Search This Blog

Tuesday, October 20, 2026

തരവത്ത് അമ്മാളു അമ്മ


 എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യക്ക് മലയാളത്തിലെ ആദ്യത്തെ ആശയാനുവാദം.


1863-ല്‍ തിരൂര്‍ തുഞ്ചന്‍ പാലക്കാട്ട് വടക്കുന്തറ തരവത്ത് തറവാട്ടില്‍ ജനിച്ചു. ശങ്കരന്‍ നായരും കുമ്മിണി അമ്മയുമാണ് അച്ഛനമ്മമാര്‍. വാദ്യശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ഡോ. ടി എം നായര്‍ അമ്മാളുഅമ്മയുടെ ഇളയസഹോദരനാണ്.
സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളില്‍ പ്രവീണയായി.
15-ാം വയസ്സില്‍ പുന്നത്തൂര്‍ കോവിലകത്തെ തമ്പുരാനെ വിവാഹം ചെയ്തു.
1927-ലെ തൃശൂര്‍ സാഹിത്യസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

ഭക്തമാല (മൂന്ന് ഭാഗം)
ശിവശക്തിവലാസം -സം. വിവര്‍ത്തനം
ബുദ്ധചരിതം (ആശയാനുവാദം)
ബുദ്ധഗാഥ (പദ്യം)
കോമളവല്ലി (നോവല്‍)
തീര്‍ത്ഥയാത്ര (വിവരണം)
ലീല
ബാലബോധിനി
കൃഷ്ണഭക്തിചന്ദ്രിക

'ബുദ്ധചരിതം 'ലൈറ്റ് ഓഫ് ഏഷ്യ'യുടെ പദാനുപദ തര്‍ജ്ജമയല്ല. ആശയാനുവാദമാണ്. ഈ കാര്യം തരവത്ത് അമ്മാളുവമ്മതന്നെ ആമുഖമായി സൂചിപ്പിക്കുന്നു. 'ഈ ഗ്രന്ഥം ബുദ്ധമഹര്‍ഷിയുടെ ജീവചരിത്രമാകുന്നു; ഇംഗ്ലീഷ് പണ്ഡിതനായ സര്‍ എഡ്വിന്‍ അര്‍നൊള്‍ഡ് അവര്‍കളാല്‍ നിര്‍മ്മിതമായ 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന ഇംഗ്ലീഷുപുസ്തകത്തെ ആധാരമാക്കി എഴുതീട്ടുള്ളതുമാകുന്നു. എത്രയോ മഹത്തായ ആ ഗ്രന്ഥത്തെ ഇംഗ്ലീഷുഭാഷാപാണ്ഡിത്യമില്ലാത്ത ഞാന്‍ ഭാഷാന്തരം ചെയ്വാനൊരുങ്ങിയത് കേവലം അവിവേകമാണെന്നു വായനക്കാര്‍ക്കു തോന്നാനിടയുണ്ട്. എന്നാല്‍ അങ്ങിനെ ചെയ്വാനുള്ള കാരണം പറയാതെ കഴിയുന്നതല്ല: വളരെ കാലമായി എനിക്ക് ബുദ്ധചരിത്രത്തില്‍ ഭക്തിബഹുമാനങ്ങള്‍ തോന്നുകയാല്‍, അതിനെ മലയാളത്തില്‍ എഴുതേണമെന്നുവിചാരിച്ച് സംസ്‌കൃതത്തിലും തമിഴിലുമുള്ള ഗ്രന്ഥങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു; അങ്ങിനെയിരിക്കുമ്പോല്‍ എന്റെ പ്രിയസഹോദരനായ ഡോക്ടര്‍ ടി എം നായരവര്‍കള്‍ ബുദ്ധചരിത്രത്തെ ഞാന്‍ മലയാളത്തിലെഴുതി മലയാളികള്‍ക്കു പകരമാക്കിത്തീര്‍ക്കേണമെന്നും, അത് 'ലൈറ്റ് ഓഫ് ഏഷ്യ'യെ ആസ്പദമാക്കി വേണ്ടതാണെന്നും നിര്‍ബന്ധിച്ചു; അതിന്മണ്ണം ആകുന്നു ഞാന്‍ ഇതിന്നുദ്യമിച്ചത്. പാലക്കാട് വിക്ടോറിയാ കോളേജ് ടീച്ചറായ വി കെ സുബ്രഹ്മണ്യയ്യര്‍ ബി എ അവര്‍കള്‍ അര്‍ത്ഥഗൗരവവും ഭാവഗാംഭീര്യവുമുള്ള മേല്‍പ്പറഞ്ഞ ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ അര്‍ത്ഥവും ഭാവവും എനിക്കു മനസ്സിലാക്കിത്തരികയും, അതിനെ ഞാന്‍ സ്വന്തബാഷയില്‍ എഴുതുകയും ചെയ്തതാകുന്നു. അതിന്നായി അദ്ദേഹത്തിന്നു ഞാന്‍ വന്ദനം പറഞ്ഞുകൊള്ളുന്നു.

ലൈറ്റ് ഓഫ് ഏഷ്യയില്‍ ബുദ്ധന്റെ നിര്‍വാണകഥ പ്രതിപാദിച്ചിട്ടില്ലാത്തതിനാല്‍, നിര്‍വാണഘട്ടം, മദിരാശി പ്രസിഡന്‍സി കോളേജ് തമിഴ് പണ്ഡിതര്‍ സ്വാമിനാഥയ്യരവര്‍കളുടെ തമിഴ് ഗ്രന്ഥത്തില്‍നിന്നെടുത്തുചേര്‍ത്തിരിക്കുന്നു. ബുദ്ധചരിത്രത്തിന്റെ വിഷയകാഠിന്യം, ലൈറ്റ് ഓഫ് ഏഷ്യയുടെ അഗാധത, ഇംഗ്ലീഷുഭാഷയില്‍ എനിക്കുള്ള അപാണ്ഡിത്യം, മലയാളവാക്കുകളുടെ ദുര്‍ഭിക്ഷത, എന്നിവകളാല്‍ ഈ ഗ്രന്ഥത്തില്‍ വളരെ അബദ്ധങ്ങള്‍ വന്നിരിപ്പാനിടയുണ്ട്.

1913-ലാണ് ത്രിശ്ശിവപേരൂര്‍ ഭാരതിവിലാസം അച്ചുകൂടത്തിലൂടെ ബുദ്ധചരിതം അച്ചടിച്ചിറങ്ങുന്നത്. ആദ്യ പ്രതികരണം സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള യുടേതാണ്. അദ്ദേഹം എഴുതുന്നു; 'ഈ ഗ്രന്ഥത്തിലെ ഭാഷയെക്കുറിച്ചു പ്രശംസയായിട്ടല്ലാതെ പറവാനൊന്നുമില്ല. ഭാഷ വളരെ ലളിതവും പ്രസന്നവും ഉചിതഘട്ടങ്ങളില്‍ ഉജ്ജ്വലവും ആകുന്നു. വായനക്കാരനെ, താനറിയാതെതന്നെ, ബഹുദൂരമാകര്‍ഷിക്കുന്ന ഭാഷാസരണിയില്‍, ഇടിക്കിടെ രമണീയങ്ങളായ കവിതാവിശേഷങ്ങള്‍ ധാരാളമുള്ള ഈ ഗദ്യകൃതി മലയാളത്തിനു അനശ്വരമായ ഒരു സമ്പത്താകുന്നു'. (സ്വദേശാഭിമാനിയുടെ സാഹിത്യനിരൂപണങ്ങള്‍).

അതേകാലത്തുതന്നെയാണ് 'ബുദ്ധഗാഥ' എന്ന ഗദ്യകൃതി രചിക്കുന്നതും. ഗ്രന്‍ന്ഥകര്‍ത്രി ആമുഖത്തില്‍ വ്യക്തമാക്കുന്നു; 'ഈ ഗ്രന്ഥം ബുദ്ധധര്‍മ്മങ്ങളെ പ്രതിപാദിക്കുന്ന ഒരു ഇംഗ്ലീഷുഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി എഴുതീട്ടുള്ളതാകുന്നു. ആ ഇംഗ്ലീഷുഗ്രന്ഥം സുബ്ബസിംഹ എന്നൊരാള്‍, പാലിഭാഷയില്‍നിന്നും തര്‍ജ്ജമചെയ്തതായ 'സിഗാലവാദ' ആകുന്നു. തത്വങ്ങള്‍ക്ക് ഉദാഹരണമായി ചില ഐതിഹ്യങ്ങളും ഗ്രന്ഥകര്‍ത്താവു ചില ബുദ്ധഗ്രന്ഥങ്ങളില്‍നിന്ന് എടുത്തുചേര്‍ത്തിട്ടുണ്ട്'.

1936 ജൂണ്‍ 6-ാം തിയതി അമ്മാളു അമ്മ അന്തരിച്ചു. ഭാഷക്ക് തീര്‍ത്താല്‍ തീരാത്ത വലിയൊരു നഷ്ടമാണ് ശ്രീമതി തരവത്ത് അമ്മാളു അമ്മയുടെ ദേഹവിയോഗം എന്ന് സാഹിത്യപരിഷത്ത് -ത്രൈമാസികം 4-ാം പുസ്തകത്തില്‍ അനുസ്മരണക്കുറിപ്പ് ചേര്‍ത്തിട്ടുണ്ട്. ഭാഷാസാഹിത്യകുടുംബത്തിലെ 'സാക്ഷാല്‍ തറവാട്ടിലമ്മ' എന്ന് കേരളപത്രികയില്‍ കോയിപ്പിള്ളിക്കുറുപ്പ് അമ്മാളുവമ്മയെ വര്‍ണിച്ചിട്ടുള്ളതിനെയും കുറിപ്പില്‍ അനുസ്മരിക്കുന്നുണ്ട്. (സാഹിത്യപരിഷത്ത് -ത്രൈമാസികം 4-ാം പുസ്തകം)

No comments:

Post a Comment