Search This Blog

Friday, October 23, 2026

എന്‍ സി തണങ്ങാടന്‍

 

സമുദായരക്ഷാപ്രവര്‍ത്തനത്തിന് ദിശാബോധം

കണയന്നൂര്‍ താലൂക്കില്‍ തൃപ്പൂണിത്തുറ എരൂര്‍ ദേശത്ത് തോട്ടിപ്പറമ്പില്‍ കൃഷ്ണാതിയുടേയും മുണ്ടിയുടേയും മൂത്ത മകനായി 1912 ആഗസ്റ്റ് 31-ന് ജനിച്ചു. യഥാര്‍ത്ഥ പേര് ചരതന്‍. എന്‍ ചരതന്‍ തണങ്ങാടന്‍ എന്നതിന്റെ ചുരുക്കരൂപമാണ് എന്‍ സി തണങ്ങാടന്‍.

എരൂര്‍ തൊണ്ടൂര് യു. പി സ്‌കൂള്‍, തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്തു. 1942-ല്‍ 10-ാം ക്ലാസ് പാസായി.

ചൊവ്വര സ്വദേശി വി വി കൃഷ്ണന്റെ പ്രേരണയാല്‍ തണങ്ങാടന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. 1933 മുതല്‍ 38 വരെയുള്ള 5 വര്‍ഷക്കാലം ആസ്സാമിന്റെ ചൈനാ അതിര്‍ത്തിയിലുള്ള ചിറാപ്പുഞ്ചിയില്‍ ഹവീല്‍ദാറായി സേവനമനുഷ്ഠിച്ചു.

1940-ല്‍ മുളന്തുരുത്തിയിലെ പെരുമ്പള്ളിയില്‍ കെ യു പള്ളിപ്പാടിയെ വിവാഹം ചെയ്തു. ദലിതരില്‍ നിന്നും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ആദ്യത്തെ വ്യക്തിയായ കെ ടി പേങ്ങന്റെ മകളാണ് പള്ളിപ്പാടി. സഹോദരിമാരില്‍ ഒരാളായ തിരുവാണ്ടയെ വിവാഹം ചെയ്തത് എം സി തേവനാണ്. തേവന്‍ ആമീനും തിരുവാണ്ട മിഡൈ്വഫും ആയിരുന്നു. ഇവരുടെ മകനാണ് 1992-ല്‍ കൊലചെയ്യപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥനായ സി ടി സുകുമാരന്‍. മറ്റൊരു സഹോദരിയായ ദേവിയെ വിവാഹം ചെയ്തത് എംഎല്‍എ/എം പിയായിരുന്ന കെ കെ മാധവനാണ്. മാധവന്റെ ജ്യേഷ്ഠസഹോദരിയാണ് ദാക്ഷായണി വേലായുധന്‍. ദേവി ടീച്ചറായിരുന്നു.

അച്ഛനമ്മമാര്‍ നേരത്തെ മരിച്ചുപോകയാല്‍ പള്ളിപ്പാടി അധികകാലവും ദേവി ടീച്ചറുടെ വീട്ടിലായിരുന്നു. തണങ്ങാടന്‍ വിവാഹംചെയ്യുന്ന സമയത്ത് പള്ളിപ്പാടി മുളന്തുരുത്തി ഹൈസ്‌കൂളില്‍ പഠിക്കുകയായിരുന്നു.

മുളന്തുരുത്തി ഹൈസ്‌കൂളില്‍ 10-ാം ക്ലാസില്‍ പഠനം തുടരുകയായിരുന്ന പള്ളിപ്പാടിയെ വിവാഹശേഷം, 1943-ല്‍ ഇരുമ്പനം ഹൈസ്‌കൂളില്‍ ചേര്‍ന്നു.

സ്വാതന്ത്ര്യാനന്തരം എരൂര്‍ ആസാദ് മൈതാനിയില്‍ പതാകയുയര്‍ത്താന്‍വേണ്ടി കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 'ഭാരത് മാതാ കീ ജയ്' വിളിച്ചവരിലെ രണ്ടു പട്ടികജാതിക്കാര്‍ തണങ്ങാടനും പള്ളിപ്പാടിയുമായിരുന്നു.

1948 മുതല്‍ 2 വര്‍ഷക്കാലം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ടൈം കീപ്പറായി ജോലി നോക്കിവരവെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ജോലി രാജിവെച്ചു. അതിനുശേഷം 1950 മുതല്‍ തൃപ്പൂണിത്തുറ എരൂര്‍ തൊണ്ടൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിനോക്കി. അക്കാലം മുതല്‍ ശ്രീമൂലം തിരുനാള്‍ അനുവദിച്ചു നല്കിയ എസ് എം പി പട്ടികജാതി കോളനിയിലാണ് (ശ്രീ മൂലം പുലയ കോളനി) കുടുംബം താമസിച്ചുവന്നത്.

ഇതിനിടയില്‍ തന്റെ വര്‍ഗ്ഗം അനുഭവിക്കുന്ന പീഡനങ്ങള്‍ നേരിട്ടുകണ്ടും അനുഭവിച്ചും അവരുടെ വിമോചനത്തിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. അതോടൊപ്പം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനവും ആരംഭിച്ചു. സമുദായ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകജോലിക്ക് തടസ്സമായപ്പോള്‍ അതും രാജിവെച്ച് മുഴുവന്‍സമയ പൊതുസേവനത്തില്‍ മുഴുകി.

1960-64 കാലഘട്ടത്തില്‍ കൊച്ചിന്‍ റിഫൈനറീസിന്റെ നീര്‍മ്മാണം ഏറ്റെടുത്തത് ഒരു അമേരിക്കന്‍ കമ്പനിയായിരുന്നു. തണങ്ങാടന്‍ ആ കമ്പനിയില്‍ ചേര്‍ന്ന് സൂപ്പര്‍വൈസറായി ജോലിനോക്കി.

കാമരാജ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം വഴി കെ പി സി സി അംഗത്വം ലഭിച്ചു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കെ പി കേശവമോനോന്‍, ടി കെ മാധവന്‍, ആമചാടി തേവന്‍, വാഴമന കാളി, പാപ്പി തേവന്‍, മാഹ്ഹാരു കുഞ്ഞപ്പന്‍ തുടങ്ങിയവരോടൊപ്പം അറസ്റ്റ് വരിച്ച് ലോക്കപ്പില്‍ മര്‍ദ്ദനങ്ങള്‍ക്കിരയായി. മദ്ധ്യതിരുവിതാംകൂറില്‍ നടന്ന പല അയിത്തവിരുദ്ധ സമരങ്ങളിലും പങ്കാളിയായിരുന്നിട്ടുണ്ട്.

അക്കാലത്ത് ദലിതരെ ക്ഷൗരം ചെയ്യുന്നതിന് ഷോപ്പ് ഉടമകള്‍ അനുവദിക്കാറില്ലായിരുന്നു. സമുദായപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ചരിക്കുമ്പോള്‍ പെരുമ്പാവൂരെത്തിയ തണങ്ങാടന്‍ ഒരു പുലയബാലനെ ബാര്‍ബര്‍ഷോപ്പില്‍ കയറ്റി ബാര്‍ബറെക്കൊണ്ട് ബലമായി മുടിവെട്ടിപ്പിച്ച സംഭവം ഉണ്ടായി.

1970-ല്‍ പി കെ ചാത്തന്‍ മാസ്റ്റര്‍, കെ കെ പൈങ്കി, കെ ചന്ദ്രശേഖരശാസ്ത്രി (എക്‌സ് എംഎല്‍എ), തുടങ്ങിയവര്‍ ചേര്‍ന്ന് രൂപീകരിച്ച കേരള പുലയര്‍ മഹാസഭയുടെ സംസ്ഥാനഭാരവാഹിയായി തുടര്‍ന്നു. സംഘടനയുടെ ആസ്ഥാനം വെങ്ങാനൂരായിരുന്നു. എറണാകുളം ഇടുക്കി ജില്ലകളുടെ ചുമതല തണങ്ങാടന്‍ മാഷിനായിരുന്നു. 164-ാം നമ്പര്‍ ശാഖയാണ് എസ് എന്‍ പി കോളനിയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

സംഘടനയുടെ കൊടി രൂപകല്പനചെയ്തത് കടമറ്റത്തുകാരന്‍ തങ്കപ്പന്‍ എന്ന പ്രവര്‍ത്തകനാണ്. ദീര്‍ഘചതുരാകൃതിയുള്ള പതാകയില്‍ മുകള്‍ഭാഗം നീലയും, കീഴ്ഭാഗം പച്ചയുമാണ്. നീല ആകാശത്തിന്റേയും പച്ച ഭൂമിയിലെ സസ്യജാലങ്ങളുടെയും പ്രതിനിധാനമാണ്. തണങ്ങാടന്‍ മാഷിന്റെ വീട്ടില്‍വെച്ചാണ് ഈ കല്പന ചര്‍ച്ചചെയ്ത് തീരുമാനമാക്കിയത്.

കെ ബാവ തേനന്തറ, ടി കെ ദാമോദരന്‍ മാസ്റ്റര്‍ പെരുമാനൂര്‍, പള്ളിയാന്‍ മുളന്തുരുത്തി തുടങ്ങിയവരായിരുന്നു സമുദായസംഘടനയില്‍ തണങ്ങാടന്‍ മാഷിന്റെ സഹപ്രവര്‍ത്തകര്‍. കെ ബാവ തേനന്തറ പ്രസ്സില്‍ ജീവനക്കാരനായിരുന്നു. കെ പി എം എസ് -ന് ഒരു മുഖപത്രം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുകയുണ്ടായി. 'നവയുഗം' എന്നാണ് അതിന്റെ പേര് എന്നാണ് തണങ്ങാടന്‍ മാഷിന്റെ മകള്‍ രത്‌നമ്മ ഓര്‍ക്കുന്നത്.

1980-ല്‍ എറണാകുളത്തുവെച്ചുനടന്ന കെ പി എം എസ്-ന്റെ 10-ാം സംസ്ഥാന സമ്മേളനത്തില്‍ ഒരു രാഷ്ട്രീയസംഘടന രൂപീകരിക്കണമെന്ന പ്രഖ്യാപനമുണ്ടായി. 1985-ല്‍ കോട്ടയത്തുവെച്ചുനടന്ന സംസ്ഥാനസമ്മേളനത്തില്‍ സംഘടന രണ്ടായി പിളര്‍ന്നു.

സംഘടനയില്‍നിന്ന് പിരിഞ്ഞ് കെ ടി ശങ്കരനും വാക്കനാട് രാഘവനുംകൂടി വേറെ സംഘടനയുണ്ടാക്കി. പേര് എന്ത് നല്കണം എന്ന ചര്‍ച്ച വന്നപ്പോള്‍ കെ പി വള്ളോന്‍ എംഎല്‍സിയുടെ മകന്‍ അഡ്വ. കെ വി കുമാരന്‍ 'കേരള പുലയന്‍ മഹാസഭ' എന്ന നിര്‍ദ്ദേശിച്ചു. തണങ്ങാടന്‍ അവരോടൊപ്പം ചേര്‍ന്ന്, അന്ത്യകാലംവരെ സംഘടനയുടെ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനായി തുടര്‍ന്നു.

പുലയര്‍-പുലയന്‍ എന്നീ പേരുകളെ ചൊല്ലിയും തര്‍ക്കമായി. പുലയര്‍ എന്നാല്‍ വ്യക്തിയാണെന്നും പുലയന്‍ എന്നാല്‍ സമൂഹമാണെന്നുമുള്ള സമാധാനം പറഞ്ഞ് പുലയന്‍ മഹാസഭ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. നിലവിലെ ചില ശാഖഖള്‍ തണങ്ങാടന്‍ മാഷിനോടൊപ്പം ചേരുകയും, പുതിയ ചിലത് രൂപീകൃതമാകുകയും ചെയ്തു.

1998 ആഗസ്റ്റ് 13-ന് 86-ാമത്തെ വയസ്സില്‍ തണങ്ങാടന്‍ അന്തരിച്ചു. 2000 ഒക്ടോബര്‍ 2-ന് പള്ളിപ്പാടിയും അന്തരിച്ചു.

മക്കള്‍-
രാമചന്ദ്രതിലകന്‍, രാധാകൃഷ്ണന്‍ -പഞ്ചാ. അസിസ്റ്റന്റ് ഡയറക്ടറായി സര്‍വീസില്‍നിന്നും വിരമിച്ചു, പ്രിന്‍സ് ബാങ്ക് ജീവനക്കാരന്‍ -അസുഖത്തെതുടര്‍ന്ന് അന്തരിച്ചു.
രത്‌നമ്മ, ഇന്ദിര -നേഴ്‌സ്, യമുന -അങ്കണവാടി സേവിക.

No comments:

Post a Comment