Search This Blog

Sunday, October 18, 2026

ലേഡി ജെയ്ന്‍ ഗ്രെയ്


 കഠിനശിക്ഷണത്തിന്റെ ഇര.


ആദര്‍ശനിഷ്ഠയുടെയും ധീരതയുടെയും പെണ്ണാള്‍രൂപമാണ് ജെയ്ന്‍ ഗ്രെയ്. ഇംഗ്ലണ്ടിലെ ഏറ്റവും പ്രായംകുറഞ്ഞ രാജ്ഞി എന്ന ചരിത്രവിശേഷണം. 17 വയസ് മാത്രം പ്രായം. 9 ദിവസം മാത്രം രാജ്ഞി. ചെറുകാലയളവിലും വിദുഷി. വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ ഒരു യൗവനകാലം തികച്ചും ലഭിച്ചിട്ടില്ലാത്ത ഈ മനുഷ്യജീവി ഒരു ലോകാത്ഭുതമാണ്.

രാജകീയസമ്പന്നതയുടെ നടുവില്‍ സൗന്ദര്യവതിയുടെ ജന്മംതന്നെയായിരുന്നു ജയിനിന്റേത്. ആ സൗകര്യങ്ങള്‍തന്നെയാണ് അവളെ മരണത്തിലേക്ക് നയിച്ചതെന്ന അറിവ് ഒരു ക്രൂരയാഥാര്‍ത്ഥ്യമാണ്. സ്വന്തം മാതാപിതാക്കളുടെ ദുര്‍മോഹമാണ് അതിന് വഴിതെളിച്ചതും.

സഫ്‌ഫോള്‍ക്കിലെ ഒന്നാം ഡ്യൂക്കായ ഹെന്‍-റി ഗ്രെയ്ക്ക് നും ലേഡി ഫ്രാന്‍സിസ് ബ്രെന്‍ഡനും 1537-ല്‍ ഇംഗ്ലണ്ടില്‍ പിറന്ന മകളാണ് ജെയ്ന്‍.

ബാല്യകാലത്തുതന്നെ ജെയ്ന്‍ അടുത്ത ബന്ധുവായ എഡ്വേര്‍ഡ് രാജകുമാരനെ വിവാഹം കഴിക്കണമെന്നും, ഒരു ദിവസം അദ്ദേഹത്തിന്റെ കൂടെ ബ്രിട്ടീഷു സിംഹാസനത്തിലിരിക്കണമെന്നും അച്ഛനമ്മമാര്‍ മോഹിച്ചു. അത്തരത്തില്‍ പരുവപ്പെടുത്തുന്നതിന് അവര്‍ ജയിനിന്റെ കുഞ്ഞിക്കൈകളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ അകറ്റിനിര്‍ത്തി. പകരം അതില്‍ പാഠപുസ്തകങ്ങള്‍ പിടിപ്പിച്ചു. അവളുടെ സഹോദരി കാതറീന്‍ അച്ഛനമ്മമാരോടൊപ്പം നാട്ടില്‍പുറങ്ങളില്‍ കുതിരസവാരിചെയ്തും മറ്റും ഉല്ലസിക്കുമ്പോള്‍ ജെയ്ന്‍ സ്‌കൂള്‍മുറിയുടെ വിങ്ങുന്ന അന്തരീക്ഷത്തില്‍ തടവിലാക്കപ്പെട്ടു. സംഗീതം കേള്‍ക്കുന്നതില്‍നിന്നുപോലും അച്ഛനമ്മമാര്‍ അവളെ അകറ്റിനിര്‍ത്തി.

ആ കടുത്തശിക്ഷയിലും അഥവാ ശിക്ഷണത്തിനിടയിലും 10 വയസ്സു തികയുന്നതിന് മുമ്പ്തന്നെ കുഞ്ഞുജെയ്ന്‍ ഗ്രീക്കും ലാറ്റിനും എഴുതുവാനും സംസാരിക്കാനും ശീലിച്ചു. പാഠപുസ്തകങ്ങളോട് ജെയ്‌നില്‍ വളര്‍ന്ന അതിശയകരമായ അടുപ്പം സഹപാഠിളിലാരിലും ഉണ്ടായില്ല. വായനമടുത്ത് എങ്ങാനും പച്ചപ്പുല്‍ത്തകിടിയില്‍ ജെയ്ന്‍ തലചായ്ചു മയങ്ങുന്നത് കണാനിടയായല്‍ അമ്മ വന്ന് കഠിനശിക്ഷകള്‍ നല്കുമായിരുന്നു. ജെയ്ന്‍ ഉറക്കെ കരയുന്നതുവരെ അവര്‍ തല്ല് തുടരും. ദുഃഖത്തിലും ഏകാന്തതയിലും നിന്നുള്ള ഏക ആശ്വാസമായി ജെയ്ന്‍ പുസ്തകങ്ങളെ അഗാധമായി സ്‌നേഹിച്ചു.

ഹെന്‍ഡ്‌റി എട്ടാമന്റെ മരണത്തിനുശേഷം യുവാവായ എഡ്വേര്‍ഡ് സ്ഥാനാരോഹണം ചെയ്തു. അപ്പോഴേക്കും നോര്‍തംബര്‍ലണ്ട് പ്രഭു പ്രബലനായിക്കഴിഞ്ഞു. റീജന്റായ സോമര്‍സെറ്റിനെ വധിച്ച് രാഷ്ട്രത്തിന്റെ നിയന്ത്രണം അദ്ദേഹം നേടിയെടുത്തു. പക്ഷെ വാഗ്ദാനംകൊണ്ടും ഭീഷണികൊണ്ടും പങ്കിലമായ അദ്ദേഹത്തിന്റെ സ്ഥാനം അനിവാര്യമായ അപകടത്തിലായി.

1553 ഏപ്രില്‍ മാസത്തില്‍ ഹെന്‍ഡ്‌റി എട്ടാമന്റെ പുത്രനും അവശനുമായ എഡ്വേര്‍ഡ് ആറാമന്‍ മരണശയ്യയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയായ മേരി സ്ഥാനാരോഹണം ചെയ്യണമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. പക്ഷെ അങ്ങനെ വരുന്നത് തന്റെ അധികാരമോഹങ്ങളുടെ ഭംഗത്തിനിടയാക്കുമെന്ന് നോര്‍തംബര്‍ലണ്ട് പ്രഭുവിന് മുന്‍കൂട്ടി അറിയാമായിരുന്നു.

ആ അധികാരത്തില്‍ തുടര്‍ന്നുപോവാന്‍ സിംഹാസനത്തില്‍ ഒരു 'പാവ'യെ പ്രതിഷ്ഠിച്ചാല്‍ മതിയായിരുന്നു. അന്നുതന്നെ ആ സിംഹാസനത്തിന്റെ മൂന്നാമത്തെ അവകാശിയായ ജെയ്ന്‍ ഗ്രേയെ ഹൃദയശൂന്യമായ ആ പദ്ധതിയുടെ ഉപകരണമാക്കുകയായിരുന്നു. ഒരു പ്രഭുപദത്തിനുവേണ്ടിമാത്രമായി മാതാപിതാക്കള്‍ ജെയ്‌ന്റെ ജീവിതം അടിയറവെച്ചു. തന്റെ ജീവിതത്തില്‍ തനിക്കൊരു അവകാശവുമില്ലാത്തവളായിത്തീര്‍ന്നു കുഞ്ഞു ജെയ്ന്‍!

മെയ് 25-ന് മാതാപിതാക്കള്‍ ജെയ്ന്‍നെ നോര്‍തംബര്‍ലണ്ട് പ്രഭുവിന്റെ നാലാമത്തെ പുത്രനായ ഗില്‍ഡ്‌ഫോര്‍ഡ് ഡഡ്‌ലിക്ക് വിവാഹം ചെയ്തുകൊടുത്തു. മാതാപിതാക്കളുടെ ക്രൂരമായ ശിക്ഷണത്തില്‍ വളര്‍ന്ന ജെയ്‌ന് ഭവിഷ്യത്തുകളെക്കുറിച്ച് യാതൊന്നുമറിയാതെ എല്ലാറ്റിനും വഴങ്ങുകയായിരുന്നു. സിംഹാസനത്തിന്റെ പിന്തുടര്‍ച്ചാവകാശം ജെയ്‌നിന്റെ പേരിലാക്കിമാറ്റുക എന്നതായിരുന്നു നോര്‍തംബര്‍ലണ്ട് പ്രഭുവിന്റെ ഗൂഢോദ്ദേശ്യം. അവസാനം അതുസംബന്ധിച്ച ഔദ്യോഗികരേഖയിലും എഡ്വേര്‍ഡ് രാജാവിനെക്കൊണ്ട് ഒപ്പുവെപ്പിച്ചു.

ജൂലൈ 6-ന് വ്യാഴാഴ്ച വൈകുന്നേരം 9 മണിക്ക് എഡ്വേര്‍ഡ് രാജാവ് മരിച്ചു. വാര്‍ത്ത രഹസ്യമാക്കിവെച്ചു. ജെയ്ന്‍ അപ്പോള്‍ നോര്‍തംബര്‍ലണ്ട് പ്രഭുവിന്റെ ലണ്ടനിലെ വസതിയിലായിരുന്നു. വെള്ളിയും ശനിയും അവള്‍ അവിടെ കഴിച്ചുകൂട്ടി. ഞായറാഴ്ച നോര്‍തംബര്‍ലണ്ടിന്റെ എതിര്‍വശത്തുള്ള സിയോണ്‍ കൊട്ടാരത്തിലേക്ക് ചെല്ലുവാന്‍ കല്പനകിട്ടി.

അവിടെവെച്ച് രാജാവിന്റെ മരണവാര്‍ത്തയും, സിംഹാസനാവകാശി ജെയ്ന്‍ തന്നെയാണെന്ന വസ്തുതയും പ്രഭു അറിയിച്ചു. ബന്ധുവിന്റെ ചരമവാര്‍ത്തകേട്ട് ദുഃഖാര്‍ത്തയായ ജെയ്ന്‍ന് സിംഹാസനാവകാശത്തെ സംബന്ധിച്ച വാര്‍ത്ത സ്തബ്ധയാക്കി. ആ അശക്തഹൃദയത്തിന് അത്രയും താങ്ങുക സാധ്യമായിരുന്നില്ല. അവള്‍ ബോധരഹിതയായി നിലംപതിച്ചു.

അടുത്തദിവസം രാവിലെ രാജകീയവസ്ത്രങ്ങള്‍ ധരിച്ച് ജെയ്ന്‍ തെംസിലൂടെ ലണ്ടനില്‍ പ്രവേശിച്ചു. അവളുടെ അമ്മതന്നെയാണ് പിന്നില്‍നിന്നും ഭംഗിയേറിയ വസ്ത്രാഗ്രം പിടിച്ചുകൊടുത്തത്. ബോട്ടില്‍നിന്നിറങ്ങിയ ജെയ്‌നിന്റെ മുന്നില്‍ പ്രഭുക്കന്മാര്‍ മുട്ടുകുത്തി. കിരീടധാരണത്തിനായി രാജ്ഞി ഗോപുരത്തിനുള്ളിലേക്ക് പ്രവേശിച്ചു.

അതിനിടെ മേരിയെ രാജ്ഞിയാക്കണമെന്ന് ആവശ്യപ്പെട്ടുകണ്ട് രാജ്യംമുഴുവന്‍ മുറവിളി ഉയരുകയായിരുന്നു. ആ വെള്ളിയാഴ്ച കാലത്ത് എതിര്‍ശക്തികളുടെ സൈന്യത്തെ ഒതുക്കാന്‍ നോര്‍തംബര്‍ലണ്ട് പ്രഭു നിര്‍ബന്ധിതനായി. അതിനുവേണ്ടി അദ്ദേഹം അവിടെനിന്നു നീങ്ങിക്കിട്ടിയപ്പോള്‍ മേരിക്ക് പിന്തുണപ്രഖ്യാപിച്ചവരുടെ ശക്തി ഒന്നുകൂടി വര്‍ദ്ധിച്ചു. അടുത്ത ചൊവ്വാഴ്ച ജനങ്ങളുടെ അഭിലാഷം നിറവേറ്റപ്പെടുകയും ജെയ്‌നിന് ആശ്വാസം പകരുകയും ചെയ്തുകൊണ്ട്, മേരിയെ ബ്രിട്ടീഷ് രാജ്ഞിയാക്കിക്കൊണ്ടുള്ള വിളംബരം വന്നു. ജെയ്‌നിന്റെ 9 ദിവസത്തെ വാഴ്ച അവസാനിച്ചു!

രാജ്യദ്രോഹി എന്ന നിലയില്‍ വിചാരണചെയ്യപ്പെട്ട നോര്‍തംബര്‍ലണ്ട് പ്രഭുവിന് ആഗസ്റ്റ് 22-ന് വധശിക്ഷ നല്കി. യാതൊരു പ്രതികാരനടപടിക്കും ഉദ്ദേശ്യമില്ലാതിരുന്ന മേരി രാജ്ഞി ജെയ്‌നെ വെറുതെ വിടാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചിരുന്നു. പക്ഷേ-

സ്‌പെയിനിലെ ഫിലിപ്പ് രാജകുമാരനുമായി മേരി രാജ്ഞിയുടെ വിവാഹം ഉറപ്പിക്കപ്പെട്ടു. 1551 ജനുവരി അവസാനത്തോടുകൂടി ജെയ്‌നിന്റെ അച്ഛനുള്‍പ്പെടെ ഒരുകൂട്ടം ആളുകള്‍ ഈ വിവാഹത്തെ എതിര്‍ത്തുകൊണ്ട് ലഹള നയിച്ചു. അതോടെ ജെയ്‌നിന്റെ വിധി എന്നെന്നേക്കുമായി നിര്‍ണയിക്കപ്പെട്ടു. ജയ്‌നും ബന്ധുക്കളും ജീവിച്ചിരിക്കുന്നിടത്തോളം കാലം തന്റെ സിംഹസനം ഭദ്രമല്ലെന്ന് മേരി തെറ്റിദ്ധരിക്കപ്പെട്ടു. അതോടെ ജയ്ന്‍നെ വധിക്കാന്‍ കല്പനയിട്ടു.

ഫെബ്രുവരി 13-ന് ഭര്‍ത്താവായ ഗില്‍ഡിഫോര്‍ഡ് ഡഡ്‌ലി ഒരു ആലിംഗനം ഇരന്നുകൊണ്ട് ജെയ്‌ന് ഒരു സന്ദേശം കൊടുത്തയച്ചു. സന്ദേശവാഹകനില്‍നിന്നും അതുവാങ്ങി വായിക്കമ്പോഴേക്കും ഡഡ്‌ലി വധിക്കപ്പെട്ടു. തങ്ങള്‍ ഉടനടി സ്വര്‍ഗത്തില്‍വെച്ച് കണ്ടുമുട്ടുമെന്ന് സന്ദേശവാഹകനായ യുവാവിനേട് ജയ്ന്‍ മറുപടി പറഞ്ഞുവത്രെ.

തന്നെ പാര്‍പ്പിച്ചിരുന്ന ഇരുമ്പറക്കുള്ളില്‍ നിന്നുകൊണ്ട് രണ്ട്തവണ മാത്രമാണ് ജെയ്ന്‍ ഡഡ്‌ലിയെ കണ്ടിട്ടുള്ളത്. ആദ്യം മുറവിളികൂട്ടിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ 'ടവര്‍ഹില്ലി'ലേക്ക് നയിക്കപ്പെട്ടപ്പോഴും, പിന്നീട് തല വേര്‍പെട്ട് വധസ്ഥലത്തുനിന്നും തിരിച്ചുകൊണ്ടുവന്നപ്പോഴും.

ബോധരഹിത അവസ്ഥയിലായ ആ ഓമന പെണ്‍കിടാവ് ജയ്ന്‍ കണ്ഠമിടറാതെ യാതൊന്നും ഉരിയാടാനാവാതെ വധസ്ഥലത്തേക്ക് നടന്നു, കണ്ണീരിന്റെ ലാഞ്ചനപോലുമില്ലാതെ. ദാസികള്‍ ഉറക്കെക്കരയുന്നതിനിടയിലും അവള്‍ തന്റെ നിരപരാധിത്വം ലോകരോട് പ്രഖ്യാപിച്ചു. തന്റെ കൂടെ പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു.

കൊലസ്ഥാനത്തിരുന്ന് ജയ്ന്‍ തന്റെ മനോഹരമായ കഴുത്തിനെ മറച്ചിരുന്ന മുടിക്കെട്ട് അഴിച്ചിട്ടു. കണ്ണുകള്‍ക്കുമീതെ സ്വയം ഒരു വെള്ളശീലചുറ്റിക്കെട്ടി. തലക്കുപിന്നില്‍ വെക്കേണ്ട ചതുരപ്പലകക്കായി ചുറ്റും കൈകള്‍ പരതി. ആരോ സഹായിക്കാനായി മുന്നോട്ടഞ്ഞെങ്കിലും അവള്‍ക്ക് അതിന്റെ ആവശ്യം നേരിട്ടില്ല... ഞൊടിയിടയില്‍ അവളുടെ കുഞ്ഞിക്കഴുത്ത് തലയില്‍നിന്നും വേര്‍പെട്ടു....

നിരപരാധിയായ ഒരു മനുഷ്യജീവനെ അതിക്രൂരമാംവിധം ഇല്ലായ്മചെയ്തു. അപാരവിദുഷിയാകേണ്ടിയിരുന്ന തരുണി.

No comments:

Post a Comment