Search This Blog
Monday, October 19, 2026
റസിയ സുല്‍ത്താന്‍
റസിയ സുല്‍ത്താന്‍: നൈപുണികളുടെ 'രാജാവ്'.
ഡെല്‍ഹി സുല്‍ത്താനേറ്റിലെ ആദ്യത്തെ വനിതാ സുല്‍ത്താനായിരുന്നു റസിയ്യത് -ഉദ്-ദുന്യ വാ ഉദ്-ദിന്‍. റസിയ സുല്‍ത്താന്‍ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
തുര്‍ക്കിയിലെ പ്രസിദ്ധനായൊരു പ്രഭുവിന്റെ മകനായിരുന്നു ഷംസുദ്ദീന്‍ ആല്‍ട്ടിമഷ്. ദുസ്സ്വഭാവികളായ സ്വസഹോദരന്മാര്‍ ആല്‍ട്ടിമിഷിനെ ഉപദ്രവിക്കുക പതിവായിരുന്നു. ഒരുദിവസം നായാട്ടിനുപോയപ്പോള്‍ സഹോദരന്മാര്‍ ആല്‍ട്ടിമിഷിനെ പിടിച്ച് അടിമവ്യാപാരികള്‍ക്ക് വിറ്റു. കുറച്ചുകഴിഞ്ഞപ്പോള്‍ വ്യാപാരികള്‍ ആല്‍ട്ടിമിഷിനെ ഡെല്‍ഹി രാജാവായിരുന്ന കുല്‍ബുദ്ദീന് 50000 ഉറുപ്പികക്ക് മറിച്ചുവിറ്റു. പുത്രന്മാര്‍ ഇല്ലാതിരുന്ന കുല്‍ബുദ്ദീന്‍ ബുദ്ധിമാനും സുമുഖനുമായ ആല്‍ട്ടിമിഷിനെ സ്വന്തം മകനെപോലെ സ്‌നേഹിച്ചു. തന്റെ മകള്‍ ഖൗത്തൂബ് ബീഗത്തെ (തുര്‍ക്കന്‍ ഖര്‍ത്തൂന്‍ എന്നും പേരുണ്ട്) വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു. കുല്‍ബുദ്ദീന്‍ ചരമമടയുന്നതിനുമമ്പുതന്നെ രാജ്യം ആല്‍ട്ടിമിഷിനെ ഏല്‍പിക്കുകയും ചെയ്തു. കുല്‍ബുദ്ദീന്റെ ചരമവും ആല്‍ട്ടിമിഷിന്റെ രാജ്യഭാരമേല്‍ക്കലും ഒരുമിച്ചു കഴിഞ്ഞു.
ആല്‍ട്ടിമിഷിനും ഖൗതുബ് ബീഗത്തിനും 1205-ല്‍ ബദൗനില്‍ പിറന്ന മകളാണ് റസിയ. സുല്‍ത്താന് മക്കളേറെയുണ്ടായിരുന്നെങ്കിലും റസിയയോടായിരുന്നു പ്രിയക്കൂടുതല്‍.
ലിംഗപരിഗണനകൂടാതെ എല്ലാ വിദ്യകളിലും റസിയക്ക് പരിശീലനം നല്കാന്‍ സുല്‍ത്താന്‍ ബദ്ധശ്രദ്ധനായി. സാഹിത്യം, സംഗീതം എന്നിവ അഭ്യസിച്ചത് കൂടാതെ ഗ്രന്ഥപാരായണത്തില്‍ അതീവ തത്പരയുമായിരുന്നു റസിയ. ആയുധാഭ്യാസം, കുതിരസവാരി, നായാട്ട് മുതലായ കായികാഭ്യാസകലകളിലും നിപുണയായി റസിയ വളര്‍ന്നു. ഭരണനിര്‍വഹണം, രാജ്യതന്ത്രം മുതലായവിഷയങ്ങള്‍ മന്ത്രിമാരോടും മറ്റും ചോദിച്ചറിഞ്ഞും നിരീക്ഷിച്ചും അവള്‍ സ്വായത്തമാക്കി. നിരുപമമായ അവളുടെ സൗന്ദര്യത്തെ വര്‍ണിക്കാന്‍ അന്നത്തെ കവികളുടെ പാദാവലി അപര്യാപ്തമായിരുന്നു.
തീക്ഷ്ണമായ ബുദ്ധി, അഗാധമായ ആലോചന, സ്ഥൈര്യം, സാധുക്കളില്‍ ദയ, ആശ്രിതവാത്സല്യം, കൃത്യനിഷ്ഠ എന്നിവ റസിയയുടെ സ്വഭാവഗുണങ്ങളായിരുന്നു.
റസിയ യൗവനത്തിലേക്ക് പ്രവേശിച്ചപ്പോള്‍, രജപുത്രന്മാരോട് പടപൊരുതാന്‍ തന്റെ സൈന്യത്തോടൊപ്പം അല്‍ട്ടിമിഷിന് കൊട്ടാരം വിടേണ്ടതായിവന്നു. ഒട്ടും സംശയിക്കാതെ അല്‍ട്ടിമിഷ് തന്റെ പുത്രിയായ റസിയയെത്തന്നെ രാജ്യഭാരം ഏല്പിച്ചു. എന്നാല്‍ പ്രഭുപ്രമാണിമാര്‍ക്ക് രാജാവിന്റെ ഈ നടപടിയോട് കടുത്ത അതൃപ്തിയായിരുന്നു. ഭരണകര്‍തൃത്വം സ്ത്രീയെ ഏല്പിക്കുന്നത് അനര്‍ത്ഥഹേതുകമത്രെ. പ്രഭുക്കള്‍ നടപടിയോട് തീരെ വിയോജിക്കുകയും പുരുഷന്മാരെ ആരെയെങ്കിലും തത്സ്ഥാനത്ത് നിയോഗിക്കണമെന്നും രാജാവിനോട് അപേക്ഷിച്ചു. എന്നാല്‍ താന്‍ ചിന്തിക്കാതെ എടുത്ത പ്രവൃത്തിയല്ല ഇതെന്നും തന്റെ ആണ്‍മക്കളിലാര്‍ക്കും തന്നെ ഈ ചുമതല നിര്‍വഹിക്കാനുള്ള ശേഷി ഇല്ലെന്നും റസിയ ഒരു സ്ത്രീയാണെങ്കിലും ഏതൊരു പുരുഷനും ചെയ്യാവുന്ന രാജ്യകാര്യങ്ങളില്‍ അവള്‍ക്ക് പ്രാപ്തിയുണ്ടെന്ന് മറുപടികൊടുത്ത് ആള്‍ട്ടിമിഷ് അവരെ മടക്കി.
യുദ്ധത്തില്‍ മുഴുകിയ ആള്‍ട്ടമിഷ് 6 കൊല്ലത്തോളം രാജ്യത്തിന് പുറത്തായിരുന്നു. ഈ കാലമത്രയും റസിയ നീതിന്യായങ്ങളില്‍ പിഴവുവരുത്താതെ രാജ്യകാര്യങ്ങള്‍ നിര്‍വഹിച്ചു. അവളുടെ ഭരണനൈപുണ്യം എതിര്‍പ്പ് പ്രകടിപ്പിച്ചവരെക്കൂടി തൃപ്തിപ്പെടുത്തി. സ്വസഹോദരങ്ങള്‍ക്കുപോലും അവളോട് ബഹുമാനമായി. ആള്‍ട്ടിമിഷിന്റെ തീരുമാനം കൃത്യമായിരുന്നുവെന്നുപറഞ്ഞ് എല്ലാവരുടെ അദ്ദേഹത്തെ പുകഴ്ത്തി. രാജാവ് വിജയിയായി തിരിച്ചെത്തി. റസിയ രാജ്യാധികാരം പിതാവിന് തിരികെ ഏല്പിച്ചു. തന്റെ പുത്രിയുടെ സാമര്‍ത്ഥ്യത്തെ മറ്റുള്ളവര്‍ പുകഴ്ത്തിപ്പറയുന്നത് കേട്ട് രാജാവ് സന്തുഷ്ടനായി. റസിയയാകട്ടെ വിനയാന്വിതയായി ഗൃഹകാര്യങ്ങളിലേക്ക് മടങ്ങി.
സുന്ദരിയായ റസിയയെ സ്വന്തമാക്കാന്‍ മോഹിച്ച് പല തരുണന്മാരും കൊട്ടാരം കയറിയിറങ്ങി. എന്നാല്‍ രാജാവോ, റസിയതന്നെയോ ഇക്കാര്യത്തില്‍ തെല്ലുപോലും താത്പര്യം കാട്ടിയില്ല. മറ്റെല്ലാവര്‍ക്കും രാജാവിന്റെ ഈ സമീപനം വിചിത്രമായി തോന്നി.
താമസിയാതെ ആള്‍ട്ടമിഷ് ചരമഗതി പ്രാപിച്ചു. രാജ്യമാകെ ദുഃഖത്തിലാഴ്ന്നു. റസിയയുടെ കാര്യം പറയാനില്ലല്ലൊ. പക്ഷെ കടുത്ത വ്യസനത്തിലും പക്വമതിയായ ആ തരുണി 'ജന്മമുണ്ടെങ്കില്‍ മരണമുണ്ട്' തത്വബോധനം നല്കി ഏവരേയും സമാശ്വസിപ്പിക്കുകയാണ് ചെയ്തത്.
ആള്‍ട്ടിമിഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രനായ ഫിറോസ് രാജാവായി സ്ഥനമേറ്റു. മൂത്തപുത്രന്മാരുണ്ടെങ്കിലും റസിയക്കാണ് അധികാരസ്ഥാനം കൊടുക്കേണ്ടതെന്ന് ആള്‍ട്ടമിഷ് ആഗ്രഹിച്ചിരുന്നു. ന്നൊല്‍ തുര്‍ക്കിയിലെ പണ്ഡിതപ്രമാണിമാര്‍ അതിനെ വിലക്കുകയും ചെയ്തിരുന്നു.
ഫിറോസ് കിരീടധാരണത്തിന് യോഗ്യനായിരുന്നില്ല. സുഖലോലുപനായി കൊട്ടാരം വാണ ഫിറോസ് ജനക്ഷേമകാര്യത്തില്‍ തെല്ലും താത്പര്യം കാണിച്ചില്ല. ജനങ്ങള്‍ക്ക് മടുത്തു. നിസ്സാരന്‍, നീചന്‍ എന്നൊക്കെയുള്ള ആക്ഷേപവാക്കുകള്‍ ചൊരിഞ്ഞു. വൈകാതെ ഫിറോസ് സ്ഥനഭ്രഷ്ടനായി. റസിയയുടെ നൈപുണികളെക്കുറിച്ച് നന്നായറിയാവുന്ന ജനങ്ങള്‍ അവളെ അധികാരത്തിലേറ്റി. അങ്ങനെ റസിയ വീണ്ടും ഡെല്‍ഹിയിലെ ചക്രവര്‍ത്തിയായി.
'രാജാവ്' റസിയ സ്ത്രീയെങ്കിലും ആഡംബരപ്രിയ ആയിരുന്നില്ല. സാധാരണ അംഗനമാരെപ്പോലെയുള്ള ഘോഷ ധരിച്ചിരുന്നില്ല. ഒരു സുല്‍ത്താന്റെ കുപ്പായമിട്ടു. തലയില്‍ തൊപ്പിവെച്ചു. സാമന്തരാജാക്കന്മാരുടെ അടുത്തേക്ക് സായന്തനങ്ങളില്‍ ആനപ്പുറമേറി യാത്രചെയ്തു. അനാവശ്യ സ്വീകരണങ്ങളോ, അധികമായ അകമ്പടിക്കാരോ ഉണ്ടായിരുന്നില്ല. ആവലാതികള്‍ നേരിട്ടുകേട്ടു. ഉചിതമായ തീര്‍പ്പുകള്‍ കല്പിച്ചു. രാജ്യകാര്യങ്ങള്‍ നേരിട്ടുചെന്ന് അന്വേഷിച്ചു. സാധുജനങ്ങള്‍ക്ക് രക്ഷകയായി. നീതിന്യായങ്ങളെ സംബന്ധിച്ച്, പ്രഭുവെന്നോ പിച്ചക്കാരനെന്നോ ഉള്ള വിവേകം കാണിച്ചില്ല. പ്രജകള്‍ക്കൊക്കെയും ഭരണം തൃപ്തിയായി. രാജ്യമെങ്ങും ക്ഷേമമായി. ചക്രവര്‍ത്തിയായ റസിയ രാജ്യംമെങ്ങും പുകഴ്ത്തപ്പെട്ടു. രണ്ടുവര്‍ഷം അങ്ങനെ നീങ്ങി.
ഈ ഘട്ടത്തിലാണ് റസിയ വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. തന്റെ സേനാനായകനായ യാക്കൂത്തിനെ വിവാഹം ചെയ്തു. പഠിപ്പിലും പദവിയിലും റസിയക്ക് അനുരൂപനായ ആണ്‍തുണ തന്നെയായിരുന്നു യാക്കൂത്ത്. ദാമ്പത്യജീവിതം സന്തുഷ്ടമായി നീങ്ങവെ, വംശീയ പ്രശ്‌നം തലപൊക്കി. യാക്കൂത്ത് റയിയയെ പോലെ തുര്‍ക്കി വശജനായിരുന്നില്ല. അദ്ദേഹം 'അബ്‌സീനിയ'നായിരുന്നു. ആഭിജാത്യത്തിന് ഇടിവ് സംഭവിച്ചതായി അനുഭവപ്പെട്ടു. ഈ തിരിച്ചറിവ് തുര്‍ക്കിയിലെ പ്രഭുക്കന്മാരുടെ ഇടയില്‍ ക്ഷോഭത്തിന് കാരണമായി. വാസ്തവത്തില്‍ റസിയയെ സ്വന്തമാക്കാന്‍ ശ്രമിച്ച് പരാജിതരായ കാമുകന്മാരായിരുന്നു അതിന് പിന്നില്‍. വിവാഹവേദിയില്‍വെച്ചുതന്നെ അവര്‍ പിറുപിറുത്തു. പുറത്തിറങ്ങി ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. ഒടുവില്‍ യുദ്ധത്തിനുതന്നെ അത് വഴിവെച്ചു.
യുദ്ധസന്നദ്ധരായ കാമുകന്മാരുടെ നേതാവ് വലിയൊരു പ്രഭുവായ അല്‍ദുന്യ എന്ന യോദ്ധാവായിരുന്നു. ഭരണനിപുണയായ റസിയ പക്വമതിയുടെ നയചാതുരിയോടെ യുദ്ധം ഒഴിവാക്കാനാവുമോ എന്നതിനായി യത്‌നിച്ചു. അത് ഫലവത്തായില്ല. ഒടുവില്‍ യാക്കൂത്തും റസിയയും ശത്രുസൈന്യത്തെ അടര്‍ക്കളത്തില്‍വെച്ചുതന്നെ നേരിടാനുറച്ചു. യുദ്ധം അതിഭയങ്കരമായി. റസിയ അത്ഭുതകരമായി അടരാടി. യാക്കൂത്തും പിന്നിലായിരുന്നില്ല. ദമ്പതികളുടെ വര്‍ദ്ധിതവീര്യംകണ്ട് ശത്രുസൈന്യം അമ്പരന്നു.
എങ്കിലും വിജയസാധ്യത റസിയക്ക് അനുകൂലമായിരുന്നില്ല. സൈനികബലം ശത്രുക്കളെ അപേക്ഷിച്ച് കുറവായിരുന്നു. പ്രിയതമനായ യാക്കൂത്ത് ശത്രുക്കളാല്‍ വധിക്കപ്പെട്ടു. ഭാഗ്യവും റസിയയെ തുണച്ചില്ല. അവള്‍ ശത്രുനിരയിലെ കാമുകന്മാരില്‍ ഒരാളായ അല്‍ദുന്യയുടെ അധീനതയിലായി. ഭര്‍തൃവിയോഗത്താല്‍ അതീവദുഃഖിതയായ റസിയ ഇതുകൂടിയായപ്പോള്‍ ആകെ തളര്‍ന്നു.
റസിയയുടെ ദൈന്യാവസ്ഥകണ്ട് മനസ്സലിഞ്ഞ മാലിക് അല്‍ദുന്യ അവളെ സ്വതന്ത്ര്യയാക്കി. റസിയയില്‍ മുമ്പേതന്നെ ദൃഢാനുരക്തനായിരുന്ന അല്‍ദുന്യ, അവളെ സ്വന്തമാക്കണമെന്ന ഉദ്ദേശത്തോടുകൂടി, തന്നെ വിവാഹംചെയ്യുകയാണെങ്കില്‍ രാജ്യം തിരികെ നല്കാമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. സാധുവായ റസിയക്ക് മറ്റ് മാര്‍ഗങ്ങളൊന്നും മുമ്പിലുണ്ടായിരുന്നില്ല. തന്നെ ഹൃദയപൂര്‍വം സ്‌നേഹിക്കുന്ന ഒരുവനെ ഭര്‍ത്താവായി വരിക്കുന്നതില്‍ ആക്ഷേപമില്ലല്ലോ എന്നും അവള്‍ ചിന്തിച്ചു.
ഇതിനിടെ തുര്‍ക്കിയിലെ പ്രധാനികള്‍ റസിയയുടെ മറ്റൊരു സഹോദരനെ കിരീടാവകാശിയാക്കി സിംഹാസനാരൂഢം ചെയ്യിച്ചു. ആയാള്‍ സ്ത്രീജിതനും മദ്യപാനാസക്തനുമായിരുന്നു. ഭരണത്തെ ജനങ്ങള്‍ വെറുത്തു.
മാലിക് അല്‍ദുന്യന്‍ റസിയയെ വിവാഹം ചെയ്തത് തുര്‍ക്കി പ്രമാണിമാര്‍ക്ക് രസിച്ചില്ല. അവര്‍ അല്‍ദുന്യനുമായ യുദ്ധത്തിന് തയാറെടുത്തു. ഘോരയുദ്ധത്തില്‍ പരാജിതരായ അല്‍ദുന്യന്‍-റസിയമാര്‍ പരാജിതരായി തടവുകാരാക്കപ്പെട്ടു. 1240 ഒക്ടോബര്‍ 15-ന് ദമ്പതികളെ ഒന്നായിത്തന്നെ ശത്രുക്കള്‍ വധിച്ചു. കൊല്ലപ്പെടുമ്പോള്‍ റസിയക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. പുരാതന ഡെല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള ബുള്‍ബുളി ഖാനയില്‍ ഖബറടക്കി. അവരുടെ ഏകമകന് പേര് സുബ്രുദ്ദീന്‍ മിര്‍സ റഷീല്‍ എന്നാണ്.
ഗുണവതിയായ ഭരിണാധികാരിയും സ്ത്രീയമുമായ റസിയക്ക് അത്തരം പരിഗണനകളൊന്നും ശത്രുക്കള്‍ നില്കിയില്ല. സര്‍വഗുണസമ്പന്നയായ റസിയയുടെ അന്ത്യം അത്രകണ്ട് ദയനീയമായിരുന്നു. എങ്കിലും യശസ്വിനിയായ മഹിളാരത്‌നം റസിയയെ വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ ഇന്നും ബഹുമാനപുരസ്സരം അനുസ്മരിക്കുന്നു.
റസിയയുടെ ഭരണനൈപുണി രാജ്യത്തെ രക്ഷപ്പെടുത്തി. എന്നാല്‍ അവളുടെ ബാഹ്യസൗന്ദര്യം നാശഹേതുകമായി.
Subscribe to:
Post Comments (Atom)

No comments:
Post a Comment