Search This Blog
Saturday, October 17, 2026
പാര്‍വതി അയ്യപ്പന്‍
പാര്‍വതി അമ്മ: കൊച്ചിയിലെ നവോത്ഥാനത്തില്‍ സഹോദരന്‍ അയ്യപ്പന്റെ ജീവിതനായിക.
നിരാലംബരായ ദലിത്-ബഹുജന്‍ വനിതകള്‍ക്ക് വിദ്യ പകര്‍ന്നുകൊടുക്കുക മാത്രമല്ല, താമസവും ഭക്ഷണവും ഒരുക്കിക്കൊടുത്തു, ഈ അമ്മ.
തൃശൂര്‍ എരിഞ്ഞേലി വീട്ടില്‍ ഇ കെ അയ്യാക്കുട്ടിയുടേയും അമ്മുക്കുട്ടിയുടേയും മകളായി 1902 ജൂലൈ 12-ന് ജനിച്ചു. പാര്‍വതിക്ക് താഴെയായി 6 സഹോദരന്മാരും 3 സഹോദരന്മാരുമുണ്ട്. എരിഞ്ഞേലി എന്ന തറവാട്ട് പേരിലാണ് സ്ഥലം അറിയപ്പെട്ടിരുന്നത്.
അയ്യാക്കുട്ടി മുന്‍സിഫ് ആയിരുന്നു. സ്ഥലം മാറ്റത്തിന് വിധേയനായതുകൊണ്ട് പാര്‍വതിയുടെ വിദ്യാഭ്യാസം തൃശൂര്‍ ഇരിങ്ങാലക്കുട, എറണാകുളം, മട്ടാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു. പാര്‍വതി സ്‌കൂള്‍ ഫൈനല്‍ പാസാകുന്നതിനുമുമ്പുതന്നെ അയ്യാക്കുട്ടി മുന്‍സിഫ് തങ്ങളുടെ എരിഞ്ഞേലി വീടും പുരയിടവും വിറ്റ് കൂര്‍ക്കഞ്ചേരിയിലേക്ക് താമസം മാറ്റി. അവിടെ വെച്ച വീടിന് 'ശാന്തിവിലാസം' എന്ന് പേരിട്ടു. എരിഞ്ഞേലിവീടും പുരയിടവും ക്രിസ്ത്യനികള്‍ക്ക് വിറ്റു. അവര്‍ അവിടെ പള്ളി പണിതു. തൊട്ടടുത്തുള്ള എരിഞ്ഞേലിച്ചന്ത ഇപ്പോഴും ആ സ്ഥലപ്പേരില്‍ അറിയപ്പെടുന്നു.
ഹൈസ്‌കൂളില്‍ എറണാകുളത്ത് പഠിക്കുന്നകാലത്ത് ആശുപത്രി സന്ദര്‍ശിച്ച് അശരണായ രോഗികള്‍ക്ക് ആഹാരവും സഹായവും നല്കുമായിരുന്നു. ആയിടെ വായനാശീലവും വളര്‍ത്തി. ബാലികയായിരുന്ന അക്കാലത്തുതന്നെ ജാതിവ്യവസ്ഥയുടെ ഭീകരത നേരിട്ടനുഭവിച്ചു. ജീവചരിത്രകാരനായ എം കെ സാനു കുറിച്ചു; 'ഇന്റര്‍വെല്ലിന് പുറത്തുപോയശേഷം മടങ്ങിയെത്തുമ്പോള്‍ തന്റെ ഡെസ്‌കില്‍ 'കള്ളെടുക്കുന്ന സ്ഥലം' എന്ന് ആരോ എഴുതിവെച്ചിരിക്കുന്നത് പലപ്പോഴും പാര്‍വതി കാണുകയുണ്ടായി. കാഴ്ചയില്‍ പ്രൗഢിതോന്നിക്കുന്ന രൂപവും വെടിപ്പായ വസ്ത്രധാരണവും ഉണ്ടായിരുന്നിട്ടും തന്നെ ആക്ഷേപിക്കാന്‍ ചിലര്‍ക്കു തോന്നിയതിനെപ്പറ്റി പാര്‍വതിക്ക് അമര്‍ഷവും സങ്കടവും തോന്നി. അതിന്റെ പ്രേരണയാല്‍ മേല്‍ജാതിക്കാരായ സഹപാഠികളെ എല്ലാനിലയിലും തോല്‍പ്പിക്കാന്‍ വാസനകാണിക്കുകയും ചെയ്തു. ഈ വാസന വിദ്യാര്‍ത്ഥിജീവിതകാലം മുഴുവന്‍ പാര്‍വതിയില്‍ കത്തിനിന്നു'.
മദിരാശി ക്യൂന്‍ മേരീസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. ബിരുദം നേടുന്നതുവരെ അവിടെ പഠിച്ചു.
ആയിടെ ബുദ്ധദര്‍ശനത്തില്‍ ആകൃഷ്ടനായിരുന്ന അയ്യാക്കുട്ടി മുന്‍സിഫിന് 'ധമ്മപദം' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് അഭിലഷിച്ചു. അതിനായി പാലികൂടി അറിയാവുന്ന ഒരാളുടെ സഹായം തേടണമായിരുന്നു. അപ്പോള്‍ നാരായണഗുരു കെ അയ്യപ്പനെ നിര്‍ദ്ദേശിച്ചു. മുന്‍സിഫിന്റെ വീട്ടിലെത്തിയ അയ്യപ്പന്‍ നിര്‍ദ്ദിഷ്ട ചുമതല നിര്‍വഹിച്ചുതുടങ്ങി. അക്കാലത്ത് അയ്യപ്പനില്‍ പാര്‍വതിയോട് അനുരാഗം നാമ്പിട്ടു.
പഠനം കഴിഞ്ഞ് വന്ന ഉടനെ പാര്‍വതിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചു. അപ്പോഴാണ് ശ്രീലങ്കയില്‍വന്ന് അധ്യാപികയാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട്, മദ്രാസില്‍ തന്റെ സഹപാഠിയായിരുന്ന ഒരു കൂട്ടുകാരിയുടെ കത്ത് ലഭിച്ചത്. അയാളുടെ അറിയിപ്പനുസരിച്ച് പാര്‍വതി, ശ്രീലങ്കയില്‍ എത്തി ബുദ്ധമതക്കാരുടെ സ്ഥാപനമായ 'ആനന്ദബാലികാവിദ്യാലയ'ത്തില്‍ അധ്യാപികയായി. മൂന്നുകൊല്ലത്തിലേറെ അവിടെ സേവനം ചെയ്തു. അതിനിടെ കത്തിടപാടുകളിലൂടെ അയ്യപ്പനുമായുള്ള പ്രണയം ദൃഢമായി.
തിരിച്ചുവന്ന പാര്‍വതി അമ്മ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപികയായി ചേര്‍ന്നു. സഹപ്രവര്‍ത്തകര്‍ സവര്‍ണരായിരുന്നെങ്കിലും താന്‍ വിദ്യാര്‍ത്ഥിനിയായിരുന്നകാലത്തേതുപോലെയുള്ള വൈഷമ്യങ്ങളൊന്നും നേരിട്ടില്ല. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളില്‍ ഏറെയും പട്ടികജാതി-പിന്നോക്ക വിഭാഗങ്ങളില്‍നിന്നുള്ളവരായിരുന്നു. ഭക്ഷണത്തിലും വസ്ത്രത്തിന്റെ കാര്യത്തിലും അവര്‍ കടുത്ത ദാരിദ്ര്യത്തിലായിരുന്നു. അതിലേക്ക് ധനസഹായം ചെയ്തിരുന്നുവെങ്കിലും പര്യാപ്തമായിരുന്നില്ല. ഇതാണ് ദീനാനുകമ്പയായ പാര്‍വതി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി.
ആയിടെ ഇരിങ്ങാലക്കുടവെച്ച് 'ഈഴവസമാജ'ത്തിന്റെ വമ്പിച്ച ഒരു സമ്മേളനം നടന്നു. കെ അയ്യപ്പന്റെ പങ്കാളിത്തവും പ്രസംഗവുമായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ശ്രദ്ധേയത. അന്ന് അയ്യപ്പന്‍ താമസിച്ചത് ഇ കെ അയ്യാക്കുട്ടിയുടെ വീട്ടിലായിരുന്നു.
എറണാകുളത്ത് അധ്യാപികയായിരിക്കുമ്പോള്‍ പാര്‍വതി നേരിട്ട വൈഷമ്യം എന്തെന്നാല്‍, നിരാലംബരും നിരാശ്രയരുമായ പട്ടികജാതി-പിന്നോക്ക വിദ്യാര്‍ത്ഥിനികളെ എങ്ങനെ രക്ഷിക്കണം എന്ന കാര്യത്തിലായിരുന്നു. തപസ്വിനിയമ്മ നടത്തിയിരുന്ന എസ് എന്‍ വി സദനത്തിലും (ശ്രീനാരായണ വിദ്യാര്‍ത്ഥിനി സദനം) അവരുടെതന്നെ ശരണാലയത്തിലും കുട്ടികളെ പാര്‍പ്പിച്ചു. അവിടെ സേവികയായും പാര്‍വതി പ്രവര്‍ത്തിച്ചു. എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ പതിവായി സന്ദര്‍ശിക്കുകയും രോഗികള്‍ക്കും നിരാലംബര്‍ക്കും പഴങ്ങളും മറ്റ് ഭക്ഷണവസ്തുക്കളും വാങ്ങിക്കൊണ്ടുപോയി നല്കുകയും ചെയ്തുവന്നു.
1930-ല്‍ പാര്‍വതിയും അയ്യപ്പനുമായുള്ള വിവാഹം നടന്നു. മട്ടാഞ്ചേരി കോ-ഓപ്പറേറ്റീസ് സൊസൈറ്റിയില്‍നിന്നും 300 രൂപ കടമെടുത്താണ് അയ്യപ്പന്‍ വിവാഹച്ചെലവിനുള്ള പണം കണ്ടെത്തിയത്. വിവാഹശേഷം ദമ്പതികള്‍ എറണാകുളത്ത് ഒരു വാടകവീടെടുത്ത് താമസമാക്കി. വാടക പ്രതിമാസം 14 രൂപ. പാര്‍വതിയുടെ മാസശമ്പളം അന്ന് 40 രൂപ. അയ്യപ്പന് സഹോദരന്‍ മാസികയില്‍നിന്നും 100 രൂപ ശമ്പളം വകയിരുത്തിയിട്ടുണ്ടായിരുന്നെങ്കിലും, അത് കടലാസിലെ രേഖ മാത്രമായിരുന്നു.
പാര്‍വതി ടീച്ചര്‍, പാര്‍വതി അയ്യപ്പനായി അറിയപ്പെട്ടു. ഇതിനിടെ അയ്യപ്പന്‍ എം എല്‍ എയായി. എസ് എന്‍ ഡി പി യോഗം പ്രസിഡന്റായി, സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി.
രണ്ടുവര്‍ഷം പാര്‍വതി ടീച്ചര്‍ക്ക് അധ്യാപകവൃത്തിയില്‍നിന്നും വിട്ടുനില്‌ക്കേണ്ടതായിവന്നു. രണ്ടാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടകാലം. 'മിലിട്ടറി നേഴ്‌സിംഗ്' വിഭാഗത്തില്‍ ജൂനിയര്‍ കമാന്ററായി സേവനമുഷ്ഠിക്കേണ്ടിവന്നു. യുദ്ധനിലപാടുകളോട് താത്പര്യമുണ്ടയിരുന്നില്ല. പക്ഷെ മുറിവേറ്റവരെ രക്ഷിക്കണമല്ലൊ. പാര്‍വതിയാകട്ടെ റെഡ്‌ക്രോസ് സൊസൈറ്റിയില്‍ അംഗവുമായിരുന്നു.
അശരണരായ വനിതകള്‍ക്കും അനാഥശിശുക്കളുടെയും രക്ഷക്കായി 'ശ്രീനാരായണ സേവികാസദനം' രൂപീകരിച്ചു. 1964 നവംബര്‍ 22-ാംതിയതി എസ് എന്‍ വി സദനത്തില്‍വെച്ച് അഡ്‌ഹോക് കമ്മറ്റികൂടി പാര്‍വതി അയ്യപ്പനെ അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു. ആദ്യത്തെ പൊതുയോഗം ഡിസംബര്‍ 27-ാം തിയതി ആലുവ എസ് എന്‍ ഡി പി ഹൈസ്‌കൂളില്‍വെച്ച് നടന്നു. ദേവകി ഗോപിദാസ് എം പിയെ അധ്യക്ഷയായും പാര്‍വതി അയ്യപ്പനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ആലുവയില്‍നിന്നും 5 കി മീ അകലെയുള്ള നാരായണഗിരിയിലാണ് ആസ്ഥാനമന്ദിരിരം സ്ഥാപിച്ചത്. നാരായണഗിരിക്ക് 30 ഏക്കറോളം വിസ്തീര്‍ണമുണ്ട്. കൊലക്കേസില്‍ ശിക്ഷിതനായ ഒരാള്‍ ജയില്‍മോചിതനായപ്പോള്‍ ഗുരുവിന്റെ ശിഷ്യനായി മാറി. അയാള്‍ തന്റെ പുരയിടത്തിന് 'വാല്മീകിക്കുന്ന്' എന്നാണ് പേരിട്ടിരുന്നത്. ആ സ്ഥലം അയാള്‍ ഗുരുവിന് ദാനംചെയ്തു. അപ്പോള്‍ മുതലാണ് അത് ശ്രീനാരായണഗിരിയായി അറിയപ്പെട്ടത്. ഗുരു അവിടെവന്ന് ധ്യാനനിരതാനായി ഇരിക്കുമായിരുന്നു. 1965-ല്‍ സഹോദരന്‍ അയ്യപ്പനാല്‍ പ്രേരിതരായി പാര്‍വതി അമ്മയുടെ നേതൃത്വത്തില്‍ സേവികാസമാജത്തിന്റെ ഭാരവാഹികളായ വനിതകള്‍ ഗുരുവിന്റെ അടുത്തുവന്ന് ആ സ്ഥലം വിട്ടുതരുന്നതിന് അഭ്യര്‍ത്ഥിച്ചു. ഗുരു സഥലം ദാനംചെയ്തു. അങ്ങനെ സേവികാസമാജത്തിന് ആസ്ഥാനമായി.
ആദ്യമായി സേവികാസമാജത്തോടനുബന്ധിച്ച് നാരായണഗിരിയില്‍ ശിശുക്കള്‍ക്കായുള്ള വിദ്യാലയമാണ് സ്ഥാപിച്ചത്. സംഭാവനകള്‍ സ്വീകരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനുള്ള തുക കണ്ടെത്തിയിരുന്നത്. പണമായി നല്കാന്‍ നിവൃത്തിയില്ലാത്തവര്‍ ഉത്പന്നങ്ങള്‍ സംഭാവനചെയ്തു. അതിനും കഴിവേതുമില്ലാതിരുന്നവര്‍ അധ്വാനം നല്കി. മന്ദിരത്തോട് ചേര്‍ന്ന് പാര്‍വതി അമ്മ ഒരു കുടില്‍വെച്ചുകെട്ടി അതില്‍ താമസമാക്കി. ഒരു ദിവസം സഹോദരന്‍ അയ്യപ്പന്‍ സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ തൃപ്തിപ്പെട്ടു. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായിരുന്ന കെ സി നാരായണി, ഭാരതി, തങ്കം എന്നീ വനിതകളും കുടിലില്‍ അന്തേവാസികളായെത്തി. സ്‌കൂളിലെ കുട്ടികള്‍ക്ക് വല്ലപ്പോഴും സല്‍ക്കാരം നല്കുന്നതിന് സുമനസ്സുകളുടെ സഹകരണം ഉറപ്പാക്കി. സേവനനിരതമായ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്ന ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും കേന്ദ്രങ്ങളിലേക്ക് കത്തുകള്‍ അയച്ചു. എന്നാല്‍ എന്തെങ്കിലും സഹായം അവരില്‍നിന്നും ലഭ്യമായത് എറെ വൈകിയാണ്.
എറണാകുളത്ത് തപസ്വിനി അമ്മയുടെ എസ് എന്‍ വി സദനവുമായി ബന്ധപ്പെട്ടിരുന്നകാലത്ത്, ജാതിമതഭേദങ്ങള്‍ക്കും അസസ്ഥാഭേദങ്ങള്‍ക്കും അതീതമായി ഒരു വനിതാസമാജം സംഘടിപ്പിക്കാന്‍ പാര്‍വതിയമ്മ ശ്രമിച്ചിരുന്നു. അതിനുവേണ്ടി ദേശീയവനിതാനേതാക്കളായ അരുണാ ആസഫ്അലി, കമലാദേവി ചതോപാദ്ധ്യായ തുടങ്ങിയവരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ആ ശ്രമമാണ് സേവികാസദനത്തിലൂടെ സാക്ഷാത്കരിച്ചത്.
ഒരു ഹോട്ടലിനുപിന്നില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ ഒരു പെണ്‍ശിശുവനെ എടുത്തുകൊണ്ടുവന്ന് വളര്‍ത്തി സേവികാസദനത്തില്‍ അംഗമാക്കി. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്ക് ദിവസവും സമീകൃതപോഷകാഹാരം നല്‍കിയിരുന്നു. വൃദ്ധജനങ്ങളേയും പരിപാലിച്ചു. ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി. അക്കൂട്ടത്തില്‍ ചര്‍മരോഗചികിത്സകനായ സ്വന്തം മരുമകന്‍ ഡോ. കെ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു.
വാര്‍ദ്ധക്യത്തിലെത്തിയ സ്ത്രീകളെ സംരക്ഷിക്കാന്‍ ശാന്തിമന്ദിരം, അംഗവൈകല്യവുമുള്ളവരും ഭിന്നശേഷിക്കാരമായ സ്ത്രീകളെ പരിപാലിക്കാന്‍ വിശ്രമസദനം, പകല്‍ സമയത്ത് വേലക്കുപോകുന്ന കര്‍ഷകസ്ത്രീകളുടെ കുഞ്ഞുങ്ങളെ നോക്കാന്‍ ഡേകെയര്‍-ന്‌ഴ്‌സറി(ക്രഷ്) തുടങ്ങിയവ സ്ഥാപിച്ചു.
സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ പി സ്‌കൂളിലെ ലൈബ്രറിയില്‍ 40,000-ല്‍ ഏറെ ഗ്രന്ഥങ്ങളുണ്ട്. ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാല എന്ന അംഗീകാരം പലവട്ടം നേടി. പ്രിന്റിംഗ് പ്രസ്സും ബുക് ബൈന്‍ന്റിംഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു.
സേവനതൃഷ്ണയുടെ ആള്‍രൂപമാണ് പാര്‍വതിയമ്മ.
1968 ഫെബ്രുവരിമാസത്തില്‍ സഹോദരന്‍ അയ്യപ്പനില്‍ ഹൃദ്രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങി. പാര്‍വതിയമ്മ ആലുവയില്‍നിന്നും എറണാകുളത്തെത്തി അയ്യപ്പനെ ശുശ്രൂഷിച്ചു. സോവികാസദനത്തിന്റെ കര്യങ്ങള്‍ എറണാകുളത്തിരുന്നുകൊണ്ട് നോക്കുകയും ചെയ്തു. ഇംഗ്ലണ്ടിലുള്ള മകന്‍ -ഡോ. സുഗതന്‍ വന്നെത്തുമെന്ന പ്രതീക്ഷയില്‍ സന്തോഷവതിയായിരുന്നു. എന്നാല്‍ ഡോ. സുഗതന്‍ വന്നെത്തുന്നതിനുമുമ്പ് മാര്‍ച്ച് 6-ന് സഹോദരന്‍ അയ്യപ്പന്‍ യാത്രയായി.
Subscribe to:
Post Comments (Atom)

No comments:
Post a Comment