20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ 'ബ്രഹ്മവിദ്യാസംഘം' സ്ഥാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവായ വാഗ്ഭടാനന്ദന്റെ ആത്മീയാചാര്യനായി ചിത്തരോഗവിദഗ്ധനായ ഡോ. അയ്യത്താന്‍ ഗോപാലന് ഉദയം ചെയ്തു. നീചമായ അയിത്താചാരങ്ങള്‍ക്കും ജാതിവ്യവസ്ഥക്കും എതിരെ ജീവിതത്തിലുടനീളം അദ്ദേഹം സന്ധിയില്ലാസമരം നയിച്ചു. 1848 ജനുവരി 14-ാം തിയതി കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാലക്കാടും തലശ്ശേരിയിലും ശാഖകളും സ്ഥാപിച്ചു.
വാഗ്ഭടാനന്ദഗുരു (വി കെ ഗുരുക്കള്‍), മദിരാശി സര്‍വെ ഡയറക്ടര്‍ എം രാമന്, റാവുസാഹെബ് വി വി ഗോവിന്ദന്, കല്ലിങ്ങള്‍ മഠത്തില്‍ രാരിച്ചന്‍ മൂപ്പന്, സാധു ശിവപ്രസാദ്, ത്രിപുരാന്തക മുതലിയാര്‍, കല്ലാട്ടു രാഘവന് തുടങ്ങിയവര്‍ ബ്രഹ്മസമാജപ്രവര്ത്തനത്തില് ഡോ. ഗോപാലനോട് സഹകരിച്ചു. സാമൂതിരി കോവിലകത്തെ നാലാംകൂര്‍ മാനവിക്രമന്‍ ഏട്ടന് തമ്പുരാന് ഡോ. ഗോപാലന്റെ ശ്രമഫലമായി ഉയര്‍ന്നുവന്ന കോഴിക്കോട് സ്ഥാപിക്കപ്പെട്ട, കേരളത്തിലെ ആദ്യത്തെ ബ്രഹ്മസമാജമന്ദിരത്തിന്റെ ഉദ്ഘാടനം 1900-ാമാണ്ട് നിര്‍വഹിക്കപ്പെട്ടു.
ഗോപാലന് അഞ്ചരക്കണ്ടിയിലെ എലിമെന്ററി സ്കൂളിലും തലശ്ശേരിയിലെ ബ്രണ്ണന്‍ സ്കൂളിലും തുടര്‍ന്ന് ബാസല്‍മിഷന്‍ സ്കൂളിലും വിദ്യാഭ്യാസം ചെയ്തു. പത്താംതരം പാസ്സായപ്പോള്‍ ഗോപാലനെ അച്ഛന് മദിരാശിയില്‍ വൈദ്യപഠനത്തിനയച്ചു. മെഡിക്കല്‍ സ്കൂളില്‍നിന്ന് പ്രശസ്തമായ വിജയം കൈവരിച്ച ഗോപാലന് 1888-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. പാലക്കാടിനടുത്തുള്ള ആലത്തൂര്‍ ആശുപത്രിയില്‍ ഗോപാലന് ജോലിചെയ്യുന്ന കാലത്ത് രാമശാസ്ത്രി അവിടെ മുന്‍സിഫ് ആയിരുന്നു.
കോഴിക്കോട് ജോലിചെയ്ത് താമസിക്കുന്ന കാലത്ത് അയിത്തോച്ചാടനം, അധഃകൃതവിദ്യാഭ്യാസം, മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ബ്രഹ്മസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തി. ദലിതര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി കോഴിക്കോട് ലേഡീചന്ദാവര്ക്കര് എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു. സവര്‍ണരെ കുറച്ചൊന്നുമല്ല ഈ സംരംഭവം വിറളിപിടിപ്പിച്ചത്. എന്നാല്‍ ഉല്പതിഷ്ണുക്കളായവര് ഡോ. ഗോപാലന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി.
ജാതിക്കെതിരെ തൂലിക പടവാളാക്കിയ ഗ്രന്ഥരചയിതാവുകൂടിയാണ് ഡോ. ഗോപാലന്. സരോജിനീ പരിണയം, സുശീലാദുഃഖം, തുടങ്ങിയ നാടകങ്ങള്‍ -കീര്‍ത്തനമാല, ഗാനമാലിക എന്നീ സങ്കീര്‍ത്തനങ്ങള്‍ -രാജാ റാംമോഹന് റായ് യുടെ ജീവചരിത്രം -ദേവേന്ദ്രനാഥ ടാഗോറിന്റെ 'ബ്രഹ്മധര്‍മ്മ'ത്തിന്റെ മലയാള വിവര്‍ത്തനം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ സാഹിത്യസൃഷ്ടികള്‍.
അക്കാലത്ത് മലയാളത്തില്‍ ഏകേശ്വരവിശ്വാസം പ്രചരിപ്പിക്കുന്ന കീര്‍ത്തനങ്ങളൊന്നും രചിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ ബ്രഹ്മാനന്ദശിവയോഗി (കാരാട്ടു ഗോവിന്ദ മേനോന്) യെക്കൊണ്ടും വാഗ്ഭടാനന്ദനെക്കൊണ്ടുമെല്ലാം സമാജത്തിനുവേണ്ടി കീര്‍ത്തനങ്ങള്‍ എഴുതിപ്പിച്ചതുകൂടാതെ സ്വന്തമായി ചിലവ നിര്‍മിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ ഗിരിഗീതവും ബുദ്ധന്റെ അഷ്ടാംഗമാര്‍ഗവും നബിയുടെ തിരുവചനങ്ങളും ബ്രഹ്മസമാജ മന്ദിരങ്ങളില്‍ കീര്‍ത്തനരൂപത്തില്‍ ആലപിക്കപ്പെട്ടു.
മലബാറില്‍ വളര്‍ന്നുവന്ന മതസൗഹാര്‍ദ്ദം, മനുഷ്യ സൗഹാര്‍ദ്ദം, പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നിവക്കെല്ലാം അടിത്തറ പാകിയത് ഡോ. അയ്യത്താന്‍ ഗോപാലന്റെ ഈ വിധമുള്ള പ്രവര്‍ത്തനങ്ങളാണ്. മനുഷ്യന്റെ ഉയര്‍ച്ചയും താഴ്ചയും സ്വന്തം വിചാരഗതിയെ അവലംബിച്ചാണിരിക്കുന്നതെന്നും അതിനാല്‍ ഉള്കൃഷ്ട വിചാരങ്ങളാണ് മനുഷ്യരാശിക്ക് ഉചിതമെന്നും ഡോ. ഗോപാലന് ഉദ്ബോധിപ്പിച്ചു.

No comments:
Post a Comment