മലയാളം 7-ാം ക്ലാസ്സുവരെ പഠിച്ചുള്ളൂ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകള്‍ വശമായിരുന്നു.
1930-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് 'റോയല്‍ ബഫൂണ്‍' എന്ന ബഹുമതി നല്കി.
സെബാസ്റ്റിയന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍ നായകനായി അഭിനയിച്ച ഗുലേബക്കാവലി നാടകത്തില്‍ തോഴന്റെ വേഷം ചെയ്തുകൊണ്ടാണ് ജോസഫ് അരങ്ങിലെത്തുന്നത്.
ഓച്ചിറ വേലുക്കുട്ടിയുടെ അഭിനയമികവുകൊണ്ട് ശ്രദ്ധേയമായ 'കരുണ'യില്‍ ജോസഫ് വിദൂഷകനായിരുന്നു. ഇ വി കൃഷ്ണപിള്ള തന്റെ ഒരു നാടകത്തിലേക്ക് ജോസഫിനെ പരിഗണിക്കാനിരിക്കുകയായിരുന്നു. അദ്ദേഹം എഴുതുന്നു; 'ജോസഫ് എന്ന യുവാവ് വളരെ ഔചിത്യത്തോടും തന്മയത്വത്തോടും ആര്‍ക്കും അത്യന്തം രസകരമായി തോന്നുന്ന രീതിയിലും സ്വകൃത്യം നിര്‍വഹിച്ചു. ആ സ്വരവും അല്പം തടസ്സങ്ങള്‍ കാണുന്ന വാക്പ്രവാഹവും സര്‍വോപരി നിസ്സംഗന്റെ മുഖഭാവവും എല്ലാം ഏറ്റം ഹൃദ്യങ്ങള്‍ ആയിരുന്നു. മി. എല്‍ ബാപ്പുറാവുവിന്റെ ഗാനരചന അവലംബിച്ചു ഞാന്‍ ഇപ്പോള്‍ എഴുതിത്തീര്‍ത്തതും ഓച്ചിറ പരബ്രഹ്മോദയസംഘക്കാര്‍ ശ്രീമാന്‍ വേലുക്കുട്ടിയുടെ നിയന്ത്രണത്തില്‍ അഭിനയാഭ്യസനം നടത്തിവരുന്നതുമായ 'തിലോത്തമ' എന്ന നാടകത്തില്‍ എല്ലാ രസങ്ങള്‍ക്കും സ്ഥലം നല്കിയ കൂട്ടത്തില്‍ ശ്രീമാന്‍ ജോസഫിനെ ഓര്‍മ്മിച്ചു വിനോദത്തിനും ഞാന്‍ പലഭാഗങ്ങളും കരുതിയിരുന്നു. ഇന്നുവരെ മലയാള നാടകവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടകങ്ങളേക്കാള്‍ എല്ലാംകൊണ്ടും വളരെ മച്ചവും സദസ്യരെ സ്തബ്ധവൃത്തികളാക്കി ഇരുത്തിപ്പോകുന്നതുമായ ആ നാടകം അടുത്തവര്‍ഷത്തില്‍ വെളിയില്‍ വരുമ്പോള്‍, ഹാ, കഷ്ടം! മി. ജോസഫിന്റെ അഭാവം അതിദാരുണമായി തോന്നിപ്പോകുന്നതാണ്'.
ജോസഫിന്റെ നിര്യാണം കേരളത്തിലെ നാടകവേദിക്ക് അപരിഹാര്യമായ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് ഇ വി കൃഷ്ണപിള്ള അനുസ്മരണക്കുറിപ്പില്‍ രേഖപ്പെടുത്തി.
സര്‍ സി പി രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തുവെച്ചുനടന്ന തിരുനാള്‍ മഹോത്സവത്തില്‍ ഇ വി കൃഷ്ണപിള്ള 'നമ്മുടെ നാടകവേദി'യെക്കുറിച്ച് പ്രസംഗിക്കുകയുണ്ടായി. തമിഴ് നാടകക്കാരുടെ കോമാളി പേക്കൂത്തിനെ അദ്ദേഹം വിമര്‍ശിച്ചു. പ്രത്യുദാഹരണമായി കാവാലം ജോസഫിന്റെ അഭിനയമികവ് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.
സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍ തങ്ങളുടെ കാലത്ത് നാടകപ്രവര്‍ത്തനം എങ്ങനെയായിരുന്നുവെന്ന് വിവരിക്കുന്നു; 'ഇന്നത്തെപ്പോലെ വ്യവസ്ഥാപിതമായ നാടകസഭകള്‍ അക്കാലങ്ങളില്‍ ഇല്ലായിരുന്നു. നാടകകണ്‍ട്രാക്ടര്‍ നടന്മാരെ പല സ്ഥലത്തുനിന്നും ക്ഷണിച്ചുവരുത്തി ഒരുമിച്ചുചേര്‍ക്കുകയായിരുന്നു പതിവ്. ചിലപ്പോള്‍ നടന്മാര്‍തമ്മില്‍ കാണുന്നതും പരിചയപ്പെടുന്നതും ഇങ്ങനെയുള്ള സ്ഥലങ്ങളില്‍വെച്ചായിരിക്കും. നാടകത്തിന്റെ തലേദിവസമായിരിക്കും നടന്മാര്‍ വരുന്നത്. അങ്ങനെ എല്ലാവരുംകൂടി കണ്‍ട്രാക്ടരുടെ നിര്‍ദ്ദേശാനുസരണം കഥ നിശ്ചയിക്കുന്നു. കഥയിലെ സംഭാഷണങ്ങളും ഗാനങ്ങളും നടന്മാരുടെ സ്വന്തം മനോധര്‍മ്മമായിരിക്കും. പൊതുവായി എല്ലാ നാടകങ്ങള്‍ക്കും ഉപയോഗിക്കാവുന്ന പാട്ടുകള്‍ ഇവര്‍ പഠിച്ചിട്ടുണ്ടാവും. രംഗത്തിനും കഥക്കും യോജിച്ചവിധത്തില്‍ നടന്മാര്‍ സ്വന്തം മനോധര്‍മ്മത്തില്‍ സംഭാഷണം ചെയ്തുകൊള്ളണം.... ഈ സമ്പ്രദായം അധികനാള്‍ നീണ്ടുനിന്നില്ല. അഭ്യസ്തവിദ്യരും വാസനാസമ്പന്നരുമായ നടന്മാരുടെ അഭാവം നിമിത്തം ഈ രീതി താനേ നിലച്ചുപോയി'.
ചേര്‍ത്തല പുത്തനങ്ങാടിയില്‍ ഈ രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു നാടകസംരംഭത്തില്‍വെച്ചാണ് ഭാഗവതര്‍ ജോസഫിനെ പരിചയപ്പെടുന്നത്. ഗുലാബക്കാവലി എന്ന നാടകമാണ് അരങ്ങേറിയത്. നായകനായ ഭാഗവതരുടെ സ്‌നേഹിതനും സേവകനുമായി ജോസഫ് രംഗത്തുവന്നു. 'എന്റെ ഓരോ ചോദ്യങ്ങള്‍ക്കും സമുചിതവും യുക്തിയുക്തവും അതേസമയം പ്രേക്ഷകരെ ചിരിപ്പിച്ചു മണ്ണുകപ്പിക്കുന്ന മറുപടികളാണ് ജോസഫിന്റെ നാവില്‍നിന്ന് അനായാസേന പുറപ്പെട്ടത്. ഇവ കേട്ടു ഞാന്‍തന്നെ വേദിയില്‍വെച്ചു പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ ചലനവും കാണികളെ ഹഠാദാകര്‍ഷിച്ചിരുന്നു. അന്നത്തെ പരിചയം പിന്നീടു ദൃഢമാകുകയും ഞാന്‍ ഉള്‍പ്പെട്ട നാടകസമിതികളിലെല്ലാം ഇദ്ദേഹത്തെ ഉള്‍പ്പെടുത്തുകയുമുണ്ടായി'.
'നടന്മാരുടെ വിയര്‍പ്പുതള്ളികള്‍കൊണ്ട് മാനേജരുടേയും നാടകസഭാഉടമകളുടേയും പള്ളകള്‍ വീര്‍പ്പിക്കാന്‍ അനുവദിച്ചുകൂടാ എന്ന് പലവുരു ജോസഫ് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി 1932-ല്‍ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍ സ്വന്തം നിലയില്‍ ഒരു സമിതി രൂപീകരിച്ചു. പക്ഷെ ആ സമിതിയില്‍ അഭിനയിക്കുന്നതിനോ അതില്‍നിന്നുള്ള ഫലം അനുഭവിക്കുന്നതിനോ ജോസഫിന് ഭാഗ്യമുണ്ടായില്ല. രോഗങ്ങളുടെ രാജാവായ ക്ഷയം അദ്ദേഹത്തെ ബാധിച്ചു.
അക്കൊല്ലം 'കരുണ' നാടകമാണ് അവതരിപ്പിച്ചത്. ആലപ്പുഴയിലായിരുന്നു വേദി. വിജയത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ജോസഫിന്റെ പേര് നോട്ടീസില്‍ സംഘാടകര്‍ അച്ചടിച്ചിരുന്നു. വരേണ്ട എന്ന് ജോസഫിനോട് ഭാഗവതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. അതുകൂട്ടാക്കാതെ കലാഭക്തനായ ജോസഫ് ഒരു പച്ചക്കമ്പിളിയും പുതച്ച് തലയില്‍ ഒരു മഫ്‌ളറും ചുറ്റി കൂടെവന്ന് ഗ്രീന്‍ റൂമില്‍ ഇരുന്ന് കാര്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്നു.
നാടകം തുടങ്ങി. ഏതാനും രംഗം കഴിഞ്ഞപ്പോള്‍ അക്ഷമരായ ആരാധകര്‍ ഉച്ചത്തില്‍ ബഹളം വെച്ചു. 'കാവാലത്തിനെ കാണണം', 'ജോസഫ് വരട്ടെ', 'എവിടെ കാവാലം ജോസഫ'് എന്നൊക്കെ മുറവിളികൂട്ടി. അന്നത്തെ പ്രധാന നടനും ജോസപിന്റെ ഗുരുവുമായ തിരുവാംപാടി പാച്ചുപിള്ള ശിഷ്യനുവേണ്ടി സദസ്സിനു മുമ്പാകെ വന്നുനിന്ന് ജോസഫിന്റെ ദേഹാസ്വാസ്ഥ്യത്തെപ്പറ്റി സംസാരിച്ചു. അതുകൊണ്ടും ഫലമുണ്ടായില്ല. ഒടുവില്‍ കമ്പിളിപുതച്ച സാക്ഷാല്‍ റോയല്‍ ക്രൗണ്‍ കാവാലം ജോസഫ് രംഗവേദിയിലേക്ക് സാവധാനം നീങ്ങിവന്നു.
'മഹാജനങ്ങള്‍ക്കു വിനീതമായ കൂപ്പുകൈ. ഒരു മഹാരോഗം എന്നെ പിടികൂടിയിരിക്കുകയാണ്. എന്റെ ശേഷിയും ശേമുഷിയും നശിച്ചുതുടങ്ങി. എന്റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കുവാന്‍ പ്രയാസമാണെന്നെനിക്കറിയാം. എങ്കിലും രണ്ടു വാക്കു പറഞ്ഞു നിങ്ങളോടും ഞാന്‍ സ്‌നേഹിക്കുന്ന കലാലോകത്തോടും വിടവാങ്ങുന്നതിനാണ് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത്. എന്റെ രോഗശാന്തിക്കായി നിങ്ങളേവരും കലാസ്‌നേഹിയായ ജഗന്നിയന്താവിനോടു പ്രാര്‍ത്ഥിക്കണം'. മറ്റൊന്നും എനിക്കു പറയാനില്ല. നമസ്‌കാരം'. ഈ വാക്കുകള്‍ കേട്ട് ചിലര്‍ കണ്ണുനീര്‍ തുടച്ചു.
ജോസഫിന്റെ അഭ്യര്‍ത്ഥന വേദിയോട് അടുത്ത് ഇരുന്നവര്‍ക്കുകൂടി കോള്‍ക്കാനാവുമായിരുന്നില്ല. പോരാത്തതിന് മൈക്ക് ഇല്ലാത്ത കാലവും.
ഒരു തികഞ്ഞ വാഗ്മിയും അഗാധചിന്തകനും വാസനാസമ്പന്നനായ ഒരു സംഗീതജ്ഞനും കൂടിയായിരുന്നു കാവാലം ജോസഫ്. അതോടൊപ്പം രാഷ്ട്രീയാവബോധമുള്ള സാമൂഹ്യജീവിയുമായിരുന്നു. അക്കാര്യത്തില്‍ ജോസഫിന്റെ ആത്മാര്‍ത്ഥമായ സമീപനം പൊലീസ് അറസ്റ്റുവരെ എത്തി. വികാരോദ്ദീപകങ്ങളായ സ്വാതന്ത്യഗാനങ്ങള്‍ സ്‌റ്റേജില്‍നിന്ന് പാടുന്നതാണ് കുറ്റമായത്. പൊലീസ് അറസ്റ്റുചെയ്തപ്പോള്‍ ഭാഗവതര്‍ ഇടപെട്ടു. അദ്ദേഹത്തിന്റെ ജാമ്യത്തില്‍ വിടുകയായിരുന്നു. മോലാല്‍ സ്‌റ്റേജില്‍വെച്ച് സ്വാതന്ത്യഗാനങ്ങള്‍ പാടുകയില്ലെന്ന് പൊലീസിന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ടിവന്നു. അന്നുമുതല്‍ ജോസഫിന്റെ മുന്നേറ്റം സ്വാതന്ത്യത്തിനുവേണ്ടിയായിരുന്നു.
ലിങ്കുകള്‍: ബാലന് അയ്യന്പിള്ളി I കാര്ത്തികേയന് പടിയത്ത് I പറവൂര്‍ രാമചന്ദ്രന് I സുന്ദരന്‍ പനങ്ങാട് I ആന്‍ഡ്രൂസ് മാസ്റ്റര്‍ I

No comments:
Post a Comment