനിക്കുന്നിടത്തുപറയുന്ന മലങ്കൊയ്ത്തുകഴിഞ്ഞു കൂലിയായി കിട്ടിയ നെല്ലും ചുമന്നുവരുന്ന പുലയരെ, ഗര്‍ഭിണികളായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ, കുഞ്ചു ഉള്‍പ്പെട്ട സവര്‍ണസംഘം മര്‍ദ്ദിച്ചത് അദ്ദേഹം വിവരിക്കുന്നു. പുലക്കിടാവിനെ തൂക്കിയെടുത്ത് ആ പുലയിയുടെ പുറത്ത് അടിച്ചതിന്റെ ഫലമായി അവള്‍ നിലത്തുവീഴുകയും അപ്പോള്‍ത്തന്നെ പ്രസവിക്കുകയും ചെയ്തു. മറ്റു പുരുഷന്മാരും കുട്ടികളുമെല്ലാം കൊടിയ മര്‍ദ്ദനത്തിനിരയായി. വളവുതിരിവുള്ള വഴിയില്‍ എതിരെവന്ന ഉയര്‍ന്നജാതിക്കാരില്‍നിന്നും തീണ്ടാപ്പാടകലം കാക്കാന്‍ കഴിയില്ലാതെ വന്ന പുലയരാണ് ഈ ആക്രമണത്തിനിരയായത്....' ഈ കഥ യഥാര്‍ത്ഥത്തില്‍ നടന്നതുതന്നെയെന്നും ഡോ. സനല്‍ മോഹന്‍ കൂട്ടിച്ചേര്‍ക്കുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment