Search This Blog

Monday, October 19, 2026

കവിയൂര്‍ മുരളി


 ദലിത്-സാഹിത്യശാസ്ത്രകാരന്‍


കവിയൂര്‍ ആഞ്ഞിലിത്താനം പടിഞ്ഞാറുശ്ശേരിയിലെ ഉതുകുഴി വീട്ടില്‍ ചീരന്റേയും പൈങ്കിയുടേയും എട്ടുമക്കളില്‍ ആറാമനായി 1931 മാര്‍ച്ച് 20-ന് ജനിച്ച ചോതനാണ് കവിയൂര്‍ മുരളി എന്ന് അറിയപ്പെട്ടത്. സവര്‍ണാധിപത്യത്തിന് നേര്‍ക്കുള്ള പ്രതിരോധമാണ് ഈ പേരുമാറ്റത്തിലൂടെ മുരളി ലക്ഷ്യമിട്ടതെന്ന് നിരീക്ഷിക്കപ്പെടുന്നു.

കമ്മാളത്തകിടി സ്‌കൂള്‍, കണിയാമ്പാറ സി എം എസ് സ്‌കൂള്‍, കാറ്റൂര്‍ എം പി എം സ്‌കൂള്‍, എടയ്ക്കാട് സി എം എസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി 8 വര്‍ഷംകൊണ്ട് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കവിയൂര്‍ എന്‍ എസ് എസ് സ്‌കൂളില്‍ പഠിച്ച് ഇംഗ്ലീഷില്‍ മിടുക്കനായി. ഇംഗ്ലീഷ് പഠനത്തില്‍ പിന്നോക്കംപോയ സഹപാഠികളെ പഠിപ്പിക്കാനും മുരളി ഉത്സുകനായിരുന്നു. മനോഹരമായ മലയാളം കയ്യക്ഷരത്തില്‍ മുരളി പ്രസിദ്ധനായി. ചില ക്ലാസുകളില്‍ ഒന്നാമതെത്തി. 1945-ല്‍ 15-ാം വയസ്സില്‍ ഇംഗ്ലീഷില്‍ 48% വും മൊത്തം 50% ഉം മാര്‍ക്കുനേടി മുരളി ഇ എസ് എല്‍ സി പാസായി. ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. പക്ഷെ 25% മാര്‍ക്കുണ്ടെങ്കില്‍ ഒന്നാം വര്‍ഷത്തില്‍ ഡിഗ്രിക്കുചേരാവുന്നതാണെന്ന പുതിയ ഉത്തരവുവന്നു. അതനുസരിച്ച് 1964-ല്‍ തിരുവല്ലാ മാര്‍തോമാ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു പഠിച്ചു. തമിഴും വട്ടെഴുത്തും സംസ്‌കൃതവും പഠിച്ച് പാണ്ഡിത്യം നേടി.

കവിതയെഴുത്തതില്‍ മുരളി സമര്‍ത്ഥനായിരുന്നു. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചുനടന്ന കവിതാ മത്സരത്തില്‍ മുരളി ഒന്നാം സ്ഥാനം നേടി. ഗാന്ധിജി എന്നതായിരുന്നു വിഷയം. 'പൊലിഞ്ഞ ദീപം' എന്നായിരുന്നു മുരളി എഴുതിയ കവിതയുടെ പേര്. മഹാകവി വള്ളത്തോള്‍ നടത്തിയിരുന്ന 'പുരോഗാമി' മാസികയില്‍ ഈ കവിത അച്ചടിച്ചുവന്നു.

തിരുവനന്തപുരം ഇന്റര്‍ മീഡിയറ്റ് കോളേജില്‍ അഡ്മിഷന്‍ വൈകി. വിശാഖം തേവന്‍ എന്ന തേവന്‍ സ്വാമിയെ ചെന്നുകണ്ട് വിവരം അറിയച്ചു. തേവന്‍ ആകട്ടെ മുരളിയേയും കൂട്ടിക്കൊണ്ട് കുന്നുകുഴി ബാര്‍ട്ടണ്‍ ഹില്ലില്‍ ചെന്ന് അധഃകൃതവിഭാഗത്തിന്റെ വകുപ്പ് കൈകാര്യംചെയ്യുന്ന സഹോദരന്‍ അയ്യപ്പനെ പോയിക്കണ്ടു.

തിരുവനന്തപുരത്തുപഠിക്കുന്ന കാലത്ത് എസ് എഫ് ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 'വാട്ട് ഈസ് കമ്യൂണിസം', 'മാനിഫെസ്റ്റോ' തുടങ്ങിയകൃതികള്‍ വായിച്ചുപഠിച്ചു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കുമെന്ന് ഭയന്ന് ജന്മിയുടെ ചട്ടമ്പിപ്പട മുരളിയുടെ കുടില്‍ അടിച്ചുതകര്‍ത്ത്, കുടിയൊഴിപ്പിച്ചു. മുരളിയുടെ അച്ഛന്‍ ആഞ്ഞിലിത്താനത്ത് ഇടംതേടി. മുരളി എത്തുമ്പോല്‍ കുടിലിരുന്ന സ്ഥാനത്ത് ഒരുപിടി ചാരമാണ് കണ്ടത്.

'വാട്ടീസ് കമ്യൂണിസം' 9 തവണ വായിച്ചു. 6 പത്രങ്ങളെങ്കിലും ദിനംപ്രതി വായിക്കണം. 1952 ഡിസംബറിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പി ടി പുന്നൂസിനുവേണ്ടി തെരഞ്ഞടുപ്പ് പ്രചരണത്തിനായി മുരളിയെ പാര്‍ട്ടി റിക്രൂട്ട് ചെയ്തു. മുരളിയുടെ പ്രസംഗപാടവം പ്രയോജനപ്പെടുത്തിയിട്ടും പി ടി കോണ്‍ഗ്രസിലെ പി ചാക്കോയോട് തോറ്റു. പക്ഷെ മുരളി കവിയൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

മുരളിയുടെ അനുജന്‍ കുട്ടനും ചരിത്രകാരനായ ചെന്താരശ്ശേരിയുടെ സഹോദരി ചെല്ലമ്മയുമായി വിവാഹം നടന്നു.

1953-ല്‍ നടന്ന ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത് പൊലീസില്‍നിന്നും കൊടിയ മര്‍ദ്ദനങ്ങളേറ്റുവാങ്ങി. ആത്മകഥയായ 'മ്യൂണിസംക'യില്‍ അതേക്കുറിച്ച് വിവരിക്കുമ്പോള്‍ ഭീകരതയുടെ എല്ലാ പര്യായപദങ്ങളും കവിയൂര്‍ മുരളി ഉപയോഗിക്കുന്നുണ്ട്! 'കിലോ ഇടി' !. ഒന്നുരണ്ട് കിലോ ഇരുമ്പ് തുണിയില്‍ പൊതിഞ്ഞുകെട്ടി ഇടിക്കുന്നതിനെയാണ് കിലോ ഇടി എന്നു പറഞ്ഞിരുന്നത്. അത് മുരളിക്കുവേണ്ടി പ്രത്യേകം കരുതിയിരുന്നതാണ്. മുരളിയുടെ ജാതിചോദിച്ച് ബോധ്യപ്പെട്ടതിനുശേഷമാണ് കിലോഇടി പ്രയോഗിച്ചത്.

ടി വി തോമസ്, പി കെ കുഞ്ഞച്ചന്‍, ചന്ദ്രശേഖരപിള്ള വൈദ്യന്‍, പൊടിയന്‍, ആദിശര്‍, സദന്‍, തങ്കപ്പന്‍, തുടങ്ങിയവരായിരുന്നു കൂട്ടാളികള്‍. എന്നാല്‍ പിന്നീട് പി കെ കുഞ്ഞച്ചനില്‍നിന്നും ഒരു പാര്‍ട്ടിസഖാവിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റത്തില്‍ മുരളിക്ക് നീരസമുണ്ടായി. ലോക്കല്‍ കമ്മറ്റിക്കും മേല്‍ കമ്മറ്റിക്കും കാര്യം വിവരിച്ചുകൊണ്ട് പരാതി അയച്ചെങ്കിലും അതൊന്നും ഗൗനിക്കപ്പെട്ടില്ല.

മുരളി വീട്ടില്‍ തിരിച്ചെത്തി, കുടുംബജീവിതത്തിലേക്ക് തിരിച്ചുവന്നു. ട്രെയിനിംഗ്ക്ലാസില്‍ ചേര്‍ന്ന് പഠിപ്പുതുടര്‍ന്നെങ്കിലും പൂര്‍ത്തികരിക്കാനായില്ല. മുഴുവന്‍സമയപാര്‍ട്ടി പ്രവര്‍ത്തനമാണ് അതിന് കാരണം. ഇന്റര്‍മീഡിയറ്റ് കോളേജില്‍നിന്നും ടി സിയുടെ കോപ്പിവാങ്ങി ആയുര്‍വേദ കേളേജില്‍ ഡിപ്ലോമക്ക് ചേര്‍ന്നു. വൃന്ദാവനം പൊലീസ് ക്യാമ്പിന്റെ എതിര്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പില്‍ക്കാലത്ത് സാമ്പത്തികശാസ്ത്രജ്ഞനായി ഉയര്‍ന്ന ഡോ. കുഞ്ഞാമന്‍ അന്ന് അവിടെ വാര്‍ഡനായിരുന്നു. സ്‌റ്റൈപന്റ് പ്രശ്‌നമായതിനാല്‍ താമസിച്ച് പഠനം മുരളിക്ക് പ്രയാസമായി.

തിരികെ കവിയൂരെത്തിയപ്പോള്‍, കൊല്ലം ജില്ലയില്‍ എറത്തുകുളക്കട പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി സേവനത്തില്‍ പ്രവേശിക്കാനുള്ള നിയമന ഉത്തരവുവന്നു. ജോലിക്കു ചേര്‍ന്ന് അല്പനാള്‍ക്കകം, തിരുവനന്തപുരത്ത് പൊതുമരാമത്തുവകുപ്പില്‍ ക്ലാര്‍ക്കായി മറ്റൊരു നിയമന ഉത്തരവും വന്നു. അധ്യാപകജോലി രാജിവെച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി. അക്കൗണ്ട് സെക്ഷനില്‍ പോസ്റ്റിംഗ് ലഭിച്ചു.

തുടര്‍ന്ന് സ്ഥലംമാറ്റശിക്ഷകള്‍ -കൈക്കൂലി വാങ്ങാത്തതാണ് കുറ്റം- ആലപ്പുഴ, ചെങ്ങന്നൂര്‍, വീണ്ടും തിരുവനന്തപുരം, ആലുവ, ചേലക്കര, വടക്കാഞ്ചേരി, തൃശൂര്‍, ചാലക്കുടി. ചേലക്കരയില്‍ താമസിച്ച് സേവനം തുടരുന്നതിനിടെ ചില നാട്ടുകാരുമായി കശപിശയുണ്ടായി. തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള ദുരഭിമാനവൈരമാണ് അതിന് വഴിവെച്ചത്. കുറേനാള്‍ കേസിന് പിന്നാലേ പോകേണ്ടിവന്നു. എന്തായാലും ശിക്ഷ ഏല്‍ക്കേണ്ടിവന്നില്ല.

1962-ല്‍ തന്റെ 31-ാമത്തെ വയസ്സില്‍ കവിയൂര്‍ സ്വദേശിനി തങ്കമ്മയെ വിവാഹംചെയ്തു. ദമ്പതികള്‍ക്ക് ഡാന്റേ, ഡെയ്‌സന്‍, ആശ, ബിസി എന്നിങ്ങനെ നാല് മക്കള്‍. 2003 ഒക്ടോബര്‍ 20-ാം തിയതി 70-ാം വയസ്സില്‍ അന്തരിച്ചു.

'മുരളി ആത്മകഥ എഴുതിത്തുടങ്ങിയത് ആത്മരോഷത്തിന്റെ മഷിയില്‍ അമര്‍ഷത്തിന്റെ തൂലികമുക്കിയാണ്. 29 വര്‍ഷത്തെ ചരിത്രമെഴുതുവാന്‍ 1998 മുതല്‍ 2001 വരെ സമയമെടുത്തു. എന്നാല്‍ 1960 മാര്‍ച്ച് മുതല്‍ 2001 വരെയുള്ള 41 വര്‍ഷങ്ങളിലെ സംഭവബഹുലമായ അനുഭവങ്ങള്‍ പറയാന്‍ മൃത്യു അദ്ദേഹത്തെ അനുവദിച്ചില്ല. ജീവിതത്തിന്റെ ആദ്യകാലഘട്ടമാണ് സാഹിത്യരചെക്കുപയോഗിച്ചത്'-ടി എച്ച് പി ചെന്താരശ്ശേരി.

കൃതികള്‍
1995 വയല്‍ച്ചുള്ളികള്‍ (കവിത)
1996 ദര്‍ശനം (കവിത)
1997 ദലിത് ഭാഷ (പഠനം)
1997 ദലിതര്‍ക്കെഴുതിയ സുവിശേഷം
1998-2009 മ്യൂണിസംക (ആത്മകഥ)
1999 പുറനാനൂറ് ഒരു പഠനം
-ഞാന്‍ യഹോവയാകുന്നു (ഗവേഷണം)
-പുന്നപ്രവയലാര്‍ (ചരിത്രം -ഇംഗ്ലീഷ്)
-ദലിത് ഭാഷാനിഘണ്ടു.
2001 ദലിത് സാഹിത്യം
2001 അയ്യങ്കാളിപ്പട (നോവല്‍)

-ഞെക്കുവിളക്ക് (ലേഖനങ്ങള്‍)
-ഇലഞ്ഞിപ്പൂക്കള്‍ (കവിതകള്‍)
-വെളുത്ത (കാവ്യം)
-തിരിച്ചറിവ് (കഥകള്‍)
-സദസ്സ് (ശ്ലോകങ്ങള്‍)
(5 എണ്ണവും അപ്രകാശിതഗ്രന്ഥങ്ങളാണ്)

No comments:

Post a Comment