ആരാണ് സി ജെ ; തോമസ്, ആ മനുഷ്യന്‍ നീ തന്നെ.
കൂത്താട്ടുകുളത്തെ ഒരു യാക്കോബായ കുടുംബത്തില്‍ല്‌പെട്ട ചൊള്ളാന്വേല്‍ വീട്ടില്‍ യോഹന്നാന്‍ മാര്‍എപ്പിസ്‌കോപ്പക്കും അന്നമ്മക്കും 1918 നവംബര്‍ 14-ന് ജനിച്ച മകനാണ് തോമസ്. തോമസിന് മറ്റ് 5 സഹോദരിമാരും ജോസഫ് എന്ന സഹോദനുമുണ്ട്. സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജോസഫ് പൊലീസിന്റെ മര്‍ദ്ദനമേറ്റ് ക്ഷയരോഗബാധിതനായി മരണമടഞ്ഞു. സഹോദരിമാരില്‍ ഒരാളാണ് കൂത്താട്ടുകുളം മേരിജോണ്‍ എന്ന പേരിലറിയപ്പെടുന്ന കവയിത്രി.
കൂത്താട്ടുകുളം ഗവണ്മെന്റ് സ്‌കൂള്‍, തൊട്ടടുത്തുള്ള വടകര ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ഫൈനല്‍ വരെയുള്ള പ്രാഥമികവിദ്യാഭ്യാസം. 1934-ല്‍ എസ് എസ് എല്‍ സി പാസ്സായി. ഇന്റര്‍മീഡിയറ്റ് കോട്ടയം സി എം എസ് കോളേജിലായിരുന്നു. മകനെ ഒരു വൈദികനായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന അച്ഛന്‍ തോമസ്സിനെ ലോഹയണിയിപ്പിച്ചാണ് കോലേജിലേക്ക് അയച്ചിരുന്നത്. എന്നാല്‍ അച്ഛനെ ധിക്കരിച്ച് തോമസ് തനിക്കൊരു വൈദികനാകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചുകൊണ്ട് ളോഹയൂരി വലിച്ചുകീറി എറിഞ്ഞാണ് വീട്ടിലേക്ക് പോയത്.
കോട്ടയത്തെ പഠിപ്പുകഴിഞ്ഞ് തോമസ് ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നുപഠിച്ചു. അവിടെ അധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ സൗഹൃദം നേടി. 1939-ല്‍ ബി എ പാസ്സായി അവിടം വിട്ടു.
താന്‍ പഠിച്ച വടകര സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. ജോലി ഇഷ്ടമായിരുന്നെങ്കിലും കുറച്ചുകൂടി വിശാലമായ ലോകത്തില്‍ ജീവിക്കാനാഗ്രഹിച്ച് മാര്‍ത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തില്‍ ചെന്നുപറ്റി. ഒരു കൊല്ലം അവിടെ പരിശീലനം നേടി. നിയമബിരുദം നേടാനായി തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നു. അതുമുതല്‍ രാഷ്ട്രീയജീവിതം ആരംഭിച്ചു. 1943-ല്‍ ബി എല്‍ പാസ്സായി.
അക്കാലത്ത് വിദ്യാര്‍ത്ഥി ഫെഡറേഷനിലും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. എല്ലാം അല്പകാലം മാത്രമെ തുടരാറുള്ളെങ്കിലും തോമസിന്റെ സമീപനം ആത്മാര്‍ത്ഥമായിരുന്നു. 1948 ജൂണിലും ജൂലൈയിലുമായി 'സോഷ്യലിസം', 'മതവും കമ്മ്യൂണിസവും' എന്നീ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. സോഷ്യലിസം എന്ന കൃതി സമര്‍പ്പിച്ചിട്ടുള്ളത് സ്വന്തം അമ്മയ്ക്കാണ്. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുപിടിച്ച എന്റെ അമ്മയ്ക്കാ'ണ് എന്ന് പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ലോകത്തില്‍ ഏറ്റവുംകൂടുതല്‍ സമാധാനത്തെ കാംക്ഷിക്കുന്ന ശക്തി എന്ന് 'മതവും കമ്മ്യൂണിസവും' എന്ന കൃതിയിലൂടെ പ്രഖ്യാപിച്ചു. പില്ക്കാലത്ത് ഈ നിലപാടുകളില്‍നിന്ന് സി ജെ തോമസ് വ്യതിചലിക്കുന്നുണ്ട്.
കുറച്ചുകാലം എം പി പോള്‍ കോളേജില്‍ സി ജെ തോമസ് അധ്യാപകനായി. ഈ സൗഹൃദം സി ജെ തോമസിലെ സാഹിത്യകാരനെ ഉണര്‍ത്തി.
1957-ല്‍ തിരുവനന്തപുരത്ത് ആള്‍ ഇന്‍ഡ്യാ റേഡിയോ നിലയത്തില്‍ പ്രൊഡ്യൂസറായി നിയമനം നേടി. ഒരു കൊല്ലം തികയുന്നതിനുമുമ്പ് ജോലി രാജിവെച്ചു. അതിനുശേഷം മദിരാശി ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിന്റെ പ്രൊഡക്ഷന്‍ ഓഫീസറായി കുറേക്കാലമിരുന്നു. നല്ല ശമ്പളവും പദവിയുമുണ്ടായിരുന്നിട്ടും സി ജെ അവിടെയും അധികകാലം നിന്നില്ല. എറണാകുളത്തെത്തി ഡെമോക്രാറ്റിക് പ്രസിദ്ധീകരണശാലയില്‍ ചേര്‍ന്നു. ദീനബന്ധു, വീക്ക്‌ലി കേരള, ഡെമോക്രാറ്റിക് തിയേറ്റേഴ്‌സ്, വോയ്‌സ് ഓഫ് കേരള തുടങ്ങിയവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചു. ഡെമോക്രാറ്റിക് തിയേറ്റേഴ്‌സിനുവേണ്ടി രചിച്ച 'വിഷവൃക്ഷം' എന്ന നാടകം വിദേശത്തുകൂടി പെരുമനേടി.
പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ -ചിത്രോദയം, കഥ, ഡെമോക്രാറ്റ്, ഗോപുരം മുതലായ ആനുകാലികങ്ങളിലെ പത്രാധിപസമിതികളില്‍ സജീവമായിരുന്നു.
പുരോഗമന സാഹിത്യസംഘടനയുടെ വളര്‍ച്ചക്ക് സി ജെ ചെലുത്തിയ ഈര്‍ജം പ്രശംസ്‌നേടി. തൃശൂര്‍വെച്ചുനടന്ന പുരോഗമന സാഹിത്യ സംഘത്തിന്റെ മൂന്നാം സമ്മേളത്തില്‍ സി ജെ അതില്‍നിന്നും മാനസികമായി അകന്നു. ചിന്താ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സി ജെ അകന്നുമാറിയത്. താമസിയാതെ പാര്‍ട്ടി വിട്ടു.
1949-ല്‍ കൊല്ലത്തുവെച്ചുനടന്ന നാലമത്തെ പുരോഗമന സാഹിത്യസമ്മേളനത്തില്‍ പാര്‍ട്ടി, കോട്ടന്‍ മില്‍ തൊഴിലാളികളെ 'സാഹിത്യകാരന്മാരാക്കി' പങ്കെടുപ്പിച്ചിരുന്നു. എതിരാളികളെ തോല്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്തെടുത്ത നാണംകെട്ട ഈ കളി മനസ്സിലാക്കിയ സി ജെ തോമസ് സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണെങ്കിലും വിജയിക്കാന്‍ സ്വീകരിച്ച അടവുനയം അന്യാദൃശമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഈ നശിച്ച സംഘടനയുംകൊണ്ട് പൊയ്‌ക്കോട്ടെ എന്നുപറഞ്ഞ് അവര്‍ക്ക് വോട്ടുചെയ്ത പി കേശവദേവിനെ പിന്നീട് സി ജെ കടുത്തഭാഷയില്‍ ശകാരിക്കുകയുണ്ടയി.
ചിത്രകലയിലും അതീവതത്പരനായിരുന്നു സി ജെ. മലയാള പുസ്തകങ്ങളുടെ മുഖച്ഛായ അപനിര്‍മിച്ചതില്‍ സി ജെ എന്ന കലാകാരന്‍ നിര്‍വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച പല ഉത്തമഗ്രന്ഥങ്ങളുടേയും പുറംചട്ടക്ക് അദ്ദേഹം നല്കിയ മാറ്റം എക്കാലവും പ്രശോഭിക്കുന്നതാണ്.
വൈവിധ്യമുള്ള ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സി ജെ ക്ക് അസാധാരണ ശേഷിതന്നെയുണ്ടായിരുന്നു. എഴുത്ത്, വര, സുഹൃത്തുക്കള്‍, വീട്ടുകാര്യം എന്നിങ്ങനെ ഒന്ന് ഒന്നിന് തടസ്സമാകാതെ സി ജെ മുന്നോട്ട് നയിച്ചിരുന്നു.
പ്രസിദ്ധ നിരൂപകനായ എം പി പോളിന്റെ മകള്‍ റോസിയാണ് ജീവിതപങ്കാളി. 1951-ലായിരുന്നു വിവാഹം. മൂന്ന് മക്കള്‍-രണ്ടാണും ഒരു പെണ്ണും.
1960 ജൂലൈ 14-ന് ചികിത്സയിലിരിക്കെ സി ജെ മരിച്ചു.
കൃതികള്‍-
നാടകം, നിരൂപണം, ഉപന്യാസം, വിവര്‍ത്തനം എന്നീ ശാഖകളിലായി 21 കൃതികള്‍.
1948 ജൂണ്‍- സോഷ്യലിസം, 1948 ജൂലൈ- മതവും കമ്മ്യൂണിസവും, 1919 ആഗസ്റ്റ്- അവന്‍ വീണ്ടും വരുന്നു, 1950 ഒക്ടോബര്‍- ഉയരുന്ന യവനിക, 1951 സെപ്തംബര്‍- വിലയിരുത്തല്‍, 1953 ഏപ്രില്‍- ഇവനെന്റെ പ്രിയപുത്രന്‍, 1954 ജനുവരി- 1128-ല്‍ ക്രൈം 27, 1954 സെപ്തംബര്‍- ശലോമി, 1955 മെയ്- ആ മനുഷ്യന്‍ നീ തന്നെ, 1955 മെയ്- ധിക്കാരിയുടെ കാതല്‍, 1960 ഏപ്രില്‍- മനുഷ്യന്റെ വളര്‍ച്ച, 1960 ആഗസ്റ്റ്- പിശുക്കന്റെ കല്യാണം, 1960 ആഗസ്റ്റ്- വിഷവൃക്ഷം.
തര്‍ജ്ജമകള്‍-
1952 ജൂണ്‍- ജനുവരി ഒന്‍പത്, 1955 ഫെബ്രുവരി- ആന്റിഗണി, 1955 നവംബര്‍- നട്ടുച്ചയ്ക്കിരുട്ട്, 1956 മെയ്- ഭൂതം, 1956 ഒക്ടോബര്‍- രണ്ടു ചൈനയില്‍, 1959 സെപ്തംബര്‍- കീടജന്മം, 1961 ഫെബ്രുവരി- ലിസിസ്ട്രാറ്റാ.
സി ജെയെക്കുറിച്ചുള്ള പുസ്തകങ്ങള്‍-
*എറെ പ്രസിദ്ധം ജീവിതപങ്കാളിയായിരുന്ന റോസിയുടെ 'ഇവനെന്റെ പ്രിയ സി ജെ' എന്ന ഓര്‍മ്മക്കുറിപ്പുകളാണ്. 1970-ല്‍ പ്രസിദ്ധീകൃതമായി.
*1961-ല്‍ കറന്റ് ബുക്‌സ്, തൃശൂര്‍ പ്രസിദ്ധീകരിച്ച 'സി ജെ സ്മാരകഗ്രന്ഥം' എന്ന സ്മരണികയാണ്. റോസി തോമസ്, ഒ എന്‍ വി കുറുപ്പ്, എ ഡി ഹരിശര്‍മ്മ, പി കെ ബാലകൃഷ്ണന്‍, എം കെ സാനു, കാരൂര്‍ നീലകണ്ഠപ്പിള്ള, സുകുമാര്‍ അഴീക്കോട്, ടി എം ചുമ്മാര്‍, ടാറ്രാപുരം സുകുമാരന്‍, കെ അയ്യപ്പപ്പണിക്കര്‍, എം ഗോവിന്ദന്‍, കൊടുപ്പുന്ന, എം ഷണ്‍മുഖദാസ്, വൈക്കം ചന്ദ്രശേഖരന്‍നായര്‍, നൈനാന്‍, എം ജി എസ് നാരായണന്‍, എം പി ശങ്കുണ്ണിനായര്‍, കുട്ടികൃഷ്ണമാരാര്, കെ സുരേന്ദ്രന്‍, തോമസ് പാടശ്ശേരി തുടങ്ങിയവരാണ് ഓര്‍മ്മകള്‍ രേഖപ്പെടുത്തുന്നത്.

No comments:
Post a Comment