Search This Blog

Friday, October 16, 2026

ടി സി കല്യാണിയമ്മ

 

ഈസോപ്പുകഥകള്‍ മലയാളീകരിച്ച സാഹിത്യസഖി.

കൊച്ചിയിലെ അധഃകൃതര്‍ക്ക് അവിസ്മരണീയ നാമാവായ ടി കെ കൃഷ്ണമോനോന്റെ ജീവിതസഖി.

തൃശൂര്‍ നഗരത്തില്‍ ധനപുഷ്ടികൊണ്ടും ആഭിജാത്യം കൊണ്ടും പ്രസിദ്ധിയാര്‍ജിച്ച തെക്കേക്കുറുപ്പത്ത് വീട്ടില്‍ 1879-ല്‍ ജനിച്ചു. കുഞ്ഞുന്നാളിലേ അച്ഛന്‍ ഭട്ടതിരിപ്പാട് മരിച്ചു. അമ്മ, അമ്മുവമ്മയെ രണ്ടാമത് വിവാഹം ചെയ്തത് തോട്ടയ്ക്കാട്ട് ഗോവിന്ദമേനോനെയാണ്. പിതൃതുല്യമായ വാത്സല്യത്തോടെ അദ്ദേഹം കല്യാണിയമ്മയെ വളര്‍ത്തി.

തൃശൂര്‍ വി ജി മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ കല്യാണിയമ്മ വിദ്യാഭ്യാസമാരംഭിച്ചു. അമ്മയുടെ അസുഖം നിമിത്തം 6-ാം ക്ലാസില്‍വെച്ച് പഠിത്തം നിര്‍ത്തി. മാതാമഹിയായ കുഞ്ഞിക്കുട്ടിയമ്മ വീട്ടില്‍വെച്ച് കല്യാണിയമ്മയെ സംസ്‌കൃതം പഠിപ്പിച്ചു. അമ്മൂമ്മയായ കുഞ്ഞിക്കുട്ടിയമ്മ പ്രസിദ്ധ തര്‍ക്കശാസ്ത്രജ്ഞനായ ഭീമാചാര്യരുടെ ശിഷ്യയായിരുന്നു. വിദുഷിയായ ഈ മാതാമഹിയുടെ ശിക്ഷണമാണ് കല്യാണിയമ്മയില്‍ സാഹിത്യവാസന അങ്കുരിപ്പിച്ചത്. തുടര്‍ന്ന് കല്യാണിയമ്മ വിദ്വാന്‍ കൃഷ്ണനെമ്പ്രാന്തിരിയുടെ അടുക്കല്‍നിന്നും സംസ്‌കൃതം അഭ്യസിച്ചു.

ചരിത്രപണ്ഡിതനും സാഹിത്യകാരനുമായിരുന്ന ടി കെ കൃഷ്ണമേനോന്‍ കല്യാണിയമ്മയെ വിവാഹംചെയ്തു. കൃഷ്ണമേനോന്‍ സാഹിത്യ കുശലനും, കല്യാണിയമ്മ സാഹിത്യസഖിയും!

സാഹിത്യകുശലനായ ഭര്‍ത്താവിന്റെ മേല്‍നോട്ടത്തില്‍ സംസ്‌കൃതം, ഇംഗ്ലീഷ് പഠനങ്ങള്‍ പുരോഗമിച്ചു. നന്നേ ചെറുപ്പത്തില്ത്തന്നെ ഈസോപ്പിന്റെ സാരോപദേശകഥകള്‍, ഒരു കഴുതയുടെ കഥ, ചില പഴയകഥകള്‍, നമ്മുടെ അമ്മമഹാറാണി എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ലക്ഷ്മീഭായി, ഭാഷാപോഷിണി, ഇന്ത്യന്‍ ലേഡീസ് മാഗസിന്‍ തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രമുഖസ്ഥാനത്ത് കല്യാണിയമ്മയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

1912-ല്‍ ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ 'വിഷവൃക്ഷം', 'കൃഷ്ണകാന്തന്റെ മരണപത്രം' എന്നീ രണ്ട് ബംഗാളി നോവലുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. രാജാ റാംമോഹന്‍ റായ്, ഈശ്വരചന്ദ്രവിദ്യാസാഗര്‍ എന്നിവര്‍ നടപ്പിലാക്കാനാഗ്രഹിച്ചിരുന്ന സാമൂഹ്യപരിഷ്‌കാരങ്ങളെ വിമര്‍ശിച്ചുകൊണ്ട് രചനനിര്‍വഹിക്കപ്പെട്ട ബാംഗാളി നോവലുകളായിരുന്നു അവ രണ്ടും. അക്കാലത്തെ ബംഗാളി കുടുംബങ്ങളിലെ ജീവിതരീതിയും ആ കൃതികളില്‍ പ്രതിഫലിച്ചിരുന്നു. മലയാളി വായനക്കാരില്‍ ബംഗാളി ജീവിതം ആദ്യമായി പരിചയപ്പെടുത്തിയത് കല്യാണിയമ്മയുടെ ഈ തര്‍ജ്ജമകളാണ്. അതോടൊപ്പം 'കാംദബരീകഥാസാരം' എന്ന കൃതിയും പ്രസിദ്ധീകരിച്ചു. കല്യാണിയമ്മയുടെ ഗദ്യശൈലി അയത്‌നലളിതമാണെന്ന് നിരീക്ഷിക്കപ്പെട്ടു.

സാഹിത്യത്തില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആദ്യമായി 'ശാരദ' എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചത് കല്യാണിക്കുട്ടിയമ്മയാണ്. എറണാകുളത്തുനിന്നുമാണ് ശാരദ പുറത്തിറങ്ങിയിരുന്നത്.

1936 ഡിസംബറില്‍ തിരുവനന്തപുരത്തുവെച്ചുനടന്ന സാഹിത്യസമ്മേളനത്തിലെ ഒരു യോഗത്തില്‍ അദ്ധ്യക്ഷത നിര്‍വഹിച്ചത് കല്യാണിയമ്മയായിരുന്നു. 1920-ല്‍ കൊച്ചിരാജാവ് 'സാഹിത്യസഖി' ബിരുദം സമ്മാനിച്ചു. മഹാരാജാവില്‍നിന്ന് ഒരു സുവര്‍ണമുദ്രയും ലഭിച്ചു. റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി കല്യാണിയമ്മയെ ഒരു അംഗമായി അംഗീകരിച്ച് എം ആര്‍ എ എസ് എന്ന ബിരുദം നല്കി ബഹുമാനിച്ചു.

പ്രസംഗക എന്ന നിലയിലും കല്യാണിയമ്മ പ്രഗത്ഭയാണ്. പല സ്ത്രീസംവാദങ്ങളിലും അവര്‍ പ്രസംഗത്തിനായി ക്ഷണിക്കപ്പെട്ടു. വൈക്കത്ത് ഭാഷാപോഷിണിസമാജത്തില്‍ വെച്ചുനടത്തിയ പ്രസംഗം കഴിഞ്ഞയുടനെ അദ്ധ്യക്ഷനായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ആ നിമിഷത്തില്‍ ഒരു ശ്ലോകം ചൊല്ലി ആ മഹതിയെ അഭിനന്ദിച്ചു.

പരസ്പരസതപസ്സമ്പല്‍ഫലായിത പരസ്പരൗ
വിധാതേ മമാനന്ദം കല്യാണീകൃഷ്ണമേനവൗ. -എന്നിങ്ങനെ.

എറണാകുളത്തുവെച്ചുനടന്ന പിരിഷത് സമ്മേളനത്തിന്റെ വനിതാവിഭാഗത്തിന്റെ സ്വാഗതസംഘാദ്ധ്യക്ഷയായിരുന്നതും കല്യാണിയമ്മതന്നെയാണ്.

സാഹിത്യ-കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലും കല്യാണിയമ്മ തത്പരയായിരുന്നു. വിഷവൃക്ഷം എന്ന പുസ്തകത്തിന്റെ പകര്‍പ്പവകാശം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന് നല്കുകയുണ്ടായി. അതില്‍നിന്നുംകിട്ടുന്ന ആദായം അതാതുകൊല്ലത്തെ ഏറ്റവും നല്ലപ്രസിദ്ധീകരണത്തിന് സഹായധനമായി നല്കാന്‍ ഏര്‍പ്പാടുചെയ്തു.

സ്ത്രീ, ഭാര്യ, അമ്മ എന്നീ നിലകളില്‍ കല്യാണിയമ്മ സാക്ഷാല്‍ ഗൃഹലക്ഷ്മിതന്നെയായിരുന്നുവെന്ന് ഭര്‍ത്താവായ ടി കെ കൃഷ്ണമേനോന്‍ തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്. അവരുടെ അഭിരുചികള്‍ വളരെ ലളിതമായിരുന്നു. ആടയാഭരണങ്ങളില്‍ വലിയ ഭ്രമമൊന്നും ഉണ്ടായിരുന്നില്ല.

ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ്, ഒരു പെണ്ണും രണ്ടാണും. മൂത്തമകന്‍ പ്രൊഫ. ടി സി ശങ്കരമേനോന്‍ മഹാരാജാസ് കോളേജില്‍ പ്രൊഫസ്സറായും പ്രിന്‍സിപ്പാളായും ജോലിനോക്കിയിട്ടുണ്ട്. അദ്ദേഹം പി എസ് സി മെമ്പറായാണ് റിട്ടയര്‍ ചെയ്തത്. രണ്ടാമത്തെ മകന്‍ ടി സി ഗോപാലമേനോന്‍ ടാറ്റാ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു. മകള്‍ ടി സി ജാനകിയമ്മ മദിരാശി യൂണിവേഴ്‌സിറ്റിയില്‍നിന്നും സംസ്‌കൃതത്തില്‍ ബിരുദം എടുത്തു. അവരെ കൊച്ചിയിലെ ഒടുവിലത്തെ ദിവാനും ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫുഡ്ഉം ആയ സി പി കരുണാകരമേനോന്‍ വിവാഹംചെയ്തു.

ജാനകിയമ്മയും മാതാപിത്ാക്കളും ചേര്‍ന്ന് തര്‍ജ്ജമചെയ്ത് പ്രസിദ്ധീകരിച്ച കൃതികളാണ് 'ഭാരതീയ വനിതാദര്‍ശങ്ങള്‍', 'സരോജനളിനി' എന്നിവ.

No comments:

Post a Comment