സംഗീതനാടക ആചാര്യന്‍
വരേണ്യപണ്ഡിതന്മാര്‍ ബോധപൂര്‍വം വിസ്മരിച്ച സംഗീതനാടക ചരിത്രേതിഹാസം. രംഗകലയിലെയും സംഗീതത്തിലെയും വരേണ്യ കുത്തകാധികാരപാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് ബഹുജനങ്ങളുടെ ഇടയിലേക്ക് കടന്നവന്ന് വിപ്ലവഗാഥകള്‍ രചിച്ച ആവിഷ്‌കാരരൂപമാണ് സംഗീതനാടകം. ആ രംഗത്തെ ആചാര്യന്‍ വി എസ് ആന്‍ഡ്രൂസ് മാസ്റ്ററെക്കുറിച്ച്-
എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ കടലോരഗ്രാമം ഒരുകാലത്ത് കാടുപിടിച്ചുകിടന്നിരുന്നു. അങ്ങോട്ട് ചെന്നുപറ്റാന്‍ പ്രയാസമുണ്ടായിരുന്നതുകൊണ്ട് അവിടം 'ചെല്ലാവനം' എന്നറിയപ്പെട്ടു. അവിടത്തെ ആദിമനിവാസികള്‍ തണ്ടപ്പുലയരും കുഴിപ്പുലയരുമായിരുന്നു. അവിടെ ചെന്നുപറ്റിയ പുറംനാട്ടുകാരുടെ ആദ്യത്തെസംഘം കാടുവെട്ടിത്തെളിച്ച് നിലമൊരുക്കി വിത്തിറക്കി. വിതച്ചവര്‍ വിത്ത് കുരുത്തത് കാണാന്‍ ചെന്നപ്പോള്‍ അതെല്ലാം മോഷ്ടിക്കപ്പെട്ടതായി കണ്ടു. മോഷ്ടാക്കളായ ആദിമനിവാസികളെ അവര്‍ അടിമകളാക്കി അവിടെ വീണ്ടും വിത്തിറക്കി. അടിമകളെ പുറത്തുവിറ്റും ഉടമകള്‍ സമ്പന്നരായി. പുറത്തുള്ളവര്‍ക്ക് കടന്നുകയറാന്‍ പറ്റിയപ്പോള്‍ ചെല്ലാവനം ചെല്ലാനമായി എന്ന് നിരീക്ഷിക്കപ്പെടുന്നു.
കാട്ടൂരുനിന്നും ചെല്ലാനത്ത് ആദ്യമെത്തിയ വ്യക്തിക്ക് മൂന്ന് മക്കള്‍; അവരില്‍ ഇളയവന് അന്തിരിഞ്ഞു (അന്ത്രയോസ്) എന്ന് പേര്. അദ്ദേഹത്തിന്റെ മൂത്ത മകന്‍ സംജോണ്‍. കുന്നേല്‍ കുടുംബത്തിലെ മറ്റൊരു അന്ത്രയോസിന്റെ മകള്‍ ജോണമ്മയെ സംജോണ്‍ വിവാഹം ചെയ്തു. കൊച്ചിയിലെ ധനികനായ ഒരു വ്യപാരിയായിരുന്നു ജോണമ്മയുടെ അച്ഛനായ അന്ത്രയോസ്. സംജോണിനും ജോണമ്മക്കും 1872 മെയ് 5-ന് പിറന്ന ഏകമകനാണ് കഥാപുരുഷന്‍ അന്ത്രയോസ്. അച്ഛന്റെയും അമ്മയുടേയും അച്ഛന്റെ പേര് അന്ത്രയോസ് എന്നുതന്നെ. സമുദായത്തിന്റെ ചിട്ടയനുസരിച്ച് പേരക്കിടാവിന് തങ്ങളുടെ പേരുതന്നെ അവര്‍ നല്കി. പേരക്കിടാവായ അന്ത്രയോസാണ് 'ആന്‍ഡ്രൂസ്' ആയത്.
തൃപ്പൂണിത്തുറ ഇരുമ്പനത്തുനിന്നും ചെല്ലാനത്തുവന്ന് താമസമാക്കിയ വൈദ്യനും സംസ്‌കൃതപണ്ഡിതനുമായ ഗോവിന്ദനാശാനില്‍നിന്നും ആന്‍ഡ്രൂസ് അക്ഷരാഭ്യാസം നേടി. 7 വയസ്സുള്ളപ്പോള്‍ ചിറ്റമ്മ വന്ന് തുമ്പോളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കുകയാല്‍ അവിടത്തെ പള്ളിയോട് അനുബന്ധിച്ച് നടത്തിവന്നിരുന്ന സ്‌കൂളില്‍ ചേര്‍ന്ന് പ്രാഥമികവിദ്യാഭ്യസം തുടര്‍ന്നു.
തുമ്പോളിയില്‍, തുടര്‍ന്ന് ശങ്കു ആശാന്റെ അടുത്തുനിന്നും ശ്രീരാമോദന്തം, ശ്രീകൃഷ്ണനിലാസം കാവ്യം, കുമാരസംഭവം, മാഘം എന്നിവ ബാല്യത്തില്‍ത്തന്നെ ഹൃദിസ്ഥമാക്കി. ആശാന്റെ അടുത്തുനിന്നും തുള്ളല്‍കൃതികള്‍ പകര്‍ത്തിയെടുക്കുന്നതിനും അവസരം ലഭിച്ചു. പ്രസിദ്ധനായ കണ്ടപ്പന്‍ ഭാഗവതരില്‍നിന്നും സംഗീതവും അഭ്യസിച്ചു.
ആലപ്പുഴയില്‍ ഒരു വ്യാപാരസ്ഥപനത്തില്‍ കണക്കപ്പിള്ളയുടെ ജോലി തരപ്പെട്ടു. അവിടത്തെ താമസത്തിനിടക്ക് തമിഴ് നാടകങ്ങള്‍കണ്ട് അതില്‍ കമ്പംകറി. വള്ളിത്തിരുമണം, കണ്ണമ്മകാതലി തുടങ്ങിയ നാടകങ്ങളിലെ ഗാനങ്ങള്‍ കാണാപാഠമാക്കി. അപ്പോള്‍ തമിഴ് ഭാഷ പഠിക്കണമെന്ന ആവശ്യം പൊന്തിവന്നു. വീടിനടുത്തുതന്നെ താമസിച്ചിരുന്ന സിമിയോണ്‍ അണ്ണാവിയില്‍നിന്ന് തമിഴ് പഠിച്ചു. തുമ്പോളിയിലെ താമസമാണ് ആന്‍ഡ്രൂസിനെ നാടകവുമായി അടുപ്പിച്ചത്.
തമിഴ് നാടകസംഘങ്ങള്‍ ആലപ്പുഴയില്‍ വന്നുംപോയുമിരുന്നു. ചിറ്റമ്മയുടെ വിലക്കുകള്‍ ഭേദിച്ച് ആന്‍ഡ്രൂസ് നാടകങ്ങള്‍ കണ്ടു. ശ്രീനിവാസ ആള്‍വാറുടേയും ക്രിസ്ത്യന്‍ മാണിക്കംപിള്ളയുടേയും രാജാപാര്‍ട്ടുകളും കുയില്‍നാദം വേലുനായരുടേയും പരമേശ്വരയ്യരുടേയും സ്ത്രീപാര്‍ട്ടുകളും ഏറെ ഇഷ്ടമായി. ശ്രീനിവാസ ആള്‍വാറും പരമേശ്വരയ്യരും തന്റെ ആദ്യഗുരുക്കളായി ആന്‍ഡ്രൂസ് അന്നേ വരിച്ചിരുന്നു. വീട്ടില്‍വന്ന് ആരും കാണാതെ അവരുടെ പാര്‍ട്ടുകള്‍ അനുകരിക്കുക പതിവായി. നാടകം ചെയ്‌തേ മതിയാകൂ എന്ന അവസ്ഥയില്‍ ആന്‍ഡ്രൂസ് എത്തിച്ചേര്‍ന്നു.
19-ാം വയസ്സില്‍ ആദ്യനാടകം 'ജ്ഞാനമോഹിനി' രചിച്ചു. എന്നാല്‍ ഇത് സ്വതന്ത്രരാചനയായിരുന്നില്ല. 'സന്നിക്കളാവോസ്' എന്ന തമിഴ് നാടകത്തിന്റെ അനുകരണമായിരുന്നു. രണ്ടാമത് തമിഴില്‍ 'സുകുമാരസുതന്തരം' എഴുതി. രണ്ടുനാടകത്തിന്റേയും കൈഎഴുത്തുപ്രതികളുമായി തുമ്പോളിയില്‍നിന്നും ചെല്ലാനത്തേക്ക് മടങ്ങി. നാടകംചെയ്യാന്‍ അനുകൂലമായ സാഹചര്യമായിരുന്നു വീട്ടിലപ്പോള്‍. അച്ഛന്‍ കച്ചവടം നിര്‍ത്തി വീട്ടില്‍ ഒരു പള്ളിക്കൂടം തുടങ്ങി. 300-ല്‍ ഏറെ കുട്ടികള്‍ അക്കാലത്ത് അവിടെ പഠിച്ചിരുന്നു. ഒരു വിലിയ ഷെഡ്കൂടി പടുത്ത് ആന്‍ഡ്രൂസിനേയും അവിടെ അധ്യാപകനാക്കി. കുട്ടികള്‍ ആന്‍ഡ്രൂസിനെ കോച്ചാശാന്‍ എന്നും നാട്ടുകാര്‍ അന്തപ്പനാശാന്‍ എന്നും വിളിച്ചു.
ചെല്ലാനം സ്വദേശിയായ വിന്‍സന്റ് അണ്ണാവി തമിഴ് നാടകങ്ങളുടെ മട്ടില്‍ രചിച്ച 'സുന്തരശിരോമണി' എന്ന നാടകം അരങ്ങത്തെത്തിക്കുന്നതിനുള്ള പരിശീലനത്തിനായി ഷെഡ് വിട്ടുനല്കാന്‍ അനുവാദം ചോദിച്ചു. ആ നാടകത്തില്‍ പാര്‍ട്ട് ചെയ്യുവാന്‍ ആന്‍ഡ്രൂസിനെ അണ്ണാവി ക്ഷണിച്ചു. അന്‍ഡ്രൂസ് സ്ത്രീപാര്‍ട്ട്, ബഫൂണ്‍ എന്നിങ്ങനെ ഡബിള്‍പാര്‍ട്ട് ചെയ്തു. അരങ്ങേറിക്കഴിഞ്ഞപ്പോള്‍ പ്രശംസകൊണ്ട് എല്ലാവരും ആന്‍ഡ്രൂസിനെ വീര്‍പ്പുമുട്ടിച്ചു.
പറയകാട്ടില്‍ ബര്‍ണാഡ് രണ്ട് നാടകങ്ങളുടെ പ്രതികള്‍ ആന്‍ഡ്രൂസിന്റെ കൈയിലുണ്ടെന്നറിഞ്ഞ് ഒരു ദിവസം വീട്ടില്‍ വന്നു. താന്‍ മാനേജരായി ഒരു നാടകക്കമ്പനി തുടങ്ങുന്നുണ്ടെന്നും രണ്ട് നാടകങ്ങളും അതവരിപ്പിക്കാമെന്ന് വാക്കുനല്കി. നാടകങ്ങള്‍ രണ്ടും ഒരുമിച്ച് പരിശീലിപ്പിച്ചു. അതോടെ ആന്‍ഡ്രൂസ് 'ട്യൂട്ടര്‍ അണ്ണാവി' എന്നറിയപ്പെട്ടു. നാടകം പലസ്ഥലത്തും അരങ്ങേറിക്കഴിഞ്ഞപ്പോള്‍ ആലപ്പുഴയില്‍ തമ്പടിച്ചിരുന്ന തമിഴ് നാടകസംഘക്കാരുടെ നെറ്റി ചുളിഞ്ഞു. തങ്ങളുടെ കുത്തകാധികാരം പോയതിലുള്ള ഈര്‍ഷ്യയായിരുന്നു അവര്‍ക്ക്.
നാടകങ്ങള്‍ ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും വേദികള്‍ പിന്നിട്ടു. ഒരു ദിവസം നാടകം കാണാനെത്തിയവരുടെ കൂട്ടത്തില്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയുമുണ്ടായിരുന്നു. അദ്ദേഹവും ആന്‍ഡ്രൂസിനെ വിളിച്ച് അഭിനന്ദിക്കാന്‍ മറന്നില്ല. അദ്ദഹത്തിന്റെ പ്രേരണയാല്‍ എഴുതിയ നാടകമാണ് 'ഇസ്താക്കിചരിതം'. അന്ന് ആന്‍ഡ്രൂസിന് 20 വയസ്സാണ് പ്രായം.
ഇസ്താക്കിചരിതം മുന്‍ നാടകങ്ങള്‍പോലെ സ്വതന്ത്രമോ, അനുകരണമോ അല്ല, സാമൂഹ്യ വിമര്‍ശനമാണ് അതിന്റെ കാതല്‍. ഈ നാടകം ജൈത്രയാത്രതന്നെ നടത്തി. മുഹമ്മയില്‍ ഒരു സമിതിക്കാര്‍ ആന്‍ഡ്രൂസിനെ വിളിച്ച് പരിശീലിപ്പിക്കുകയുണ്ടായി. പുസ്തകരൂപത്തില്‍ പുറത്തുവന്ന ആന്‍ഡ്രൂസിന്റെ ആദ്യത്തെ നാടകവും ഇതുതന്നെ. തുറവൂര്‍ ശ്രീനരസിംഹവിലാസം ബുക്ക് ഡിപ്പോയാണ് പ്രസാധകര്‍. ആദ്യപതിപ്പ് അതിവേഗം വിറ്റഴിഞ്ഞു. ഒരു പതിപ്പും ഇപ്പോള്‍ കിട്ടാനില്ല. ഈ നാടകം ഒച്ചപ്പാടുണ്ടാക്കി. ഇതില്‍ ആന്‍ഡ്രൂസ് ഉന്നയിച്ച സാമൂഹ്യവിമര്‍ശനം കുറിക്കുകൊണ്ടു. ചിലര്‍ വധഭീഷണിതന്നെ മുഴക്കി.
1892-ലെ ഇസ്താക്കിചരിതത്തിനുനുശേഷം മാസ്റ്റര്‍ 18 വര്‍ഷത്തെ ഇടവേളയെടുക്കുന്നുണ്ട്. ഇത് പക്ഷെ കവിതയുടെ മേഖലയിലേക്ക് തിരിഞ്ഞതുകൊണ്ടാവാമെന്ന് ജീവചരിത്രകാരനായ ഡോ. കെ ശ്രീകുമാര്‍ ഊഹിക്കുന്നു. 19 വര്‍ഷത്തിനുശേഷം 1921-ല്‍ മാസ്റ്റര്‍ ജ്ഞാനസുന്ദരീചരിതവുമായി പ്രത്യക്ഷപ്പെട്ടു. തമിഴിലെ 'ജ്ഞാനസൗന്ദരി' എന്ന നാടകത്തിന്റെ സ്വതന്ത്രാവിഷ്‌കാരമാണ് ഇത്. അര്‍ത്തുങ്കള്‍ കെ എസ് ആന്റണിയുടെ നാടകസമിതി ഈ നാടകം രംഗത്ത് അവതരിപ്പിച്ചപ്പോള്‍ നായകനായ പ്ലേന്ദ്രന്‍ രാജകുമാരനെ അവതരിപ്പിച്ചത് പ്രസിദ്ധനായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതരാണ്. അര്‍ത്തുങ്കല്‍ പള്ളി പെരുനാളിനാണ് നാടകം അരങ്ങേറിയത്.
1921-ല്‍ മലയാളമനോരമ നാടകക്കമ്പനിക്കുവേണ്ടി കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ അക്ബര്‍ എന്ന ആഖ്യായിക 'അക്ബര്‍ മഹാന്‍' എന്നപേരില്‍ നാടകമാക്കി. എന്നാല്‍ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയില്ല. മനോരമ ആ നാടകം അവതരിപ്പിക്കുകയുണ്ടായില്ല. ആര്‍ട്ടിസ്റ്റ് പി ജെ ചേറിയാന്റെ ദി റോയല്‍ സിനിമ ആന്റ് ഡ്രാമാറ്റിക് കമ്പനിയാണ് പിന്നീട് അക്ബര്‍ മഹാന്‍ രംഗത്ത് അവതരിപ്പിച്ചത്. ആന്‍ഡ്രൂസിന്റെ ശിക്ഷണത്തില്‍ അക്ബര്‍ മഹാന്‍ മഹാരാജാസ് കോളേജില്‍ അവതരിപ്പിക്കപ്പെട്ടു.
1922-ല്‍ വിശ്വാസവിജയം രചിച്ചു. ബൈബിളില്‍ നിന്നാണ് ഇതിവൃത്തം സ്വീകരിച്ചത്. പിന്നീട് രചിച്ച പറുദീസാനഷ്ടം എന്ന നാടകത്തില്‍ സ്ത്രീപാര്‍ട്ട് ചെയ്തത് ഓച്ചിറ ശിവപ്രസാദ് സി. വേലുക്കുട്ടിയാണ്. ആന്‍ഡ്രൂസ് കണ്ടെത്തി അവതരിപ്പിച്ച വേലുക്കുട്ടി പിന്നീട് സംഗീതനാടകങ്ങളിലെ സ്ത്രീപാര്‍ട്ട് ഇതിഹാസമായി ഉയര്‍ന്നു.
നാടകം കുലീനര്‍ക്ക് ചേര്‍ന്നതല്ലെന്നും ദുര്‍വൃത്തരുടെ കൂത്തരങ്ങളാണതെന്നും ആരോപിച്ച ക്രിസ്ത്യനികള്‍ രാത്രികാലങ്ങളില്‍ നാടകം അവതരിപ്പിക്കാന്‍ പാടില്ലെന്ന ഒരു നിരോധന ഉത്തരവ് 1925-ല്‍ വരാപ്പുഴ മെത്രാപ്പോലീത്ത പുറപ്പെടുവിക്കുകയുണ്ടയി. ആന്‍ഡ്രൂസ് നേരിട്ടുവന്ന് നാട്ടുകാരെ സംഘടിപ്പിച്ച് പകല്‍ നാടകാവതണം നടത്താനുള്ള ശ്രമം ആരംഭിച്ചു. മോത്രാപ്പോലീത്തയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ പിന്‍വലിക്കപ്പെട്ടു.
ശ്രദ്ധേയമായ മറ്റൊരു സംരംഭം രാമരാജ്യമാണ്. ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍ തന്റെ കമ്പനി പൊളിഞ്ഞപ്പോള്‍ ഞാറക്കല്‍ കേന്ദ്രമാക്കി സര്‍ഗവിലാസം നാടകക്കമ്പനി തുടങ്ങി. ഇ വി കൃഷ്ണപിള്ളയുടെ ശ്രീരാമപട്ടാഭിഷേകം എന്ന ഗദ്യനാടകത്തിന് രംഗാവിഷ്‌കാരം കൊടുക്കാനായിരുന്നു ആദ്യപദ്ധതി. എന്നാല്‍ പകര്‍പ്പവകാശം വാങ്ങുന്നത് പ്രയാസമാകയാല്‍ താന്‍ തന്നെ നാടകം രചിക്കാമെന്ന് ആന്‍ഡ്രൂസ് വാക്കുകൊടുത്തു. അപ്പോള്‍ പൊന്തിവന്ന പ്രശ്‌നം ക്രിസ്ത്യാനിയായ ആന്‍ഡ്രൂസ് രാമയണനാടകം രചിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടവരുത്തില്ലേ എന്നതായിരുന്നു. നാടകം അവതരിപ്പിക്കേണ്ടതോ തൃപ്പൂണിത്തുറ കോവിലകത്തും! എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് താന്‍ നാടകമെഴുതാമെന്നും പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ആന്‍ഡ്രൂസ് ഉറപ്പുകൊടുത്തു. അങ്ങിന അദ്ദേഹം 'രാമായണയാത്ര' എഴുതി. പിന്നീട് ശീര്‍ഷകം 'രാമരാജ്യം' എന്നാക്കി.
നാടകം പറഞ്ഞസ്ഥലത്ത് യഥാസമയം അരങ്ങേറി. ആന്‍ഡ്രൂസിന്റെ കുടുംബാംഗങ്ങളായ ക്രിസ്ത്യനികള്‍ തന്നെയാണ് പാത്രാവതരണം നിര്‍വഹിച്ചത്. ഈ നാടകത്തിലാണ് ആദ്യമായി പ്ലേബാക് സങ്കേതം ഉപയേഗിച്ചത്. പാടി അഭിനയിച്ച കെടാമംഗലം പാപ്പുക്കുട്ടി ഭാഗവതര്‍ താരമായി ഉയര്‍ന്നു. 'കേരള സൈഗാള്‍' എന്ന് ഭാഗവതര്‍ക്ക് പേരും വന്നു. കൂടാതെ ഗാനഗന്ധര്‍വന്‍ യോശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ് മറ്റൊരു പാത്രവതാരകനായിരുന്നു. വൈക്കം മണി, അമ്മുണ്ണി ഭാഗവതര്‍, എം ജി നായര്‍ തുടങ്ങിയവരും വേഷമിട്ടു.
രാമരാജ്യം സാമ്പത്തികവിജയമായിരുന്നില്ല. അടുത്തനാടകം മിശിഹാചരിത്രം പി ജെ ചെറിയാന്റെ സന്മാര്‍ഗവിലാസം നാടകസഭ തന്നെയാണ് അവതരിപ്പിച്ചത്. കമ്പനി മൂന്നായി പിരിഞ്ഞ് കേരളത്തിലും പുറംനാടുകളിലും നിരവധി വേദികളില്‍ അരങ്ങേറി. ശ്രീയേശുചരിതം, ശ്രീയേശുനാടകം-ശാന്തിസന്ദേശം, ശ്രീയേശുനാടകം-സമ്പൂര്‍ണം, ക്രിസ്തുനാഥചരിതം എന്നിങ്ങനെ വിവിധ ശീര്‍കങ്ങളും സ്വീകരിക്കപ്പെട്ടു. 1939-ലാണ് രചന പൂര്‍ത്തിയായതെങ്കലും അതിനുമുമ്പേ ഈ പേരുകളില്‍ നാടകം ജനഹൃദയങ്ങളിലേക്കെത്തിയിരുന്നു. സമ്പൂര്‍ണ ശ്രീയേശുനാടകം സവര്‍കാല റെക്കോര്‍ഡ് സൃഷ്ടിച്ച 'ആന്‍ഡ്രൂസ് നാടകം' എന്ന് വിശേഷിപ്പിക്കപ്പെട്ടു. ആന്‍ഡ്രൂസിന്റെ മാസ്റ്റര്‍പീസും ഇതുതന്നെ.
ലിങ്കുകള്‍: ബാലന്‍ അയ്യന്പിള്ളി I കാര്‍ത്തികേയന്‍ പടിയത്ത് I പറവൂര്‍ രാമചന്ദ്രന്‍ I സുന്ദരന്‍ പനങ്ങാട് I

No comments:
Post a Comment