പാണ്ടിക്കരവീട്ടില്‍ ചീരന്റേയും കോതയുടേയും മൂത്ത മകനായി 1916 ജൂലൈ 29-ാം തിയതി ജനിച്ചു. കുഞ്ഞുകാളി, കുഞ്ഞിച്ചീരു എന്നിവരാണ് സഹോദരിമാര്‍. കുഞ്ഞാപ്പി എന്നാണ് പ്രസാദിനെ വീട്ടില്‍ വിളിച്ചിരുന്നത്.
ഹില്‍ പാലസിന് (ഇന്നത്തെ മ്യൂസിയം) സമീപത്തായരുന്നു ജന്മവീട്. മക്കളെല്ലാം പിറന്നശേഷം ചീരന്‍ ആ സ്ഥലം വിറ്റ് അടുത്തുള്ള തിരുവാങ്കുളത്തേക്ക് മാറി. ചീരന്‍ ശാസ്താംമുകളിലുള്ള (കൊച്ചിന്‍ റിഫൈനറീസിന് തൊട്ടുകിഴക്ക്) അയ്യപ്പക്ഷേത്രത്തില്‍ വെളിച്ചപ്പാടായിരുന്നു. മന്ത്രവാദിയുമായിരുന്നു. 'ചുട്ടകോഴിയെ പറപ്പിക്കും'. 1953-ല്‍ കോത മരണമടഞ്ഞു.
വാളന്തുരുത്തി സി ഇ ഇസെഡ് എം (ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സനാനാ മിഷന്‍) എല്‍ പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 4-ാം ക്ലാസ് കഴിഞ്ഞ് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സായി. തുടര്‍ന്ന് എറണാകുളത്തുണ്ടായിരുന്ന കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍നിന്നും 'സീനിയര്‍ കേംബ്രിഡ്ജ്' പാസ്സായി. കുറച്ചുനാള്‍ ഹോമിയോപ്പതിക്ക് ചേര്‍ന്നെങ്കിലും എക്‌സൈസില്‍ ജോലികിട്ടിയതിനാല്‍ കോഴ്‌സ് അപ്പോള്‍ പൂര്‍ത്തീകരിച്ചില്ല.
1935-ല്‍ തൃശൂരെത്തി, എക്‌സൈസില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. തൃപ്പൂണിത്തുറനിന്നും നടന്നാണ് തൃശൂര്‍ക്ക് പോയത്. ടൗണിനടുത്തുള്ള മൈലിപ്പാടത്ത് സാംബവ ദമ്പതികളായ അയ്യാനത്ത് വീട്ടില്‍ ചക്കപ്പന്‍-കുട്ടമ്മ ദമ്പതികളുടെ മൂത്തമകള്‍ പാറുവിനെ വിവാഹം ചെയ്തു. പാറുവിന് താഴെ അമ്മു, ഭാര്‍ഗവി, മാധവി, കൊച്ചമ്മിണി എന്നിങ്ങനെ 4 പെണ്‍മക്കളും മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ. അക്കാലത്ത് പാറു പത്താംക്ലാസ് പാസ്സായിട്ടേ ഉണ്ടായിരുന്നുള്ളൂ. 1937-38 കാലത്ത് പാറു മിഡൈ്വഫറിക്ക് ചേര്‍ന്ന് പഠിച്ചു. 1943-ല്‍ ജോലിയില്‍ പ്രവേശിച്ചു. പോട്ട പബ്ലിക് ഹെല്‍ത്ത് സെന്ററിലായിരുന്നു ആദ്യത്തെ നിയമനം.
'വറചട്ടിയില്‍നിന്ന എരിതീയിലേക്ക് എടുത്തുചാടിയ അവസ്ഥയായിരുന്നു ആദ്യമായി തൃശൂരെത്തിയപ്പോള്‍. ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അന്ന് തൃശൂരില്‍. രാജകൊട്ടാരത്തിന്റെ അടുത്തായിരുന്നതിനാല്‍ അപ്പന്റെ നാട്ടില്‍ തൊട്ടുകൂടായ്മ അത്രയേറെ അനുഭവപ്പെട്ടില്ലായിരിക്കാം. പട്ടികജാതിക്കാര്‍ക്ക് വഴിയിലൂടെ നടക്കാന്‍പോലും അനുവാദമില്ലായിരുന്നു. മേല്‍ജാതിക്കാരെ കണ്ടാല്‍ ഓടിമറയണം. വിദ്യ അഭ്യസിക്കാന്‍ അനുവാദമില്ല. പഠിച്ചുകഴിഞ്ഞാല്‍ അവരുടെ ജോലിക്ക് ആളെ കിട്ടില്ലായിരുന്നല്ലൊ. പിന്നെ പഠിപ്പിന്റെ മൂല്യവും, ആവശ്യകതയും പകര്‍ന്നു നല്കാന്‍ ആരുമുണ്ടായിരുന്നില്ല. പല തരത്തിലുള്ള ദുരാചാരങ്ങളുടേയും അന്ധവിസ്വാസങ്ങളുടേയും പിടിയില്‍ അമര്‍ന്നുപോയ ഒരു ജനതയായിരുന്നു അന്ന് സാംബവര്‍'.
'സ്ത്രീകള്‍ക്ക് മാറ് മറയക്കാന്‍ അനുവാദമില്ലായിരുന്നു. ഒരു കുറിയമുണ്ട് മുട്ടിനുമുകളില്‍ ഉടുക്കും. കഴുത്തുനിറയെ ഒരുതരം കല്ലുകള്‍ കോര്‍ത്ത കല്ലുമാലകള്‍ അണിയും. ബ്ലൗസൊന്നും ഇടാന്‍ അനുവാദമില്ല. അന്ന് അധികം സാംബവസ്ത്രീകളും വീട്ടിലിരുന്ന് കുട്ടയും, മുറവും ഒക്കെ നെയ്യുന്ന ജോലികളാണ് ചെയ്തിരുന്നത്. അത് വില്‍ക്കാന്‍ ചന്തയിലും മറ്റും അവര്‍ക്ക് പോകേണ്ടിയിരുന്നു'.
പ്രസാദ് മൈലിപ്പാടത്ത് എത്തുന്നതിനുമുമ്പ് വള്ളോന്‍ എം എല്‍ സി, കെ കെ കണ്ണന്‍, പി കെ ചാത്തന്‍ തുടങ്ങിയവര്‍ സമുദായ പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലമായി അവിടെയുള്ള പുലയര്‍ക്കെല്ലാം മാറ്റമുണ്ടായി. എന്നാല്‍ സാംബവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല.
പ്രസാദും ചക്കപ്പനും ചോര്‍ന്ന് സാംബവരുടെ ഓരോ വീടുകളും കയറിയിറങ്ങി തങ്ങള്‍ക്ക് ഒരു സംഘടനയുണ്ടാക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് സമുദായാംഗങ്ങളെ ബോധ്യപ്പെടുത്തി. 'അഖില കേരള സാംബവ മഹാസഭ' യുടെ രൂപീകരണം അങ്ങനെ ആരംഭം കുറിച്ചു. കുന്നംകുളം, കടവല്ലൂര്‍, വല്ലച്ചിറ, ചൊവ്വല്ലൂര്‍, പുത്തൂര്‍, പുതുക്കാട്, മുപ്ലിയം, ചേലക്കര തുടങ്ങിയ ഇടങ്ങളിലെല്ലാം അവര്‍ ചുറ്റിക്കറങ്ങി.
1940-ന് ശേഷം എം എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ കൊച്ചുകുട്ടന്‍ മാസ്റ്റര്‍, എ വേണുഗോപാലന്‍, കെ കെ മാധവന്‍, ടി കെ രാമദാസ്, വേലു വരന്തരപ്പള്ളി, കേളന്‍, കെ കുട്ടന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സി സി പ്രസാദിനൊപ്പം സഭാപ്രവര്‍ത്തനം തുടങ്ങി. സംഘം പലയിടത്തും പര്യടനം നടത്തുകയും ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു.
അടുത്തതായി പൊതുയോഗം നടത്തണം. അതിന് സ്ഥലം ഒത്തുകിട്ടിയില്ല. അടുത്തൊ ഒരു മനവക സ്‌കൂളുണ്ട്. പ്രസാദ് നേരിട്ടുചെന്ന് മനയിലെ തനിപ്രാനോട് കാര്യംപറഞ്ഞു. അദ്ദേഹം സ്‌കൂള്‍ വിട്ടുതരികയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.
1945-ല്‍ സി സി പ്രസാദ് ജോലി രാജിവെച്ചു. സഭ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1944 ജനുവരിയില്‍ പുതുക്കാടെ് വെച്ച് നവോത്ഥാനസമ്മേളനം നടത്തി. അയിത്തം അവസാനിപ്പിക്കുക, ഹരിജനമര്‍ദ്ദനം അവസാനിപ്പിക്കുക, വിദ്യാഭ്യാസസ്വാതന്ത്ര്യം അനുവദിക്കുക എന്നിവയായിരുന്നു മുദ്രാവാക്യങ്ങള്‍. അയിത്തോച്ചാടനസമിതി, ഭാരതീയ അധഃകൃതവര്‍ഗലീഗ് -1956 മുതല്‍ സംസ്ഥാനപ്രസിഡന്റ്- എന്നിവയിലും പ്രവര്‍ത്തിച്ചു.
1944 എപ്രില്‍ 25-ന് പോട്ട ഹൈസ്‌കൂളില്‍വെച്ച് സഭയുടെ ആദ്യയോഗം നടന്നു. സി സി പ്രസാദ് പ്രസിഡന്റും എം എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായി 'അഖില കൊച്ചി സാംബവ മഹാസഭ' രൂപീകൃതമായി. ഷൊര്‍ണൂര് മുതല്‍ കോഴിക്കോടുവരെ വടക്കോട്ട് സഭയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.
1948-ല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ കൊടകര നിന്നും മത്സരിച്ച് ജയിച്ച് പനമ്പിള്ളി ഗോവിന്ദമേനോന്‍ നിയമസഭയില്‍ അംഗമായി. അങ്ങനെ സി സി പ്രസാദ് സാംബവസമുദായത്തിലെ ആദ്യത്തെ എം എല്‍ എ-യായിത്തൂര്‍ന്നു. 1951 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
പട്ടം താണുപിള്ളയോടൊപ്പം പി എസ് പിയില്‍ പ്രവര്‍ത്തിച്ചു. 1960-ല്‍ കേരള കുന്നത്തൂര്‍ ദ്വയാംഗമണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. പി സി ആദിച്ചനോട് പരാജയപ്പെട്ടു. വോട്ടിം നില: പി സി ആദിച്ചന്‍ (സിപിഐ) -49253. സി സി പ്രസാദ് (പിഎസ്പി) -48805.
1965-ല്‍ ചേലക്കര എസ് സി മണ്ഡലത്തില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും പരാജയപ്പെട്ടു. വോട്ടിംഗ് നില: കെ കെ ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്) -17283. സി കെ ചക്രപാണി (സിപിഐ-എം) -17177. സി സി പ്രസാദ് (സ്വതന്ത്രന്‍) -438.
പട്ടം താണുപിള്ള ഗവര്‍ണറായി സംസ്ഥാനം വിട്ടപ്പോള്‍ സി സി പ്രസാദ് 'പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി'യില്‍ ചേര്‍ന്നു. കെ കരുണാകരന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്നിവര്‍ സുഹൃത്തുക്കളായി.
കുടികിടപ്പുകാരുടെ പ്രശ്‌നങ്ങള്‍, അയിത്തം അധഃകൃതമര്‍ദ്ദനം, തൊഴിലില്ലായ്മ, കുട്ടികളുടെ വിദ്യാഭ്യാസം, പുസ്തകവിതരണം, യൂണിഫോം, ഉപരിപഠനം, അവരുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ അഭാവം, എന്നിങ്ങനെ അധഃകൃതരുടെ ഉന്നമനത്തിനായി ചെയ്യേണ്ട എല്ലാ കാര്യങ്ങളിലും സി സി പ്രസാദ് ബദ്ധശ്രദ്ധനായിരുന്നു.
കുട്ടനെയ്ത്ത്, മുളമ്പണി, മണ്‍പാത്രനിര്‍മാണം എന്നിവ കുടില്‍വ്യവസായത്തില്‍ ഉള്‍പ്പെടുത്താന്‍ നിയമസഭയില്‍ പ്രവര്‍ത്തിച്ചു. ഈറ്റത്തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹകരണസംഘം രൂപീകരിക്കുന്നതിനെ വേണ്ട നടപടികള്‍ കൈക്കൊണ്ടു. 'മിനിമം വേജസ് ബില്‍' കൊണ്ടുവരാന്‍ പ്രേരണ ചെലുത്തി. അതിന്റെ ഫലമായി 'ബാംബൂ കോര്‍പ്പറേഷന്‍' രൂപീകൃതമായി. മരണപര്യന്തം സി സി പ്രസാദ് അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്നു.
പാക്കനാര്‍ സഭ, നന്തനാര്‍ സഭ, അഖിലതിരുവിതാംകൂര്‍ പറയസഭ, ഹിന്ദുസാംബവമഹാസഭ പറയമഹാസഭ എന്നിങ്ങനെയുള്ള സംഘടനകളെയെല്ലാം അവകാശസമരങ്ങളില്‍ 'അഖിലകേരള സാംബവമഹാസഭ'യായി സി സി പ്രസാദ് യോജിപ്പിച്ചു. ഇപ്പോള്‍ സംഘടന 'സാംബവമഹാസഭ' എന്നു മാത്രമാണ് അറിയപ്പെടുന്നത്. 1963 ഡിസംബര്‍ 15-ാം തിയതി തൃശൂര്‍ നമ്പൂതിരി വിദ്യാലയത്തില്‍വെച്ച് സഭയുടെ നിയമാവലി വര്‍ക്കിംഗ് കമ്മറ്റിയില്‍ അംഗീകരിച്ച് സര്‍വസമ്മതമായി പാസ്സാക്കി. 1964-ല്‍ ഒ കെ തേവുണ്ണിമാസ്റ്റര്‍ തൃശൂര്‍ ജില്ലയുടെ സാരഥിയായി. 1965-ല്‍ അഖിലകേരള സാംബവമഹാസഭയുടെ സംസ്ഥാനസമ്മേളനം തൃശൂര്‍ നമ്പൂതിരി വിദ്യാലയത്തില്‍ നടന്നു.
1979 ആഗസ്റ്റ് 4-ന് സി സി പ്രസാദ് തുരുവാങ്കുളത്തുള്ള വസതിയില്‍വെച്ച് മരണമടഞ്ഞു.

No comments:
Post a Comment